പകല്‍ക്കിനാവിന്‍ പനനീര്‍മഴയില്‍

Web Desk
Posted on July 07, 2019, 8:03 am

ബിന്ദു ഡി

കാവ്യഭാവനാമഞ്ജരികളും കല്പനതന്‍മധുമഞ്ജുഷകളും കൊണ്ട് 1966 മുതല്‍ മലയാളിയുടെ കാവ്യാസ്വാദനശീലങ്ങളെ സുന്ദരമാക്കിയ കവിയാണ് ശ്രീകുമാരന്‍തമ്പി. സ്വര്‍ഗത്തില്‍ നരകവും നരകത്തില്‍ സ്വര്‍ഗവും ഉണ്ടെന്ന് തന്റെ പ്രണയഗാനങ്ങളിലൂടെ പറഞ്ഞ ശ്രീകുമാരന്‍ തമ്പി കാല്പനികതയും ദാര്‍ശനികതയും അതിന് പരഭാഗശോഭയേകുന്നു എന്ന് പാട്ടുകളിലൂടെ തെളിയിച്ചു. 18 വയസ്സ് മുതല്‍ ആകാശവാണിക്കുവേണ്ടിയും 26 വയസ്സുമുതല്‍ സിനിമകള്‍ക്കു വേണ്ടിയും അദ്ദേഹമെഴുതിയവരികള്‍ മലയാളികളുടെ ജീവിതാനുഭവങ്ങളുടെയും പ്രണയചിന്തകളുടെയും നേര്‍ക്കാഴ്ചകളാണ്.
ഒരേ സമയം സംവിധായകനും നിര്‍മ്മാതാവും തിരക്കഥാകൃത്തും സംഗീത സംവിധായകനു മാക്കെയാണെങ്കിലും അടിമുടി ഗാനരചയിതാവാണ് ശ്രീകുമാരന്‍തമ്പി. ആശാന്‍ പ്രൈസ്, ബാലാമണിയമ്മ പുരസ്‌കാരം വള്ളത്തോള്‍ അവാര്‍ഡ് ഓടക്കുഴല്‍ അവാര്‍ഡ് എന്നിവയ്‌ക്കൊപ്പം ചലചിത്രരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ജെ.സി.ഡാനിയേല്‍ അവാര്‍ഡ് കൂടി നേടി നില്ക്കുന്ന ശ്രീകുമാരന്‍ തമ്പിക്ക് അര്‍ഹതപ്പെട്ട അംഗീകാരങ്ങള്‍ ഇനിയും ബാക്കി എന്നതാണ് സത്യം.

Sreekumaran Thampi

പ്രണയബിംബമായി കൃഷ്ണന്‍

ഒരിക്കലും ഞാനൊരു ഭക്തനായിരുന്നില്ല. പക്ഷേ ഒരുപാട് പാട്ടുകളിലും കവിതകളിലും കൃഷ്ണബിംബം ആവര്‍ത്തിച്ചുവരുന്നുണ്ട്. അത് ഭക്തിയുടെ ബിംബമായല്ല പ്രണയബിംബമായാണ്. പ്രണയമെന്ന് പറഞ്ഞാല്‍ കൃഷ്ണനാണ്. കൃഷ്ണന്‍ ദൈവമൊന്നുമല്ല. മനുഷ്യനാണ്. അമ്പുകൊണ്ട് മരിക്കാന്‍ മനുഷ്യനല്ലേപറ്റൂ. എല്ലാ സ്ത്രീകളും പ്രണയിച്ച പുരുഷന്‍ കൃഷ്ണനാണ്. ഒരാള്‍ക്കുള്ളതല്ല കൃഷ്ണന്‍. പ്രായവ്യത്യാസമില്ലാതെ എല്ലാവരെയും പ്രണയിച്ചു. പക്ഷേ എല്ലാവരെയും വിട്ടുപോയി. എല്ലാവരുടെയും കൂടെയുണ്ട്. എന്നാല്‍ ആരുടെകൂടെയുമില്ല എന്നതാണ് സത്യം. കുംഭമേള പോലെ അമ്പാടിക്ക് സമീപം നടക്കുന്ന ഒരുത്സവത്തില്‍ കൃഷ്ണനെ കാണാന്‍ തിക്കിത്തിരക്കിപോകുന്നവരുടെ ഒരു വര്‍ണന മഹാഭാരതത്തിലുണ്ട്. എല്ലാവരും ആവേശത്തോടെ, ആഹ്ലാദത്തോടെ കൃഷ്ണനെ കാണാന്‍പോകുമ്പോള്‍ രാധമാത്രം ഒരു ബഹളവുമില്ലാതെ അങ്ങനെയിരിക്കുന്നത് കണ്ട് മറ്റുള്ളവര്‍ അവളോട് ചോദിച്ചു; ”എന്തേ നീ പോകുന്നില്ലേ കൃഷ്ണനെകാണാന്‍?” ”ഞാന്‍ എന്തിന് പോകണം. കൃഷ്ണന്‍ എന്റെ കൂടെത്തന്നെയുണ്ടല്ലോ.” എന്നായിരുന്നു അവളുടെ മറുപടി. ഈ തിരിച്ചറിവാണ് എന്റെ കൃഷ്ണസങ്കല്‍പ്പത്തിന് പിന്നിലുള്ളത്.
‘കൈവല്യരൂപനാം കാര്‍മേഘവര്‍ണാ.….കണ്ണാ
ഞാനൊന്ന് ചോദിച്ചോട്ടെ’
എന്ന പാട്ടില്‍ ചില ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ട് കൃഷ്ണനെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നുണ്ട്. കരുണതന്‍ കടല്‍ ആയിരുന്നിട്ടും നീയെന്തേ കാമിനി രാധയെ കൈവെടിഞ്ഞു എന്നായിരുന്നു ആദ്യചോദ്യം. ദ്രൗപദിയുടെ കണ്ണീര് കണ്ട് അലിഞ്ഞ നിന്റെ മനസ്സ് രാധികയ്ക്ക് എന്ത് പരിഗണന നല്‍കി.
‘അനുരാഗകാവ്യചരിത്രത്തില്‍ ആണിനെ
കരിതേച്ച് കാണിച്ചതെന്തിനായ് നീ’
എന്ന് ഒരാരോപണം കൂടി പറഞ്ഞ് വച്ചുകൊണ്ടാണ് ആ പാട്ട് അവസാനിക്കുന്നത്.

