പ്രകൃതിയുടെ രൗദ്രം

Web Desk
Posted on July 21, 2019, 8:15 am

കെ കെ ജയേഷ്

മഴയുടെ പശ്ചാത്തലത്തിലാണ് ജയരാജിന്റെ നവരസ പരമ്പരയിലെ ഓരോ ചിത്രവും രൂപപ്പെട്ടത്. മഴയുടെ വ്യത്യസ്തഭാവങ്ങളിലൂടെ മനുഷ്യജീവിതത്തിന്റെ ആഴങ്ങളിലേക്ക് ആ ചിത്രങ്ങളോരോന്നും ഇറങ്ങിച്ചെന്നു. കരുണത്തില്‍ മഴത്തുള്ളികള്‍ പതിയെ പെയ്തുനിറഞ്ഞു.. മഴ പെയ്ത് മാറി നില്‍ക്കുന്ന അന്തരീക്ഷത്തിലായിരുന്നു ശാന്തം കഥ പറഞ്ഞത്. യുദ്ധത്തിന്റെ ഭീതിയത്രയും ഭയാനകത്തില്‍ അനുഭവപ്പെടുത്തിയതും മഴ തന്നെയായിരുന്നു. ഐസിയുവില്‍ ദയാവധം ആഗ്രഹിച്ച് കിടക്കുന്ന ഒരാളുടെ ജീവിമായതുകൊണ്ട് തന്നെ അദ്ഭുതത്തില്‍ മഴ പശ്ചാത്തലമായില്ല. എന്നാല്‍ മഴയെക്കുറിച്ച് അയാള്‍ സംസാരിച്ചുകൊണ്ടിരിക്കുന്നുണ്ട്. ബീഭല്‍സത്തിലും വീരത്തിലും മഴയുണ്ട്. വീരത്തിന്റെ ദുരന്താവസനവും മഴയ്‌ക്കൊപ്പമാണ്..
പതിയെ പെയ്തു തുടങ്ങിയ മഴ ശക്തി പ്രാപിച്ചുതുടങ്ങി… റോഡുകളും പാലങ്ങളും വെള്ളത്തില്‍ മുങ്ങി… വന്‍മരങ്ങള്‍ കടപുഴകി. ഗതാഗതം തടസ്സപ്പെട്ടു. വീടുകള്‍ക്ക് മുകളിലിരുന്ന് ആളുകള്‍ സഹായത്തിനായി വിലപിച്ചു.. പണക്കാരനും പാവപ്പെട്ടവനുമെന്നില്ലാതെ എല്ലാവരും ക്യാമ്പുകളില്‍ ഒരുപിടി വറ്റിനായി കാത്തുനിന്നു. ഓരോ മനുഷ്യരും തങ്ങളുടെ നിസ്സാരത തിരിച്ചറിയുകയായിരുന്നു..

ജയരാജിന്റെ സിനിമയില്‍ മഴയുടെ രൂപം മാറുകയാണ്.. കേരളം അതിജീവിച്ച മഹാപ്രളയം പശ്ചാത്തലമാക്കിയാണ് അദ്ദേഹത്തിന്റെ പുതിയ സിനിമ വരുന്നത്. പ്രകൃതിയുടെ രൗദ്രഭാവങ്ങളിലേക്ക് ക്യമറാക്കണ്ണുകള്‍ തിരിച്ചുവച്ചപ്പോള്‍ ആ ഫ്രെയിമില്‍ തെളിഞ്ഞു: ‘രൗദ്രം 2018’.

പ്രളയകാലത്ത് കേരളത്തില്‍ നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് നവരസ പരമ്പരയിലെ പുതിയ ചിത്രം ‘രൗദ്രം 2018’ ജയരാജ് ഒരുക്കിയിരിക്കുന്നത്. രഞ്ജി പണിക്കരും കെ പി എ സി ലീലയുമാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവര്‍ അവതരിപ്പിക്കുന്ന വൃദ്ധ ദമ്പതികളിലൂടെ പ്രകൃതിയുടെ സൗഹാരരൗദ്ര താളത്തിന് മുന്നില്‍ നിസ്സഹായരാകുന്ന മനുഷ്യരുടെ കഥയാണ് ജയരാജ് പറയുന്നത്. ഒരു സ്വകാര്യ ആവശ്യത്തിന് കോഴിക്കോട്ടെത്തിയ ജയരാജ് ജനയുഗത്തോട് സംസാരിക്കുന്നു… രൗദ്രത്തെക്കുറിച്ച്… മനുഷ്യരെക്കുറിച്ച്.. ജീവിതത്തെക്കുറിച്ച്.. സിനിമയെക്കുറിച്ച്…

