യുവത്വം എപ്പോഴും യുവത്വം തന്നെയാണ് അത് ഇടത്തായാലും വലത്തായാലും: കനയ്യകുമാർ

Web Desk
Posted on August 03, 2019, 10:53 pm

ഹരി കുറിശ്ശേരി

ഇന്ത്യന്‍ ഇടതുചേരിയുടെ കരുത്തിന്റെയും യൗവനത്തിന്റെയും പ്രതീക്ഷകളുടെയും പ്രതീകമാണ് കനയ്യകുമാര്‍. ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി യൂണിയന്‍ മുന്‍പ്രസിഡന്‍റ് എഐഎസ്എഫ് നേതാവ്, സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം എന്നീ നിലകളില്‍ ശ്രദ്ധേയനായ അദ്ദേഹം എഐഎസ്എഫ് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്ത് എത്തിയിരുന്നു. ജനയുഗം ഓണ്‍ലൈനിന്അദ്ദേഹം അനുവദിച്ച അഭിമുഖത്തില്‍ നിന്ന്.

ചോദ്യം: ജാതീയതയും കോര്‍പ്പറേറ്റ് പിടിമുറുക്കങ്ങളുമൊക്കെയായി ഇന്ത്യയുടെ അന്തരീക്ഷം കൂടുതല്‍ കൂടുതല്‍ വഷളായി കൊണ്ടിരിക്കുന്നു. ഈ രാഷ്ട്രീയ കാലാവസ്ഥയില്‍ സ്വപ്നങ്ങള്‍ ബാക്കിയുണ്ടോ?

ഉത്തരം: എല്ലാ വ്യക്തികള്‍ക്കും സ്വപ്നമുള്ളതു പോലെ എനിക്കും സ്വപ്നങ്ങളുണ്ട്. ഇന്ത്യയിലെ ഒരു സാധാരണ പൗരനെന്ന നിലയില്‍ ഭരണഘടന അനുശാസിക്കുന്ന ഭരണമുണ്ടാകണമെന്നതൊരുസ്വപ്നമാണ്. നാനാജാതിയിലുംപെട്ട ഇന്ത്യന്‍ ജനത അറിയപ്പെടുന്നത് ഇന്ത്യന്‍ പൗരനെന്നാണ്. സാധാരണ പൗരനെന്ന നിലയില്‍ ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന ശരിയായ വിദ്യാഭ്യാസം, ആരോഗ്യം, കഴിവിന് അനുസൃതമായ ജോലി ചെയ്തു ജീവിക്കാനുള്ള അവകാശം എന്നിവ സ്വപ്നമാണ്. നമ്മുടെ സാമ്പത്തികാവസ്ഥ മെച്ചപ്പെടുമെന്നും ഇന്ത്യ ലോകോത്തരമാകുമെന്നും നമ്മള്‍ക്ക് ജോലിതേടി അന്യനാട്ടില്‍ പോകേണ്ടിവരില്ലെന്നും നാം സ്വപ്നം കാണുന്നു. ദേശത്തെ സ്‌നേഹിക്കുന്നവര്‍ ശാന്തതയും തുല്യതയും സ്വപ്നം കാണുന്നു. എന്നാല്‍ മാറിയ കാലാവസ്ഥയില്‍ നമുക്കു കിട്ടുന്നത് നിരന്തരമായ ആക്രമണങ്ങളാണ് ഭരണഘടനയ്ക്കുനേരെ, ജനാധിപത്യത്തിനുനേരെ സാമൂഹിക ഘടനയ്ക്കു നേരെ എല്ലാം നിരന്തരം ആക്രമണങ്ങള്‍ നടക്കുന്നു.

ഒരു ജനാധിപത്യ രാജ്യത്തെ സംബന്ധിച്ച് ഒരു ബാലന്‍സ് ഷീറ്റുണ്ടാകണം. ജനങ്ങള്‍ മനസിലാക്കണം എന്താണ് നമുക്ക് കിട്ടിയത്. വിശേഷിച്ചും ഒരുപാട് ത്യാഗങ്ങളിലൂടെയും പോരാട്ടങ്ങളിലൂടെയും മഹത്‌വ്യക്തികള്‍ ജീവന്‍ കൊടുത്തും യുക്തിയും ശേഷിയും ചെലവിട്ട് നേടിയെടുത്ത ജനായത്ത ഭരണക്രമത്തില്‍ അവര്‍ സൃഷ്ടിച്ച മൂല്യങ്ങള്‍ കാത്തു സൂക്ഷിക്കാന്‍ നമുക്ക് ബാധ്യതയുണ്ട്.

