March 30, 2023 Thursday

Related news

March 15, 2023
February 17, 2023
January 19, 2023
September 23, 2022
August 28, 2022
July 27, 2022
June 14, 2022
June 10, 2022
May 27, 2022
May 21, 2022

ഇന്റർനെറ്റ് വിലക്ക്: അടിച്ചമർത്തലിനുള്ള പുതിയ ആയുധം, സാമ്പത്തിക നഷ്ടത്തിന്റെ വഴിയും

ഡോ. ഗ്യാന്‍ പഥക്
February 22, 2022 5:29 am

വിവരസാങ്കേതികവിദ്യയുടെ ഏറ്റവും സുപ്രധാന ഉപാധിയായ ഇന്റർനെറ്റ് വിലക്കുകയെന്നത് തങ്ങളുടെ നയങ്ങൾക്കെതിരായ പ്രക്ഷോഭങ്ങളെ നേരിടുന്നതിനുള്ള ആയുധങ്ങളിൽ ഒന്നായി മോഡിസർക്കാർ വലിയ തോതിലാണ് ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. പ്രത്യേകിച്ച് 2019നും 2021നുമിടയിലുള്ള കാലയളവിൽ. ഇത് മനുഷ്യാവകാശങ്ങളെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും വിവര വിനിമയത്തെയും തടയുന്നതുമൂലം പൗരന്മാർക്കുണ്ടാകുന്ന വ്യക്തിപരമായ നഷ്ടത്തോടൊപ്പം സാമ്പത്തികമായി വലിയ നഷ്ടത്തിനും കാരണമാകുന്നുണ്ട്. ഈ കാലയളവിൽ 14,280 മണിക്കൂർ നേരം ഇന്റർനെറ്റ് ഔദ്യോഗികമായി വിലക്കപ്പെട്ടുവെന്നാണ് കണക്ക്. അതനുസരിച്ചാണെങ്കിൽ ഇന്ത്യയിൽ ഇതുണ്ടാക്കിയത് 4.7 ബില്ല്യൺ ഡോളറി (34,984.68 കോടി) ന്റെ നഷ്ടമാണ്. തുടർച്ചയായ റദ്ദാക്കലിനെ തുടർന്ന് ആഗോളതലത്തിൽ ഇന്റർനെറ്റ് വിലക്കിന്റെ തലസ്ഥാനമെന്ന പേരിലും ഇന്ത്യ പരാമർശിക്കപ്പെടുന്നുണ്ട്. മ്യാന്മറും നൈജീരിയയും മാത്രമാണ് ഇതുപോലെ സ്വയം വരുത്തിവച്ച സാമ്പത്തിക നഷ്ടത്തിനിരയായ രാജ്യങ്ങൾ. ഈ രണ്ടു രാജ്യങ്ങളും 2021ൽ യഥാക്രമം 280, 150 കോടി വീതം നഷ്ടത്തെയാണ് നേരിട്ടതെങ്കിൽ ഇന്ത്യയിൽ അത് 4,348 കോടി രൂപയുടേതായിരുന്നു.

എന്നുമാത്രമല്ല, ഇന്റർനെറ്റ് വിലക്കിയതു സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകൾ പോലും ഇന്ത്യ ശേഖരിച്ചുവച്ചിട്ടില്ല. ഐക്യരാഷ്ട്രസഭയുമായി ബന്ധപ്പെട്ട ഓഫീസ് ഓഫ് ദി ഹൈ കമ്മിഷണർ ഫോർ ഹ്യൂമൻ റൈറ്റ്സി (ഒഎച്ച്സിഎച്ച്ആർ) ന്റെ ഇന്റർനെറ്റ് വിലക്കും മനുഷ്യാവകാശ ലംഘനങ്ങളും എന്ന റിപ്പോർട്ടിലേയ്ക്ക് ഇന്റർനെറ്റ് ഫ്രീഡം ഓഫ് ഇന്ത്യ ഫൗണ്ടേഷൻ (ഐഎഫ്എഫ്) സമർപ്പിച്ച രേഖയിൽ ഇക്കാര്യം വിമർശന വിധേയമാക്കുന്നുണ്ട്. ഈ വിഷയം പരാമർശിക്കുന്നതോടൊപ്പംതന്നെ ഇന്റർനെറ്റ് വിലക്ക് വ്യക്തികളെ കൂട്ടുചേരുന്നതിൽ നിന്ന് തടയുന്നതിനുള്ള ഉപാധിയായി ഉപയോഗിച്ചുവെന്ന് വിശദീകരിക്കുന്നു. പൗരത്വ ഭേദഗതി നിയമത്തിനും കാർഷിക കരിനിയമങ്ങള്‍ക്കുമെതിരായ പ്രക്ഷോഭഘട്ടങ്ങളിൽ ഏർപ്പെടുത്തിയ വിലക്കുകൾ ഇതിനുദാഹരണങ്ങളായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുകയും ചെയ്തിട്ടുണ്ട്.