പ്രകൃതിയുടെ രൗദ്ര ഭാവം

പ്രകൃതിയുടെ രൗദ്ര രസത്തെക്കുറിച്ചാണ് രൗദ്രം പറയുന്നത്. കേരളത്തിലുണ്ടായ പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ചത് ചെങ്ങന്നൂര്‍ പാണ്ടനാട് ഭാഗത്തെയാണ്. അവിടെ ഉണ്ടായ ഒരു യഥാര്‍ത്ഥ സംഭവമാണ് സിനിമയ്ക്ക് ആധാരം. വെള്ളപ്പൊക്കത്തില്‍ വീട്ടില്‍ കുടുങ്ങിപ്പോയ ഒരു വൃദ്ധ ദമ്പതികളുടെ കഥയാണ് സിനിമ. ക്രിസ്ത്യാനിയായ ഭര്‍ത്താവും ഹിന്ദുവായ ഭാര്യയും. അവരുടെ കാഴ്ചപ്പാടിലൂടെ ആ പ്രകൃതി ദുരന്തത്തെ നോക്കിക്കാണുകയാണ്. വീടിന്റെ താഴത്തെ നിലയില്‍ വെള്ളം കയറി. കറണ്ട് പോയി. അവര്‍ തട്ടിന്‍പുറത്തേക്ക് കയറുന്നു. തട്ടിന്‍പുറം ഒരു ലോകമാണ്. ഒരുപാട് പഴമയുടെ അവശിഷ്ടങ്ങള്‍ അവിടെ ഉണ്ടാകും. അവിടെ ആ ദമ്പതികള്‍ കഴിഞ്ഞു കൂടുന്ന നിമിഷങ്ങള്‍.. അവിടെ നിന്ന് അവര്‍ കാണുന്ന പ്രളയത്തിന്റെ കാഴ്ചകള്‍… ഒരു യഥാര്‍ത്ഥ സംഭവത്തെ ഡോക്യുമെന്ററി ആകാത്ത രീതിയില്‍ പറയുന്നത് വലിയൊരു വെല്ലുവിളിയാണ്. പുറത്തു നിന്നുള്ള പ്രളയത്തിലെ കാഴ്ചകള്‍ നമ്മള്‍ ടി വിയില്‍ കണ്ടും പത്രങ്ങളില്‍ വായിച്ചും അറഞ്ഞതാണ്. എന്നാല്‍ അതൊന്നുമല്ലാത്തൊരു കാഴ്ചയാണ് സിനിമയിലൂടെ പറയുന്നത്..
രഞ്ജി പണിക്കര്‍ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ ഓര്‍മ്മകള്‍ പഴയകാലത്ത് തങ്ങി നില്‍ക്കുകയാണ്. അയാളുടെ ഓര്‍മ്മയില്‍ പഴയ കാലവും പഴയ പാട്ടുകളുമെല്ലാം മാത്രമാണുള്ളത്. ചുറ്റം സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് ബോധ്യമുള്ളത് ഭാര്യയ്ക്ക് മാത്രമാണ്. ഏറെ വൈകി റിട്ടയര്‍മെന്റിന് ശേഷം വിവാഹിതരായ ഇവര്‍ക്ക് മക്കളില്ല. നായികാ കഥാപാത്രത്തിന്റെ ചേച്ചിയുടെ മകന്‍ അമേരിക്കയിലാണ്. അയാള്‍ക്കടുത്തേക്ക് പോവാന്‍ ഇവര്‍ വിമാനത്താവളത്തിലേക്ക് പോയിരുന്നു. എന്നാല്‍ വെള്ളം കയറിയത് കാരണം വിമാനങ്ങളൊന്നും പുറപ്പെടാത്തതിനെത്തുടര്‍ന്ന് ഇവര്‍ക്ക് തിരിച്ചുപോരേണ്ടിവന്നു. അതുകൊണ്ട് തന്നെ ഇവര്‍ വീട്ടിലുള്ള കാര്യം അയല്‍പക്കക്കാര്‍ക്കും അറിയില്ല. ബിനു പപ്പന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ടാക്‌സിയില്‍ എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ തന്നെ പ്രളയത്തിന്റെ കാഴ്ചകള്‍ വന്നുകൊണ്ടിരിക്കുന്നുണ്ട്.