എന്നാല്‍ അതിനായി ഒരുമിക്കാനും ഇത്തരം ആക്രമണങ്ങളെ ചെറുക്കാനുമാകുന്നില്ല. കൂട്ടായ മുന്നേറ്റങ്ങളില്ല. എന്നാല്‍ അതിന്റെ പേരില്‍ ദുഃഖിച്ചിരിക്കുന്നതും നിരാശരാകുന്നതും ഒരു പരിഹാരമേയല്ലതാനും.

ചോദ്യം: എന്തെങ്കിലും പരിഹാരം തോന്നുന്നുണ്ടോ?
ഉത്തരം: ഉണ്ട്, പ്രശ്‌നങ്ങള്‍ക്ക് അതിന്റെ തന്നെ പരിഹാരമുണ്ടെന്നാണ് എനിക്കു തോന്നുന്നത്. അഥവാ പ്രശ്‌നം പരിഹാരവും കൊണ്ടുവരുന്നു. സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യ ഇത്തരം നിരവധി പ്രശ്‌നങ്ങള്‍ അഭിമുഖീകരിച്ചതാണ്. എല്ലാ അഞ്ചുവര്‍ഷത്തിലും സര്‍ക്കാരുകള്‍ വന്നുപോകുന്നത് ഒരു നടപടിക്രമമാണ്. അടിസ്ഥാനമൂല്യങ്ങള്‍ ആക്രമിക്കപ്പെടുമ്പോള്‍ നമുക്ക് ചിന്തിക്കാന്‍ സമയമായി. ഒരു ഫാസിസ്റ്റ് ഭരണകൂടം തെരഞ്ഞെടുക്കപ്പെടരുത്, തെരഞ്ഞെടുപ്പ് ഉണ്ടായിരിക്കാം. പക്ഷെ നമുക്ക് ജനമുന്നേറ്റത്തിലൂടെ നമ്മുടെ ജനാധിപത്യ അവകാശങ്ങള്‍, പൗരാവകാശം, പരിസ്ഥിതി, എന്നിവ സംരക്ഷിക്കണം. വിദ്യാഭ്യാസത്തിനും ഭക്ഷണത്തിനുമുള്ള അവകാശം നമുക്ക് സംരക്ഷിക്കാനാവണം. ഇത്തരത്തിലെ ഓരോ പ്രശ്‌നങ്ങളും ഇല്ലായ്മകളും നേരിടുന്നവര്‍ ഒന്നിച്ചുകൂടാനും തെരുവിലിറങ്ങാനും പോരാടാനുമാകണം.

ചോദ്യം: പ്രതിപക്ഷ ശക്തികളുടെ ശേഷിയില്ലാതാകുന്നതിനെപ്പറ്റി, ആ വിഭാഗത്തിന്‍റെ ശക്തി ചോര്‍ന്ന് വരികയാണല്ലോ?

