August 18, 2022 Thursday

തമിഴ് മൊഴി ഇനി അനിലാ വഴി

അജയ് തുണ്ടത്തിൽ
January 26, 2020 7:33 am

 സീ കേരളം ചാനലിൽ സംപ്രേഷണം തുടരുന്ന “സത്യ എന്ന പെൺകുട്ടി’ പരമ്പരയുടെ തിരുവനന്തപുരം മലയിൻകീഴ് പടിവീട് ലൊക്കേഷനിലെത്തുമ്പോൾ, അവിടെ മേയ്ക്കപ്പിട്ട് “അനിലാ ശ്രീകുമാർ’ ഇരിക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ രണ്ടുവർഷത്തിലേറെയായി അനില മലയാളത്തിൽ സജീവമല്ലായിരുന്നു. ഇടയ്ക്ക് എ. എം. നസീറിന്റെ “തേനും വയമ്പും’ പരമ്പരയിൽ ഒന്നു കണ്ടുമറഞ്ഞു. ആ സമയത്ത് അനില, തമിഴിലെ ഒരു സൂപ്പർ മെഗാഹിറ്റ് പരമ്പരയിൽ ശക്തമായൊരു വേഷവുമായി തമിഴ് മക്കളുടെ മനസ്സുകളിൽ കൂട് കൂട്ടുകയായിരുന്നു.

തമിഴ് വിശേഷങ്ങളിലേക്ക്

തമിഴ് ““സ്റ്റാർ വിജയ്ക്കു”വേണ്ടി അരുൾ സംവിധാനം ചെയ്ത “ചിന്നതമ്പി’ സീരിയലിൽ നായകന്റെ അമ്മ വേഷമായ “അന്നലക്ഷ്മി‘യായി അനില അവിടെ കസറുകയായിരുന്നു. നാനൂറിലേറെ എപ്പിസോഡുകൾ നീണ്ട പരമ്പരയിൽ “ത്രുഔട്ട്’ കഥാപാത്രമായിരുന്നു അന്നലക്ഷ്മി. വളരെ ബോൾഡായിട്ടുള്ള ക്യാരക്ടർ. ഒരുപാട് വേരിയേഷൻസുള്ള കഥാപാത്രം. പരമ്പര ക്ലിക്കായതോടൊപ്പം അന്നലക്ഷ്മിയും ക്ലിക്ക്ഡ്. ലക്ഷോപലക്ഷം തമിഴരുടെ ഹൃദയത്തിലിടം നേടിയതിനൊപ്പം ചാനലിന്റെ തന്നെ മികച്ച അമ്മ ക്യാരക്ടറിനുള്ള അവാർഡും അന്നലക്ഷ്മി കരസ്ഥമാക്കി. ചാനലിന്റെ ഡാൻസ് ജോഡി പ്രോഗ്രാമിൽ ഫൈനലിസ്റ്റാകാനും അനിലയ്ക്കു കഴിഞ്ഞു. ചാനലിന്റെ ഭാഗത്തുനിന്നും വലിയ പ്രൊമോഷനാണ് ലഭിച്ചത്.

ചിന്നതമ്പിയിലേക്ക് വഴി തുറന്നത്

പരമ്പരയുടെ സംവിധായകൻ അരുൾ ചിന്നതമ്പിക്കു മുൻപ്, “കളത്ത്വീട്’ എന്ന പരമ്പരയ്ക്ക് ആർട്ടിസ്റ്റുകളെ തേടി കേരളത്തിൽ വന്നപ്പോൾ, അദ്ദേഹത്തിനു വേണ്ടുന്ന സഹായങ്ങൾ ചെയ്തുകൊടുത്തത് അനിലയുടെ ഭർത്താവും മിനിസ്ക്രീൻ പ്രൊ: ഡിസൈനറുമായ ആർ. പി. ശ്രീകുമാറായിരുന്നു. കൊടുത്ത ലിസ്റ്റിലെ പേരുകൾക്കൊപ്പം ആർ. പി, അനിലയുടെ പേരും എഴുതി ചേർത്തിരുന്നു. സ്ക്രീൻ ടെസ്റ്റ് കഴിഞ്ഞപ്പോൾ നറുക്ക് വീണത് അനിലയ്ക്കായിരുന്നു. പക്ഷേ ആ കഥാപാത്രത്തിന് അധികായുസ്സുണ്ടായിരുന്നില്ല. വെറും നാലു ദിവസത്തെ വർക്കിൽ അനിലയുടെ റോൾ കഴിഞ്ഞു. നല്ലൊരു കലാകാരിയായ അനിലയിലെ നടിയെ വേണ്ടവണ്ണം ഉപയോഗപ്പെടുത്താൻ സാധിക്കാത്തതിൽ സംവിധായകൻ അരുളിന് വിഷമമുണ്ടായിരുന്നു. അപ്പോഴാണ് ചിന്നതമ്പി, അരുളിനെത്തേടി യെത്തുന്നത്. സംവിധായകൻ പിന്നൊന്നും ആലോചിച്ചില്ല. അനിലയെ നേരിട്ടുവിളിച്ച്, അന്നലക്ഷ്മിയാകാൻ ക്ഷണിക്കുകയായിരുന്നു.