തട്ടിന്‍പുറത്ത് ഒറ്റപ്പെട്ടിരിക്കുന്ന ഇവര്‍ പഴയ ആല്‍ബങ്ങള്‍ ഓരോന്നെടുത്ത് പരതുന്നു. ഒറ്റപ്പെടലില്‍ നിന്ന് അവര്‍ പഴയകാലത്തിലേക്ക് സഞ്ചരിക്കുകയാണ്. രഞ്ജിപണിക്കര്‍ക്കും കെപിഎസി ലീലയ്ക്കും പുറമെ സബിത ജയരാജ്, സരയൂ, ബിനു പപ്പന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. നിഖില്‍ എസ് പ്രവീണ്‍ ഛായാഗ്രഹണവും ജിനു ശോഭ ചിത്രസംയോജനവും സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീതവും നിര്‍വഹിക്കുന്നു.

കെപിഎസി ലീല

രഞ്ജി പണിക്കരും കെ പി എ സി ലീലയുമാണ് രൗദ്രത്തിലെ പ്രധാന അഭിനേതാക്കള്‍. അശ്വമേധം ഉള്‍പ്പെടെയുള്ള പ്രശസ്തമായ നാടകങ്ങളില്‍ വേഷമിട്ട നടിയാണ് കെപിഎസി ലീല. അവരുടെ നാടകത്തിലെ കഥാപാത്രത്തെ വെള്ളിത്തിരയില്‍ ആവിഷ്‌ക്കരിച്ചാണ് ശാരദ ദേശീയ പുരസ്‌ക്കാരം നേടുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് അഭിനയജീവിതത്തോട് വിടപറഞ്ഞ ലീലച്ചേച്ചി പിന്നീടൊരു ഏകാന്തവാസത്തിലായിരുന്നു. ഒരു പരിപാടിയില്‍ വെച്ചാണ് ലീലച്ചേച്ചിയെ കാണുന്നത്. പിന്നീടെപ്പോഴോ ജനയുഗം വാരാന്തത്തില്‍ അവരുടെ ഒരു അഭിമുഖം വായിച്ചു. തുടര്‍ന്ന് ജനയുഗം ഓഫീസുമായി ബന്ധപ്പെട്ട് ലീലച്ചേച്ചിയുടെ നമ്പര്‍ സംഘടിപ്പിച്ചു. അവരെ പോയി കണ്ടപ്പോള്‍, ഒരു സീനിലെങ്കിലും അഭിനയിച്ച് മരിക്കണം എന്ന ആഗ്രഹമായിരുന്നു അവര്‍ പങ്കുവെച്ചത്. പുതിയ സിനിമയിലെ നായികയാണ് ചേച്ചിയെന്ന് പറഞ്ഞപ്പോള്‍ അവര്‍ക്കത് പ്രതീക്ഷകള്‍ക്കും അപ്പുറത്തായിരുന്നു. എന്റെ മുമ്പിലിരുന്ന് അവരൊരു കൊച്ചുകുട്ടിയെപ്പോലെ പൊട്ടിക്കരഞ്ഞു. തിരക്കഥ വായിക്കാന്‍ നല്‍കിയപ്പോഴും കരഞ്ഞുകൊണ്ടാണ് അവരത് വാങ്ങിയത്. ഷൂട്ടിംഗിനിടെ എന്റെ വീട്ടില്‍ താമസിച്ചായിരുന്നു ലൊക്കേഷനിലേക്ക് പോയിക്കൊണ്ടിരുന്നത്. കെപിഎസിയുടെ നാടകത്തിന്റെ വലിയൊരു പാരമ്പര്യം ഉള്ളൊരു കലാകാരിയാണ് അവര്‍. എല്ലാറ്റില്‍ നിന്നും അകന്ന് നിന്ന അവരെ മുഖ്യധാരയിലേക്ക് മടക്കിക്കൊണ്ടുവരാന്‍ കഴിഞ്ഞതില്‍ അഭിമാനം തോന്നുന്നുണ്ട്. സര്‍ക്കാറിന്റെ മികച്ച നടിയ്ക്കുള്ള പ്രത്യേക ജൂറി പരാമര്‍ശവും ലീലച്ചേച്ചിയ്ക്ക് ലഭിച്ചു.
ഇതുപോലെ പലരും എന്റെ സിനികളിലേക്ക് അപ്രതീക്ഷിതമായി കടന്നുവന്നവരാണ്. ശാന്തത്തിന്റെ ഏകദേശ രൂപം മനസ്സില്‍ കിടക്കുമ്പോഴാണ് ഐ എം വിജയനെ ഒരു പരിപാടിയില്‍ വെച്ച് കാണുന്നത്. എന്റെ കഥാപാത്രമായി ആ നിമിഷം തന്നെ അദ്ദേഹത്തെ ഞാനുറപ്പിച്ചു. എന്റെ ജീവിതത്തിന്റെ ഭാഗം തന്നെയാണ് വാവച്ചന്‍. എന്നാല്‍ എന്റെ സിനിമയില്‍ അദ്ദേഹം നായകനായി വരുമെന്ന് കരുതിയിരുന്നില്ല. കരുണത്തില്‍ വാവച്ചന്‍ നായകനായി. ഇതുപോലെയാണ് ‘ഒറ്റാലി‘ല്‍ കുമരകം വാസവനും ‘കളിയാട്ട’ത്തില്‍ ലാലുമെത്തിയത്. ‘ഭയാനക’ത്തില്‍ നായകനായി രഞ്ജിപണിക്കരുമെത്തി.

