എ ഐ ശംഭുനാഥ്

September 27, 2020, 3:37 am

വെർച്വൽ കണ്ണിലൂടെ മഹേഷ് നാരായണൻ

Janayugom Online

എ ഐ ശംഭുനാഥ്

കോവിഡ് — 19 എന്ന മഹാമാരി മൂലം ഒരുകാലത്തും നികത്താനാവാത്ത ഭീമമായ നഷ്ടങ്ങളുണ്ടായ കൂട്ടത്തിൽ മുൻപന്തിയിൽ നിൽക്കുന്നത് സിനിമാ മേഖല തന്നെയാണ്. എൺപത് മുതൽ നൂറുപേർ എന്ന ശരാശരി നിരക്കിൽ ഓരോ സെറ്റിലും അണിയറപ്രവർത്തകരുടെ സാന്നിദ്ധ്യമാവശ്യമുള്ള സിനിമാ മേഖലയുടെ സാധാരണഗതിയിലുള്ള പ്രവർത്തനം നിലച്ചിട്ട് മാസങ്ങളോളമായി. തിയേറ്ററുകൾ എന്ന് തുറക്കുമെന്നോ, അഥവാ തുറന്നാൽ തന്നെ എന്ന് പഴയ രീതിയിലാകുമെന്നോ പ്രവചിക്കാൻ സാധിക്കാത്ത ഒരവസ്ഥയിലാണ് ഇന്ന് സിനിമാലോകം.

കഠിനമായ വെല്ലുവിളികൾ അതിജീവിച്ചുകൊണ്ട് മൊബൈൽ ഫോണിലടക്കം ചിത്രീകരണം പൂർത്തിയാക്കിയാണ് മഹേഷ് നാരായണൻ സീ യൂ സൂൺ ആമസോൺ പ്രൈം എന്ന ഒടിടി പ്ലാറ്റ്ഫോമിലൂടെ നമുക്ക് മുന്നിലേക്ക് എത്തിച്ചത്. ദൃശ്യഭാഷയിലുള്ള വ്യത്യസ്തതകൊണ്ടും, വേറിട്ട അവതരണശൈലികൊണ്ടും വരുംകാല സിനിമകൾക്കുള്ളൊരു ചൂണ്ടുപലകയായി മാറുകയാണ് ‘സി യൂ സൂൺ’ എന്ന പുത്തൻ കാഴ്ചയുടെ ലോകം.

ഒരു പതിറ്റാണ്ടിലധികമായി ചലച്ചിത്രരംഗത്ത് പ്രവർത്തിച്ചുവരുന്ന മഹേഷ് നാരായണൻ കമൽഹാസന്റെ ‘വിശ്വരൂപ’മടക്കം നാൽപ്പതിലേറെ ചിത്രങ്ങളുടെ എഡിറ്ററായിരുന്നു. 2015‑ൽ രാജേഷ് പിള്ളയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘മിലി‘യിലൂടെയാണ് തിരക്കഥാകൃത്തായി മഹേഷ് നാരായണൻ മാറുന്നത്. തുടർന്ന്, 2017‑ൽ ആദ്യത്തെ സംവിധാന സംരംഭമായ ‘ടേക്ക് ഓഫ്’ വൻവിജയം കൈവരിച്ചു. ലോക്ഡൗണിനു മുൻപ്, ഫഹദ് ഫാസിലിനെ നായകനാക്കി ചിത്രീകരണം പൂർത്തീകരിച്ച ‘മാലിക്കാ‘ണ് മഹേഷ് നാരായണന്റെ റിലീസിനായൊരുങ്ങുന്ന അടുത്ത ചിത്രം. മഹേഷ് നാരായണൻ സംസാരിക്കുന്നു.… . .

ഒരു മുഴുനീള “വെർച്വൽ’ സിനിമയായി ‘സീ യൂ സൂൺ’ ചിത്രീകരിക്കുമ്പോൾ, അതിന്റെ പ്രേക്ഷക സ്വീകാര്യതയിൽ എത്രത്തോളം ആശങ്കയുണ്ടായിരുന്നു?