 


ഇതുകൂടി വായിക്കൂ: ഇന്റർനെറ്റ് നിരോധനത്തിൽ വ്യവസായങ്ങൾക്ക് നഷ്ടം കോടികള്‍!


 

ഇന്റർനെറ്റ് വിലക്കുകളിലൂടെ ക്രമസമാധാനപാലനത്തിനുണ്ടായ മെച്ചമെന്താണെന്ന ഒരു വിശകലനവും നടത്താതെയാണ് സർക്കാർ ഇത്തരം നടപടികൾ സ്വീകരിക്കുന്നത്. ഇന്റർനെറ്റ് വിലക്ക് ഏർപ്പെടുത്തുകവഴി നിയമസമാധാനം മെച്ചപ്പെടുമെന്ന ഒരു വിലയിരുത്തലും നടത്തിയിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും വിവര സാങ്കേതിക വകുപ്പും പാർലമെന്റിന്റെ സ്ഥിരം സമിതിയോട് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. ഇന്റർനെറ്റ് ഉപയോഗവും വിലക്കുകളും സംബന്ധിച്ച ആഗോള റിപ്പോർട്ട് പ്രകാരം ലോകത്ത് മറ്റേതൊരു രാജ്യത്തെക്കാളും വിലക്ക് ഏർപ്പെടുത്തിയത് നരേന്ദ്രമോഡി സർക്കാരാണ്. ചില വിലക്കുകൾ തെരഞ്ഞെടുപ്പ് ഘട്ടത്തെ സ്വാധീനിക്കുന്നതിനിടയാക്കിയെങ്കിൽ മറ്റു വിലക്കുകൾ ജനങ്ങളുടെ സംഘം ചേരുന്നതിനുള്ള അവകാശവും മാധ്യമ സ്വാതന്ത്ര്യവും തടയുന്നതിനു വേണ്ടിയായിരുന്നു നടപ്പിലാക്കിയത്. ഇന്റർനെറ്റ് വിലക്കും വേഗതക്കുറവും കോവിഡ് പ്രതിസന്ധിക്കൊപ്പം വിദ്യാഭ്യാസ വ്യാപാര മേഖലയുടെ തകർച്ചയ്ക്കും കാരണമായി. അതുവഴി ഏറ്റവും വലിയ നഷ്ടമനുഭവിച്ചത് കശ്മീർ തന്നെയാണ്. 18 മാസത്തിനു ശേഷമാണ് ഇവിടെ വിലക്കു നീക്കപ്പെട്ടത്. മോഡി സർക്കാർ പ്രഖ്യാപിച്ച കാർഷിക കരിനിയമത്തിനെതിരായ പ്രക്ഷോഭത്തിനിടെ 2021 ജനുവരി അവസാനം മുതൽ ചില ഘട്ടങ്ങളിൽ പ്രാദേശികമായി ഏർപ്പെടുത്തിയ വിലക്കിനെ തുടർന്ന് ഡൽഹിക്കും വൻ സാമ്പത്തിക നഷ്ടമാണുണ്ടായത്. 2021 സെപ്റ്റംബർ മുതൽ പരീക്ഷകളിലെ ക്രമക്കേടും തട്ടിപ്പും ഒഴിവാക്കുന്നതിനുവേണ്ടി രാജസ്ഥാനിൽ ഇന്റർനെറ്റ് വിലക്കേർപ്പെടുത്തിയെന്നത് അത്ഭുതപ്പെടുത്തുന്ന ഒന്നാണ്.