താരങ്ങളില്ലാത്ത സിനിമ

താരങ്ങളൊന്നുമല്ലാത്ത സാധാരണ നടന്‍മാരെയും മനുഷ്യരെയും വെച്ച് സിനിമ ചെയ്യുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. കഥയില്‍ നിന്ന് രൂപപ്പെടുന്ന കഥാപാത്രത്തിന്റെ മുഖം മാത്രമാണ് ഞാന്‍ അന്വേഷിക്കുന്നത്. അത്തരമൊരാള്‍ മുന്നില്‍ വരുമ്പോള്‍ ഞാനവരെ കഥാപാത്രമാക്കും. വാവച്ചനും വാസവനും രഞ്ജിപണിക്കരും കെപിഎസി ലീലയുമെല്ലാം ഇങ്ങനെയാണ് എന്റെ ഫ്രെയിമിലേക്ക് കയറിവന്നത്. മുഖ്യാധാരാ നായക നടനെ താരപരിവേഷം അഴിച്ചുമാറ്റി സാധാരണ കഥാപാത്രമാക്കാന്‍ ചിലപ്പോള്‍ പ്രയാസം നേരിടും. വലിയൊരു കലാകാരന് മാത്രമെ അങ്ങനെ എളുപ്പം മാറാന്‍ സാധിക്കുകയുള്ളു. അല്ലാത്തപ്പോള്‍ സാധാരണ മനുഷ്യര്‍ തന്നെയാണ് നല്ലത്. എന്നാല്‍ എല്ലായ്‌പ്പോഴും ഇത്തരം താല്‍പര്യങ്ങള്‍ നടന്നെന്നുവരില്ല. വിപണിയുടെ സാധ്യതകള്‍ പരിഗണിക്കാന്‍ പലപ്പോഴും നിര്‍ബന്ധിതരാവും. പിന്നെ നിര്‍മ്മാതാവിന്റെ വലിയ പിന്തുണയും ഇക്കാര്യത്തില്‍ ഉണ്ടാവേണ്ടതുണ്ട്.

