വിജയ് സി. എച്ച്

May 23, 2021, 5:41 am

ധിഷണയുടെ നൈരാശ്യം, ഇച്ഛയുടെ പ്രത്യാശ

Janayugom Online

നിതക വ്യതിയാനം സംഭവിച്ച വൈറസുകളുമായി കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം ആഞ്ഞടിക്കുന്നു. രോഗപ്രതിരോധ ശക്തിയെപ്പോലും അതിജീവിക്കാൻ ശേഷിയുള്ള, ഇരട്ട രൂപാന്തരം പ്രാപിച്ച അവതാരങ്ങളുമുണ്ട് തരംഗത്തിൽ. കോവിഡ് മരണങ്ങളാണ് സർവ്വത്ര.

പകർച്ചവ്യാധിയുടെ രണ്ടാം തരംഗം നേരിടുന്നതിൽ വീഴ്ചപറ്റിയെന്ന് നിരീക്ഷിച്ച സുപ്രീം കോടതി, കേന്ദ്ര സർക്കാരിനോട് 10 ചോദ്യങ്ങൾ ഉന്നയിച്ചു. ഓക്‌സിജൻ ലഭ്യത, വാക്‌സിൻ വില, ആരോഗ്യപ്രവർത്തകരുടെ സുരക്ഷ മുതലായ വിഷയങ്ങളിലൂന്നിയ ചോദ്യങ്ങൾ കേന്ദ്ര ഭരണത്തെ രൂക്ഷമായി വിമർശിച്ചുകൊണ്ടുള്ളതാണ്.

“തലയ്ക്ക് മുകളിൽ വെള്ളമെത്തി, ഇനിയെങ്കിലും മതിയാക്കൂ” എന്ന കുറ്റപ്പെടുത്തലോടെ, ഓക്‌സിജൻ ഉടനെ എത്തിക്കണമെന്ന് ഡൽഹി ഹൈക്കോടതിയും കേന്ദ്രത്തോട് ആവശ്യപ്പെട്ടു. പ്രാണവായു ലഭിക്കാതെ ഡല്‍ഹിയിലെ ബത്ര ആശുപത്രിയിൽ ഒരു ഡോക്ടർ ഉള്‍പ്പെടെ എട്ട് പേർ മരിക്കാൻ ഇടയായ സംഭവത്തിൽ പ്രതികരിച്ചായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.

തീവ്രവ്യാപനമാണ് നാടിനെ മുൾമുനയിൽ നിർത്തുന്നത്. ഡൽഹിയിൽ മാത്രമല്ല, രാജ്യത്തൊട്ടാകെ ശ്മശാനങ്ങൾ നിറഞ്ഞു കവിഞ്ഞുകൊണ്ടുമിരിക്കുന്നു. ഇന്നു വരാനിരിക്കുന്നത് ഇന്നലെ പറയേണ്ടിയിരുന്നവരാണ് കവികൾ. രാജ്യത്തിൻറെ തലസ്ഥാന നഗരിയിൽ സ്ഥിരതാമസമാക്കിയ പ്രശസ്ത കവി സച്ചിദാനന്ദൻ എല്ലാം നിരീക്ഷിക്കുന്നു, നേരിട്ടു കണ്ടതിവിടെ പങ്കുവെക്കുന്നു:

