Web Desk

ന്യൂഡൽഹി:

February 03, 2021, 9:43 pm

കർഷക സമരത്തിന് അന്തർദേശീയ പിന്തുണ

പിന്തുണച്ച് റിഹാന, ഗ്രെറ്റ, മീന ഹാരിസ്, മിയ ഖാലിഫ , നീരസമറിയിച്ച് വിദേശകാര്യ മന്ത്രാലയം
Janayugom Online

രണ്ടുമാസത്തിലേറെയായി തലസ്ഥാനത്തിന്റെ അതിര്‍ത്തികളിൽ തുടരുന്ന കർഷക സമരത്തെ പിന്തുണച്ചും കേന്ദ്ര സർക്കാരിന്റെ നടപടികൾക്കെതിരെയും അന്താരാഷ്ട്ര തലത്തിൽ വിമർശനം ശക്തമാകുന്നു. പ്രശസ്ത പോപ് ഗായിക റിഹാന, പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തൻബർഗ്, അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ മരുമകൾ മീന ഹാരിസ് തുടങ്ങിയവർ കർഷക പ്രതിഷേധത്തിന് പിന്തുണയുമായി രംഗത്തെത്തി. നമ്മൾ എന്തുകൊണ്ടാണ് ഇതേകുറിച്ച് സംസാരിക്കാത്തത് എന്നായിരുന്നു ട്വിറ്ററിൽ റിഹാനയുടെ ചോദ്യം. തുടർന്ന് സ​മ​ര​ത്തി​ന് പിന്തുണയുമായി അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ല്‍ ട്വിറ്ററില്‍ ഹാഷ് ടാഗ് പ്രചരണങ്ങള്‍ ശക്തമായി.
സ്‌റ്റോപ്പ് കില്ലിങ്ങ് ഫാർമേഴ്‌സ് എന്ന ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു വിഷയത്തിൽ പ്രതികരണവുമായി മീനാ ഹാരിസ് മുന്നോട്ട് വന്നത്. കർഷകർക്കെതിരെ സർക്കാർ നടത്തുന്ന ആക്രമണത്തേയും ഇന്റർനെറ്റ് നിരോധനത്തേയും അപലപിക്കേണ്ടതാണെന്ന് മീനാ ഹാരിസ് ട്വീറ്റ് ചെയ്തു.

പ്രതിഷേധ സ്ഥലങ്ങളിലെ ഇന്റർനെറ്റ് നിരോധിച്ച സർക്കാർ നടപടിക്കെതിരെയായിരുന്നു ഗ്രെറ്റ തൻബർഗും പോപ് ഗായിക റിഹാനയും രംഗത്തെത്തിയത്. ഇന്ത്യയിലെ കര്‍ഷക പ്രതിഷേധത്തിന് ഞങ്ങള്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു’ എന്നായിരുന്നു ഗ്രെറ്റയുടെ ട്വീറ്റ്. ഇതിനോടകം നിരവധി പേര്‍ ഗ്രെറ്റയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ലെബനീസ് വംശജയായ മുൻ പോൺ സ്റ്റാർ മിയ ഖാലിഫയും കർഷകസമരത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

അതേസമയം കർഷക സമരത്തെ അനുകൂലിച്ച് സെലിബ്രിറ്റികൾ രംഗത്തുവരരുതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഒരു ചെറിയ വിഭാഗം കർഷകർ മാത്രമാണ് പ്രതിഷേധിക്കുന്നതെന്നും ഇക്കാര്യത്തിൽ ഉത്തരവാദിത്തമില്ലാത്ത പ്രതികരണങ്ങൾ സെലിബ്രിറ്റികളുടെ ഭാഗത്തുനിന്നും ഉണ്ടാകാൻ പാടില്ലെന്നും വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പ് നൽകി. സെൻസേഷണലിസ്റ്റ് ഹാഷ് ടാഗുകളും കമന്റുകളും സെലിബ്രിറ്റികൾ ഏറ്റെടുക്കുന്നത് ഉത്തരവാദിത്തപരമല്ലെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

റിഹാനക്കെതിരെ വംശീയ ആക്രമണം

കര്‍ഷക സമരവുമായി ബന്ധപ്പെട്ട സിഎന്‍എന്‍ വാര്‍ത്ത പങ്കുവച്ച് എന്തുകൊണ്ടാണ് ഇതിനേക്കുറിച്ച്‌ നമ്മള്‍ ചര്‍ച്ച ചെയ്യാത്തതെന്ന് ആരാഞ്ഞ റിഹാനയുടെ ട്വീറ്റ് ചുരുങ്ങിയ സമയത്തിനുള്ളില്‍ വൈറലായി. ട്വീറ്റിന് നിരവധിപേരുടെ പിന്തുണ ലഭിച്ചു. ഇതില്‍ പ്രകോപിതരായ ബിജെപി അനുകൂലികൾ കറുത്തവർഗക്കാരിയായ റിഹാനയ്ക്കുനേരെ വംശീയ ആക്രമണം അഴിച്ചുവിടുകയായിരുന്നു.

റിഹാനയ്ക്കെതിരെ കടുത്ത അസഭ്യവർഷമാണ് ട്വിറ്ററിലുണ്ടായത്. റിഹാനയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ച മുൻ പങ്കാളി ക്രിസ് ബ്രൗണിനെ ന്യായീകരിച്ചും നിരവധി ട്വീറ്റുകൾ പ്രത്യക്ഷപ്പെട്ടു. ബോളീവുഡ് സിനിമാ താരം കങ്കണ റണൗട്ടും റിഹാനയെ അധിക്ഷേപിച്ച് രംഗത്തെത്തി. സമരം ചെയ്യുന്നവർ കർഷകരല്ലെന്നും അവർ തീവ്രവാദികളാണെന്നും കങ്കണ കുറിച്ചു. നിങ്ങളെപ്പോലെ ഞങ്ങളുടെ രാജ്യം ഞങ്ങൾ വിൽക്കില്ലെന്നും കങ്കണ ട്വീറ്റ് ചെയ്തു.

ENGLISH SUMMARY: Inter­na­tion­al sup­port for the peas­ant struggle

YOU MAY ALSO LIKE THIS VIDEO