മാറേണ്ട സമീപനങ്ങള്‍

മനുഷ്യന്റെ പ്രകൃതിയോടുള്ള മോശപ്പെട്ട സമീപനത്തിനേറ്റ തിരിച്ചടികൂടിയാണ് പ്രളയത്തിലുണ്ടായ ഇത്ര വലിയ നാശനഷ്ടങ്ങള്‍. വയലുകളെല്ലാം നികത്തി നമ്മള്‍ കെട്ടിടങ്ങള്‍ പണിതു. വലിയ കുന്നുകള്‍ അപ്പാടെ ഇടിച്ചു നിരത്തി. പ്രകൃതിയെ തച്ചുതകര്‍ത്തുകൊണ്ടാണ് നമ്മള്‍ വികസനത്തിലേക്ക് പോവുന്നത്. പലതിലും വലിയ തിരുത്തലുകള്‍ വേണമെന്ന് പ്രളയവും അതിലൂടെയുണ്ടായ നാശനഷ്ടങ്ങളും നമ്മെ പഠിപ്പിച്ചു. പ്രകൃതിയോട് മാത്രമല്ല വൃദ്ധരായ മാതാപിതാക്കളോട് പല മക്കളും ചെയ്യുന്നതെന്താണ്. അവഗണിക്കപ്പെട്ട വാര്‍ദ്ധക്യങ്ങള്‍ ദയനീയമായി നമ്മളോട് എന്തൊക്കെയോ പറയുന്നുണ്ട്. പ്രകൃതിയുടെയും വൃദ്ധരായ മനുഷ്യരുടെയും വിലാപങ്ങള്‍ തിരിച്ചറിയാതെ നമ്മള്‍ക്ക് മുമ്പോട്ട് പോകാനാവുമോ…

നിപയും കുംഭമേളയും

യഥാര്‍ത്ഥത്തില്‍ രൗദ്രരസത്തിനായി പ്രളയമായിരുന്നില്ല നിശ്ചയിച്ചിരുന്നത്. രൗദ്രത്തില്‍ രുദ്രതാണ്ഡവം തന്നെയായിരുന്നു മനസ്സില്‍ രൂപപ്പെട്ടിരുന്നത്. അന്വേഷണം അഘോരികളിലും ദിഗംബരന്‍മാരിലും എത്തിച്ചേര്‍ന്നു. സിനിമയ്ക്കായി കുംഭമേളയുടെ വിഷ്വല്‍സ് ഒക്കെ എടുത്തിരുന്നു.

കേരളത്തെ പ്രത്യേകിച്ച്, കോഴിക്കോടിനെ ഭീതിയിലാഴ്ത്തിയ നിപ വൈറസ് ബാധയെക്കുറിച്ച് സിനിമയെടുക്കാനും ഞാന്‍ ആഗ്രഹിച്ചിരുന്നു. രൗദ്രഭാവം നിപയിലേക്ക് പകര്‍ത്താന്‍ നിശ്ചയിച്ചു. പുതിയൊരു സിനിമയുടെ ബീജവുമായാണ് കോഴിക്കോട് നിന്ന് മടങ്ങിയത്. നിപയെക്കുറിച്ച് പഠിക്കാന്‍ വീണ്ടും കോഴിക്കോട്ടെത്തുമെന്നും നിശ്ചയിച്ചു. എന്നാല്‍ ഇതേ പ്രമേയം ആഷിഖ് അബു സിനിമയാക്കാന്‍ ഒരുങ്ങുന്ന എന്നറിഞ്ഞതോടെ അതില്‍ല്‍ നിന്നും പിന്മാറി.
പിന്നീടാണ് എന്റെ ജീവിതകാലത്തെ ഏറ്റവും വലിയ ദുരന്തം വന്നുചേര്‍ന്നത്. കണ്ടറിഞ്ഞ ആ യാഥാര്‍ത്ഥ്യങ്ങള്‍ക്കപ്പുറം രൗദ്രത്തിനായി മറ്റൊന്നും പറയാനില്ലെന്ന് മനസ്സിലായപ്പോള്‍, അത് പറയാതിരിക്കാനാവില്ലെന്ന് വ്യക്തമായപ്പോള്‍ രൗദ്രം പ്രളയമായി മാറുകയായിരുന്നു.