Sreekumaran Thmapi

സംഗീതമീ ജീവിതം

ഞാന്‍ സംഗീതം ശാസ്ത്രീയമായി പഠിച്ചിട്ടില്ല. പക്ഷേ മലയാളത്തിലെ പലപാട്ടുകാര്‍ക്കും ഗായകര്‍ക്കും എന്റെ ഉള്ളിലുളളത്ര സംഗീതമില്ല എന്നെനിക്ക് തോന്നിയിട്ടുണ്ട്. ഞാന്‍ എഴുതിയ മൂവായിരത്തോളം പാട്ടുകളിലും എന്റെ സംഗീതമുണ്ട്.
‘ഇലഞ്ഞിപ്പൂമണമൊഴുകിവരുന്നു’, ‘ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം’, ‘വൈക്കത്തഷ്ടമിനാളില്‍’ തുടങ്ങിയ പാട്ടുകളിലെല്ലാം ഒരു പ്രത്യേക തരം പ്രാസം ഞാന്‍ ഉപയോഗിക്കുന്നു. പ്രാചീന കവികളായ എഴുത്തച്ഛന്‍, പൂന്താനം തുടങ്ങിയവരൊക്കെയാണ് അക്കാര്യത്തില്‍ എന്റെ മാതൃക. ‘ഇലഞ്ഞിപ്പൂമണമൊഴുകിവരുന്നു
ഇന്ദ്രിയങ്ങളിലത് പടരുന്നു
പകല്‍ക്കിനാവിന്‍ പനിനീര്‍മഴയില്‍
പണ്ട് നിന്‍മുഖം പകര്‍ന്ന ഗന്ധം’
എന്ന വരികളില്‍ ഇ യുടെയും പ യുടെയും ആവര്‍ത്തനം വരികള്‍ക്ക് സ്വാഭാവികശോഭ നല്കുന്നു. ഈ പ്രാസത്തെ ഞാന്‍ ലിറിക്കല്‍ റിഥം എന്ന് വിളിക്കും. അത് അക്ഷരങ്ങളുടെ താളമാണ്. ഞാന്‍ സൃഷ്ടിക്കുന്ന അക്ഷരങ്ങളുടെ താളവും സംഗീത സംവിധായകന്‍ കൊടുക്കുന്ന സംഗീതവുമായിലയിക്കണം. ആ ലയമാണ് പാട്ടിന് പുതിയ ഭാവം കൊടുക്കുന്നത്. ഈ പ്രാസമൊന്നും മനപ്പൂര്‍വമായി വരുന്നതല്ല. വൈക്കത്തഷ്ടമിനാളില്‍ എന്ന ഗാനത്തില്‍ ആവര്‍ത്തിക്കുന്ന ‘വ’ കാരത്തിന്റെ കാര്യവും അങ്ങനെ തന്നെ.
ഉള്ളിലെ താളബോധവും സംഗീതബോധവും കൊണ്ടാണ് വൃത്തത്തില്‍ കവിതയെഴുതിയത്. വൃത്തത്തില്‍ എഴുതണം എന്ന് വിചാരിച്ചിട്ടല്ല എഴുതിയത്. ഒരാശയം മനസ്സില്‍ വരുമ്പോള്‍ അതിന് ചേരുന്ന വൃത്തം തനിയെവരികയാണ.് അത്തരം കാര്യങ്ങളില്‍ ചെറുശ്ശേരിയുടെയും എഴുത്തച്ഛന്റെയും പൂന്താനത്തിന്റെയും സ്വാധീനമുണ്ട്; ആധുനികരില്‍ ജി.യുടെയും. ജി.ശങ്കരക്കുറുപ്പിനോട് എനിക്ക് ആരാധനയാണ്. മലയാളത്തില്‍ കവിയായ ആദ്യത്തെ പട്ടെഴുത്ത്കാരന്‍ ജി. ആയിരുന്നു. 1948 ‑ല്‍ നിര്‍മ്മല എന്ന ചിത്രത്തിന് വേണ്ടിയാണദ്ദേഹം എഴുതിയത്. സിനിമയില്‍ പാട്ടെഴുതുമ്പോള്‍ വിട്ടുവീഴ്ച വേണമെന്നദ്ദേഹത്തിനറിയാമായിരുന്നു. പക്ഷേ അദ്ദേഹമെഴുതിയതൊന്നും അത്ര ഗാനാത്മകമായിരുന്നില്ല.
മലയാള ചലച്ചിത്ര ഗാനങ്ങളുടെ അത് വരെയുള്ള ഘടനയില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ ഞാന്‍ ശ്രമിച്ചു. പി. ഭാസ്‌കരന്‍ നിര്‍മ്മിച്ച വിലയ്ക്ക് വാങ്ങിയ വീണ എന്ന ചിത്രത്തിലെ ‘അവള്‍ ചിരിച്ചാല്‍ മുത്ത് ചിതറും’ എന്ന ഗാനത്തിന്റെ പല്ലവി ആവര്‍ത്തിക്കുന്നത് വേറെ വരികളിലാണ്. യുഗ്മഗാനങ്ങളില്‍ രണ്ട് വരികള്‍ ഒരാള്‍ പാടുക അടുത്ത രണ്ട് വരികള്‍ അടുത്തയാള്‍ പാടുക എന്ന രീതി മാറ്റി ഒരുവരിതന്നെ രണ്ടുപേര്‍ പാടുന്ന രീതി കൊണ്ടുവന്നു. ഈ രണ്ട് മാറ്റവും മലയാളത്തില്‍ ആദ്യമായിരുന്നു. ‘മാധവമോ നവഹേമന്തമോ’ എന്ന് ഒരാള്‍പാടുമ്പോള്‍ ‘നിന്‍മണിക്കവിള്‍ മലരായ് വിടര്‍ത്തിയെങ്കില്‍’ എന്ന് അടുത്തവരി അടുത്തയാളാണ് പാടുന്നത്.