ശ്മശാനങ്ങളിൽ ജഡങ്ങളുടെ ക്യൂ

ഡല്‍ഹിയില്‍ സ്ഥിതി അല്‍പ്പം ഭേദമായെന്ന് അറിഞ്ഞപ്പോഴാണ് ഞങ്ങള്‍ കേരളത്തില്‍നിന്ന് രാജ്യതലസ്ഥാനത്തേക്ക് തിരിച്ചുവന്നത്. പക്ഷെ ഡല്‍ഹിയിലെ സ്ഥിതി മോശമാകാൻ തുടങ്ങി. ഇപ്പോൾ ആശുപത്രികളിൽ സ്ഥലമില്ല, ഓക്സിജൻ ഇല്ല, മരുന്നുകളില്ല, ഉള്ളത് പൂഴ്ത്തി വെയ്ക്കപ്പെടുന്നു, ശ്മശാനങ്ങളിൽ‍ ജഡങ്ങളുടെ ക്യൂ നീളുന്നു. മുൻ‍നിര പ്രവർത്തകർക്കു പോലും ക്ഷമ നശിക്കുന്നു. കേന്ദ്രസർക്കാരിന് കച്ചവടത്തിലാണ് താൽപര്യം. ദില്ലി സർക്കാർ ഉണരാൻ വൈകി. താക്കീതുകൾ വേണ്ടത്ര ഉണ്ടായിരുന്നു. ശാസ്ത്ര ഗവേഷകരെ കുറ്റം പറയാൻ കഴിയില്ല. അപ്പപ്പോൾ കിട്ടുന്ന അറിവ് അവർ പങ്കുവെയ്ക്കുന്നുണ്ട്.

പുതിയ തരംഗത്തിന് രണ്ടു കാരണങ്ങൾ

പുതിയ തരംഗത്തിന് രണ്ടു കാരണങ്ങളുണ്ട്. ഒന്ന്, വൈറസിൽ‍ വന്ന ജനിതക മാറ്റം. അതും ഒരു അതിജീവന യുദ്ധത്തിലാണ് — നമ്മെപ്പോലെ തന്നെ. രണ്ട്, നമ്മുടെ ജാഗ്രതയില്ലായ്മ. അതിൽ സർക്കാരുകൾക്കും പാർട്ടികൾക്കും തിരഞ്ഞെടുപ്പു കമ്മീഷനും ജനങ്ങൾക്കും പങ്കുണ്ട്. ജനങ്ങൾ ജാഗ്രത പുലർത്തിയിരുന്നെങ്കിൽ, കാര്യങ്ങൾ ഇങ്ങിനെ പിടിവിട്ടു പോവുകയില്ലായിരുന്നു. സർക്കാരുകൾ മതസേവകരായി മാറിയതും പ്രശ്നമായി. കേന്ദ്രസർക്കാരാണ് കുംഭമേളയ്ക്ക് അനുമതി നൽകിയത്. ഗംഗാമാതാവ് എല്ലാവരെയും കാക്കും എന്നാണു കാവി സംഘങ്ങൾ പറഞ്ഞത്. മേള കഴിഞ്ഞയുടൻ ഉത്തരാഖണ്ഡിലും യുപി-യിലും ഡൽഹിയിലും മറ്റും രോഗികളുടെ വലിയ വർദ്ധനവാണുണ്ടായത്. അത് മുൻകൂട്ടി കാണാൻ ‍പോലും കേന്ദ്രം ഭരിക്കുന്നവർക്ക് കഴിഞ്ഞില്ല. മനുഷ്യർ‍ക്ക്‌ ജീവിതാഭിമുഖ്യം പോലെ തന്നെ മരണാഭിലാഷവും — ഡെത്ത് വിഷ് — ഉണ്ടെന്നു മനശാസ്ത്രജ്ഞനായ സിഗ്മണ്ട് ഫ്രോയ്ഡ് പറയുന്നുണ്ട്. അതാണോ വെറും അജ്ഞതയും അഹന്തയും അവഗണനയുമാണോ പ്രവർത്തിക്കുന്നത് എന്നറിയില്ല. ഇപ്പോൾ ഡൽഹിയിൽ പുതിയൊരു ജാഗ്രത കാണുന്നുണ്ട്. ഏറെ വൈകി എന്ന് മാത്രം.