മോഹന്‍ലാലിനൊപ്പമൊരു സിനിമ

ഒരു സിനിമയ്ക്കായി മോഹന്‍ലാലിനെ സമീപിച്ചപ്പോഴൊന്നും സിനിമ നടന്നില്ല. അദ്ദേഹം സിനിമയെടുക്കാനായി ഇങ്ങോട്ടു ബന്ധപ്പെട്ടപ്പോഴും നടന്നില്ല. എന്തോ ഒരു തടസ്സം ഇക്കാര്യത്തില്‍ നിലനില്‍ക്കുന്നുണ്ട്. മഴയുടെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ഒരു ചിത്രത്തില്‍ അദ്ദേഹം അഭിനയിക്കേണ്ടതായിരുന്നു. അതിനായി എല്ലാ കാര്യങ്ങളും ഒരുക്കി. പക്ഷെ ആ സിനിമ യാഥാര്‍ത്ഥ്യമായില്ല. അതില്‍ ലാലിന് വലിയ വിഷമമുണ്ടായിരിക്കാം. പിന്നീട് ടി പി രാജീവനും ഞാനും കൂടി കുഞ്ഞാലി മരക്കാരെക്കുറിച്ച് ഒരു ബിഗ് ബജറ്റ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കി. ഭ്രമരത്തിന്റെ സെറ്റില്‍ വെച്ചാണ് അത് ലാലിന് വായിക്കാന്‍ നല്‍കിയത്. നാലു വര്‍ഷത്തോളം കാത്തിരുന്നു. യാതൊരു മറുപടിയും ലഭിച്ചില്ല. പിന്നീട് ആ പ്രോജക്ട് ഞാന്‍ ഉപേക്ഷിച്ചു. ടി പി രാജീവന്‍ ആ സ്‌ക്രിപ്റ്റ് മറ്റാര്‍ക്കോ കൊടുക്കാന്‍ ശ്രമം നടത്തിയെങ്കിലും അതും നടന്നില്ല. ഇപ്പോള്‍ ലാലും പ്രിയദര്‍ശനും ചേര്‍ന്ന് കുഞ്ഞാലിമരയ്ക്കാര്‍ സിനിമയെടുക്കുന്നുണ്ട്. പ്രിയനൊപ്പം കുഞ്ഞാലിമരയ്ക്കാര്‍ ഒരുക്കാനായിരിക്കും ലാലിന് കൂടുതല്‍ സൗകര്യം.

യുദ്ധത്തിന്റെ ഭയാനകത

രൗദ്രത്തില്‍ വൃദ്ധദമ്പതികളിലൂടെ പ്രളയത്തിന്റെ ഭീകരതയത്രയും അനുഭവിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ഒരു വെടിയൊച്ചപോലും കേള്‍പ്പിക്കാതെ യുദ്ധത്തിന്റെ ഭയാനകത ചിത്രീകരിക്കാനാണ് ഭയാനകം എന്ന സിനിമയിലൂടെ ശ്രമിച്ചത്. തകഴിയുടെ കയര്‍ എന്ന നോവലിലെ രണ്ട് അദ്ധ്യായങ്ങളിലെ കഥാസാഹചര്യത്തെ സിനിമയായി ആവിഷ്‌കരിക്കുകയായിരുന്നു. വടികുത്തി മുടന്തി നടക്കുന്ന ഒരു പോസ്റ്റ്മാനാണ് ചിത്രത്തിലെ മുഖ്യകഥാപാത്രം. ഒന്നാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്ത ഇയാളുടെ കാല്‍മുട്ടിന് വെടിയേറ്റു. യുദ്ധം സമ്മാനിച്ച വൈകല്യവുമായാണ് അയാള്‍ മുടന്തിക്കൊണ്ട് പോസ്റ്റുമാനായി കുട്ടനാട്ടിലേക്ക് എത്തുന്നത്. വീണ്ടുമൊരു യുദ്ധം പൊട്ടിപ്പുറപ്പെടുമ്പോള്‍ പിന്നീടയാള്‍ വരുന്നത് പട്ടാളക്കാരുടെ മരണ അറിയിപ്പുകളുമായാണ്. ടെലഗ്രാമുകളുമായെത്തുന്ന പട്ടാളക്കാരന്‍ ആ നാടിന് ദുശ്ശകുനമാകുന്നു. പട്ടാളത്തിലുള്ള മക്കളുടെ രക്ഷിതാക്കള്‍ അയാളെ കാണമ്പോള്‍ ഓടിമറയുന്നു. മരണദൂതനായി മാറുന്ന ആ പോസ്റ്റുമാന്റെ കാഴ്ചകളിലൂടെ യുദ്ധത്തിന്റെ ഭീകരതയും ദയനീയതയും വരച്ചുകാണിക്കുകയായിരുന്നു ആ ചിത്രം. നടനെന്ന നിലയിലുള്ള രഞ്ജി പണിക്കരുടെ പൂര്‍ണ്ണ ആവിഷ്‌കാരമായിരുന്നു ആ സിനിമ.

