പോരാട്ടം ധ്രുവീകരണത്തിനെതിരെ

Web Desk
Posted on April 02, 2019, 10:54 pm
(ദ ഹിന്ദുവിന്റെ പ്രതിനിധിയുമായി സിപിഐ സ്ഥാനാര്‍ഥിയും ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ മുന്‍ അധ്യക്ഷനുമായ കനയ്യ കുമാര്‍ നടത്തിയ സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങള്‍)

ബെഗുസരായിലെ ജനങ്ങളുടെ ശബ്ദം ഡല്‍ഹിയില്‍ മുഴക്കാന്‍ അവര്‍ തന്നെ പിന്തുണയ്ക്കുമെന്ന് കനയ്യ

? താങ്കളുടെ എതിരാളി ശരിക്കും ആരാണ്? ബിജെപി നേതാവ് ഗിരിരാജ് സിങോ ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള വിശാലസഖ്യ സ്ഥാനാര്‍ഥി തന്‍വീര്‍ ഹസനോ

ഇവരിലാരും തന്നെ എന്റെ പ്രതിയോഗികളാണെന്ന് ഞാന്‍ കരുതുന്നില്ല. ഏതെങ്കിലും ഒരു വ്യക്തിക്ക് എതിരെയല്ല എന്റെ പോരാട്ടം, ഒരു പ്രത്യയശാസ്ത്രത്തിനെതിരെയാണത്. ധ്രുവീകരണത്തിന്റെ രാഷ്ട്രീയമാണ് ആ പ്രത്യയശാസ്ത്രം പറയുന്നത്. വിഭജനത്തിന്റെ, ഭരണഘടനയെ ആക്രമിക്കലിന്റെ ജനാധിപത്യ സ്ഥാപനങ്ങളെ തകര്‍ക്കലാണത്. സത്യവും കള്ളവും തമ്മിലുള്ള ഒരു ഏറ്റുമുട്ടലാണ്.

? ബിജെപിയുടെ പ്രചാരണത്തില്‍ വികസനം, ദേശീയത, പുല്‍വാമ, ബലാക്കോട്ട് വ്യോമാക്രമണങ്ങള്‍ താങ്കള്‍ എങ്ങനെയാണ് വീക്ഷിക്കുന്നത്

ബിജെപിയുടെ പ്രചാരണ രാഷ്ട്രീയത്തെക്കുറിച്ച് നമുക്ക് ഏവര്‍ക്കും അറിയാവുന്നതാണ്. വിഭജന രാഷ്ട്രീയം. ഇതില്‍ നിന്നെല്ലാം രാഷ്ട്രീയ നേട്ടം കൊയ്യാമെന്ന് ഇവര്‍ക്കറിയാം. പിന്നെ എന്തിനാണിവര്‍ ശിവസേനയും ജനതാദള്‍ (യു)ഉം ഒക്കെയായി അവരുടെ നിബന്ധനകള്‍ക്കനുസരിച്ച് സഖ്യത്തിന് ശ്രമിക്കുന്നത്. ദേശീയതയും നമ്മുടെ സൈനികരുടെ സ്ഥൈര്യവും രാഷ്ട്രീയത്തിലേക്ക് എത്തരുത്. ഇതൊന്നും രാഷ്ട്രീയവത്ക്കരിക്കാനുള്ളതല്ല, ഓരോ ഇന്ത്യാക്കാരനും അഭിവാദ്യമര്‍പ്പിക്കാനുള്ളതാണ്. രാഷ്ട്രീയവത്ക്കരിക്കാനുള്ള നീക്കം തീര്‍ച്ചയായും അപലപിക്കപ്പെടേണ്ടതുമാണ്. ബിജെപിയുടെ ഇന്ത്യാ വിരുദ്ധ, വ്യാജ വാര്‍ത്തകള്‍ ശരിയായി ചിന്തിക്കുന്ന ഒരു ഇന്ത്യാക്കാരനും മുഖവിലയ്‌ക്കെടുക്കില്ല. പുല്‍വാമ ഭീകരാക്രമണവും ബലാക്കോട്ട് വ്യോമാക്രമണവും ഉയര്‍ത്തുന്നത് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അവര്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ ഉണ്ടായ പരാജയങ്ങള്‍ മറച്ച് വയ്ക്കാന്‍ വേണ്ടിയുള്ള ഗൂഢാലോചനയാണ്.