മനുഷ്യ നിർമ്മിത ദുരന്തം

മനുഷ്യരാശി മുമ്പൊരിക്കലും ഇത്തരം ഒരു ദുരന്തം അഭിമുഖീകരിച്ചിട്ടില്ല. ചില രാജ്യങ്ങളിലോ ഭൂഖണ്ഡങ്ങളിലോ ഒതുങ്ങി നിന്നവയായിരുന്നു പഴയ മഹാമാരികൾ. യാത്രാസൗകര്യങ്ങളിലെയും യാത്രാവശ്യങ്ങളുടെയും വർദ്ധനയാണ് അതിനു ഒരു കാരണം. വൂഹാനിൽ നിന്ന് നേരിട്ട് രോഗം കേരളത്തിൽ‍ — മറ്റിടങ്ങളിലും — വരികയാണല്ലൊ ചെയ്തത്. ഇത് മുമ്പ് സാദ്ധ്യമായിരുന്നില്ല. ഇതിനെ പ്രാഥമികമായും ഒരു മനുഷ്യ നിർമ്മിതമായ ദുരന്തമായാണ് ഞാൻ കാണുന്നത്. കാരണം, യുവാൽ നോവാ ഹരാരിയും മറ്റും ചൂണ്ടിക്കാണിക്കും പോലെ മനുഷ്യർ‍, ചുരുങ്ങിയത്, നഗര മനുഷ്യർ‍, ‘ആന്ത്രോപ്പോസീൻ’ യുഗത്തിൽ കാലെടുത്തു വെച്ച് കഴിഞ്ഞു — അതായത് മനുഷ്യർക്ക്‌ ലോകത്തെ നിയന്ത്രിക്കാവുന്ന അവസ്ഥ. നമുക്കു ജനിതകമാറ്റം വരുത്താനുള്ള വിദ്യകൾ അറിയാം, മാനസികാവസ്ഥകൾ പരിവർത്തനം ചെയ്യാനുള്ള രാസവസ്തുക്കളുണ്ട്, കൃത്രിമ ബുദ്ധി നമ്മുടെ ലോകം തന്നെ മാറ്റിയെക്കാം, റോബോട്ടുകൾ ധാരാളമായി ശസ്ത്രക്രിയ മുതൽ ഹോട്ടലിൽ ആഹാര വിതരണത്തിന് വരെ ഉപയോഗിക്കപ്പെടുന്നു. അപ്പോൾ പരിണാമ ശൃംഖല അവസാനിച്ചു, മനുഷ്യൻ വന്നതിനു ശേഷം പരിണാമം നടക്കുന്നത് മനുഷ്യനിൽ തന്നെയാണ്. ഒപ്പം തന്നെ പലതരം സൂക്ഷ്മ ജീവികളെ ഉത്പാദിപ്പിച്ചു യുദ്ധങ്ങളിലും മറ്റും ഉപയോഗിക്കാനും നാം തുടങ്ങിക്കഴിഞ്ഞു. ബാക്ടീരിയൽ ആയുധങ്ങൾ വിയറ്റ്നാം യുദ്ധം മുതൽ ഉപയോഗത്തിലുണ്ട്.

കൂടാതെയാണ് പുഴ വഴി മാറ്റാനും, മല തകർക്കാനും, കൃത്രിമ മഴ പെയ്യിക്കാനും മറ്റുമുള്ള നമ്മുടെ വർദ്ധിച്ച കഴിവുകൾ! വിനിമയ‑സംവേദന സാങ്കേതിക വിദ്യയാകട്ടെ സയൻസ് ഫിക്ഷനുകളിൽ കണ്ടതിനേക്കാൾ മുന്നേറിക്കഴിഞ്ഞു. ചുരുക്കത്തിൽ നമ്മുടെ വിധി ഇപ്പോൾ നമ്മുടെ തന്നെ കയ്യിലാണ്. ശാസ്ത്ര‑സാങ്കേതിക വിദ്യകളെ നമുക്കു ആത്മഹത്യക്കും പരഹത്യക്കും ഉപയോഗിക്കാം, നമ്മുടെ വംശാഭിവൃദ്ധിക്കോ വംശനാശത്തിനോ അത് വഴി വയ്ക്കാം.

പ്രകൃതിക്ക് ഒരു സ്വാഭാവിക ഭക്ഷണ ശൃംഖലയുണ്ട്. ചില ജീവികൾ മറ്റു ചില ജീവികളെ (സസ്യങ്ങൾ‍ ഉൾപ്പെടെ) ഭക്ഷിക്കുന്ന രീതിയിലാണ്‌ ഈ സംവിധാനം. എന്നാൽ‍ മനുഷ്യർ ഭക്ഷിക്കാൻ ഉദ്ദേശിക്കപ്പെട്ടിട്ടില്ലാത്ത ജീവികളെ ഭക്ഷണമാക്കുമ്പോൾ‍ ആ ശൃംഖല മുറിഞ്ഞു പോകുന്നുവെന്നു ജൈവ വൈജ്ഞാനികർ ചൂണ്ടിക്കാട്ടുന്നു. ഈനാംപേച്ചി ഒരുദാഹരണം മാത്രമാണ്.

