ജാതകം കത്തിക്കുന്ന സൂര്യൻ

Web Desk
Posted on November 10, 2019, 7:05 am

അനീസ ഇഖ്ബാൽ

ഏഴാച്ചേരി

എന്റെ ജന്മസ്ഥലത്തിന്റെ പേരാണത്. കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്ക് രാമപുരം പഞ്ചായത്ത് ഏഴാച്ചേരി എന്ന ഗ്രാമത്തിലാണ് ഞാൻ ജനിച്ചത്. ജന്മനാടിനെ പേരിന്റെ കൂടെ കൂട്ടുകയായിരുന്നു. കലാ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് കുട്ടിക്കാലത്ത് മാതാപിതാക്കൾ ഒരു വിലക്കും ഏർപ്പെടുത്തിയിരുന്നില്ല. രാമായണം ഉൾപ്പെടെയുള്ള പുരാണഗ്രന്ഥങ്ങൾ വായിച്ചുകേട്ട ഒരു സംസ്കൃതി ഉള്ളിൽ രൂപപ്പെട്ടിരുന്നു. ഉത്സവപ്പറമ്പുകളിലെ കഥാപ്രസംഗ വേദികളിൽ കേട്ട ഗാനങ്ങൾ ന്നന്നായി പ്രോത്സാഹിപ്പിച്ചു. ഈണവും താളവുമുള്ള അതിലെ വരികൾ പതിയെപതിയെ വായനയിലേക്ക് അടുപ്പിക്കുകയായിരുന്നു.

വായിക്കുക എന്നാൽ ജീവിക്കുക എന്നാണ്

നോവലും കഥയും കവിതയും യാത്രവിവിരണവും അങ്ങനെ എല്ലാവിഭാഗത്തിൽപെട്ടതും വായിക്കും. വളരെ സങ്കീർണ്ണമായ ശാസ്ത്രപുസ്തകങ്ങൾ ഒന്നും വായിക്കാറില്ല. കുട്ടിക്കാലത്ത് ഗ്രാമത്തിലെ വായനശാലയിൽ പോകും. പ്രൈമറി ക്ലാസുകളിൽ പഠിക്കുന്ന കാലത്തുതന്നെ കവിതയോട് തീക്ഷ്ണമായ ഒരു പക്ഷപാതമുണ്ടായിരുന്നു. കേരളമാകെ ഒരു സാമൂഹിക മാറ്റം ഉണ്ടായിക്കൊണ്ടിരിക്കുന്ന കാലഘട്ടമായിരുന്നു അത്. അന്ന് നാട്ടിൻപുറങ്ങളിൽ കവിതകളും പാട്ടുകളും ധാരാളം മുഴങ്ങികേട്ടിരുന്നു. അത് സിനിമാപാട്ടുകളായിരുന്നില്ല, നാടകഗാനങ്ങളും വിപ്ലവഗാനങ്ങളും ആയിരുന്നു. അവിടെയെല്ലാം ഞാൻ പോകുമായിരുന്നു. ജ്യേഷ്ഠന്മാരൊക്കെ കമ്യൂണിസ്റ്റ്കാരായിരുന്നതിനാൽ രാഷ്ട്രീയ പാർട്ടികളുടെ മീറ്റിംഗുകളിലൊക്കെ പോകാനുള്ള സാഹചര്യമുണ്ടായിരുന്നു. രാഷ്ട്രീയ ഭേദമില്ലാതെ എല്ലാ പ്രസംഗങ്ങളും കേൾക്കാൻ പോകുമായിരുന്നു.

മൂത്ത ജ്യേഷ്ഠൻ കടുത്ത കമ്യൂണിസ്റ്റായിരുന്നു. അദ്ദേഹം നാട്ടിലെ വായനശാലയിലെ സജീവപ്രവർത്തകനായിരുന്നു. ഞാനും അദ്ദേഹത്തിനൊപ്പം വായനശാലയിലെ നിത്യസന്ദർശകനായി. ഗന്ധമാതന പർവ്വതം വൈശ്രവണന്റെ സദസ്സിൽ ഒരു മനുഷ്യനായിട്ടുചെന്ന് ഇരിക്കുമായിരുന്നു, എന്നുപറയുന്നതുപോലെ ഏഴാച്ചേരി നാഷണൽ ലൈബ്രറി എന്നു പറയുന്ന സ്ഥാപനം ഒരു വ്യക്തിയാണെങ്കിൽ എന്റെ ജീവിതത്തിൽ എന്നെ ഇത്രയധികം പ്രോത്സാഹിപ്പിച്ചത് ആ ‘വ്യക്തി‘യാണ്.