? പക്ഷേ ബെഗുസരായിലെ ജനങ്ങള്‍ എന്തിനാണ് താങ്കള്‍ക്ക് വോട്ട് ചെയ്യുന്നത്

കാരണം ഞാന്‍ ഈ മണ്ണിന്റെ പുത്രനാണ്. ബിജെപി സ്ഥാനാര്‍ഥിയെ പോലെ ഇറക്കുമതി ചെയ്യപ്പെട്ടവനല്ല. ഗിരിരാജ് സിങ് എന്ത് കൊണ്ടാണ് ഇവിടെ മത്സരിക്കാന്‍ മടിച്ചതെന്ന് വളരെ വ്യക്തമാണ്. അദ്ദേഹം ഏറെ ആശങ്കയിലാണ്. ഇവിടുത്തെ ജനങ്ങള്‍ എനിക്കേ വോട്ട് ചെയ്യൂ. എല്ലാ വിദ്വേഷ രാഷ്ട്രീയത്തിനും അടിച്ചമര്‍ത്തലിനും എതിരെയും ജനാധിപത്യ പങ്കാളിത്തത്തിനും സാമൂഹ്യ മാറ്റത്തിനും അവരുടെ ശബ്ദം ഡല്‍ഹിയില്‍ ഉയര്‍ന്ന് കേള്‍ക്കേണ്ടതുണ്ട്.

? നേരത്തെ നന്നായി സ്വാഗതം ചെയ്തിട്ടും മഹാസഖ്യം എന്ത് കൊണ്ടാണ് താങ്കളെ സ്ഥാനാര്‍ഥിയാക്കാതെ പോയത്

അതേക്കുറിച്ച് എനിക്ക് അറിയില്ല. എന്നാല്‍ എനിക്ക് ആരോടും ശത്രുതയില്ല. കൃത്യമായ അജണ്ടയോടും തുറന്ന മനസോടുമാണ് ഞാനിവിടെ ജനവിധി തേടാന്‍ ഇറങ്ങിയിരിക്കുന്നത്. ബെഗുസരായിലെ ജനങ്ങള്‍ ഏറെ രാഷ്ട്രീയ പക്വതയുള്ളവരാണ്. അവര്‍ക്ക് എല്ലാം മനസിലാകുകയും അറിയുകയും ചെയ്യാം. ഈ തെരഞ്ഞെടുപ്പില്‍ ജാതിയെയും രസതന്ത്രത്തെയും, കണക്കുകൂട്ടലുകളെയും പ്രചാരണത്തെയും കുറിച്ചുള്ള എല്ലാ കെട്ടുകഥകളും പൊളിക്കാന്‍ അവര്‍ തയാറെടുത്ത് കഴിഞ്ഞു. ബെഗുസരായി ഒരിക്കലും ബിജെപിയുടെ ഒരു ശക്തമായ കോട്ടയല്ല. 2014ല്‍ മാത്രമാണ് ഇവിടെ ബിജെപി വിജയിച്ചത്. ഇത് പരമ്പരാഗതമായി കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ഇടത് ആശയങ്ങളുടെയും കുത്തക മണ്ഡലമാണ്. മധ്യബിഹാര്‍ ജില്ലകളില്‍ ഉണ്ടായത് പോലൊരു ജാതിക്കൂട്ടക്കൊല ഇവിടെ സംഭവിച്ചിട്ടില്ല. ഇവിടുത്തെ ജനങ്ങള്‍ രാഷ്ട്രീയ വിദ്യാഭ്യാസം ഏറെയുള്ളവരായത് കൊണ്ട് തന്നെയാണത്. ബെഗുസരായിയില്‍ സമൂഹത്തിന്റെ താഴെ തട്ടില്‍ ഉള്ളവര്‍ മാത്രമല്ല കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ വിശ്വസിക്കുന്നത്. ഇവിടുത്തെ ഉയര്‍ന്ന ജാതിയായ ഭുമിഹാറില്‍ നിന്നുള്ളവരാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാരേറെയും.

