Web Desk

ന്യൂഡല്‍ഹി:

February 03, 2021, 9:56 pm

കര്‍ഷക സമരകേന്ദ്രങ്ങളിലെ ഇന്റര്‍നെറ്റ് വിലക്ക്: അഭിഭാഷക സംഘം സുപ്രീം കോടതിക്ക് കത്തയച്ചു

Janayugom Online

കര്‍ഷക സമരകേന്ദ്രങ്ങളിൽ ഇന്റര്‍നെറ്റ് വിലക്കിയ ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടിക്കെതിരെ സ്വമേധയാ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകരുടെ സംഘം സുപ്രീം കോടതിക്ക് കത്തയച്ചു. ഡല്‍ഹി-ദേശീയ തലസ്ഥാന പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തി വച്ചുകൊണ്ടുള്ള കേന്ദ്രത്തിന്റെ നടപടിക്കെതിരെ 141 അഭിഭാഷകരാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയ്ക്ക് കത്തെഴുതിയത്. ഇത്തരത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിനെ തടയണമെന്നും അഭിഭാഷകര്‍ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ മാര്‍ച്ചിനിടെ ചില സ്ഥലങ്ങളില്‍ അക്രമമുണ്ടായത് ചൂണ്ടിക്കാണിച്ചാണ് ഇന്റര്‍നെറ്റ് നിരോധനം ആദ്യം നടപ്പാക്കിയത്. ജനുവരി 29 ന് പ്രദേശവാസികള്‍ എന്നവകാശപ്പെട്ട് ഒരു കൂട്ടം ബിജെപി അനുഭാവികള്‍ സിംഘു അതിര്‍ത്തിയിലെ പ്രതിഷേധ സ്ഥലത്തെത്തി സമരക്കാരെ ആക്രമിക്കുകയും കൂടാരങ്ങള്‍ തകര്‍ക്കുകയും ചെയ്തതിന് പിന്നാലെ നിരോധനം നീട്ടി. ടിക്രി, ഗാസിപ്പൂര്‍ അതിര്‍ത്തികളിലും സമാനമായ നടപടിയുണ്ടായിട്ടുണ്ട്.

പ്രതിഷേധ വേദികളിലും പരിസര പ്രദേശങ്ങളിലും തുടര്‍ച്ചയായ ആറാം ദിവസവും ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നതിനാല്‍, ജനാധിപത്യ രാജ്യത്ത് തങ്ങളുടെ സ്വരം അടിച്ചമര്‍ത്തപ്പെടുകയാണെന്നും സര്‍ക്കാർ അനുകൂല വിഭാഗത്തിന് മാത്രം പരിഗണന ലഭിക്കുകയാണെന്നുമുള്ള തോന്നല്‍ സമരക്കാരില്‍ ഉണ്ടാകുമെന്നും ഇത് ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങളുടെ ലംഘനമാണെന്നും അഭിഭാഷകര്‍ കത്തില്‍ ചൂണ്ടിക്കാട്ടിയതായി ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19 പ്രകാരം ഇന്റര്‍നെറ്റ് ഉപയോഗിക്കാനുള്ള അവകാശം പൗരന്മാരുടെ മൗലികാവകാശമാണെന്ന സുപ്രീം കോടതിയുടെ മുന്‍ ഉത്തരവുകളെയും കത്തില്‍ ഉദ്ധരിച്ചിട്ടുണ്ട്.