ഇത് ഗാനരചയിതാവിന് പ്രാധാന്യം കിട്ടുമ്പോഴേ ചെയ്യാന്‍ പറ്റൂ. പാട്ടെഴുതി ട്യൂണ്‍ചെയ്യുമ്പോഴാണ് ഇത് എളുപ്പം. ഇപ്പോള്‍ ആസ്ഥിതിയൊക്കെ മാറി. ട്യൂണിനൊപ്പിച്ച് പാട്ടെഴുതുന്ന രീതിവന്നു. ശ്രീകുമാരന്‍ തമ്പി ട്യൂണിനൊപ്പിച്ച് പാട്ടെഴുതുകയില്ല എന്നൊക്കെ പലരും പറഞ്ഞിരുന്നു. പക്ഷേ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ട്യൂണിനൊപ്പിച്ച് പാട്ടെഴുതിയിരുന്നത് ഞാനാണ്. സംഗീതമറിയാവുന്ന ഒരാള്‍ക്ക് ട്യൂണിനൊപ്പിച്ച് പാട്ടെഴുതാന്‍ ഒരു പ്രയാസവുമില്ല. ഒരിക്കല്‍ ഒരു പത്ര പ്രവര്‍ത്തകന്‍ സംഗീത സംവിധായകനായ എം.എസ് വിശ്വനാഥനോട് ചോദിച്ചു ‘അങ്ങ് കൂടുതലും പാട്ടുകള്‍ ചെയ്യുന്നത് ശ്രീകുമാരന്‍ തമ്പിയോടൊപ്പമാണല്ലോ. ആ പാട്ടുകളെല്ലാം സൂപ്പര്‍ഹിറ്റുമാണ്. എന്താണതിന്റെ രഹസ്യം എന്ന്. ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ക്ക് ഞാന്‍ സംഗീതം പകരുന്നില്ല. ആ വരികളില്‍ തന്നെ സംഗീതമുണ്ട്. അത് കണ്ടെത്തേണ്ട ജോലിയേ ഉള്ളൂ. എളുപ്പമാണത് എന്നാണദ്ദേഹം മറുപടിപറഞ്ഞത്.
രണ്ട് മൂന്ന് വയസ്സ് മുതല്‍ ഹരിപ്പാട്ടമ്പലത്തില്‍ കൂത്ത്, കൂടിയാട്ടം, കഥകളി ഇതൊക്കെക്കണ്ടാണ് വളര്‍ന്നത്. ഇറവങ്കര ഉണ്ണിത്താന്‍മാരും തകഴി കുട്ടന്‍ പിള്ളയുമൊക്കെയാണ് എന്റെ ചെറുപ്പത്തിലെ കേമന്‍മാരായ പാട്ടുകാര്‍. ആ പാട്ടുകളൊക്കെ പിന്നീട് അമ്മപാടിയും കേള്‍ക്കും. അങ്ങനെയാണ് ഉള്ളിലുറച്ചത്. ‘കൂത്തമ്പലത്തില്‍ വച്ചോ കുറുമൊഴിക്കുന്നില്‍ വച്ചോ’ എന്നപാട്ട് അങ്ങനെ വന്നതാണ്. ഒരുപാട് പാട്ടുകളില്‍ കടന്നുവരുന്ന ക്ഷേത്രപരിസരങ്ങളുടെ സാന്നിദ്ധ്യത്തിന്റെ കാരണം ഹരിപ്പാട് ക്ഷേത്രപരിസരമാണ്.
പാട്ട് പഠിക്കാന്‍ ശ്രമിച്ച് മനപ്പൂര്‍വമായി ഉപേക്ഷിച്ചതാണ് ഞാന്‍. ശാസ്ത്രീയ സംഗീതത്തിന്റെ അടിസ്ഥാന പാഠങ്ങളൊക്കെപ്പഠിച്ചതാണ്. മത്സരത്തില്‍ പങ്കെടുക്കുമ്പോള്‍ എനിക്ക് മൂന്നും നാലും സ്ഥാനമേകിട്ടൂ. എം.ജി.രാധാകൃഷ്ണനും ഹരിപ്പാട് കെ.പി.എന്‍.പിള്ളയുമാണ് എനിക്ക് മുന്‍പില്‍. ഒരിക്കലും സമ്മാനം കിട്ടുകയില്ലെന്നുറപ്പായി. കാരണം അവര്‍ക്ക് എന്നെക്കാള്‍ ജ്ഞാനമുണ്ട്. പക്ഷേ കഥയിലും കവിതയിലും ഉപന്യാസത്തിലും അവര്‍ക്കെന്റെ അടുത്തെങ്ങും എത്താന്‍ പറ്റില്ല എന്നിടത്തായിരുന്നു എന്റെ വിജയം. എന്റെ മേഖല എഴുത്താണ് എന്ന് ഞാന്‍ ഉറപ്പിച്ചു. അങ്ങനെ എഴുതിത്തുടങ്ങി. 14, 15 വയസ്സില്‍ ഹരിപ്പാട് ശ്രീകുമാര്‍ എന്ന പേരില്‍ എഴുതിത്തുടങ്ങി. തിരിച്ചറിഞ്ഞാല്‍ വല്യേട്ടന്‍ അടിക്കും എന്നുള്ളത് കൊണ്ടാണ് പേരുമാറ്റി എഴുതിയത്. പിന്നീട് ഭവാനിക്കുട്ടി എന്ന പേരിലെഴുതി. അമ്മയുടെ പേരായിരുന്നു അത്. അമ്മയ്ക്ക് അറിയാമായിരുന്നു. ആരുമറിയാതെ അമ്മ പ്രോത്സാഹിപ്പിച്ചിരുന്നു.