തമിഴിലെ സ്വീകരണം

തമിഴ് സീരിയൽ ഇൻഡസ്ട്രിയും പ്രേക്ഷകരും ആർട്ടിസ്റ്റുകളെ ഹൃദയം കൊണ്ടാണ് സ്വീകരിക്കുന്നത്. ““അനിലാമ്മ”, ““മാഡം” തുടങ്ങിയ ബഹുമാനത്തിൽ പൊതിഞ്ഞ വിളികളുമായി അവർ സ്നേഹ വാത്സല്യങ്ങൾ പ്രകടിപ്പിക്കും. ചിന്നതമ്പിയിലെ നായകൻ മലയാളിയായിരുന്നു. ഒപ്പം ഭർത്താവായി അഭിനയിച്ച ഗിരീഷും മലയാളിയായിരുന്നു. പിന്നെ നായികയുടെ അമ്മയായി അഭിനയിച്ചത്, മലയാളികളുടെ പ്രിയപ്പെട്ട “ശാരി‘യായിരുന്നു. ശാരിയുമൊത്ത് മലയാള സിനിമകളിൽ അഭിനയിച്ചിരുന്നതിനാൽ, അനിലയെക്കുറിച്ചുളള ശാരിയുടെ ഗുഡ് സർട്ടിഫിക്കേറ്റ് യൂണിറ്റിലെല്ലാവർക്കും കിട്ടിയിരുന്നു. അത് അനിലയ്ക്ക് അവിടെയൊരു “കംഫർട്ട് സോൺ’ തീർത്തു. ഇപ്പോൾ സീ തമിഴിൽ, “കാട്രിൻമൊഴി’ എന്ന പരമ്പരയിൽ അഭിനയിച്ചു വരുന്നു.

സത്യ എന്ന പെൺകുട്ടിയിലെ ക്യാരക്ടർ

“വിമല’ എന്നാണ് കഥാപാത്രത്തിന്റെ പേര്. ഭർത്താവ് നഷ്ടപ്പെട്ട രണ്ടു പെൺകുട്ടികളുടെ അമ്മ. കൂടെ അമ്മയുമുണ്ട്. മൂത്തമകൾ ദിവ്യ, ഇളയവൾ സത്യ. ആൺകുട്ടിയെപ്പോലെ നടക്കുന്നവളാണ് സത്യ. മക്കളെ നല്ല നിലയിലെത്തിക്കണ മെന്നാഗ്രഹിക്കുന്ന അമ്മ കഥാപാത്രമാണ് വിമല. ഫൈസൽ അടിമാലിയാണ് സംവിധാനം. ഇനി തമിഴും മലയാളത്തിനൊപ്പം കൊണ്ടു പോകാനാണ് അനിലയുടെ പ്ലാൻ.

കുടുംബവും മറ്റു വിശേഷങ്ങളും

ഭർത്താവ് ആർ. പി. ശ്രീകുമാർ. മൂത്തമകൻ അഭിനവ് ശ്രീകുമാർ, ഡിഗ്രി ഫൈനൽ ഇയറിനു പഠിക്കുന്നു. ഇളയ മകൾ ആദിലക്ഷ്മി ശ്രീകുമാർ, ഏഴാംക്ലാസ്സ് വിദ്യാർത്ഥി. “നവരസ’ എന്ന പേരിൽ ഒരു ഡാൻസ് സ്കൂൾ അനില നടത്തുന്നുണ്ട്. ഒപ്പം സുംബാ ഡാൻസ് ക്ലാസ്സുമായി മൂത്തമകനുമുണ്ട്. തിരുവനന്തപുരം മേട്ടുക്കടയിലെ വി. ട്രാക്സ് സ്റ്റുഡിയോയ്ക്ക് സമീപമുള്ള, പുതുതായി പണിയുന്ന വീട്ടിലായിരിക്കും ഇനി ഡാൻസ് സ്കൂൾ ഉണ്ടാവുക. ഡാൻസുമായി ബന്ധപ്പെട്ട് നിരവധി സ്റ്റേജ് പ്രോഗ്രാമുകൾ ചെയ്യുവാനാ ഗ്രഹിക്കുകയാണീ കലാകാരി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.