ഇത് പൂർണ്ണമായും പരീക്ഷണാടിസ്ഥാനത്തിൽ ചെയ്ത സിനിമ തന്നെയാണ്. ഈ പ്രതിസന്ധി ഘട്ടത്തിൽ പ്രേക്ഷകർക്ക് ഏത് ഉപകരണത്തിലും കാണാനാവുന്ന തരത്തിലൊരു സിനിമ ചെയ്യണമെന്ന് മാത്രമായിരുന്നു ചിന്ത. എങ്ങനെ സ്വീപെടും എന്നതിലെ വ്യക്തത മുൻകൂട്ടി കാണാൻ സാധിക്കാത്തതിനാലാണ് “എക്സ്പി ‘ിമെന്റ’ലായി ചിത്രീകരിക്കാൻ തീരുമാനിച്ചത്. പതിവ് രീതിയിൽനിന്ന് മാറി ചെയ്യുന്ന എല്ലാ സൃഷ്ടികൾക്കും, സ്വീകാര്യതയുടെ കാര്യത്തിൽ എപ്പോഴുമൊരു അനിശ്ചിതത്വത്തിന്റെ ഘടകം ബാക്കിയാണ്.

പ്രേക്ഷകർ ഇതുവരെ കണ്ട് ശീലിച്ചിട്ടില്ലാത്ത ‘വെർച്വൽ’ സിനിമറ്റോഗ്രഫി ഉപയോഗിക്കുമ്പോൾ, വെല്ലുവിളികൾ എന്തെല്ലാമായിരുന്നു?

നമ്മുടെ പ്രേക്ഷകസമൂഹം ഇതിനോടകം തന്നെ ഒട്ടനവധി ഡിജിറ്റൾ പ്ലാറ്റ്ഫോമുകളിലും മറ്റുമായി പലതരത്തിലും ചിത്രീകരിച്ച വീഡിയോകൾ കണ്ടു ശീലിച്ചുകഴിഞ്ഞു. സ്വാഭാവികമായും ‘സീ യൂ സൂ‘ണി‘ലൂടെ ദൃശ്യത്തിന്റെ പുതുലോകം തുറക്കുമ്പോൾ, അവരതും കണ്ടത് ീക്ഷിക്കാൻ തയ്യാറാകും. അങ്ങനെ ഒരു ആശയത്തിൽനിന്നാണ് ‘വെർച്വ’ലായി ചിത്രീകരിക്കാമെന്ന തീരുമാനത്തിലെത്തിച്ചേർന്നത്.

മറ്റൊരു പതിപ്പ് അണിയറയിലൊരുങ്ങുന്നായി അറിഞ്ഞു. എപ്രകാരമായിരിക്കും അത്?

അത് ഉടനെ ഉണ്ടാവില്ല. അതുമായി ബന്ധപ്പെട്ട ആലോചനകൾ നടക്കുന്നതേയുള്ളൂ. നിലവിലെ ‘സീ യൂ സൂൺ’ മൊത്തമായി വെർച്വൽ ഉപകരണങ്ങളുടെ ഉള്ളിലൂടെ കടന്നുപോകുന്ന സിനിമയാണ്. ഇതിനെ മൊത്തത്തിലൊന്ന് അഴിച്ചുപണിത്, ഒരു മുഴുനീള സിനിമയ്ക്കുവേണ്ട കാര്യങ്ങൾ കൂടി ചേർത്തുകൊണ്ടായിരിക്കും പുതിയ വെർഷൻ ഒരുക്കുക. തിയേറ്ററിൽ റിലീസ് ചെയ്യുന്ന എല്ലാ സിനിമകളുടേയും യഥാർത്ഥ വിജയമെന്ന് പറയുന്നത് രണ്ടോ, രണ്ടരമണിക്കൂറോ പ്രേക്ഷകരെ മുഷിപ്പിക്കാതെ പിടിച്ചിരിത്തുക എന്നതു തന്നെയാണ്.

