അന്തര്‍സംസ്ഥാന നദീജല കരാറുകള്‍; കേരള-തമിഴ്‌നാട് തര്‍ക്കങ്ങള്‍ക്ക് പരിഹാരമാകുന്നു

Web Desk
Posted on September 25, 2019, 10:14 pm

തിരുവനന്തപുരം: അന്തര്‍സംസ്ഥാന നദീജല കരാറുകള്‍ സംബന്ധിച്ച് പതിറ്റാണ്ടുകളായി കേരളവും തമിഴ്‌നാടുമായി നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ക്ക് പരിഹാരമാകുന്നു. ഒന്നര പതിറ്റാണ്ടിന് ശേഷം കേരള, തമിഴ്‌നാട് മുഖ്യമന്ത്രിമാര്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍,പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പുനരവലോകനം നടത്താന്‍ തീരുമാനമായി. ഇതിനായി ഇരു സംസ്ഥാനങ്ങളിലെയും വകുപ്പ് സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ അഞ്ച് അംഗങ്ങള്‍ വീതമുള്ള കമ്മിറ്റി രൂപീകരിക്കാനും ധാരണയായി.

കമ്മിറ്റിയില്‍ സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവരുണ്ടാവും. കമ്മിറ്റിയുടെ ആദ്യ യോഗം സംബന്ധിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കും. കേരള മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി ഇടപ്പാടി കെ പളനിസ്വാമിയും തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ നടത്തിയ ചര്‍ച്ചകളിലാണ് തീരുമാനം. ആനമലയാര്‍, നീരാര്‍നല്ലാര്‍ ഡൈവര്‍ഷനുകള്‍, മണക്കടവ് വിഷയങ്ങളും ഇതേ കമ്മിറ്റി പരിശോധിക്കും. മറ്റു പ്രശ്‌നങ്ങളില്‍ പരിഗണിക്കേണ്ട കാര്യങ്ങളുടെ അജണ്ടയും കമ്മിറ്റി തീരുമാനിക്കും. മുല്ലപ്പെരിയാറില്‍ തമിഴ്‌നാടിന് വൈദ്യുതി നല്‍കാന്‍ തീരുമാനിച്ചു. ഇതോടൊപ്പം മറ്റു വിഷയങ്ങളും ചര്‍ച്ച ചെയ്തു പരിഹാരം കാണും. ഇരുസംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ ആറു മാസത്തിലൊരിക്കല്‍ യോഗം ചേര്‍ന്ന് കാര്യങ്ങള്‍ വിലയിരുത്തും. പാണ്ടിയാര്‍പുന്നപ്പുഴ പദ്ധതി വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കൂടി ഉള്‍പ്പെട്ട പ്രത്യേക കമ്മിറ്റി പരിശോധിക്കും.

ഇരുസംസ്ഥാനങ്ങളിലുമുള്ളത് സഹോദരങ്ങളാണെന്ന ചിന്തയുണ്ടെങ്കില്‍ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാനാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രണ്ടു സംസ്ഥാനങ്ങള്‍ക്കും താത്പര്യമുണ്ട്. ഇതിന് അനുയോജ്യമായ ഫോര്‍മുല കണ്ടെത്താനാവും. തമിഴ്‌നാട്ടിലെയും കേരളത്തിലെയും ജനങ്ങളും കര്‍ഷകരുംസഹോദരങ്ങളാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ഇടപ്പാടി പളനിസ്വാമിയും പറഞ്ഞു. ഇത് നല്ല തുടക്കമാണെന്നും ചരിത്രനിമിഷമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരള ജലവിഭവ മന്ത്രി കെ കൃഷ്ണന്‍കുട്ടി, വനംവന്യജീവി വകുപ്പ് മന്ത്രി കെ രാജു, വൈദ്യുതി മന്ത്രി എം എം മണി, തമിഴ്‌നാട് നഗരസഭാ ഭരണം ഗ്രാമ വികസന മന്ത്രി എസ് പി വേലുമണി, തമിഴ്‌നാട് ഡെപ്യൂട്ടി സ്പീക്കര്‍ ഡോ. പൊള്ളാച്ചി വി ജയരാമന്‍, കേരള ചീഫ് സെക്രട്ടറി ടോം ജോസ്, തമിഴ്‌നാട് ചീഫ് സെക്രട്ടറി കെ ഷണ്‍മുഗം, കേരളത്തിന്റെ ആഭ്യന്തര ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി വിശ്വാസ് മെഹ്ത്ത, ജലവിഭവ വൈദ്യുതി വകുപ്പ് സെക്രട്ടറി ബി അശോക്, നിയമ സെക്രട്ടറി പി കെ അരവിന്ദബാബു, കെഎസ്ഇബി ചെയര്‍മാന്‍ എന്‍ എസ് പിള്ള, ജോയിന്റ് വാട്ടര്‍ റെഗുലേറ്ററി ബോര്‍ഡ് ജോ. ഡയറക്ടര്‍ പി സുധീര്‍, തമിഴ്‌നാട്ടിലെയും കേരളത്തിലെയും ബന്ധപ്പെട്ട വകുപ്പുകളിലെ സെക്രട്ടറിമാര്‍, എന്‍ജിനീയര്‍മാര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.