നമ്മുടെ ഭക്ഷണരീതിയിൽ, ഉപഭോഗ സമ്പ്രദായത്തിൽ, സംവേദന സമ്പ്രദായത്തിൽ, തർക്കങ്ങൾ‍ പരിഹരിക്കുന്ന രീതികളിൽ മുതലായവകളിലെല്ലാം വരുന്ന മാറ്റങ്ങൾ മനുഷ്യരാശിയെ ആകെ ബാധിക്കുന്നുണ്ട്. ഓരോ വ്യക്തിയുടെയും തിരഞ്ഞെടുപ്പ് മനുഷ്യവംശത്തെ മുഴുവൻ ബാധിക്കുന്നു. ഇത് വലിയ ഉത്തരവാദിത്തമാണ്.

ഓസോൺ ലെയറിലെ വിള്ളലുകളെക്കുറിച്ചും ആഗോള താപനത്തെക്കുറിച്ചും അൻറ്റാർട്ടിക്കയിലെ മഞ്ഞുരുക്കത്തെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനതെക്കുറിച്ചുമെല്ലാം നാം കേൾ‍ക്കാൻ തുടങ്ങിയിട്ട് കുറച്ചായി. അൽപ്പം പേരുടെ ലാഭത്തിനായി പ്രകൃതിയെ നാം നശിപ്പിക്കുകയാണ്. പ്രകൃതി പലതും കനിഞ്ഞു നമുക്കു നൽകുന്നുണ്ട്, എന്നാൽ‍ പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലുന്ന പോലെ, നാം പ്രകൃതി നശീകരണത്തിലാണ് ഇന്ന് ഏർ‍പ്പെടുന്നത്. മലയിടിക്കലും, മണൽ ഊറ്റലും, കാട് വെട്ടി വെളുപ്പിക്കലുമെല്ലാം നമ്മുടെ അവകാശമാണെന്ന് നാം കരുതുന്നു. കേരളത്തിൽ‍ പോലും രണ്ടു പരിസ്ഥിതി റിപ്പോർട്ടുകൾ എങ്ങിനെയാണ് സ്വീകരിക്കപ്പെട്ടതെന്ന് മറക്കാറായിട്ടില്ല. വികസനത്തിൻറെ പേരിൽ ഒരു ന്യൂനപക്ഷത്തിനു വേണ്ടി ഭൂരിപക്ഷത്തെ നിസ്സഹായരാക്കുന്ന നയമാണ് നവ ലിബറലിസത്തിന്റേത്. ഇത് ആത്മഹത്യാപരമാണ്.