ഉത്തരം: ഇന്ന് രാഷ്ട്രീയം ഒരു ധനാഗമമാര്‍ഗമായി മാറി. രാഷ്ട്രീയം പണമുണ്ടാക്കാനാണെന്ന് ഞാന്‍ കരുതുന്നില്ല. പണമുണ്ടാക്കാനുള്ള വേദിയല്ല രാഷ്ട്രീയം.
രാഷ്ട്രീയം സമൂഹത്തെ നന്നാക്കാനും അതില്‍ വിശ്വസിക്കുന്നവരെ സംരക്ഷിക്കാനുമാകണം. രാഷ്ട്ര പുനര്‍നിര്‍മ്മാണത്തിനാകണം. സദാചാര ശോഷണം വന്നിട്ടുണ്ട് ഇന്ന് രാഷ്ട്രീയത്തില്‍. ഇത് നമ്മെ ഇത്തരം ബുദ്ധിമുട്ടുകളില്‍ എത്തിക്കുകയാണ്.
നമുക്ക് നമ്മുടെ പ്രത്യയശാസ്ത്രങ്ങളിലേക്ക് പിന്തിരിഞ്ഞു നോക്കാനാകണം. ഇടതും വലതും പക്ഷങ്ങള്‍ തമ്മില്‍ എന്താണ് വ്യത്യാസം സോഷ്യല്‍ ഡെമോക്രാറ്റുകളും കമ്മ്യൂണിസ്റ്റുകളും തമ്മിലുള്ള വ്യത്യാസം, ജനാധിപത്യ പാര്‍ട്ടിയും ഏകാധിപത്യവാദിയും മതവിശ്വാസിയും വര്‍ഗീയവാദിയും തമ്മില്‍ എന്നിങ്ങനെ, മതവിശ്വാസി ഒരിക്കലും വര്‍ഗീയ വാദികയാകേണ്ടതില്ല. പക്ഷെ ഇവിടെ എന്താണ് സംഭവിക്കുന്നത്.
വര്‍ഗീയത എങ്ങനെ വ്യാപിക്കുന്നുവെന്ന് നമ്മള്‍ വിശാലാര്‍ത്ഥത്തില്‍ ചര്‍ച്ച ചെയ്യേണ്ടതാണ്. യുവത്വം ഈവഴിതേടുമ്പോള്‍ വിശേഷിച്ചും തുറന്ന ചര്‍ച്ചകളുണ്ടാകണം.
ഇന്ത്യയുടെ സ്വത്വം സംബന്ധിച്ചും ഇന്ത്യ എന്ന രാജ്യം അങ്ങനെ തുടരേണ്ടതിനെപ്പറ്റിയൊക്കെ ചര്‍ച്ചകള്‍ നടക്കണം. ഈ ചര്‍ച്ചകള്‍ ജനങ്ങളെ ഇന്ത്യയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെ പോരാടാന്‍ അവരെ പ്രേരിപ്പിക്കും.

ചോദ്യം: പാവം കര്‍ഷകന്‍ വിതയ്ക്കുന്നു കോര്‍പറേറ്റു മുതലാളി കൊയ്യുന്നു. ഈ ഇന്ത്യന്‍ സാമൂഹിക കാലാവസ്ഥ സംബന്ധിച്ച് എന്താണ് പറയാനുള്ളത്.

ഉത്തരം: ഇത് ഫിനാന്‍സ് ക്യാപ്പിറ്റലിസത്തിന്റെ ഫലമാണ്. മുതലാളിത്തം പ്രവര്‍ത്തിക്കുന്നത് നിയമങ്ങളുടെ സാമൂഹികവല്‍ക്കരണവും ലാഭത്തിന്റെ സ്വകാര്യവല്‍ക്കരണവും അടിസ്ഥാനമാക്കിയാണ്. കച്ചവട നഷ്ടമുണ്ടാവുകയും കുത്തക മുതലാളി പ്രതിസന്ധിയെ അഭിമുഖീകരിക്കുകയും ചെയ്യുമ്പോള്‍ സര്‍ക്കാര്‍ നമ്മുടെ നികുതി വാങ്ങി അവര്‍ക്കു നല്‍കും.
പാവം കര്‍ഷകന്‍ ഇതേ അവസ്ഥയിലെത്തുമ്പോ അവന്‍ ആത്മഹത്യയിലഭയം തേടേണ്ടിവരുന്നു.
സ്വകാര്യവല്‍ക്കരണം ഇങ്ങനെ കര്‍ഷകരെയും തൊഴിലാളികളെയും മാത്രമല്ല ബാധിക്കുക അത് ചെറുതും ഇടത്തരവുമായ വ്യാപാരശ്രേണിയെ ആകെ ബാധിക്കും. അതിനാല്‍ തന്നെ കുത്തകവല്‍ക്കരണം ഒന്നിനും പരിഹാരമല്ല. ധനം ഇടം അവകാശം എന്നിങ്ങനെ എല്ലാത്തിലും ജനാധിപത്യവല്‍ക്കരണം നടപ്പാക്കുന്നതാണ് അഭികാമ്യം. അതാണ് നമ്മള്‍ പരിഹാരമായി മുന്നോട്ട് വയ്‌ക്കേണ്ടത്.