5.6 കോടി മാത്രം ഡിജിറ്റൽ സാക്ഷരതയും 10 ശതമാനം ഇന്റർനെറ്റ് ശൃംഖലാ വികാസത്തിലൂടെ ജിഡിപിയിൽ 3.3 ശതമാനം വളർച്ച കൈവരിക്കാമെന്ന സ്ഥിതിയുമുള്ള ഇന്ത്യപോലുള്ള രാജ്യത്ത് ഇന്റർനെറ്റ് ലഭിക്കുകയെന്നത് സേവനമല്ല, അവകാശമായി പരിഗണിക്കേണ്ടതാണെന്ന് ഐഎഫ്എഫ് റിപ്പോർട്ടിൽ നിർദേശിക്കുന്നുണ്ട്. അതിനു പകരം രാജ്യത്ത് ഇന്റർനെറ്റ് ലഭ്യത പരിമിതപ്പെടുത്തുകയും വിലക്കുകൾ ഏർപ്പെടുത്തുകയും ചെയ്യുന്നത് പതിവാകുകയാണ്. നിയമപരമായ പരിഹാര നടപടികളാകട്ടെ അപര്യാപ്തവുമാകുന്നു.

 


ഇതുകൂടി വായിക്കൂ: മ്യാന്മറിലെ മനുഷ്യാവകാശലംഘനങ്ങൾ


 

ഇന്ത്യയിൽ ഇന്റർനെറ്റ് ഡാറ്റാ നിരക്ക് കുറവാണെങ്കിലും (ഒരു ജിബിക്ക് 50 രൂപയിൽ താഴെ) 28ൽ പത്ത് സംസ്ഥാനങ്ങളിലും എട്ടിൽ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും 40 ശതമാനത്തിൽ താഴെ സ്ത്രീകൾ മാത്രമാണ് ഇന്റർനെറ്റ് ഉപയോഗിക്കുന്നവരായുള്ളതെന്ന് ഈ വർഷം ജനുവരിയിൽ പ്രസിദ്ധീകരിച്ച കണക്ടിവിറ്റി ട്രാക്കർ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല നഗരങ്ങളിൽ ആളുകൾക്ക് ശരാശരി ഒരു ഇന്റർനെറ്റെന്ന നിലയിൽ ഉപയോഗിക്കുന്ന പ്രദേശങ്ങൾ ഉള്ളപ്പോൾതന്നെ ഗ്രാമങ്ങളിൽ മൂന്നിലൊരാൾ മാത്രമേ ഇന്റർനെറ്റ് ഉപയോഗിക്കുന്നുള്ളൂ. ഇന്റർനെറ്റ് ലഭ്യത വർധിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ദേശീയ ഡിജിറ്റൽ കമ്മ്യൂണിക്കേഷൻസ് നയം — 2018, സാർവത്രിക സേവന ലഭ്യതാ ഫണ്ട്, ഭാരത്‌നെറ്റ് പദ്ധതി, നാഷണൽ ബ്രോഡ്ബാൻഡ് മിഷൻ എന്നിവയുടെ ദയനീയത തുറന്നുകാട്ടുന്നതാണ് ഈ കണക്ക്.

