മാമങ്കം കൊണ്ടാടുവാൻ മലയാളം ഒരുങ്ങി, നിർമാതാവ് വേണു കുന്നപ്പള്ളി മനസ് തുറക്കുന്നു

Web Desk
Posted on November 10, 2019, 7:20 am

എസ് ബി നിഖിൽ

മാമങ്കം മലയാള സിനിമയുടെ ചിറകുകളാണ്. ‘ബാഹുബലി‘യും ‘പത്മാവ’തും ‘സെയ്റ നരസിംഹ റെഡ്ഡി‘യുമെല്ലാം മലയാള മൊഴിമാറ്റചിത്രങ്ങളായി കണ്ട് ശീലിച്ച ചലച്ചിത്ര ആസ്വാദകർക്ക് വിസ്മയം സമ്മാനിച്ച് ലോകോത്തരമെന്ന വിശേഷണങ്ങൾക്ക് ഉതകുന്ന രീതിയിലാണ് മാമങ്കം ഒരുങ്ങുന്നത്. 100 കോടി മുതൽ മുടക്കിൽ ഒരു സിനിമ. മലയാള സിനിമയുടെ വാർഷിക ബജറ്റ് തന്നെ 300 കോടിയ്ക്ക് അടുത്താണെന്ന് അറിയുമ്പോഴാണ് മാമങ്കം മലയാള സിനിമയിലെ അത്ഭുതമായി മാറുന്നത്. ഇനിയും ഇത്തരം വലിയ പരീക്ഷണങ്ങൾക്ക് ഈ ചെറിയ ‘ഇൻടസ്ട്രി’ തുനിയുമ്പോൾ വേണു കുന്നപ്പള്ളിയെന്ന നിർമാതാവിനെ ചലച്ചിത്രലോകം സ്മരിക്കും. പ്രതിസന്ധികൾ അനവധിയുണ്ടായിട്ടും ഒരു പുഞ്ചിരിയോടെ തരണം ചെയ്ത് മാമങ്കത്തിനെ റിലീസിന്റെ വക്കോളമെത്തിച്ച നിർമാതാവ്. വിഎഫ്എക്സ് അടക്കമുള്ള ജോലികൾ പൂർത്തിയാക്കി മാമങ്കം റിലീസിനൊരുങ്ങുമ്പോൾ കൊച്ചി മറൈൻ ഡ്രൈവിലുള്ള ഫ്ളാറ്റിൽ വേണുകുന്നപ്പള്ളി പ്രതീക്ഷകൾ പങ്കുവച്ചു.

നിശ്ചയദാർഡ്യം മുതൽമുടക്ക്

തിരുനാവായ മണപ്പുറത്ത് നൂറ്റാണ്ടുകൾക്ക് മുമ്പ് ഒരു അനുഷ്ടാനമെന്നോണം ആചരിച്ചുപോന്നിരുന്ന മാമാങ്കവും അതിന്റെ ഉള്ളറകളുമാണ് മാമാങ്കത്തിന്റെ ഇതിവൃത്തം. വലിയ ക്യാൻവാസിൽ തന്നെ ഒരുക്കേണ്ട ചലച്ചിത്ര കാവ്യം. നൂറ് കോടി രൂപ മുതൽമുടക്കിയാണ് വരുന്നതെന്ന് അറിഞ്ഞപ്പോൾ തന്നെ പലരും നെറ്റിചുളിച്ചു. പരിചയമുള്ളവർ നേരിട്ട് വിളിച്ചു ഉപദേശിച്ചു. തമിഴ്, തെലുങ്ക് പോലെ വർഷത്തിൽ 2000 കോടിക്ക് മുകളിൽ ബജറ്റുള്ള വ്യവസായം നടക്കുന്നിടത്ത് ഇത്തരമൊരു പ്രോജക്ടിന് സാധ്യതകളുണ്ടെന്നും ചെറിയ ചിത്രം ചെയ്ത് നോക്കിയിട്ട് പോരെ ഇത്തരമൊരു പരിശ്രമമെന്നുംവരെ നീണ്ടു ഉപദേശങ്ങൾ. മലയാളത്തിൽ നിർമാതാവായി വേഷമിടുന്നുണ്ടെങ്കിൽ അത് മാമങ്കത്തിലൂടെയെന്ന് തറപ്പിച്ച് പറഞ്ഞു. എതിർപ്പുകൾ പതുക്കെ പിൻവലിഞ്ഞു. ഒടുവിൽ ഔദ്യോഗകമായി തന്നെ മാമങ്കം പ്രഖ്യാപിച്ചു.

പ്രതിസന്ധികളെ മറി കടന്ന മാമാങ്കം

കൃത്യമായ പദ്ധതികളോടെ തുടങ്ങിയെങ്കിലും സാധരണ സിനിമാ മേഖലകളിലുണ്ടാകുന്ന പ്രതിസന്ധികൾ തന്നെയാണ് മാമാങ്കത്തിനെയും വലച്ചത്. സിനിമയുടെ സകല മേഖലകളിലും സംവിധായകന്റെ ആസൂത്രണം പാളിയതോടെ സിനിമ ചിത്രീകരണം നിശ്ചലമായി. അന്തമായി ചിത്രീകരണം നീണ്ട് പോയതോടെ എവിടെ അവസാനിക്കുമെന്ന ധാരണയില്ലാതായി. ഏറെ കോലാഹലങ്ങൾക്കൊടുവിൽ സംവിധായകനെ മാറ്റി. അപ്പോഴേയ്ക്കും 12 കോടിയോളം രൂപ മുതൽമുടക്കിയിരുന്നു. നാല് മലയാള സിനിമ പിടിക്കുവാനുള്ള പണം. ഒടുവിൽ പരിചയ സമ്പന്നനായ എം പത്മകുമാർ മാമാങ്കത്തിന്റെ തലപ്പത്ത് എത്തുന്നു. പിന്നീട് നടൻ ധ്രുവിനെ മാറ്റിയതും ഉണ്ണി മുകുന്ദൻ വന്നതുമെല്ലാം വിവാദങ്ങളുടെ മേമ്പൊടി ചേർത്താണ് അവതരിപ്പിക്കപ്പെട്ടത്.

