20 April 2024, Saturday

Related news

April 20, 2024
April 19, 2024
April 15, 2024
April 15, 2024
April 7, 2024
April 6, 2024
April 3, 2024
April 1, 2024
March 31, 2024
March 28, 2024

ഇന്റര്‍നെറ്റ് നിരോധനം: നാലാം തവണയും ഇന്ത്യ ഒന്നാമത്

Janayugom Webdesk
ന്യൂഡല്‍ഹി
April 29, 2022 9:05 pm

ലോകത്ത് ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് നിരോധനമേര്‍പ്പെടുത്തുന്ന രാജ്യങ്ങളില്‍ തുടര്‍ച്ചയായ നാലാം തവണയും ഇന്ത്യ ഒന്നാമത്. കേന്ദ്രസര്‍ക്കാരിനെതിരായ പ്രതിഷേധം മുതല്‍ ഓണ്‍ലൈന്‍ തട്ടിപ്പ് വരെയുള്ള കാരണങ്ങള്‍ നിരത്തിയാണ് രാജ്യത്ത് ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തുന്നതെന്ന് ‍ഡിജിറ്റല്‍ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയായ അക്സസ് നൗ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം മാത്രം 106 തവണയാണ് ഇന്ത്യയില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചത്. ഇതില്‍ 85 എണ്ണവും ജമ്മുകശ്മീരിലാണ്. 

2021ല്‍ 34 രാജ്യങ്ങളിലായി 182 തവണ ഇന്റര്‍നെറ്റ് തടസപ്പെടുത്തി. പട്ടാള അട്ടിമറിക്ക് പിന്നാലെ ഭരണ അസ്ഥിര നിലനില്‍ക്കുന്ന മ്യാന്‍മറില്‍ 15 തവണയും സുഡാനിലും ഇറാനിലും അഞ്ച് തവണ വീതവും ഇന്റര്‍നെറ്റ് തടസപ്പെടുത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2020 ല്‍ ലോകത്ത് ഇന്റര്‍നെറ്റ് വിച്ഛേദിക്കുന്ന 155 സംഭവങ്ങളുണ്ടായപ്പോള്‍ അതില്‍ 109 എണ്ണം ഇന്ത്യയിലായിരുന്നു. 

അതിര്‍ത്തി തര്‍ക്കം, തീവ്രവാദ ഭീഷണി, പ്രത്യേക പദവി പിന്‍വലിക്കുക തുടങ്ങി നിരവധി പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന പ്രദേശമാണ് ജമ്മു കശ്മീര്‍. തീവ്രവാദത്തെ അമര്‍ച്ച ചെയ്യാനും കേന്ദ്രസര്‍ക്കാരിനെതിരായ പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്താനുമാണ് മേഖലയില്‍ പ്രധാനമായും ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തുന്നത്. പാര്‍ലമെന്റിന്റെ ഐടി സ്റ്റാന്റിങ് കമ്മിറ്റി ഇന്റര്‍നെറ്റ് നിരോധനത്തിന്റെ ദുരുപയോഗം, ഇത് അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യങ്ങള്‍ക്കും മേലുണ്ടാക്കുന്ന ആഘാതം എന്നിവ സംബന്ധിച്ച് റിപ്പോര്‍ട്ട് തയാറാക്കിയിരുന്നു. എന്നാല്‍ വിഷയത്തിന്റെ യഥാര്‍ത്ഥ ഗൗരവമുള്‍ക്കൊള്ളാനോ അപലപിക്കാനോ റിപ്പോര്‍ട്ടിന് കഴിഞ്ഞില്ലെന്നും അക്സസ് നൗ കുറ്റപ്പെടുത്തുന്നു. 

ഏഷ്യാ-പസഫിക് മേഖലയിലെ അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ചൈന, ഇന്ത്യ, ഇന്തോനേഷ്യ, മ്യാന്‍മര്‍, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളിലായി 129 പ്രാവിശ്യം ഇന്റര്‍നെറ്റ് വിച്ഛേദിച്ചു. ആഗോള ഡിജിറ്റല്‍ പ്രൈവസി ആന്റ് റിസര്‍ച്ച് ഗ്രൂപ്പായ ടോപ്10വിപിഎന്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് തുടര്‍ച്ചയായി ഇന്റര്‍നെറ്റ് വിച്ഛേദിച്ചതിലൂടെ ഇന്ത്യക്ക് 2.8 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണുണ്ടായത്. ഇന്റര്‍നെറ്റ് വിച്ഛേദിച്ചതിലൂടെ ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായ ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാമതാണ് ഇന്ത്യ. 21 രാജ്യങ്ങളാണ് പട്ടികയിലുള്ളത്. 

Eng­lish Summary:Internet ban: India tops list for fourth time
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.