 

അമ്മമനസ്സ്.…. തങ്കമനസ്സ്

എന്റെ മനസ്സ് ഇങ്ങനെയാക്കി എടുത്തത് അമ്മയാണ്. എന്റെയുള്ളിലെ സംഗീതം, എന്റെ സാമൂഹിക ബോധം ഒക്കെ അമ്മയില്‍ നിന്നുവന്നതാണ്. കവിതകളിലും പാട്ടുകളിലും ആവര്‍ത്തിച്ചുവരുന്ന അമ്മബിംബം എന്റെ തന്നെ മനസ്സാണ്. എന്നെ സോഷ്യലിസ്റ്റാക്കിയതും അമ്മയാണ്.
വീട്ടിലെ ജോലിക്കാര്‍ക്ക് മുറ്റത്ത് കുമ്പിള്‍ കുത്തി ആഹാരം കൊടുത്തിരുന്ന രീതിക്ക് ആദ്യമായി മാറ്റം വരുത്തിയത് അമ്മയാണ്. മനുഷ്യത്വം എന്തെന്ന് പതിനൊന്നാം വയസ്സില്‍ അമ്മയിലൂടെ ഞാനറിഞ്ഞു. അമ്മയ്ക്ക് കമ്മ്യൂണിസം അറിയില്ല. പഴയനാടുവാഴിത്തറവാടായിരുന്നു ഞങ്ങളുടേത്. കരം കൊടുത്തിരുന്നില്ല. ഞങ്ങളുടെ ദേവതയെ കുടിയിരുത്തിയിരിക്കുന്നത് അറയ്ക്കകത്തായിരുന്നു. ഈഴവ സമുദായത്തില്‍പ്പെട്ട ഒരുപണിക്കാരി പെണ്‍കുട്ടി അവള്‍ക്ക് ആയിടെ ജനിച്ച കുഞ്ഞിനെ, ഞങ്ങളെ കാണിക്കാന്‍ കൊണ്ടുവന്നു. തൊട്ടടുത്ത വീട്ടില്‍ വല്യമ്മ താമസിക്കുന്നുണ്ട്. വല്യമ്മയ്ക്ക് അമ്മയുടെ സോഷ്യലിസമൊന്നും പറഞ്ഞാല്‍ മനസ്സിലാകുമായിരുന്നില്ല. അമ്മ പണിക്കാരിയുടെ കൈയില്‍ നിന്ന് കുഞ്ഞിനെ വാങ്ങി നേരെ അറയ്ക്കകത്ത് കൊണ്ടുചെന്ന് അവിടെ നേദിച്ചിരുന്ന പഴം നുള്ളി കുഞ്ഞിന്റെ വായില്‍ വച്ചുകൊടുത്തു. എന്നാല്‍ അപ്രതീക്ഷിതമായി കടന്നുവന്ന വല്യമ്മ അമ്മയോട് കലശലായി കയര്‍ത്തു. എന്നാല്‍ വളരെ സമാധാനത്തോടെ അമ്മപറഞ്ഞ മറുപടി, കുഞ്ഞുങ്ങള്‍ എല്ലാം ദൈവമല്ലേ ചേച്ചീ, അവര്‍ക്ക് ജാതിയില്ലല്ലോ എന്നാണ്. കുഞ്ഞിന്റെ ചിരിയിലാണ് ദൈവം. അമ്മയില്‍ നിന്ന് കിട്ടിയ ഈ ചിന്താധാരയാണ് പിത്ക്കാലത്ത്
‘ജനിക്കുമ്പോള്‍ നമ്മള്‍ ദൈവങ്ങള്‍
സ്‌നേഹം പകര്‍ന്നും മോഹം നുകര്‍ന്നും
വളര്‍ന്ന് കഴിഞ്ഞാല്‍ വെറും മൃഗങ്ങള്‍’
എന്നെഴുതാന്‍ എനിക്ക് പ്രചോദനമായത്. അമ്മ ഒന്നും പറഞ്ഞ് ചെയ്യിച്ചില്ല. പക്ഷേ ഞങ്ങള്‍ കണ്ട്പഠിച്ചു. വല്യേട്ടനും കൊച്ചേട്ടനും പിത്ക്കാലത്ത് ഞാനും സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നതും ആ സ്വാധീനത്തിലാവാം. എന്റെ അമ്മയെപ്പറ്റി ഞാന്‍ അഭിമാനിച്ചിരുന്നു. എന്റമ്മയാണ് ശരി, എന്റമ്മയാണ് നല്ലത് എന്ന് തോന്നി.

ഗാനം നിര്‍ഭാഗ്യാനുഭവം

1977 ല്‍ സൗത്ത് ഇന്‍ഡ്യന്‍ ഫിലിംചേമ്പര്‍ ഓഫ് കൊമേഴ്‌സിന്റെ സുവനീറില്‍ ആണ് ആദ്യമായ് ‘ഗാനം’ സിനിമയുടെ പരസ്യം ഞാന്‍ കൊടുത്തത്. ദക്ഷിണേന്ത്യന്‍ ശാസ്ത്രീയ സംഗീതത്തെ ആസ്പദമാക്കിയുള്ള ആദ്യ ഫീച്ചര്‍ ഫിലിം എന്നായിരുന്നു പരസ്യം. ആ പരസ്യത്തിന്റെ സ്വാധീനത്തില്‍ നിന്നാണ് ‘ശങ്കരാഭരണം’ എന്ന സിനിമവന്നത്. അതോടെ ‘ഗാനം’ അപ്രസക്തമായി. സോമനെയും ഷീലയെയുമാണ് ചിത്രത്തിനു വേണ്ടി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ‘ജയിക്കാനായ് ജനിച്ചവന്‍’ എന്ന സിനിമയുടെ സെറ്റില്‍ വച്ച് സോമനുമായുണ്ടായ ചില അഭിപ്രായവ്യത്യാസങ്ങള്‍ സോമനെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കുന്നിടം വരെയെത്തിച്ചു. പകരം നായകനായി വന്ന അംബരീഷിനെ മലയാളികള്‍ അംഗീകരിച്ചുമില്ല. നമ്പൂതിരിപ്പെണ്ണിനെ പുലയയുവാവ് കല്യാണം കഴിച്ചതും അവര്‍ക്ക് ഉള്‍ക്കൊള്ളാനായില്ല. ചിത്രം വന്‍പരാജയമായി. നിര്‍മ്മാതാവായ എനിക്ക് സാമ്പത്തിക നഷ്ടം ബാക്കി. ‘ഗാന’ത്തിന് കലാമൂല്യവും ജനപ്രീതിയുമുളള ചിത്രത്തിനുള്ള അവാര്‍ഡ് കിട്ടി. ‘ഗാനം’ വിജയിച്ചാല്‍ പിന്നെ സംഗീത ചിത്രങ്ങള്‍ മാത്രം നിര്‍മ്മിച്ച് സംവിധാനം ചെയ്യുക എന്ന എന്റെ സ്വപ്നവും അതോടെ തീര്‍ന്നു.
സിനിമ നാട്യങ്ങളുടെ ലോകമാണ്. അവരില്‍ പലരും ജീവിതത്തിലും അഭിനയിക്കുന്നവരാണ്. കുറ്റംപറയാന്‍ പറ്റില്ല. അവരുടെ ജീവിതം അങ്ങനെയാണ്. അഭിനയിച്ചു തുടങ്ങുമ്പോള്‍ അവര്‍ നിര്‍മ്മാതാവിന്റെയും സംവിധായകന്റെയും കാല് പിടിക്കും. 5000 രൂപയ്ക്ക് എന്റെ പടത്തില്‍ എന്റെ വഴക്ക്‌കേട്ട് അഭിനയിച്ചവര്‍ക്ക് റേറ്റ് രണ്ട് കോടിയില്‍ എത്തുമ്പോള്‍ പഴയകഥ ഓര്‍ക്കാന്‍ ഇഷ്ടമല്ല. അവര്‍ക്ക് പുതിയ സംവിധായകരെയാണ് ഇഷ്ടം. ഈ താരങ്ങളുടെ ദാസന്‍മാരായി അവര്‍ നിന്നുകൊള്ളും.

