അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് പണിമുടക്ക് പിന്‍വലിച്ചു

Web Desk
Posted on July 01, 2019, 2:48 pm

കൊച്ചി : ബസുടമകളെയും ജീവനക്കാരെയും പീഡിപ്പിക്കുന്നതായാരോപിച്ച് നടത്തിവന്ന അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് പണിമുടക്ക് പിന്‍വലിച്ചു. ഗതാഗത സെക്രട്ടറിയുമായി ബസുടമാസംഘം നടത്തിയ ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പായത്. കല്ലട സംഭവങ്ങള്‍ക്ക് പിന്നാലെ ഉണ്ടായ റെയിഡിനെതിരെയായിരുന്നു സമരം. യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യം ഉറപ്പാക്കുമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പാലിക്കുമെന്നും ബസുടമകള്‍ അറിയിച്ചു.

അന്തര്‍സംസ്ഥാന ബസ് സര്‍വീസിലെ പ്രമുഖനായ സുരേഷ് കല്ലടയോടുള്ള അനുഭാവം പ്രകടിപ്പിച്ചാണ് മറ്റുള്ളവരും സമരരംഗത്ത് ഇറങ്ങിയത്.

ബസുകളില്‍ നിയമലംഘനമുണ്ടോയെന്ന് കണ്ടെത്താനായി മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സിനെതിരായിരുന്നു ഇന്റര്‍ സ്‌റ്റേറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷന്‍ കഴിഞ്ഞമാസം 24 മുതല്‍ സമരം ആരംഭിച്ചത്. നാനൂറോളം വരുന്ന അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകള്‍ സര്‍വീസ് മുടക്കി.  എന്നാല്‍ ബസ് സമരത്തോട് പൊതുജനങ്ങളും സര്‍ക്കാരും അനുഭാവപൂര്‍വമല്ല പെരുമാറിയത്. കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുകയും ജനങ്ങള്‍് റെയില്‍വേയെയും കെഎസ്ആര്‍ടിസിയെയും കൂടുതല്‍ ആശ്രയിക്കുകയും ചെയ്തു. സമരം പരാജയപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പിന്മാറ്റമെന്നാണ് സൂചന. സര്‍ക്കാര്‍ ഏതെങ്കിലും ഉറപ്പ് സമരക്കാര്‍ക്ക് നല്‍കിയിട്ടില്ല.