ചോദ്യം: വംശീയമാനഭംഗങ്ങളും ദൈവനാമത്തിലുള്ള ആള്‍ക്കൂട്ടഹത്യകളും. എങ്ങോട്ടാണ് നാം പോകുന്നത്?

ഉത്തരം: നമ്മള്‍ മനസിലാക്കേണ്ടത് ഈ രാജ്യത്തിന്റെ സാംസ്‌കാരിക പാരമ്പര്യമാണ്. വികാരപരമാണ് ഈ നാട് ജനം ഈശ്വരന്റെ പേരില്‍ യാചിക്കുന്ന നാടാണിത്. ഈശ്വരനാമത്തില്‍ ഭിക്ഷ തരൂ എന്ന് ആരാധനാലയത്തിന്റെ മുമ്പില്‍ പോലും അവര്‍ യാചിക്കുന്നു. ഇതുപോലെയാണ് ചില രാഷ്ട്രീയ വിഭാഗങ്ങളും ചെയ്യുന്നത്. സാധാരണ ജനത്തിന്റെ വികാരങ്ങള്‍ മുതലെടുത്ത് കളിക്കുകയാണ്. നിയമ വിരുദ്ധമായ നമ്മുടെ പ്രവര്‍ത്തനത്തെ മറയ്ക്കാന്‍ അള്ളാവിനേയും രാമനെയും കൂട്ടുപിടിക്കുകയാണ് അവര്‍. അധികാരികളില്‍ നിന്നും പിന്തുണ ലഭിക്കുന്ന സാമൂഹ്യ വിരുദ്ധ ശക്തികള്‍ ഈ വികാര ദൗര്‍ബല്യങ്ങള്‍ ദുരുപയോഗപ്പെടുത്തി രാജ്യത്തെ വിഘടിപ്പിച്ച് നിര്‍ത്തുകയാണ്.

ചോദ്യം: എപ്പോഴും റാം, റഹിം എന്ന തരത്തില്‍ വേര്‍തിരിക്കപ്പെടുകയും ഗുരുതരമായി വളരുകയും ചെയ്യുന്നതെന്ത്?

ഉത്തരം: വര്‍ഗീയതയുടെ പരമ്പരാഗത ശൈലിയാണത്. വര്‍ഗീയത എപ്പോഴും അങ്ങനെയാണ് അതാണ് ഞാന്‍ മതവിശ്വാസത്തെയും വര്‍ഗീയതയേയും വേര്‍തിരിച്ച് പറഞ്ഞത്. എല്ലാ ഹിന്ദുക്കളും വര്‍ഗീയ വാദികളല്ല. വര്‍ഗീയവാദി എപ്പോഴും രാഷ്ട്രീയ നേട്ടത്തിന് മതവികാരത്തെ ഉപയോഗപ്പെടുത്തുന്നു. സാമൂഹികവും സാമ്പത്തികവുമായ നേട്ടവുമുണ്ടാക്കുന്നു.

ചോദ്യം: ഫാസിസത്തോട് പോരാടാന്‍ ഇന്ത്യയില്‍ എന്തെങ്കിലും ഇടതുപക്ഷ ഏകീകരണമുണ്ടോ?