Sreekumaran Thmapi

അവാര്‍ഡുകളുടെ രാഷ്ട്രീയം

ദേഷ്യപ്പെട്ടിരിക്കുമ്പോള്‍ തീരുമാനങ്ങളെടുക്കരുത് എന്ന ബുദ്ധവചനം മറന്നതാണ് എന്റെ പല നിര്‍ഭാഗ്യങ്ങളുടെയും കാരണം. അത്തരം ഒരു തീരുമാനമായിരുന്നു ഗാനത്തില്‍ നിന്ന് സോമനെ മാറ്റിയത്. സോമനായിരുന്നെങ്കില്‍ പടം ഓടിയേനെ. പലപ്പോഴും ഇത്തരം തീരുമാനങ്ങള്‍ എന്നെ പലരുടെയും ശത്രുവാക്കി. അതുകൊണ്ടുതന്നെ എന്റെ നല്ല ചിത്രങ്ങള്‍ പരാജയപ്പെട്ടു. എത്ര അവാര്‍ഡുകള്‍ നഷ്ടമായി! കേരളാ പബ്ലിക് റിലേഷന്‍ വകുപ്പ് ഡയറക്ടറായി പത്ത് പന്ത്രണ്ട് വര്‍ഷം ജോലിചെയ്ത ഒരാള്‍ ഒരിക്കല്‍ കുറ്റബോധത്തോടെ പറഞ്ഞിട്ടുണ്ട്. ശ്രീകുമാരന്‍ തമ്പിക്ക് അവാര്‍ഡ് കിട്ടാതിരിക്കാന്‍ പലപ്പോഴും ശ്രമിച്ചിട്ടുണ്ടെന്ന്. ഞാന്‍ അയാളോട് മോശമായി സംസാരിച്ചിട്ടുണ്ട് എന്നതാണ് കാരണം. തുറന്ന് പറച്ചിലുകള്‍ അങ്ങനെ പല അവാര്‍ഡുകളും ഇല്ലാതാക്കി. അവാര്‍ഡിനുവേണ്ടി കാലുപിടിക്കാനൊന്നും എനിക്ക് പറ്റില്ല. പബ്ലിക് റിലേഷന്‍സ് വകുപ്പാണല്ലോ ജൂറിയെ നിശ്ചയിക്കുന്നത്. പത്ത് പന്ത്രണ്ട് വര്‍ഷം എനിക്ക് അവാര്‍ഡ് കിട്ടിയതേയില്ല. ഇത്രകാലം ആകെ കിട്ടിയത് രണ്ട് സംസ്ഥാന അവാര്‍ഡ് മാത്രം. ദേശീയ അവാര്‍ഡ് കിട്ടിയിട്ടുമില്ല. എന്‍. മോഹനന്‍ ഒരു ദുര്‍ബല നിമിഷത്തില്‍ തുറന്ന് പറഞ്ഞിട്ടുണ്ട്, ഒരഞ്ച് അവാര്‍ഡെങ്കിലും തമ്പിക്ക് കിട്ടേണ്ടത് മാറ്റി ഞാന്‍ ഒ.എന്‍.വി ക്ക് കൊടുത്തിട്ടുണ്ടെന്ന്. വള്ളത്തോള്‍ അവാര്‍ഡ്, ബാലാമണിയമ്മ അവാര്‍ഡ്, ആശാന്‍ പ്രൈസ്, ഓടക്കുഴല്‍ അവാര്‍ഡ് എന്നിവകിട്ടി. ഏറ്റവും ഒടുവില്‍ ജെ.സി.ഡാനിയല്‍ അവാര്‍ഡ് കിട്ടി. അങ്ങനെ അഹങ്കാരിയെന്ന ഇമേജില്‍ എനിക്ക് പല നഷ്ടങ്ങളും ഉണ്ടായി.
എന്നാല്‍ എന്റെയുള്ളിലെ യഥാര്‍ത്ഥ എന്നെ തിരിച്ചറിഞ്ഞ ചിലരുണ്ട്. ഗുരുസ്ഥാനീയരായിരുന്ന പി. സുബ്രഹ്മണ്യവും പി.ഭാസ്‌കരനുമായിരുന്നു അവര്‍. ഹൃദയസരസ്സ് എന്ന, എന്റെ പുസ്തകത്തിന്റെ ആമുഖത്തില്‍ പി.ഭാസ്‌കരന്‍ എന്നെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ അത് തെളിയിക്കുന്നു. പി. സുബ്രഹ്മണ്യത്തിന് ഞാന്‍ മകനെക്കാള്‍ പ്രിയപ്പെട്ടവനായിരുന്നു. രോഗക്കിടക്കയില്‍ അദ്ദേഹത്തിന്റെ ഏറ്റവും വലിയ ദുഃഖം എനിക്കൊന്നുംതരാന്‍ കഴിഞ്ഞില്ല എന്നതായിരുന്നു. എന്നെ സിനിമയില്‍ കൊണ്ടുവന്നത് അദ്ദേഹമായിരുന്നു. അദ്ദേഹത്തോടും പിണങ്ങിയിട്ടുണ്ട്. പക്ഷേ അദ്ദേഹത്തിന് എന്നെ അറിയാമായിരുന്നു. ഗുരുക്കന്‍മാര്‍ തന്നെയായിരുന്നു എന്റെ ഏറ്റവും വലിയ സുഹൃത്തുക്കള്‍. അവാര്‍ഡുകള്‍ നഷ്ടപ്പെട്ടതിനെപ്പറ്റി ദുഃഖമില്ല. നിങ്ങള്‍ ആഘോഷിക്കുന്ന എന്റെ എല്ലാ നല്ലപാട്ടുകളും ഞാന്‍ 35 വയസ്സിന് മുമ്പെഴുതിയതാണ്. അവയൊക്കെ ഇപ്പോഴും പുതുമയോടെ ആസ്വദിക്കപ്പെടുന്നതിനെക്കാള്‍ വലിയ അവാര്‍ഡ് ഒന്നുമില്ലല്ലോ. ടി.വി.ഷോകളില്‍പാടുന്ന ചെറിയ കുട്ടികള്‍ പോലും ഇപ്പോഴും ആ പാട്ടുകള്‍ എടുത്തു പാടുന്നില്ലേ. നാലു മഹാകവികളുടെ പേരിലുളള അവാര്‍ഡുകള്‍ ഒന്നിച്ച് ആര്‍ക്കുകിട്ടിയിട്ടുണ്ട്.
അക്കാദമി അവാര്‍ഡ് രാഷ്ട്രീയമാണ്. രാഷ്ട്രീയ ബന്ധങ്ങളുളളവര്‍ക്ക് മാത്രമാണ് അത് കിട്ടുന്നത്. ഞാനൊരു പാര്‍ട്ടിയിലും അംഗമാകാതെ തന്നെയാണ് ജെ.ഡി.ഡിനിയേല്‍ അവാര്‍ഡ് കിട്ടിയത്. അന്നത്തെ സാംസ്‌കാരിക മന്ത്രി അതെടുത്തു പറയുകയും ചെയ്തു. എന്റെ ശത്രുക്കളല്ലാത്ത ജൂറിവന്നു എന്നതും ഒരു കാരണമായി.

