കൊൽക്കത്ത: പൗരത്വ നിയമഭേദഗതിയെത്തുടർന്ന് പ്രതിഷേധം വർഗീയകലാപത്തിലേയ്ക്ക് വഴിമാറുന്ന സാഹചര്യത്തിൽ പശ്ചിമബംഗാളിലെ അഞ്ച് ജില്ലകളിൽ ഇന്റർനെറ്റ് നിരോധിച്ചു. മാൾഡ, മുർഷിദാബാദ്, ഉത്തർ ദിനാജ് പൂർ, ഹൗറ ജില്ലകളിലും നോർത്ത് പർഗാനാസ് ജില്ലയിലെ ബരാസാത്, ബസിർഹട്ട് സബ് ഡിവിഷനുകളിലും സൗത്ത് 24 പർഗാനാസ് ജില്ലയിലെ ബാരുയ് പൂർ, കാനിംഗ് സബ് ഡിവിഷനുകളിലുമാണ് ഇന്റർനെറ്റ് സേവനം നിരോധിച്ചിരിക്കുന്നത്. നിയമത്തിനെതിരെയുള്ള പ്രതിഷേധം മൂന്നാം ദിവസത്തിലേയ്ക്ക് കടക്കുന്ന സാഹചര്യത്തിലാണ് നടപടി.
മുർഷിദാബാദ് ജില്ലയിലെ ലാൽഗൊല റയിൽവേസ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന അഞ്ച് തീവണ്ടികൾ സമരക്കാർ കത്തിച്ചിരുന്നു. ഇതിന് പിന്നാലെ തൊട്ടടുത്തുള്ള കൃഷ്ണഗഞ്ച് റെയിൽവേ സ്റ്റേഷനിലെ ഒരു ട്രെയിനിനും സമരക്കാർ തീയിടുകയും കൊൽക്കത്തയ്ക്ക് തൊട്ടടുത്തുള്ള ഹൗറ സ്റ്റേഷനടുത്ത് നിർത്തിയിട്ടിരുന്ന 15 ബസ്സുകളും സമരക്കാർ കത്തിക്കുകയും ചെയ്തു. ചില സംഘടിത വർഗീയ ശക്തികൾ സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ സംഘടിച്ച് കലാപം അഴിച്ച് വിടാൻ ശ്രമിക്കുന്നെന്ന് ആഭ്യന്തരവകുപ്പ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. ഈ സാഹചര്യത്തിൽ ഇന്റർനെറ്റ് നിരോധിക്കുകയല്ലാതെ മറ്റൊരു വഴിയില്ലെന്നാണ് സർക്കാർ വാദം.
കിഴക്കൻ റെയിൽവേ ഈ പ്രദേശം വഴി കടന്ന് പോകുന്ന തീവണ്ടികളെല്ലാം റദ്ദാക്കുകയും വഴി തിരിച്ച് വിടുകയും ചെയ്തു. നോർത്ത് 24 പർഗാനാസ് ജില്ലയിലെ ദേഗംഗയിലും, ആംദംഗയിലും, ഖർദ — കല്യാണി എക്സ്പ്രസ് വേയിലും, ഭിർഭും, മുർഷിദാബാദ് ജില്ലകളിലും റോഡ് ഗതാഗതം തടഞ്ഞു. ഇത്തരം കലാപസമാനമായ അന്തരീക്ഷത്തിന് മുഖ്യമന്ത്രി മമതാബാനർജി മാത്രമാണ് ഉത്തരവാദിയെന്ന ആരോപമാണ് ബിജെപി ഉന്നയിക്കുന്നത്. സ്ഥിതി തുടർന്നാൽ രാഷ്ട്രപതിഭരണം ആവശ്യപ്പെടുമെന്ന് ബിജെപി ദേശീയ സെക്രട്ടറി രാഹുൽ സിൻഹ ഇന്നലെ പറഞ്ഞിരുന്നു. പഞ്ചാബ്, കേരളം എന്നിവയ്ക്ക് പുറമേ, പൗരത്വ നിയമഭേദഗതി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി മമതാബാനർജി പ്രഖ്യാപിച്ചിരുന്നു.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.