ആശ്ലേഷങ്ങളും ചുംബനങ്ങളും ആയുധങ്ങൾ

ഈ അവസ്ഥയെക്കുറിച്ച് ഒരു കവി പറഞ്ഞു: “നാം ഒരു ലോകത്തിലുറങ്ങി/ മറ്റൊരു ലോകത്തിൽ‍ ഉണർ‍ന്നു/ പെട്ടെന്ന് ഡിസ്നി നഗരത്തിന് ഇന്ദ്രജാലം നഷ്ടമായി/ പാരീസ് കാൽ‍പ്പനികമല്ലാതായി/ ന്യൂ യോർക്കിനു പിടിച്ചുനിൽക്കാൻ വയ്യാതായി/ ചൈനയിലെ വന്മതിൽ‍ മഹാദുർഗ്ഗമല്ലെന്നായി/ മെക്ക വിജനമായി/ ആശ്ലേഷങ്ങളും ചുംബനങ്ങളും ഇതാ പെട്ടെന്ന് ആയുധങ്ങളായി മാറുന്നു/ അച്ഛനമ്മമാരുടെയും സുഹൃത്തുക്കളുടെയും വിരുന്നു വരവ്/ സ്നേഹപ്രകടനമല്ലാതാവുന്നു/ സമ്പത്തിനും സൗന്ദര്യത്തിനും അധികാരത്തിനും വിലയില്ലാതാകുന്നു/ അവയിലൊന്നിനും നമുക്കു ഇപ്പോൾ അത്യാവശ്യമായ പ്രാണവായു നൽകാൻ‍ കഴിയില്ലെന്ന് നാം തിരിച്ചറിയുന്നു/ അപ്പോഴും ഭൂമി ജീവിക്കുന്നു/ മനോഹരിയായി തുടരുന്നു/ മനുഷ്യരെ അവൾ‍ കൂട്ടിൽ‍ അടയ്ക്കുന്നുവെന്ന് മാത്രം/ അവൾ‍ ഒരു സന്ദേശം കൈ മാറുകയാണ് — “നിങ്ങൾ ‍ അനിവാര്യരല്ല. നിങ്ങളില്ലാതെയും ഭൂമിയും ജലവും ആകാശവും നിലനിൽക്കും/ തിരിച്ചു വരുമ്പോൾ‍ ഓർ‍ക്കുക, നിങ്ങൾ എന്റെ അതിഥികളാണ്, യജമാനരല്ല!”

എനിക്ക് പറയേണ്ടതെല്ലാം മേലെയുള്ള വരികൾ‍ നന്നായി സംക്ഷേപിക്കുന്നുണ്ട്. നോം ചോംസ്കി, സ്ലാവോയ് സിസെക്, ജോർജിയോ അഗംബൻ‍, ഴാക് രാന്‍സിയെ, സഞ്ജയ്‌ സുബ്രമണ്യം, അരുന്ധതി റോയ്, ബ്രൂണോ ലാത്തൂർ‍, ഡോണാ ഹാരവേ ഇങ്ങിനെ എത്രയോ പേർ‍ ഈ അവസ്ഥയെയും തുടർ‍ന്നുള്ള അവസ്ഥയെയും പറ്റി പറഞ്ഞു കഴിഞ്ഞു. പലപ്പോഴും അവ പരസ്പര വിരുദ്ധമാണ്, ചിലപ്പോൾ‍ പരസ്പരപൂരകവും!

ആദിവാസികളിൽനിന്ന് പഠിക്കണം

നാം ആദിവാസികളിൽനിന്ന് പ്രകൃതി സഹജീവനം പഠിക്കണമെന്ന് ചിന്തകനായ നോം ചോംസ്കി പറയുന്നു. ഗാന്ധിയൻ ചിന്തകർ‍ ഗാന്ധിയുടെ ഉൾ‍ക്കാഴ്ചകൾ‍ തിരിച്ചു കൊണ്ടുവരുന്നു. മാർക്സിസ്റ്റ് ബുദ്ധിജീവികൾ‍ എംഗൽസിനെ വീണ്ടും വായിക്കുന്നു. ഒപ്പം തന്നെ ഇന്നത്തെ വലതുപക്ഷ ഭരണകൂടങ്ങളുടെ ഉത്തരവാദിത്തമില്ലായ്മയും ലാഭക്കൊതിയും ജനാധിപത്യ വിമുഖതയും എടുത്തു കാട്ടുന്നു. ഈ രോഗം ദേശീയതകളെ ശക്തിപ്പെടുത്തും എന്ന അഭിപ്രായം ചിലർക്കുണ്ട് — ഭരണകൂടങ്ങള്‍ക്ക് ഇത് അടിയന്തിരാവസ്ഥയുടെ അധികാരങ്ങൾ‍ നൽ‍കുന്നുണ്ടല്ലോ. അതേസമയം, ഇതൊരു പുതിയ