വാദ്യഘോഷങ്ങളുമായൊരു അടിപൊളി സിനിമ

എല്ലാതരം സിനിമകളും എടുക്കാന്‍ ഭാഗ്യം ലഭിച്ച സംവിധായകനാണ് ഞാന്‍. പ്രത്യേകമായ ഒരു കളത്തില്‍ ഒരിക്കലും തളച്ചിടപ്പെട്ടില്ല. വിദ്യാരംഭത്തില്‍ നിന്ന് ജോണിവാക്കറിലേക്കും അവിടെ നിന്ന് ദേശാടനത്തിലേക്കും കളിയാട്ടത്തിലേക്കുമെല്ലാം സഞ്ചരിച്ചു. ഫോര്‍ ദി പീപ്പിളും തിളക്കവും ഒരുക്കുമ്പോള്‍ ന്നെ ദൈവനാമത്തിലും ഒറ്റാലും സംവിധാനം ചെയ്തു. ഞാന്‍ ചെയ്ത കച്ചവട സിനിമകളെല്ലാം ഞാന്‍ ആഗ്രഹിച്ച് ചെയ്തവ തന്നെയാണ്. ഒരു പ്രത്യേക കാലഘട്ടത്തിലാണ് ഞാന്‍ വലിയ കച്ചവട ചിത്രങ്ങളില്‍ നിന്ന് മാറി നിന്നത്. എന്നാല്‍ ജോണിവാക്കര്‍ പോലെ ഒരു കളര്‍ഫുള്ളായ കച്ചവട സിനിമ ചെയ്യാന്‍ ഞാന്‍ തയ്യാറെടുക്കുകയാണ്. എത്ര മാറി നിന്നാലും അത്തരം സിനിമകള്‍ എന്നെ പ്രലോഭിപ്പിക്കുന്നുണ്ട്. ഞാനതിനെ ആസ്വദിക്കുന്നുണ്ട്. അത്തരം സിനിമകള്‍ ഞാന്‍ ധാരാളം കാണാറുമുണ്ട്. അതുകൊണ്ട് തന്നെ അതില്‍ നിന്നൊഴിഞ്ഞുമാറിയൊരു യാത്ര എനിക്ക് സാധിക്കില്ല. അത്തരമൊരു സിനിമ ഇനി ഒരുക്കുമ്പോള്‍ അത് ഏറ്റവും മികച്ചതായിരിക്കണമെന്ന് നിര്‍ബന്ധമുണ്ട്. വേറിട്ട അവതരണ ശൈലിയിലായിരിക്കണം അത് ഒരുക്കേണ്ടത്. അതിനുള്ള തയ്യാറെടുപ്പുകള്‍ നടന്നുവരുന്നുണ്ട്.

ഹാസ്യ, ശൃംഗാര രസങ്ങള്‍

ഹാസ്യത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ മനസ്സില്‍ ചില ചോദ്യങ്ങളുണ്ട്. തൊട്ടുമുമ്പില്‍ കാണുന്നതെന്തോ കണ്ടോ കേട്ടോ ഉള്ള ചിരിയാണ് ഒന്ന്. അത് താത്ക്കാലികമായ ചിരിയാണ്. മറ്റൊന്ന് ജീവിതത്തിന്റെ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞശേഷം നമ്മുടെ മുഖത്തുണ്ടാവുന്ന ചിരി. അത് അറിവിന്റെ ചിരിയാണ്. അതാണ് ബുദ്ധന്റെയും യേശുവിന്റെയും ശ്രീരാമകൃഷ്ണപരമഹംസരുടെയും മുഖത്ത് കാണുന്ന ചിരി. ഇത് എന്നും നിലനില്‍ക്കുന്നതാണ്. ഇതിനെക്കുറിച്ചാണോ താല്‍ക്കാലികമായ ആനന്ദത്തില്‍ നിന്നുണ്ടാവുന്ന ചിരിയെക്കുറിച്ചാണോ ഹാസ്യത്തിലൂടെ സംസാരിക്കേണ്ടത് എന്നതാണ് സംശയം.