പ്രതിഷേധക്കാരെ ഒറ്റപ്പെടുത്താനുള്ള സര്‍ക്കാര്‍ നടപടികളോടുള്ള എതിര്‍പ്പും അഭിഭാഷകര്‍ കത്തില്‍ പ്രകടിപ്പിക്കുന്നുണ്ട്. സമരഭൂമിയിലേക്ക് മാധ്യമങ്ങളും വാഹനങ്ങളും കടക്കുന്നത് തടയാന്‍ പലയിടത്തും ആണികളും മുള്ളുവേലികളും ബാരിക്കേഡുകളും സ്ഥാപിച്ചിരിക്കുകയാണ്. കിടങ്ങുകള്‍ കുഴിച്ച് സമരഭൂമിയെ മറ്റ് പ്രദേശങ്ങളില്‍ നിന്ന് വെട്ടിമാറ്റിയിരിക്കുന്നു. 2000 ത്തിലധികം ഇരുമ്പ് ആണികളും മള്‍ട്ടി-ലെയര്‍ മെറ്റല്‍ ബാരിക്കേഡുകളും സിമന്റ് മതിലുകളും കനത്ത ആയുധധാരികളായ സുരക്ഷാ ഉദ്യോഗസ്ഥരെയും പ്രതിഷേധ സ്ഥലത്തിന് സമീപം വിന്യസിച്ചിരിക്കുകയാണ്. ഇവയെ ക്രമസമാധാനപാലന പ്രക്രിയകളായി കണക്കാക്കാനാവില്ല. ഈ പ്രവര്‍ത്തനങ്ങള്‍ പ്രതിഷേധിക്കുന്ന കര്‍ഷകരുടെ അടിസ്ഥാന മനുഷ്യാവകാശങ്ങളെ കവര്‍ന്നെടുക്കുന്നു, മാത്രമല്ല ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരമുള്ള ജീവിക്കാനുള്ള അവകാശത്തിന്റെ കടുത്ത ലംഘനവുമാണെന്നും കത്ത് ചൂണ്ടിക്കാണിക്കുന്നു.
ചില മാധ്യമ സംഘങ്ങള്‍ പ്രതിഷേധത്തെക്കുറിച്ച് പക്ഷപാതപരമായി റിപ്പോര്‍ട്ട് ചെയ്യുന്നത് കര്‍ഷകരുടെ അവസ്ഥ കൂടുതല്‍ വഷളാക്കുന്നുവെന്നും അഭിഭാഷകര്‍ പറഞ്ഞു. യാതൊരു തെളിവുമില്ലാതെ കര്‍ഷകരെ തീവ്രവാദികള്‍ എന്ന് ഇവര്‍ മുദ്രകുത്തുകയാണ്. ജനുവരി 29 ന് കര്‍ഷകര്‍ക്കെതിരെ ഉണ്ടായ ആക്രമണത്തില്‍ പൊലീസ് കയ്യുംകെട്ടി നിന്ന് അക്രമികള്‍ക്ക് സൗകര്യമൊരുക്കി കൊടുക്കുന്ന നിലപാടാണ് സ്വീകരിച്ചത്.

പ്രതിഷേധ സ്ഥലത്ത് ആക്രമണം നടത്തിയ ജനക്കൂട്ടത്തിനെതിരെയും പ്രതിഷേധക്കാരെക്കുറിച്ച് തെറ്റായതും പ്രകോപനപരവുമായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന മാധ്യമങ്ങള്‍ക്കും മറ്റ് ഗ്രൂപ്പുകള്‍ക്കുമെതിരെയും അന്വേഷണം നടത്തി നടപടി സ്വീകരിക്കുന്നതിന് സ്വതന്ത്ര അന്വേഷണ കമ്മിഷന്‍ രൂപീകരിക്കാനും അഭിഭാഷക സംഘം കത്തിൽ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജനാധിപത്യ രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങള്‍ കാറ്റില്‍പ്പറത്തി കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുമ്പോള്‍ നിശബ്ദരായ കാഴ്ചക്കാരായി തുടരുകയാണെങ്കില്‍ ചരിത്രം ഞങ്ങളോട് ക്ഷമിക്കില്ല എന്നും കത്തില്‍ പറയുന്നു.

ENGLISH SUMMARY: Inter­net ban on farm­ers’ strike sites: Advo­cates send let­ter to Supreme Court

YOU MAY ALSO LIKE THIS VIDEO