താളത്തോടുള്ള പ്രതിപത്തി

കഥാപ്രസംഗം അന്നത്തെ ഒരു പ്രധാന കലയായിരുന്നല്ലോ. ഒരു ഇടത്തരം സാധാരണ കുടുംബമായിരുന്നെങ്കിലും കലാ സാംസ്കാരിക സദസ്സുകളിൽ പോകുന്നതിന് അനുകൂലമായ സാഹചര്യം ഉണ്ടായിരുന്നു. ഉൽസവങ്ങൾക്കുപോകുമ്പോൾ ശാസ്ത്രീയ സംഗീതകച്ചേരി കേട്ട് ശാസ്ത്രീയ സംഗീതം പഠിച്ചുതുടങ്ങി. അതിന്റെ ഫലമായി പാട്ടുകൾ ആസ്വദിക്കാനുള്ള അടിസ്ഥാന വിവരം ഉണ്ടായി. ചങ്ങമ്പുഴയുടെ ‘രമണൻ’ എന്ന കവിതയിലെ ആദ്യത്തെ ചില ഭാഗങ്ങൾ അഞ്ചാം ക്ലാസിലെ പാഠപുസ്തകത്തിൽ ഒരു പ്രകൃതിവർണ്ണന എന്ന പേരിൽ പഠിക്കാനുണ്ടായിരുന്നു. അത് ഞങ്ങളുടെ അദ്ധ്യാപകൻ ഈണത്തിൽ ചൊല്ലിത്തരുമായിരുന്നു. അന്നു തുടങ്ങിയതാണ് കവിതയിലെ താളത്തോടുള്ള ഇഷ്ടം.

ഗദ്യ കവിതയോട് വിരോധമില്ല. പക്ഷേ താളമാണ് മലയാളകവിതയുടെ പാരമ്പര്യം. മനുഷ്യഹൃദയം താളബദ്ധമായാണ് മിടിക്കുന്നത്. മുഴുവൻ പ്രവൃത്തികൾക്കും താളമുണ്ട്. അരി അരയ്ക്കുന്നത്, കറിക്കു നുറുക്കുന്നത്, താരാട്ട് പാടുന്നത്, പാടത്ത് കള പറിക്കുന്നത്, നെല്ലുകുത്തുന്നത്. ഇതൊക്കെ താളത്തിലല്ലെന്ന് പറയാനാവുമോ?

ജനയുഗകാലം

തീർച്ചയായും. ആ കാര്യങ്ങൾ ജനയുഗവുമായി ബന്ധപ്പെട്ടതാണ്. വടക്ക് ‘ദേശാഭിമാനി’ പത്രം. മധ്യഭാഗത്ത് ‘നവജീവൻ’, തെക്ക് ‘ജനയുഗം’. തെക്കൻ കേരളീയരായതുകൊണ്ട് എന്റെ വീട്ടിൽ ജനയുഗമാണ് വരുത്തുന്നത്. ജനയുഗം വാരിക വരുന്നത് ആർത്തിയോടെ നോക്കിയിരിക്കുമായിരുന്നു. അവിഭക്ത കമ്യൂണിസ്റ്റുപാർട്ടിയുടെ കാലമായിരുന്നു അത്. കുട്ടികളുടെ ബാലപംക്തി ജനയുഗം വാരികയിലുണ്ടായിരുന്നു. ‘ജനയുഗം ലീഗ്’ എന്നായിരുന്നു അതിന്റെ പേര്. അതിലാണ് കവിതകൾ ആദ്യമായി അച്ചടിച്ചുവരുന്നത്. കവിതാമത്സരത്തിന് അന്ന് ഒന്നാം സമ്മാനം കിട്ടി. ‘മാവേലി വന്നപ്പോൾ’ എന്നപേരിൽ അത് ജനയുഗം ബാലപംക്തിയിൽ പ്രസിദ്ധീകരിച്ചു. ഹൈസ്കൂൾ കാലത്താണ് പാട്രിസ് ലുമുംബ വെടിയേറ്റ് മരിക്കുന്നത്. അതേപറ്റി ഒരു കവിതയെഴുതി. ഞാനത് ജനയുഗം ബാലപംക്തിയിലേക്കാണ് അയച്ചതെങ്കിലും അത് പ്രധാന പേജിലാണ് അച്ചടിച്ച് വന്നത്. അത് കവിതയിൽ തുടരാനുള്ള ആത്മവിശ്വാസം നല്കി. അതിൽ നിന്ന് ഇതുവരെ പിന്മടങ്ങിയിട്ടില്ല. അന്നത്തെ കേരളത്തിൽ വളർന്നുവന്നുകൊണ്ടിരുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനം, തിരുനെല്ലൂർ, വയലാർ, പി ഭാസ്കരൻ തുടങ്ങിയ കവികൾക്ക് കൊടുക്കുന്ന പരിഗണന കണ്ടപ്പോൾ ആ കവികളോടെല്ലാം വലിയ ആരാധന തോന്നി. അങ്ങനെ അവരുടെ മുഴുവൻ കവിതകളും വായിച്ചു. അവരെപ്പോലെ എഴുതാൻ കഴിയുമോ എന്നുള്ള പരീക്ഷണമാണ് എന്നെ കവിയാക്കിയത്.