കുഞ്ചന്‍ നമ്പ്യാരുടെ ജീവിതം മനസ്സിലുണ്ട്. അദ്ദേഹത്തിന്റെ അവതരണങ്ങള്‍ ഹാസ്യത്തിലൂടെയായിരുന്നെങ്കിലും ആ ജീവിതത്തില്‍ ഹാസ്യം കുറവാണ്. തീര്‍ത്തും വേദനാജനകമായിരുന്നു ആ ജീവിതവും അദ്ദേഹത്തിന്റെ അവസാനവും. നമ്മെ പൊട്ടിച്ചിരിപ്പിച്ച ചാപ്ലിന്റെ ജീവിതവും ദുരന്തം തന്നെയായിരുന്നു. അതുകൊണ്ട് തന്നെ കുഞ്ചന്‍ നമ്പ്യാരുടെ ജീവിതം ഹാസ്യരസത്തിലേക്ക് ചേര്‍ത്തുപിടിക്കാന്‍ കഴിയില്ല. വാവച്ചന്റെ ചിരി നോക്കൂ. എന്ത് വളരെ മനോഹരമായ ചിരിയാണ്. നിഷ്‌ക്കളങ്കമാണ് ആ ചിരി. വാവച്ചന്റെ ജീവിതം ഞാന്‍ നോവലാക്കിയിട്ടുണ്ട്, ‘ശ്രീ ശ്രീ ശ്രീ വാവച്ചന്റെ സുവിശേഷം’ എന്ന പേരില്‍. വാവച്ചന്‍ പറയുന്ന കാര്യങ്ങള്‍ ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമാണ്. അതില്‍ തമാശകള്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. ഞാനും ആ ജീവിതത്തില്‍, നോവലില്‍ ഒരു കഥാപാത്രമാണ്. നടനെ സംവിധായകന്‍ കണ്ടുമുട്ടുന്നു.അവര്‍ ഒരുമിച്ച് ജീവിക്കുന്നു.. എന്നത് പോലുള്ള ചില പ്രത്യേകതകളും ആ ജീവിതത്തിലുണ്ട്. ഒരു പക്ഷേ ഹാസ്യരസം പറയാന്‍ വാവച്ചന്റെ ജീവിതം ഞാന്‍ പ്രമേയമാക്കിയേക്കാം.

പിന്നെ ശൃംഗാരം. പരസ്പരം ഏറെ ഇഷ്ടപ്പെടുന്നവര്‍ അകന്നിരിക്കുമ്പോള്‍ ഉണ്ടാവുന്നത് കൂടിയാണ് ശൃംഗാരം. വിരഹ വേദനയുടെ ആവിഷ്‌ക്കാരമാകും വിപ്രലംഭ ശൃംഗാരം. ഹാസ്യവും ശൃംഗാരവുമാണ് പറഞ്ഞ് ഫലിപ്പിക്കാന്‍ ഏറ്റവും പ്രയാസം. പറയാന്‍ എളുപ്പമുള്ളതെല്ലാമാണ് ഞാന്‍ ചെയ്തുകഴിഞ്ഞത്. ഏറെ പ്രയാസമുള്ളത് ഇപ്പോഴും ബാക്കിയാണ്.
കഥകളെല്ലാം വന്നുചേരുന്നതാണ്. നിപ ചെയ്യാന്‍ ആഗ്രഹിച്ച് പ്രളയത്തിലെത്തി. അതുപോലെ കഥകള്‍ വന്നുഭവിക്കാന്‍ വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഞാന്‍. ചുറ്റും എല്ലാം ഒരുങ്ങിയിട്ടുണ്ടാവും. നമ്മള്‍ അത് തിരിച്ചറിഞ്ഞാല്‍ മാത്രം മതി. പ്രകൃതിയുടെ അദൃശ്യശക്തി നമ്മളിലൂടെ വന്ന് അത് സാധ്യമാക്കും. ഹാസ്യവും ശൃംഗാരവും അങ്ങിനെ മഴയായി എന്റെ ഫ്രെയിമുകളില്‍ പെയ്ത് നിറയും.…

ഫോട്ടോ: ജയേഷ് പാടിച്ചാല്‍