ഉത്തരം: ദൗര്‍ഭാഗ്യവശാലില്ല. നമ്മള്‍നേരിടേണ്ട വെല്ലുവിളി അതാണ്. ഇടതുചേരി പുനര്‍ നിര്‍വഹിക്കപ്പെടേണ്ടതാണ്. ഇന്ത്യയ്ക്ക് ശക്തമായ ഇടതുപക്ഷ ജനകീയ മുന്നേറ്റമാവശ്യമുണ്ട്. അതില്‍ ജനങ്ങളുടെ എല്ലാ പ്രശ്‌നങ്ങളും ഉള്‍പ്പെടുത്തപ്പെടണം.
ഓരോ വ്യക്തിയും അതില്‍ ഭാഗഭാക്കാകണം. തുല്യതയില്‍ വിശ്വസിക്കുന്നവരും സ്ഥിതിസമത്വത്തില്‍ വിശ്വസിക്കുന്നവരും ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവരും അവരവരുടെ ശേഷിക്ക് അനുസൃതമായി ഈ മുന്നേറ്റത്തില്‍ പങ്കാളികളാകണം. എഴുത്തുകാരനാണെങ്കില്‍ എഴുതണം, പാട്ടുകാരനെങ്കില്‍ പാടണം, കവി കവിത എഴുതണം ചിത്രകാരന്‍ വരയ്ക്കണം, രാഷ്ട്രീയക്കാരന്‍ ജനങ്ങളെ സംഘടിപ്പിക്കണം കുട്ടായ്മയിലൂടെ മാത്രമെ നമുക്ക് പരിഹാരമുണ്ടാക്കാനാവൂ.

ചോദ്യം: ഇന്ത്യന്‍ യുവതയെപ്പറ്റി പ്രത്യേകിച്ച് ഇടതുയുവശക്തി?

ഉത്തരം: യുവത്വം എപ്പോഴും യുവത്വം തന്നെയാണ്. ഇടതും വലതും യുവതയായി തുടരുകയാണ് വേണ്ടത് വലതുപക്ഷത്താണെങ്കിലും യുവാവാണെങ്കില്‍ ഞാന്‍ അതിന്റെ അടിസ്ഥാന തത്വങ്ങളെ ചോദ്യം ചെയ്യണം. ഞാന്‍ ഇടതാണെങ്കില്‍ ഇടതിലെ വൈരുദ്ധ്യങ്ങളെ ചോദ്യം ചെയ്യേണ്ടത് എന്റെ ഉത്തരവാദിത്വമാണ്. എന്റെ അഭിപ്രായത്തില്‍ യുവതയുടെ ഏറ്റവും മികച്ച ഗുണം വ്യവസ്ഥിതിയെ സദാ ചോദ്യം ചെയ്യുമെന്നതാണ്. യുവതയെ ഞാന്‍ ഇടതെന്നും വലതെന്നും വേര്‍തിരിക്കുന്നില്ല. ചോദ്യം ചെയ്യുന്ന സ്വഭാവം നിങ്ങള്‍ പുലര്‍ത്തുന്നിടത്തോളം നിങ്ങള്‍ ഇടതുപക്ഷക്കാരനായിരിക്കും.

ചോദ്യം: യുഎപിഎ രാജ്യസഭയില്‍ പാസായി എന്താണ് അഭിപ്രായം?

ഉത്തരം: ഇത് ഒരു നിയമത്തെ ശക്തിപ്പെടുത്താനുള്ള ശ്രമമേയല്ലെന്ന് ലഘുവായി പറയാം. ഇത് നിയമം ദുരുപയോഗം ചെയ്യാന്‍ ഒരാളെ ശക്തനാക്കുമെന്നേ പറയാനാവൂ. വ്യക്തിയും ഭരണകൂടവും തമ്മിലുള്ള പോരാട്ടം നടക്കും. വ്യക്തിയും ഭരണകൂടവും തമ്മിലുള്ള ബന്ധം പുതുക്കി പണിയലിന്റെ സമയമല്ല ഇത്. ഭരണകൂടത്തിന്റെ ശക്തിവര്‍ദ്ധനയല്ല. സാങ്കേതിക വിദ്യ പുരോഗമിച്ച കാലത്ത് വ്യക്തിയുടെ നിലനില്‍പ്പിനെപ്പറ്റിയാണ് ചിന്തിക്കേണ്ടത്. വ്യക്തിസ്വാതന്ത്രം തകര്‍ത്തുകളയുന്ന അവസ്ഥയുണ്ടാകും.

അധികൃതര്‍ നിയമത്തെ വേണ്ടവിധം ഉപയോഗപ്പെടുത്തുന്നതിനേക്കാള്‍ ദുരുപയോഗം ചെയ്യാനാണ് സാധ്യതയെന്നു കാണാം.

അഭിമുഖം കാണാം