അന്താരാഷ്ട്ര ദാരിദ്ര്യനിര്‍മാര്‍ജന ദിനം ഇന്ന്

Web Desk
Posted on October 17, 2018, 1:52 am
AJITH R PILLA

അജിത് ആര്‍ പിള്ള

ഒക്‌ടോബര്‍ 17 അന്താരാഷ്ട്ര ദാരിദ്ര്യ നിര്‍മാര്‍ജന ദിനമായി 1987 മുതല്‍ ആചരിച്ചു വരികയാണല്ലോ. ഐക്യരാഷ്ട്രസഭയുടെ തീരുമാനം അനുസരിച്ചാണ് ഒക്‌ടോബര്‍ 17 അന്താരാഷ്ട്ര ദാരിദ്ര്യ നിര്‍മ്മാര്‍ജന ദിനമായി ആചരിക്കുന്നത്. ഈ പ്രഖ്യാപനത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികമാണ് ഈ വര്‍ഷം. അന്താരാഷ്ട്ര തലത്തില്‍ മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ എഴുപതാം വാര്‍ഷികം കൂടിയാണ് 2018. കോപെന്‍ഹേഗിലെ സാമൂഹ്യ ഉച്ചകോടി 1997 മുതല്‍ 2006 വരെ ആദ്യത്തെ ദാരിദ്ര്യനിര്‍മാര്‍ജന ദശകമായി കണ്ട് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിരുന്നു. പരമ ദാരിദ്ര്യവും മനുഷ്യാവകാശ ലംഘനവും തമ്മിലുള്ള നേര്‍ബന്ധത്തെ ഓര്‍ക്കേണ്ട അവസരം കൂടിയാണിത്. പരമമായ ദാരിദ്ര്യത്തില്‍ കഴിയുന്നവര്‍ അനുഭവിക്കുന്ന അവകാശ ലംഘനങ്ങള്‍ കാണാതിരിക്കാന്‍ നമ്മള്‍ക്കാവില്ല.
ഈ വര്‍ഷത്തെ ദിനാചരണത്തിന്റെ വിഷയനാമം ” ഏറ്റവും പിന്നാക്കം നില്‍ക്കുന്ന ജനതയുമായിച്ചേര്‍ന്ന് നിന്ന് മനുഷ്യന്റെ അവകാശത്തെയും അന്തസിനെയും ഉയര്‍ത്തിപ്പിടിക്കുന്ന ലോകം പണിതുയര്‍ത്തുക എന്നതാണ്”. നമ്മളാല്‍ കഴിയുന്നത് എന്ത് എന്ന് ഓരോ വിദ്യാലയവും ആലോചിക്കാന്‍ ഈ അവസരം ഉപയോഗപ്പെടുത്തണം.
ഇന്ത്യയിലെ സമൂഹത്തെക്കുറിച്ച് പഠിച്ച സമൂഹശാസ്ത്രജ്ഞനായ വെറിയര്‍ എല്‍വിന്റെ വാക്കുകളില്‍ ദാരിദ്ര്യം എന്നത് അത്ര സുന്ദരമല്ലെന്ന് കാണാം.
കുഞ്ഞുങ്ങള്‍ ഭക്ഷണക്കുറവ് മൂലം മരിച്ചുപോകുന്നതാണ് ദാരിദ്ര്യം. ഭാര്യയും അമ്മയും ജീവിതഭാരം താങ്ങാനാവാതെ പൊടുന്നനെ വാര്‍ദ്ധക്യത്തില്‍ അകപ്പെടുന്നതാണ് ദാരിദ്ര്യം. അഹങ്കാരിയായ ഉദ്യോഗസ്ഥനെതിരെ നിരായുധനായി നില്‍ക്കേണ്ടി വരുന്നതാണ് ദാരിദ്ര്യം. നീതിയുടെ വാതിലിനു മുന്നില്‍ മണിക്കൂറുകളോളം നിന്നശേഷം പ്രവേശനം ലഭിക്കാതെ പോകുന്നതാണ് ദാരിദ്ര്യം.
ദാരിദ്ര്യം പട്ടിണിയും നിരാശയും ദുഃഖവുമാണ്. സുന്ദരമായതൊന്നും അതിലില്ല. ഐക്യരാഷ്ട്ര സംഘടനയുടെ കണക്കില്‍ 40 ശതമാനത്തിലധികം ഇന്ത്യക്കാര്‍ ദേശീയ ദാരിദ്ര്യ രേഖയ്ക്ക് താഴെ ജീവിക്കുന്നു. സാമ്പത്തികമായ പുരോഗതി ഇന്ത്യ അവകാശപ്പെടുമ്പോഴും നാലിലൊന്ന് ഇന്ത്യക്കാരും പ്രതിദിനം 30 രൂപ വരുമാനം കൊണ്ടാണ് ജീവിക്കുന്നത്. ഇന്ത്യയിലെ കുട്ടികളില്‍ 42.5 ശതമാനം പേരും പോഷകാഹാരക്കുറവിന്റെ ബുദ്ധിമുട്ടനുഭവിക്കുന്നു. ലോകബാങ്കിന്റെ കണക്കില്‍ ലോകത്തെ വളര്‍ച്ച മുരടിച്ച കുട്ടികളില്‍ 34 ശതമാനവും ഇന്ത്യാക്കാരാണ്.
അടിസ്ഥാന സൗകര്യങ്ങളില്ലാത്തതും ആരോഗ്യ സൗകര്യങ്ങളുടെ ലഭ്യത ഇല്ലായ്മയും ദീര്‍ഘവീക്ഷണമില്ലായ്മയും അനാചാരങ്ങളും ഇന്ത്യയെ ദാരിദ്ര്യത്തില്‍ നിന്നും കരകയറാന്‍ സഹായിക്കില്ല എന്ന തിരിച്ചറിവ് മികവാര്‍ന്ന പ്രവര്‍ത്തനക്ഷമതയുള്ള ഒരു ഭാവിതലമുറയ്ക്ക് അനിവാര്യമാണ്.