എഡിറ്ററുടെ ജോലി എഴുത്തിലും സംവിധാനത്തിലും എങ്ങനെ ഗുണം ചെയ്യുന്നു?

ഈ മൂന്ന് ദൗത്യങ്ങളും തമ്മിൽ ഞാൻ വേർതിരിച്ച് കാണാറില്ല. മാത്രമല്ല, ദൗത്യങ്ങൾ കൂടും തോറും ഒരു സിനിമയെപ്പറ്റിയുള്ള വ്യക്തത കൂടുകയാണ് ചെയ്യുന്നത്. എനിക്കു സാധിക്കുന്ന ജോലികൾ കഴിവതും മറ്റുള്ളവരെ ആശ്രയിക്കാതെ സ്വയമേ ചെയ്യാനാണ് ഞാനാഗ്രഹിക്കുന്നത്. അത് എന്നെ സംബന്ധിച്ച് കൂടുതൽ സംതൃപ്തി തരുന്ന കാര്യമാണ്.

മാലിക്കി‘ന്റെ റിലീസ് ഏതു വിധത്തിലായിരിക്കും?

മാലിക്ക്’ തീയേറ്ററിലേക്കായി ഒരുങ്ങിയിരിക്കുകയാണ്. എത്ര വൈകിയാണെങ്കിലും, തിയേറ്ററിൽ തന്നെ ആദ്യം ഇറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

മാലിക്കി‘ന്റെ റിലീസ് വൈകുംതോറും അതിന്റെ കഥയുടെ കാലികപ്രസക്തിയെ ബാധിക്കാനിടയുണ്ടോ?

ഒരു കഥയുടെ കാലികപ്രസക്തി തീർച്ചയായും ആ സിനിമയുടെ കാലാവധി നിശ്ചയിക്കും. എന്നാൽ, മാലിക്ക് ഒരു പിരീഡ് ഡ്രാമയാണ്. അതുകൊണ്ട് തന്നെ, അതിന്റെ കഥാസന്ദർഭവും സമയവും ഏതുകാലത്തും പ്രസക്തിയുള്ളൊരു വിഷയം തന്നെയാണ്.

വരുംകാല സിനിമാസെറ്റുകളിൽ സെറ്റിൽ പ്രവർത്തിക്കുന്നവരുടെ എണ്ണം വെട്ടിച്ചുരുക്കുന്നത് പ്രാവർത്തികമാണോ?

ഇനിയുള്ള കുറച്ചുകാലം പരിമിതികളിൽ നിന്നുകൊണ്ട് മാത്രമേ ഏത് മേഖലയിലും സുരക്ഷിതമായി പ്രവർത്തിക്കാൻ സാധിക്കുകയുള്ളൂ. സാധാരണ രീതിയിലേക്ക് ജീവിതം മാറുന്നതുവരെ, പലതരം വിട്ടുവീഴ്ചകൾ സിനിമാസെറ്റുകളിലും വേണ്ടിവരും.

കോവിഡാനന്തരമുള്ള സിനിമാലോകം എങ്ങിനെയായിരിക്കാനാണ് സാധ്യത?

എല്ലാം തിരിച്ച് പഴയ അവസ്ഥയിലേക്ക് മാറും എന്നത് വസ്തുതയാണ്. അതിൽ യാതൊരു തർക്കവുമില്ല.

പുതിയ എഡിറ്റിങ്ങ് ജോലികളേതൊക്കെയാണ് ?

മാർട്ടിൻ പ്രക്കാട്ടിന്റെ ‘നായാട്ട്’ എന്ന സിനിമയുടെ എഡിറ്റിങ്ങ് ജോലികൾ ചിത്രീകരിച്ചെടത്തോളം പൂർത്തിയായി. അതല്ലാതെ, വേറെ വർക്കൊന്നും കമ്മിറ്റ് ചെയ്തിട്ടില്ല. ഇനിയുള്ളത്, മാലിക്കിന്റെ റിലീസിനായുള്ള കാത്തിരിപ്പാണ്.