ഇടതു പക്ഷം ഹൃദയപക്ഷം

സത്യത്തില്‍ അപായകരമായ തരത്തിലാണ് ഇപ്പോള്‍ ലോകത്തിന്റെ പോക്ക്. അതായത് ലോകമാകെ വലത്പക്ഷത്തേക്ക് നീങ്ങുന്നു എന്നത് അത്ര സുഖമുള്ള കാര്യമല്ല. സമൂഹത്തെ ബാലന്‍സ് ചെയ്ത് നിര്‍ത്തുന്നത് ഇടതുപക്ഷമാണ്. ഉച്ചനീചത്വങ്ങള്‍ക്കെതിരെയും, അദ്ധ്വാനിക്കുന്നവരുടെ ക്ഷേമത്തിനായും ഇടതുപക്ഷം ചെയ്തസമരങ്ങള്‍ തന്നെയാണ് ഇവിടെ പരിവര്‍ത്തനങ്ങള്‍ ഉണ്ടാക്കിയത്. കൃഷിഭൂമി കര്‍ഷകന് കൊടുക്കണമെന്ന വിഷയം ഉയര്‍ത്തിപ്പിടിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നടത്തിയ സമരത്തിന്റെ ഫലമായി കൃഷിഭൂമി കര്‍ഷകന് കിട്ടി. പക്ഷേ അന്ന് കര്‍ഷകര്‍ കൃഷിനിര്‍ത്തി എന്നതാണ് തമാശ. തകഴിയുടെ രണ്ടിടങ്ങഴി എന്ന നോവലിന്റെ പ്രധാനവിഷയം തന്നെ കൂലികൂട്ടല്‍ ആയിരുന്നു. പിന്നീട് കമ്മ്യൂണിസ്റ്റ്പാര്‍ട്ടി വിട്ടെങ്കിലും അന്ന് അദ്ദേഹം കമ്മ്യൂണിസ്റ്റായിരുന്നു. അദ്ദേഹത്തിന്റെ പ്രസിദ്ധകൃതിയായ തോട്ടിയുടെ മകന്റെ പുറം ചട്ട അരിവാള്‍ ചുറ്റികയായിരുന്നു. പത്തിനൊന്ന്പതം എട്ടിനൊന്ന് പതമാക്കാന്‍ ആവശ്യപ്പെട്ടുളള അന്നത്തെ സമരം നയിച്ചത് വി.എസ് ഒക്കെക്കൂടിയാണ്. ഞാനന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്നു. എനിക്കതൊക്കെ നല്ല ഓര്‍മയുണ്ട്. ഇ.എം.എസ് മുഖ്യമന്ത്രിയും കെ. ആര്‍.ഗൗരിയമ്മ നിയമമന്ത്രിയുമായിരുന്നു. ഭൂനയബില്ലിന്റെ ഫലമായി ഞങ്ങളുടെ നിലമെല്ലാം പാട്ടക്കാര്‍ക്ക് പോയി. 160 വര്‍ഷമായി നിലം കൈവശം വച്ചിരുന്നയാള്‍ക്കാണ് അത് സ്വന്തമായി കിട്ടിയത്. സമരം ജയിച്ചു. കൂലികൂട്ടി. പിന്നീട് അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭൂനയബില്ല്‌കൊണ്ടുവന്നു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് കേരളത്തില്‍ മാറ്റം വരുത്തിയിട്ടുള്ളത്. പക്ഷേ ഇടത് പക്ഷത്തായിരുന്ന കൃഷിക്കാര്‍ സ്വത്ത് കൈയില്‍ കിട്ടിയപ്പോള്‍ മനസ്സുകൊണ്ട് വലത്പക്ഷത്തേക്ക് പോയി. ഇടത് പക്ഷത്തിന് വേണ്ടി കൊടി പിടിക്കുമ്പോഴും അവര്‍ വലത് പക്ഷത്തേക്ക് മാറിക്കൊണ്ടിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഈ മാറ്റത്തെക്കുറിച്ച് മനസ്സിലാക്കുന്നില്ല. 1957 ലും അതിന് ശേഷവുമുളള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശക്തിയും ചൈതന്യവും എന്ത് കൊണ്ട് ചോര്‍ന്നുപോകുന്നു. ഇക്കഴിഞ്ഞ ഇലക്ഷനില്‍ എന്ത്‌കൊണ്ട് ഇത്ര ഭീകരമായ പരാജയം ഉണ്ടായി? ശബരിമല മാത്രമൊന്നുമല്ല പ്രശ്‌നം. ലോകം മുഴുവന്‍ വലത് പക്ഷത്തേക്കാണ് പോകുന്നത്. അമേരിക്കയിലെ ഇടത്പക്ഷമാണ് ഒബാമ. പക്ഷേ ആളുകള്‍ ട്രംപിന്റെ അടുത്തേക്ക് പോയി. ഹംഗറിയിലും പോളണ്ടിലും അത് തന്നെ സംഭവിച്ചു. ഉത്തരകൊറിയയില്‍ കമ്മ്യൂണിസമാണെന്നാണ് പറയുന്നത്. പക്ഷേ ഭ്രാന്തനാണവിടത്തെ ഭരണാധികാരി. എന്ത് കമ്മ്യൂണിസ്റ്റാണയാള്‍! ക്യൂബയില്‍ ഫിഡല്‍ കാസ്‌ടോയെ നമ്മള്‍ എത്ര ബഹുമാനിച്ചു. പക്ഷേ അനുജനെ രാജ്യമേല്പിച്ച് അദ്ദേഹവും പോയില്ലേ? ഗള്‍ഫിലും മറ്റും ഡ്രഡ്ജിംഗ് പോലെയുള്ള ജോലികള്‍ക്ക് കോണ്‍ട്രാക്റ്റ് എടുക്കുന്ന യു.