സാര്‍വ്വദേശീയതയ്ക്കും ദേശങ്ങൾ‍ അന്യോന്യം സഹകരിക്കുന്നതിന്റെ അനിവാര്യതയും മുന്നോട്ടു വെയ്ക്കുന്നുണ്ട്. ഇതിലാണ് എനിക്ക് കൂടുതൽ പ്രത്യാശയുള്ളത്. പൊതുമേഖല ശക്തമായ ഇടങ്ങളിലാണ് കുറെയെങ്കിലും ഭരണകൂടങ്ങൾക്ക് പിടിച്ചു നിൽക്കാൻ‍ കഴിഞ്ഞത്. ആരോഗ്യം, വിദ്യാഭ്യാസം മുതലായ മേഖലകളെങ്കിലും അതിന്നു കീഴിലാകണം എന്ന ചിന്ത ശക്തി നേടുന്നുണ്ട്, അത് നേരെ നയിക്കുക സോഷ്യലിസ്റ്റ്‌ ആശയങ്ങളിലേയ്ക്കാണ്. അങ്ങിനെ നെഗ്രി, ഹാർട്ട് തുടങ്ങിയ ചിന്തകർ ‍ മുന്നോട്ടു വെയ്ക്കുന്ന ജൈവവിപ്ലവങ്ങൾ‍ സംഭവിച്ചു കൂടെന്നില്ല. യുദ്ധവും ക്ഷാമവും ദുരിതവും രോഗവുമെല്ലാം ലാഭമുണ്ടാക്കാനുള്ള അവസരങ്ങൾ‍ മാത്രമായി കാണുന്ന നവമുതലാളിത്തത്തിന്റെ ദുഷ്ടലക്ഷ്യങ്ങൾ ജനങ്ങൾക്ക്‌ മനസ്സിലായിത്തുടങ്ങുന്നുണ്ട്.

പ്രകൃതി ഇല്ലെങ്കിൽ നാം ഇല്ല

പരിസ്ഥിതിസംരക്ഷണം എത്ര പ്രധാനമാണെന്ന് ഈ കാലം നമ്മെ പഠിപ്പിക്കാൻ ശ്രമിക്കുന്നു. പ്രകൃതി ഇല്ലെങ്കിൽ നാമും ഇല്ല. നാം മുറിയിൽ തടവിൽ കഴിയുമ്പോൾ, പക്ഷികളും മൃഗങ്ങളും സ്വതന്ത്രരായി പുറത്തു വിഹരിക്കുന്നു. പ്രകൃതി നമ്മെ പാഠം പഠിപ്പിക്കുക തന്നെയാണ്. നാം ഒരു പോസ്റ്റ്‌-ഹ്യൂമനിസ്റ്റ് ഘട്ടത്തിൽ എത്തിക്കഴിഞ്ഞുവെന്ന് പല ചിന്തകരും പറയുന്നു. അതായത്, മനുഷ്യകേന്ദ്രിതമായ ചിന്തയിൽനിന്ന് നാം പുറത്തു കടക്കണം. മനുഷ്യർ അനിവാര്യരല്ലാ എന്നും, മനുഷ്യ ചരിത്രം ഭൂമിയുടെയും, ഭൂമിയുടെ ചരിത്രം പ്രപഞ്ചത്തിന്റെയും ചരിത്രത്തിൽ ഒരു വാക്കോ വാക്യമോ മാത്രമാണെന്ന് നാം തിരിച്ചറിയണം.

മനുഷ്യ നന്മകൾ അറിയുന്നു

ഈ കാലം മനുഷ്യരുടെ ചില നന്മകളെയും പുറത്തു കൊണ്ടു വന്നിരിക്കുന്നു. ശാരീരികമായ അകലം പാലിക്കുമ്പോഴും സാമൂഹ്യമായ അടുപ്പം നിലനിര്‍ത്താന്‍ നാം പുതിയ വിനിമയ സമ്പ്രദായങ്ങൾ‍ ഉപയോഗിക്കുന്നു. ഒഴിവുസമയം വായന വർദ്ധിപ്പിച്ചിട്ടുണ്ടെന്നു കണക്കുകൾ‍ പറയുന്നു. ആരോഗ്യപ്രവർത്തകർ രാപ്പകലില്ലാതെ പണിയെടുക്കുന്നു. സന്നദ്ധസംഘങ്ങൾ‍ സേവനങ്ങള്‍ നല്‍കുന്നതിൽ‍ മുഴുകിയിരിക്കുന്നു. രാഷ്ട്രീയ നേതാക്കളുടെ തനിനിറം നാം കൂടുതലായി കാണുന്നു. ഈ അവസ്ഥ നന്നായി കൈകാര്യം ചെയ്യുന്നവരുണ്ട്, കേരളം തന്നെ നല്ല ഉദാഹരണമാണ്, മറിച്ച് സത്യം മറച്ചു വെയ്ക്കാൻ‍ വ്യഗ്രത കാണിക്കുന്നവരുമുണ്ട്, ഉത്തർ‍ പ്രദേശ്‌ നല്ല ഉദാഹരണം. ശാസ്ത്രീയമായ, അതെ സമയം മാനുഷികമായ, ഒരു വീക്ഷണത്തിന്റെ അനിവാര്യതയും ഈ കാലം നമ്മെ പഠിപ്പിക്കുന്നു; ഒപ്പം വികസനസങ്കൽപ്പത്തിന്റെ അതിർ‍ത്തികൾ‍ കാണിച്ചു തരുന്നു.

