അന്തര്‍ സര്‍വ്വകലാശാല വനിതവോളിബോള്‍ കണ്ണൂരില്‍

Web Desk
Posted on October 19, 2017, 8:23 am
 കണ്ണൂര്‍ സര്‍വ്വകലാശാലയുടെ ആഥിധേയത്തില്‍ നടക്കുന്ന അഖിലേന്ത്യാ അന്തര്‍ സര്‍വ്വകലാശാല വനിത  വോളിബോള്‍ മത്സരങ്ങള്‍ ഒക്‌ടോബര്‍ 20 മുതല്‍ 31 വരെ കണ്ണൂര്‍ സര്‍വ്വകലാശാല മാങ്ങാട്ടുപറമ്പ് ക്യാമ്പസില്‍ നടക്കും. ദക്ഷിണ മേഖലാ മത്സരങ്ങള്‍  20 മുതല്‍ 25 വരെയും അഖിലേന്ത്യാ മത്സരങ്ങള്‍ 27 മുതല്‍ 31 വരെയും നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ദക്ഷിണ മേഖലാ മത്സരങ്ങളില്‍ 67 സര്‍വ്വകലാശാല ടീമുകള്‍ പങ്കെടുക്കും. നിലവിലെ ചാമ്പ്യന്‍മാരായ കണ്ണൂര്‍ രണ്ടാം സ്ഥാനക്കാരായ എം ജി, മൂന്നാം സ്ഥാനക്കാരായ കാലിക്കറ്റ്, നാലാം സ്ഥാനക്കാരായ ചെന്നൈ ഹിന്ദുസ്ഥാന്‍ സര്‍വ്വകലാശാല  ടീമുകള്‍ നേരിട്ട് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ കളിക്കും.
27 മുതല്‍ ആരംഭിക്കുന്ന അഖിലേന്ത്യാ മത്സരത്തില്‍ രാജ്യത്തെ നാല് മേഖലകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെടുന്ന 16 ടീമുകള്‍ അഖിലേന്ത്യാ ചാമ്പ്യന്‍ഷിപ്പിനായി പോരാടും. കാലിക്കറ്റ് സര്‍വ്വകലാശാലയാണ് നിലവിലെ അഖിലേന്ത്യാ ചാമ്പ്യന്‍മാര്‍. ദക്ഷിണ മേഖലാ മത്സരങ്ങള്‍ നൗക്കൗട്ട് കം ലീഗ് അടിസ്ഥാനത്തിലാണ് നടത്തുന്നത്. മാങ്ങാട്ട്പറമ്പ് യൂണിവേഴ്‌സിറ്റി കോംപ്ലക്‌സില്‍ പ്രത്യേകം തയ്യാറാക്കിയ നാല് ഫ്‌ളഡ്‌ലിറ്റ് ക്വാര്‍ട്ടുകളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. ക്വാര്‍ട്ടര്‍ ഫൈനല്‍ മുതലുള്ള എല്ലാ മത്സരങ്ങളും ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ തയ്യാറാക്കിയിട്ടുള്ള ടറാഫ്‌ളക്‌സ് പ്രതലത്തിലാണ് നടക്കുക.
ഇന്ത്യന്‍ സര്‍വ്വകലാശാല ചരിത്രത്തില്‍ ആദ്യമായിട്ടാണ് വനിതാ വോളിബോള്‍ മത്സരങ്ങള്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ ഉപയോഗിക്കുന്ന ടറാഫ്‌ളക്‌സ് പ്രതലത്തില്‍ നടക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം 20ന് വൈകീട്ട് മൂന്നിന് പി കെ ശ്രീമതി എം പി നിര്‍വ്വഹിക്കും, വൈസ് ചാന്‍സലര്‍ ഡോ ബാബു സെബാസ്റ്റ്യന്‍ മുഖ്യാതിഥിയായിരിക്കും.
സമാപന പരിപാടിയില്‍ തുറമുഖവകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, ടി വി രാജേഷ് എം എല്‍ എ എന്നിവര്‍ മുഖ്യാതഥികളായിരിക്കും. 2008-09 വര്‍ഷത്തില്‍ കണ്ണൂര്‍ സര്‍വ്വകലാശാല അഖിലേന്ത്യാ മത്സരത്തിന് വേദിയായിട്ടുണ്ട്. 2005 മുതല്‍ തുടര്‍ച്ചയായി ഏഴ് വര്‍ഷം കണ്ണൂര്‍ സര്‍വ്വകലാശാല അഖിലേന്ത്യാ ചാമ്പ്യന്‍മാരായിരുന്നു. വാര്‍ത്താസമ്മേളനത്തില്‍ രജിസ്ട്രാര്‍ ഡോ ബാലചന്ദ്രന്‍ കഴോത്ത്,സിന്‍ഡിക്കേറ്റംഗം ഡോ വി എ വില്‍സണ്‍, ഡോ പി ടി ജോസഫ്, ഡോ പി പി ബിനീഷ് എന്നിവര്‍ പങ്കെടുത്തു.
*rep­re­sen­ta­tion­al image