എ.ഇ ആസ്ഥാനമായ കമ്പനികള്‍, ബ്രിട്ടീഷ് ജര്‍മ്മന്‍ കമ്പനികള്‍ എന്നിവര്‍ക്ക് ചൈനീസ് കമ്പനികളില്‍ നിന്ന് നേരിടേണ്ടിവരുന്ന ഭീഷണി ഗൗരവമായി ചിന്തിക്കേണ്ട ഒന്നാണ്. മറ്റുള്ളവര്‍ ഒരു ലക്ഷം കോടിയുടെ ക്വട്ടേഷന്‍ വയ്ക്കുമ്പോള്‍ ചൈന 25 ലക്ഷം കോടിയുടെ ക്വട്ടേഷന്‍ വയ്ക്കും. എന്നിട്ട് ചൈനയിലെ ആ ജീവനാന്ത തടവുകാരെ ജോലിക്കിറക്കും. കൂലിയേ കൊടുക്കേണ്ടല്ലോ. അങ്ങനെ തീവ്ര കമ്മ്യൂണിസ്റ്റ് എന്ന് നമ്മള്‍ കരുതുന്ന ചൈന പോലും കമ്മ്യൂണിസ്റ്റ് വിരുദ്ധതയിലേക്ക് ചായുന്നു. ലോകം മുഴുവന്‍ വലത് പക്ഷത്തേക്ക് എന്ത് കൊണ്ടോ പോകുന്നു. കാരണമാണന്വേഷിക്കേണ്ടതാണ്.
ആത്മാര്‍ത്ഥതയുളള എഴുത്തുകാര്‍ക്ക് ഇടത്പക്ഷത്തേ നില്ക്കാന്‍ കഴിയൂ. കാരണം അവര്‍ മനുഷ്യന്റെ കഥയാണ് പറയുന്നത്. വാഴക്കുല എഴുതിയ ചങ്ങമ്പുഴ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിമെമ്പറായിരുന്നില്ല. പി.ഭാസ്‌കരനും, വയലാറും, ഒ.എന്‍.വിയുമൊക്കെ ഇടതു പക്ഷധാരയിലായിരുന്നു. വലതുപക്ഷത്ത് നിന്ന അപൂര്‍വം എഴുത്തുകാരുണ്ട്. പാലാ നാരായണന്‍ നായരെപ്പോലെ ചിലര്‍. പക്ഷേ ഇടതുപക്ഷത്ത് നിന്നവരെയല്ലേ നമ്മള്‍ ഓര്‍മ്മിക്കുന്നുള്ളു. വൈലോപ്പിള്ളിക്ക് കൊടുക്കുന്ന മൂല്യം നമ്മള്‍ പാലായ്ക്ക് കൊടുക്കുന്നുണ്ടോ? ഇനിയും പൊതുധാരയിലേക്ക് വരാന്‍കഴിയാതെ കഷ്ടപ്പെടുന്ന ജനങ്ങളെ എങ്ങനെ മുന്നോട്ട് കൊണ്ടുവരാം എന്ന് ചിന്തിക്കുന്ന ആശയത്തിന്റെ കൂടെയേ ഒരു നല്ല എഴുത്തുകാരന് നില്ക്കാന്‍ പറ്റൂ.
ആനുകൂല്യങ്ങള്‍ക്ക് വേണ്ടിമാത്രമായി വലത് പക്ഷത്തേക്ക് പോകുന്നവര്‍ ഉണ്ടാകാം. കേന്ദ്രസാഹിത്യ അക്കാദമി പ്രസിഡന്റാക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാലൊന്നും എനിക്ക് ബിജെപിയില്‍ ചേരാന്‍ പറ്റില്ലല്ലോ. എന്ന് കരുതി ഞാന്‍ ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും അംഗമല്ല. പക്ഷേ എപ്പോഴും ഇടത്പക്ഷധാരയോടൊപ്പം നില്ക്കാനേ എനിക്ക് കഴിയൂ. കെ.പി.എ.സി ക്ക് വേണ്ടി ഞാന്‍ ഇപ്പോഴും പാട്ടെഴുതുന്നുണ്ട്. എന്റെ പ്രധാന കൃതികളെല്ലാം പ്രസിദ്ധീകരിച്ചത് ജനയുഗമാണ്. കാമ്പിശ്ശേരി കരുണാകരനും കെ. ബാലകൃഷ്ണനുമൊക്കെയാണ് എഴുത്തുകാരന്‍ എന്ന നിലയില്‍ എന്നെ പിന്തുണച്ചവരില്‍ പ്രധാനികള്‍.