വയലാറിനോട് പ്രിയം

നാട്ടിലെ എൽ പി സ്കൂളിൽ പ്രസംഗിച്ചുകൊണ്ടുനില്ക്കുന്ന വയലാറിനെയാണ് ആദ്യം കാണുന്നത്. ഞാനന്ന് മൂന്നാം ക്ലാസിലാണ് പഠിക്കുന്നത്. തീരെ മെലിഞ്ഞ ഒരു ചെറുപ്പക്കാരൻ. പിന്നീട് ഹൈസ്കൂളിൽ പഠിക്കുന്ന സമയത്ത് ഞാൻ സാഹിത്യസമാജം പ്രസിഡന്റായിരുന്നു. അന്ന് വയലാറിനെ സ്കൂളിലേക്ക് കൊണ്ടുവന്നു. വയലാറിന് സ്വാഗതം പറഞ്ഞത് ഞാനായിരുന്നു. മീറ്റംഗ് കഴിഞ്ഞപ്പോൾ അദ്ദേഹം എന്നോട് സംസാരിച്ചു. കവിതകൾ എഴുതണമെന്നൊക്കെ ഉപദേശിച്ചു. കുറെക്കാലത്തിനുശേഷം ദേശാഭിമാനി പത്രത്തിന്റെ ആലപ്പുഴ ലേഖകനായിരുന്നപ്പോൾ ഉദയാ സ്റ്റുഡിയോയുമായി എനിക്ക് നല്ല ബന്ധമുണ്ടായിരുന്നു. അവരുടെ പ്രധാന ചിത്രങ്ങളുടെ ചിത്രീകരണം നടക്കുമ്പോൾ പത്രക്കാരെയൊക്കെ ക്ഷണിക്കാറുണ്ട്. അവിടെ വയലാറും വരാറുണ്ടായിരുന്നു. അങ്ങനെ അദ്ദേഹവുമായി നല്ല പരിചയത്തിലായി. വയലാറിന്റെ കവിതകളോടാണ് അന്നും ഇന്നും എന്നും ഏറ്റവും പ്രിയം. പിന്നെ ചങ്ങമ്പുഴ, പി ഭാസ്കരൻ, തിരുനെല്ലൂർ, ഒ എൻ വി എന്നിവരോടും ഇഷ്ടമാണ്. വൈലോപ്പിള്ളി, ഇടശ്ശേരി, കുഞ്ഞിരാമൻ നായർ, കുമാരനാശാൻ എന്നിവരും ഇഷ്ടകവികളാണ്.

ഞങ്ങൾ പഠിക്കും ഞങ്ങൾ ജയിക്കും,

നാളെ ഭരിക്കാൻ ആളുവേണ്ടേ?

സ്കൂളിൽ പഠിക്കുന്ന കാലത്താണ് വിമോചനസമരം. രാമപുരത്ത് ക്രിസ്ത്യൻ മാനേജ്മെന്റിന്റെ കീഴിലുള്ള ഒരു സകൂളിലാണ് ഞാൻ അന്ന് പഠിക്കുന്നത്. ഇടതുപക്ഷക്കാരുടെ കുട്ടികൾ മാത്രമാണ് അന്ന് ക്ലാസിൽ ഇരിക്കുക. ബാക്കിയുള്ളവർ വിമോചന സമരത്തിനു പോകും (ഒരണസമരം).

