ഷാജി ഇടപ്പള്ളി

കൊച്ചി

October 13, 2021, 10:20 am

ലക്ഷദ്വീപിലെ ഇന്റർനെറ്റ് തടസത്തിന് രണ്ടുവർഷത്തിനകം പരിഹാരം

Janayugom Online

ലക്ഷദ്വീപിൽ ഇപ്പോൾ നേരിടുന്ന ഇന്റർനെറ്റ് പോരായ്മകൾക്ക് രണ്ടുവർഷത്തിനുള്ളിൽ ശാശ്വത പരിഹാരം കാണാനാവുമെന്ന് ടെലികോം അധികൃതർ. ലക്ഷദ്വീപിൽ ഇന്റര്‍നെറ്റ് വേഗത കുറയുന്നതുമൂലം ദ്വീപിൽ പല തരത്തിലുള്ള പ്രതിസന്ധിയുണ്ട്. ലക്ഷദ്വീപിലെ വാർത്താവിനിമയ സംവിധാനം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് ലക്ഷദ്വീപിനെ കൊച്ചിയുമായി ബന്ധപ്പെടുത്തി കടലിലൂടെ ഒപ്റ്റിക്കൽ ഫൈബർ കേബിൾ സ്ഥാപിക്കാനുള്ള പദ്ധതി 2023 ൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ജനവാസമുള്ള എല്ലാ ദ്വീപുകളുമായും ഇത് ബന്ധപ്പെടുത്തും. 

ഈ പദ്ധതി പൂർത്തിയാകുന്നതോടെ നിലവിലുള്ള ഇന്റർനെറ്റ് വേഗത കുറവും മറ്റു വിഷയങ്ങളും പരിഹരിക്കാനാവുമെന്ന് ലക്ഷദ്വീപിന്റെകൂടി ചുമതലയുള്ള ടെലികോം സീനിയർ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ പി ടി മാത്യു പറഞ്ഞു. വിദ്യാർത്ഥികളുടെ ഓൺലൈൻ ക്ലാസുകളെയും ഇന്റർനെറ്റിന്റെ വേഗത കുറവ് ദോഷകരമായി ബാധിച്ചിരുന്നു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പഠിച്ചിരുന്ന വിദ്യാർത്ഥികൾ ദ്വീപിലേക്ക് മടങ്ങിയപ്പോൾ ഇത് കൂടുതൽ പ്രതിസന്ധി സൃഷ്ടിച്ചു. വിദ്യാർത്ഥികൾക്ക് ഉപയോഗിക്കാൻ വൈഫൈ ഹോട്സ്പോട്ട് സംവിധാനം ഏർപ്പെടുത്തിയാണ് ബി എസ്എൻഎൽ അധികൃതർ ഇതിന് പരിഹാരം കണ്ടെത്താൻ ശ്രമിച്ചത്. പക്ഷെ പൂർണമായും ഇതിന്റെ പ്രയോജനം വിദ്യാർത്ഥികൾക്ക് ലഭിച്ചതുമില്ല.
ഓഫീസുകളുടെ പ്രവർത്തനങ്ങൾക്കും ഓൺലൈനായി ചെയ്യേണ്ട പ്രവർത്തനങ്ങൾക്ക് പലപ്പോഴും ഇന്റർ നെറ്റ് വേഗത കുറവ് മൂലം തടസങ്ങൾ നേരിടുന്നത് പതിവാണ്. 

ENGLISH SUMMARY:Internet block­ade in Lak­shad­weep resolves with­in two years
You may also like this video