Sreekumaran Thmapi

പുതിയപാട്ടുകള്‍

ഭയാനകത്തിലെപാട്ടുകള്‍ ശ്രദ്ധിക്കപ്പെട്ടു. സിനിമ ആരും കണ്ടില്ലെങ്കിലും പാട്ട് ആളുകള്‍ക്ക് ഇഷ്ടപ്പെട്ടു. ചെറുപ്പക്കാരുടെ പടമായ ‘ഓട്ട’ത്തിന് പാട്ടെഴുതി. പുതിയകുട്ടികള്‍ എന്നെ പാട്ടെഴുതാന്‍ വിളിച്ചു തുടങ്ങി. പല കാര്യങ്ങളിലും പൊരുത്തപ്പെടാന്‍ വിഷമമുണ്ടെങ്കിലും പാട്ടെഴുതിയത് അര്‍ജുനന്‍ മാസ്റ്ററുടെയും ഔസേപ്പച്ചന്റെയും ജെറി അമല്‍ദേവിന്റെയും ഒക്കെ ട്യൂണിനനുസരിച്ചായത് കൊണ്ട് വലിയ മാറ്റം തോന്നിയില്ല. ഇപ്പോള്‍ ഗോപീസുന്ദര്‍ ഒക്കെയാണ് കൂടുതല്‍ പാട്ടുകള്‍ ചെയ്യുന്നത്. അവരോടൊപ്പം പ്രവര്‍ത്തിച്ചാലേ മാറിയ അന്തരീക്ഷവുമായി പൊരുത്തപ്പെടാന്‍ കഴിയുമോ എന്ന് അറിയൂ.
ട്യൂണ്‍വച്ചെഴുത്ത് പണ്ടേ ശീലമല്ലേ. സലില്‍ ചൗധരിക്ക് വേണ്ടി എഴുതിയതത്രയും ട്യൂണിനനുസരിച്ചായിരുന്നു. ആ പാട്ടുകളെല്ലാം ഹിറ്റായി ‘പൂമാനം പൂത്തുലഞ്ഞേ’ എന്ന പാട്ട്, ഈണം കേട്ടപ്പോള്‍ ഒരുനിമിഷം പോലും ആലോചിക്കാതെ എഴുതിപ്പോയതാണ്. പാട്ടെഴുതാന്‍ ഇരിക്കുമ്പോള്‍ മദ്രാസിലായാലും മനസ്സില്‍ തെളിയുന്നത് ഹരിപ്പാടും ചെട്ടികുളങ്ങരയും അമ്പലപ്പുഴയുമൊക്കെയായിരിക്കും.
പുതിയകാലത്ത് എഴുതുമ്പോള്‍ എഴുത്തോ കഴുത്തോ പ്രധാനം എന്ന ചോദ്യം നിലനില്ക്കുന്നുണ്ട്. നബിയെപ്പറ്റി പറഞ്ഞതിന് അദ്ധ്യാപകന്റെ കൈവെട്ടിയ നാടല്ലേ! എന്തെഴുതുമ്പോഴും അങ്ങനെയൊക്കെ എഴുതാമോ എന്ന് ആശങ്കപ്പെടുന്ന ഒരവസ്ഥ നല്ലതല്ല.
‘കാവാലം ചുണ്ടന്‍വള്ളം അണിഞ്ഞൊരുങ്ങീ’ എന്ന പാട്ടിലെ കൊച്ചു പുലക്കള്ളീ എന്ന വാക്ക് ഇന്നെഴുതാന്‍ കഴിയുമെന്ന് തോന്നുന്നില്ല. പുലയികളെല്ലാം കള്ളികളാണോ എന്ന ചോദ്യം നേരിടേണ്ടിവന്നേക്കാം. നിര്‍മാല്യം എന്ന സിനിമ ഇന്നെടുക്കാന്‍ പറ്റില്ലല്ലോ. വിഗ്രഹത്തില്‍ തുപ്പിയാലുള്ള കാര്യം പറയേണ്ടതില്ലല്ലോ. കാലം മാറുകയല്ലേ.
‘വെളുക്കുമ്പോ കുളിക്കുവാന്‍ പോകുന്ന വഴിക്കില്‍
വേലിക്കല്‍ നിന്നവനേ
കൊച്ചുകിളിച്ചുണ്ടന്‍ മാമ്പഴം കടിച്ചുകൊണ്ടെന്നോട്
കിന്നാരം പറഞ്ഞവനേ’
എന്ന പി. ഭാസ്‌കരന്റെ പാട്ടില്‍ പറയുന്ന, വെളുപ്പിനെ ഉണര്‍ന്ന് കുളത്തില്‍ കുളിക്കാന്‍ പോകുന്ന പെണ്ണ് ഇന്നെവിടെ. എന്റെ പല പാട്ടിലും ഞാന്‍ എഴുതിയ കാര്യങ്ങള്‍ വരും തലമുറയ്ക്ക് അപരിചിതമായിരിക്കും. കാലം മാറുകയാണ്. മാറ്റങ്ങള്‍ അനിവാര്യമാണ്. കാലത്തിന്റെ മാറ്റത്തിനനുസരിച്ച് മാറേണ്ടത് ഒരെഴുത്തുകാരന്റെ ഉത്തരവാദിത്വമാണല്ലോ.