”ഞങ്ങൾ പഠിക്കും ഞങ്ങൾ ജയിക്കും നാളെ ഭരിക്കാൻ ആളുവേണ്ടേ? ” എന്നാതായിരുന്നു ഞങ്ങളുടെ മുദ്രാവാക്യം.

ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ പ്രസംഗത്തിന് ആദ്യമായി ഒന്നാം സമ്മാനം കിട്ടി. സ്കൂൾ കാലത്ത് സാഹിത്യസമാജങ്ങളുമൊക്കെയായി സജീവമായിരുന്നു. കോളേജ് കാലത്ത് കവിതകളൊന്നും അങ്ങനെ എഴുതിയിട്ടില്ല. വർഷത്തിൽ ഒരിക്കൽ ഇറങ്ങുന്ന കോളേജ് മാഗസിനിൽ മാത്രമാണ് അന്ന് എഴുതിയത്. എം എ പഠനത്തിനുശേഷം ബി എഡ് പഠിക്കാൻ പോയി. അതിനുശേഷം മൂന്നു മാസം വെറുതെ നിന്നു. പിന്നീട് ദേശാഭിമാനി പത്രത്തിൽ. അതോടെ കവിതയിൽ വീണ്ടും സജീവമായി. എഴുപതുകളിലായിരുന്നു അത്.

ചൊൽക്കവിതകളുടെ പ്രാധാന്യം നഷ്ടപ്പെട്ടു

കവികൾക്കായിരുന്നു പണ്ട് പ്രാധാന്യം. അന്ന് ഉദ്ഘാടനത്തിനും പ്രസംഗങ്ങൾക്കുമെല്ലാം കവികളെയാണ് വിളിച്ചിരുന്നത്. ഏറ്റവും നല്ല പ്രസംഗകൻ ജി ശങ്കരക്കുറുപ്പായിരുന്നു. വയലാറിന്റെ പ്രസംഗം ഗംഗാപ്രവാഹം പോലെയായിരുന്നു. ഒ എൻ വി കുറുപ്പിന്റെ പ്രസംഗവും എന്നെ ആകർഷിച്ചിരുന്നു. ചൊൽകവിതകൾക്ക് അക്കാത്ത് വലിയ സ്വീകാര്യത ഉണ്ടായിരുന്നു. കവിതയിലെ താളം നഷ്ടപ്പെട്ടതുകൊണ്ടാവാം ഇന്ന് കവികൾക്ക് പ്രാധാന്യം ലഭിക്കാത്തത്.

നിരൂപണം സച്ചിദാനന്ദനിൽ തടഞ്ഞു നിൽക്കുന്നു

പഴയ നിരൂപകരായ മുണ്ടശ്ശരി, കുറ്റിപ്പുഴ കൃഷ്ണപിള്ള, തുടങ്ങിയവർ അന്നത്തെ കവികളെ നന്നായി പ്രോത്സാഹിപ്പിച്ചിരുന്നു. എന്നാൽ ഇന്നത്തെ നിരൂപകർ സച്ചിദാനന്ദനിൽ തടഞ്ഞുനില്ക്കുകയാണ്. അവിടെനിന്ന് മുന്നോട്ട് പോകുന്നില്ല. ബാലചന്ദ്രൻ ചുള്ളിക്കാടിനെക്കുറിച്ചുപോലും പറയില്ല. അദ്ദേഹം പ്രതിഭയുള്ള കവിയാണല്ലോ? വേണ്ടത്ര പരിഗണന ചുള്ളിക്കാടിന് ലഭിച്ചിട്ടില്ല. അതിൽ എനിക്ക് പരിഭവമുണ്ട്. എന്റെ കവിതയെ പൊതുവേ നിരൂപകർ കാണാത്ത മട്ടാണ്. പാർശ്വവൽക്കരണം എന്നു പറയുന്നതിനേക്കാൾ ക്രൂരമായ തമസ്ക്കരണം എന്നു പറയുന്നതാകും ശരി. കവികൾക്കുമാത്രമല്ല, മുഴുവൻ എഴുത്തുകാർക്കും, സമസ്തകലാകാരൻമാർക്കും ഇത്തരത്തിൽ ഒരു വേദനാനുഭവം ഏറിയും കുറഞ്ഞും ഉണ്ടാകാറുണ്ട്. ‘അവഗണിതേകാന്ത ജീവിതാപ്ത’നായ ഒരാൾ കുട്ടിക്കാലം മുതൽക്കേ എന്റെയുള്ളിലുണ്ട്. പലകോണുകളിൽ നിന്നുള്ള ചവിട്ടിത്തേക്കലുകൾ പിന്നിട്ടുവന്ന വഴികളിൽ ധാരാളം. അതിനാൽ അത്തരം പ്രാമാണികൻമാരെ അർജുനചാപംകൊണ്ട് നേരിടുന്നതിനേക്കാൾ, ഏകലവ്യന്റെ കാട്ടമ്പുകൊണ്ട് നേരിടുന്നതാകും കൂടുതൽ സയുക്തികം.

