ഡൽഹിയിൽ കനത്ത നിയന്ത്രണം: വോയ്സ് കോളും ഇന്റർനെറ്റും ലഭ്യമല്ല

Web Desk
Posted on December 19, 2019, 1:23 pm

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരേയുള്ള പ്രതിഷേധം കനക്കുന്നു. ഡൽഹിയിൽ വിവിധ മേഖലകളിൽ മോബൈൽ, ഇന്‍റർനെറ്റ് സേവനങ്ങൾക്ക് കേന്ദ്ര സർക്കാർ നിയന്ത്രണമേർപ്പെടുത്തി. പ്രക്ഷോഭങ്ങൾ കണക്കിലെടുത്താണ് കേന്ദ്ര നടപടി. ഇന്‍റർനെറ്റ് സേവനങ്ങൾ നിർത്തിവയ്ക്കാൻ നിർദ്ദേശം ലഭിച്ചതായി വിവിധ സേവനദാതാക്കൾ അറിയിച്ചു. എസ്എംഎസ് , വോയിസ് കോൾ, മൊബൈൽ ഡാറ്റ സേവനങ്ങൾക്ക് നിയന്ത്രണമേ‌ർപ്പെടുത്താൻ അധികാരികളിൽ നിന്ന് നിർദ്ദേശം നൽകിയതായി വിവിധ ഉപഭോക്താക്കളുടെ സമൂഹമാധ്യമങ്ങളിലെ ചോദ്യങ്ങൾക്ക് എയർടെൽ ഉൾപ്പെടെയുള്ള സേവനദാതാക്കൾ അറിയിക്കുകയായിരുന്നു.

you may also like this video

ഡൽഹിയിൽ 16 മെട്രോ സ്റ്റേഷനുകൾ താൽക്കാലികമായി അടച്ചു. ജാമിയ മില്ലിയ സർവകലാശാല വിദ്യാർഥികളുടെയും ഇടത് പാർട്ടികളുടെയും പ്രതിഷേധ മാര്‍ച്ചിനു പൊലീസ് അനുമതി നിഷേധിച്ചു. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ബെംഗളൂരുവും മംഗലാപുരവും ഉൾപ്പെടെ കർണാടകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയിരിക്കുകയാണ്. മാര്‍ച്ചിന് അനുമതി നല്‍കിയിട്ടില്ലെന്നു ഡല്‍ഹി പൊലീസ് കമ്മിഷണര്‍ അറിയിച്ചു. ചെങ്കോട്ടയിൽ റാലികളും െപാതുയോഗങ്ങളും അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചിരുന്നു. 60ലധികം സംഘടനകളാണ് ചെങ്കോട്ടയിൽ പ്രതിഷേധിക്കുന്നത്