കോവിഡ് കാലം സർഗ്ഗാത്മകം

കോവിഡ് കാലത്ത് ഒരു പാട് വായിച്ചു. സാഹിത്യം കൂടാതെ ഇന്നത്തെ അവസ്ഥയിലേക്ക് വെളിച്ചം വീശുന്ന കൃതികൾ, രാഷ്ട്രീയ ചിന്ത, ചരിത്രം, പുരാവസ്തു ശാസ്ത്രം, തത്വചിന്ത, പരിസ്ഥിതിദർ‍ശനം അങ്ങിനെ. ഈ കാലത്ത് എന്റെ കൃതികൾ ‍ സമാഹരിക്കുക കൂടിയായിരുന്നു. ഒരു കവിതാ സമാഹാരം പുറത്തു വന്നു, മറ്റൊന്ന് അച്ചടിയിൽ. ഇംഗ്ലീഷിൽ ഒരു വലിയ ലേഖനസമാഹാരം (ഇന്ത്യൻ‍ താരതമ്യ സാഹിത്യം), സ്വന്തം കവിതയുടെ ഞാൻ ചെയ്ത നാലു വിവർ‍ത്തനസമാഹാരങ്ങൾ, ഒരു മലയാള ലേഖന സമാഹാരം, കബീർ‍ കവിതകളുടെ മലയാള വിവർ‍ത്തനം ഇവ പുറത്തു വന്നു. ഭക്തി-സൂഫി കവിതയുടെ രണ്ടു പുസ്തകങ്ങളും വലിയ ഒരു വിപുലമായ പ്രബന്ധ സങ്കലനവും ആത്മകഥാപരമായ ലേഖനങ്ങളുടെ സമാഹാരണവും, ഒരു യാത്രാവിവരണവും, അഭിമുഖങ്ങളുടെ സമാഹരണവും, പുതിയ ലേഖനങ്ങളുടെ ഒരു സമാഹാരവും പ്രസ്സിലുണ്ട്. നൂറോളം വെർ‍ച്വൽ‍ പരിപാടികളിൽ പങ്കെടുത്തു — കവിതവായനകൾ‍, പ്രഭാഷണങ്ങൾ‍, സാഹിത്യോത്സവങ്ങൾ‍ മുതലായവ.

നേർത്ത വെള്ളിരേഖ

മേലോട്ടു നോക്കിയാൽ മുച്ചൂടും കാർമേഘങ്ങളാണെങ്കിലും, നേർത്ത ഒരു വെള്ളിരേഖ കാണുന്നു. ധിഷണയുടെ നൈരാശ്യം, ഇച്ഛയുടെ പ്രത്യാശ — ഇതാണ് അവസ്ഥ. ആശ കൈ വിട്ടിട്ടില്ല. മറ്റൊരു കാലം വരാതെ വയ്യ, സമയം എടുത്താലും. കൂടുതൽ സമത്വം, കൂടുതൽ‍ സ്വാതന്ത്ര്യം, കൂടുതൽ നീതി — ഈ പ്രത്യാശ കൈ വിടാതിരിക്കാൻ ശ്രദ്ധിക്കുന്നു.