? ഭൂമിഹാര്‍ സമുദായത്തില്‍ നിന്നുള്ള ഒരാളെന്നത് താങ്കള്‍ക്ക് ഈ തെരഞ്ഞെടുപ്പില്‍ ഗുണകരമാകുമെന്ന് കരുതുന്നുണ്ടോ

ഭൂമിഹാര്‍ സമുദായത്തില്‍ നിന്ന് മാത്രമല്ല എല്ലാ സമുദായത്തില്‍ നിന്നും എനിക്ക് പിന്തുണ ലഭിക്കും. ഇത് എന്റെ മണ്ഡലമാണ് എല്ലാവരും എന്റെ ആളുകളും. അതേസമയം ഭൂമിഹാര്‍ സമുദായത്തില്‍ ജനിച്ചു എന്ന വസ്തുത എനിക്ക് എങ്ങനെ തള്ളാനാകും.

? ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ നിന്ന് ഈ തെരഞ്ഞെടുപ്പ് എങ്ങനെ വ്യത്യസ്തമാകുന്നു

ജെഎന്‍യു ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനുമപ്പുറമാണ്. സാമൂഹ്യ പ്രസ്ഥാനങ്ങളില്‍ നിന്നും പൊതുബോധത്തില്‍ നിന്നും സ്വന്തം ജീവിതത്തില്‍ നിന്നു പോലും സ്വതന്ത്രമായി പഠിക്കാനുള്ള അവസരം അവിടെയുണ്ട്. അവിടെയാണ് എന്നിലെ വിപ്ലവകാരി ഉത്തേജിതനായത്. എന്റെ ജീവിത അഭിലാഷങ്ങള്‍ അവിടെ വച്ച് മാറ്റിമറിക്കപ്പെട്ടു. യൂണിയന്‍ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമ്പോള്‍ അത്ര വലിയ ഒരു പിന്തുണ എനിക്ക് ലഭിക്കുമെന്ന് കരുതിയതേയില്ല. അതില്‍ നിന്ന് തെല്ലും വ്യത്യസ്തമല്ല ലോക്‌സഭാ തെരഞ്ഞെടുപ്പും. ഈ തെരഞ്ഞെടുപ്പിലും അത്ഭുതാവഹമായ പിന്തുണയോടെ ഞാന്‍ തെരഞ്ഞെടുക്കപ്പെടും.

? താങ്കള്‍ വിജയിച്ചാല്‍ എന്തിനൊക്കെയാകും മുന്‍ഗണന നല്‍കുക

വിദ്വേഷ രാഷ്ട്രീയത്തിനെതിരെ ഞാന്‍ ശക്തമായി ശബ്ദമുയര്‍ത്തും. രാഷ്ട്രീയത്തെ പണക്കാരുടെ കീശയില്‍ നിന്ന് സ്വതന്ത്രമാക്കും. ഇത് നികുതിയടച്ച് സര്‍ക്കാരിനെ നിലനിര്‍ത്തുന്ന സാധാരണ ജനങ്ങളിലേക്ക് എത്തിച്ച് കൊടുക്കും.ജനങ്ങളാകും യജമാനന്‍മാര്‍. പൊതുസമത്വം, വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ, അടിസ്ഥാന സൗകര്യവികസനം എന്നിവയ്ക്ക് വേണ്ടിയുള്ള ഒരു ഭരണകൂടത്തിന് വേണ്ടി സംസാരിക്കും. സുതാര്യവും സത്യസന്ധവുമായ രാഷ്ട്രീയത്തിന് വേണ്ടി നിലകൊള്ളും.

? ക്രൗഡ് ഫണ്ടിംഗിലൂടെ എത്ര പണം സമാഹരിച്ചു

മൂന്ന് ദിവസം കൊണ്ട് 30 ലക്ഷത്തിലേറെ രൂപ സമാഹരിച്ചു. എന്നാല്‍ പെട്ടെന്ന് ഒരു സൈബര്‍ ആക്രമണം ഉണ്ടായി. അതോടെ വെബ്‌സൈറ്റ് തുറക്കാന്‍ പറ്റാത്ത സ്ഥിതിയായി. തെരഞ്ഞെടുപ്പ് കമ്മിഷന്‍ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് എഴുപത് ലക്ഷം രൂപ സമാഹരിക്കുകയാണ് ലക്ഷ്യം.