ഇന്റർനെറ്റ് വിലക്കിന്റെ പ്രത്യാഘാതങ്ങളും അപകടങ്ങളും പരിശോധിക്കുന്ന കണക്ടിവിറ്റി ട്രാക്കർ റിപ്പോർട്ടിൽ രാഷ്ട്രീയ — സാമ്പത്തിക — സാമൂഹ്യ പ്രത്യാഘാതങ്ങളും വിലയിരുത്തുന്നുണ്ട്. ഇതനുസരിച്ച് 2021ൽ ഇന്റർനെറ്റ് വിലക്കിയതുവഴി 317.5 മണിക്കൂറും വേഗത കുറച്ചതുവഴി 840 മണിക്കൂറും ഉൾപ്പെടെ 1,157 മണിക്കൂറാണ് ലഭ്യതയ്ക്ക് തടസം നേരിട്ടത്. ഇതിലൂടെയാണ് 4348 കോടി രൂപയുടെ സാമ്പത്തിക നഷ്ടം രാജ്യത്തുണ്ടായത്. 2020ൽ ലോകത്തെവിടെയുമില്ലാത്ത വിധത്തിൽ 8,927 മണിക്കൂറും 2019ൽ 4,196 മണിക്കൂറും ഇന്റർനെറ്റ് വിലക്കിയതുവഴി യഥാക്രമം 20, 846.14 കോടി, 9,678.56 കോടി രൂപ വീതം സാമ്പത്തിക നഷ്ടം ഉണ്ടായിട്ടുണ്ട്. എല്ലാം ചേരുമ്പോൾ 14,280 മണിക്കൂർ ഇന്റർനെറ്റ് വിലക്കും 34,984.68 കോടി രൂപയുടെ നഷ്ടവും സംഭവിച്ചു.

 


ഇതുകൂടി വായിക്കൂ:  ഇന്റര്‍നെറ്റ് അവബോധം വളര്‍ത്താൻ ഇ‑കേരളം പദ്ധതി


 

സാമൂഹ്യ പ്രത്യാഘാതങ്ങൾ പരിശോധിച്ചാൽ വ്യക്തികൾ പല വിധത്തിലാണ് ശിക്ഷിക്കപ്പെട്ടത്. അവരുടെ വിവര വിനിമയം, പഠനം, എന്തിന് ജോലി, വ്യാപാരം എന്നിവ പോലും തടയപ്പെട്ടു. നിരവധി വിദ്യാർത്ഥികളും മാധ്യമ പ്രവർത്തകരും അകാരണമായി ഈ ശിക്ഷയ്ക്ക് ഇരകളായി മാറി. ഇന്റർനെറ്റ് ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ അസാധ്യമായതുവഴി രാഷ്ട്രീയ പ്രവർത്തനങ്ങൾക്കും തടസം നേരിട്ടു.

ജമ്മു കശ്മീരിൽ ഒരുവർഷത്തോളം ആശയവിനിമയം നിർത്തിവച്ച പശ്ചാത്തലത്തിൽ 2020–21 കാലയളവിലുണ്ടായ ഇന്റർനെറ്റ് നിരോധനം കടുത്ത നടപടിയാണെന്ന് സുപ്രീം കോടതി വിലയിരുത്തിയിരുന്നു. നിയമാനുസൃതവും അത്യാവശ്യവുമാണെങ്കിൽ ആനുപാതികവും മുൻകൂട്ടി പ്രസിദ്ധീകരിച്ചതിനും ശേഷമേ ഇന്റർനെറ്റ് റദ്ദാക്കുന്ന ഉത്തരവുകൾ പാടുള്ളൂ എന്നും നിർദേശിച്ചിരുന്നു. ഇത്തരം അടച്ചുപൂട്ടലുകൾ വഴി ബുദ്ധിമുട്ടുന്നവർക്ക് നിയമപരമായ പരിഹാരനടപടികൾ തേടാമെന്നും പരമോന്നത കോടതി അഭിപ്രായപ്പെട്ടിരുന്നു.

എങ്കിലും പ്രായോഗികമായ പരിഹാര നടപടികൾ പൗരന്മാരെ സംബന്ധിച്ച് ഇപ്പോഴും അപ്രാപ്യമാണ്. ഇന്റർനെറ്റ് നിരോധിച്ചതുമായി ബന്ധപ്പെട്ട് എല്ലാ സംസ്ഥാനങ്ങൾക്കും എട്ടു കേന്ദ്രഭരണ പ്രദേശങ്ങൾക്കും വിവരാവകാശ നയമനുസരിച്ച് ഇന്റർനെറ്റ് ഫ്രീഡം ഓഫ് ഇന്ത്യ ഫൗണ്ടേഷൻ (ഐഎഫ്എഫ്) അപേക്ഷ സമർപ്പിച്ചുവെങ്കിലും ഇതുവരെ അതുസംബന്ധിച്ച ഉത്തരവുകൾ ലഭ്യമായതുപോലുമില്ല.

(ഇന്ത്യ പ്രസ് ഏജന്‍സി)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.