ഫാസിസത്തിനെതിരേ പുസ്തകങ്ങൾ

ഫാസിസത്തെ നേരിടാനുള്ള പ്രധാന ആയുധം പുസ്തകങ്ങൾ തന്നെയാണ്. ബുദ്ധിപരമായി നമ്മെ തളർത്താനുള്ള ശ്രമങ്ങളാണ് ഫാസിസം നടത്തുന്നത്. സാംബശിവനെപ്പോലെയുള്ളവർ അവതരിപ്പിച്ചിരുന്ന കഥാപ്രസംഗം അമ്പലപ്പറമ്പുകളിൽ ഇന്ന് അവതരിപ്പിക്കാനാവാത്ത സാഹചര്യമുണ്ട്. ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടപ്പോൾ ഞാൻ ഒരു കവിതയെഴുതിയിരുന്നു. ഹിറ്റ്ലർ പ്രയോഗിച്ചിരുന്ന അതേ തന്ത്രം ഇവിടെ മറ്റൊരു നിറത്തിൽ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ഇതിനെതിരെയുള്ള വലിയൊരു ചെറുത്തുനിൽപ്പ് ഇന്ന് ആവശ്യമാണ്. ഒരു പത്തുവർഷം മുമ്പുവരെ കേരളത്തിന്റെ മണ്ണിൽ ഫാസിസ്റ്റുകൾ കടന്നുവരുമെന്ന് നമ്മൾ വിശ്വസിച്ചിരുന്നില്ല. പക്ഷേ ഇന്ന് പടിവാതില്ക്കൽ അത് എത്തിനില്ക്കുന്നു. ഇതിനെതിരെ എഴുത്തുകാർ സംഘടിക്കണം. എന്റെ അഭിപ്രായം അമ്പതുകളിലേതുപോലെയുള്ള സുസംഘടിതമായ ഒരു സാംസ്കാരിക മുന്നേറ്റം ഉണ്ടാകണം. വായനശാലകളെ തിരികെപിടിക്കണം. പെൺസദസ്സുകളുടെ മുന്നേറ്റം ഉണ്ടാവണം. കുടുംബസദസ്സുകളുടെ പുന: സംഘാടനം സാധ്യമാക്കണം. കവിത, കഥാപ്രസംഗം, നാടകം തുടങ്ങി കമ്യൂണിസ്റ്റ് പ്രസ്ഥാനം വളരാനുപയോഗിച്ച വഴികളെ തിരിച്ചുകൊണ്ടുവരണം. ആ കാലഘട്ടത്തിലേക്ക് എഴുത്തുകാരും കലാകാരന്മാരും എത്തിച്ചരണം. അതിനായി സാംസ്കാരിക സംഘടനകളും രാഷ്ട്രീയപാർട്ടികളും യത്നിക്കണം. അമ്പത്തേഴിൽ തുടങ്ങി ഇടതുപക്ഷം പലതവണ അധികാരത്തിലേറിയെങ്കിലും ഇപ്രാവശ്യമാണ് വി ജെ ടി ഹാളിന് അയ്യൻകാളിയുടെ പേര് നല്കാൻ കഴിഞ്ഞത്. അതിനു കാരണം മുൻ നേതാക്കൾക്ക് പുരോഗമനം ഇല്ലാത്തതുകൊണ്ടല്ല, ഈ കാലഘട്ടത്തിന്റെ ആവശ്യമായതുകൊണ്ടാണ്.