കൂറ്റൻ സെറ്റും മിടുക്കന്മാരായ ടെക്നീഷ്യന്മാരും

12 കോടി നഷ്ടമായെങ്കിലും പിന്മാറാൻ ഒരുക്കമില്ലായിരുന്നു. വീണ്ടും ആദ്യംമുതൽ മാമങ്കം ഷൂട്ട് ചെയ്തു. അപ്പോഴും ആദ്യം ഒതുങ്ങി നിന്ന എതിർപ്പുകൾ തലപൊക്കി. എന്നാൽ കാര്യമാക്കാതെ ഷൂട്ടിംഗുമായി മുന്നോട്ട് പോകുവാനായിരുന്നു തീരുമാനം. ഒടുവിൽ 142 ദിവസമെടുത്താണ് പിന്നീട് ഷൂട്ടിങ്ങ് പൂർത്തിയാക്കിയത്. സംവിധായകൻ എം പത്മകുമാറും നായകനായി എത്തുന്ന മമ്മൂട്ടിയും നൽകിയ പിന്തുണ മറക്കാനാകില്ല. ചിത്രത്തിനായി 14 കോടിയോളം രൂപ മുടക്കി നെട്ടൂരിലും മരടിലും നിർമിച്ച സെറ്റ് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. കൊച്ചിക്ക് പുറമേ കണ്ണൂർ, ആതിരപ്പള്ളി, ഒറ്റപ്പാലം, വാഗമൺ തുടങ്ങിയവയായിരുന്നു ചിത്രത്തിന്റെ ലൊക്കേഷൻ. ഇന്ത്യൻ സിനിമയിൽ നിലവിൽ ലഭിക്കാവുന്ന ഏറ്റവും മിടുക്കരായ സാങ്കേതിക വിദഗ്ധരെയാണ് സിനിമയ്ക്ക് പിന്നിൽ അണിനിരത്തിയിരിക്കുന്നത്. ‘ദംഗൽ’ ഉൾപ്പെടെയുളള ചിത്രങ്ങൾക്ക് ആക്ഷൻ ഒരുക്കിയ ശ്യാം കൗശലാണ് മാമങ്കത്തിന് പിന്നിലും. ‘ബാഹുബലി’, ‘പത്മാവത്’ തുടങ്ങിയ ചിത്രങ്ങൾക്ക് ചുക്കാൻ പിടിച്ച സാങ്കേതിക പ്രവർത്തകരിൽ ഒരുപറ്റം ആളുകളെ ‘മാമാങ്ക’ത്തിലേക്കുമെത്തിച്ചിട്ടുണ്ട്. ഗുണനിലാവരത്തിൽ ഒരുതരത്തിലുമുള്ള വിട്ടുവീഴ്ച്ചകൾക്കും ഒരുക്കമല്ലായിരുന്നു. അതുകൊണ്ട് തന്നെ വൻബജറ്റിൽ തന്നെയാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്.

മലയാള സിനിമാ ലോകം അൽപ്പം കടുപ്പം തന്നെ

നേരത്തെ ഹോളിവുഡിൽ ‘ആഫ്റ്റർ മിഡ്നൈറ്റ്’ എന്ന സിനിമ നിർമിച്ചിട്ടുണ്ട്. 2020ൽ ചിത്രം പ്രദർശനത്തിനെത്തും. നിർമാതാവിനെ ഒരുഘട്ടത്തിലും പരീക്ഷിക്കുന്ന രീതിയല്ല ഹോളിവുഡിലേത്. കൃത്യമായ ആസൂത്രണത്തിൽ പറയുന്ന ദിവസം തന്നെ ചിത്രത്തിന്റെ ജോലികൾ അണിയറ പ്രവർത്തകർ തീർക്കും. എന്നാൽ മലയാളത്തിൽ അത് സാധ്യമല്ല. പലകടമ്പകളും കടന്നെങ്കിൽ മാത്രമേ ചിത്രീകരണമുൾപ്പടെ പൂർത്തിയാക്കുവാൻ സാധിക്കൂ. വലിയ വെല്ലുവിളികൾക്ക് നടുവിൽ നിന്നാണ് സിനിമാ പൂർത്തിയാക്കിയത്.

മാമാങ്കത്തിന്റെ നിർമാതാവായതിൽ അഭിമാനം

2000ലധികം സ്ക്രീനുകളിലാണ് റിലീസ് ചെയ്യുവാൻ ഉദ്ദേശിക്കുന്നത്. ഒരു നിർമാതാവെന്ന നിലയിൽ മലയാളത്തിൽ മാമാങ്കത്തിലൂടെ തുടക്കം കുറിക്കാനായതിൽ അഭിമാനമുണ്ട്. മലയാള സിനിമയുടെ ചരിത്രത്തിന്റെ തന്നെ ഭാഗമാകുവാൻ പോകുന്ന സിനിമയെന്ന നിലയിൽ ഇപ്പോൾ തന്നെ ആരാധകർ വലിയ പ്രതീക്ഷയിലാണ്. പ്രവാസി വ്യവസായിയായ വേണുവിന് ദുബായ്ക്ക് പുറമേ യു കെ, സൗത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലും ബിസിനസുണ്ട്. മാമങ്കത്തിന് ലഭിക്കുന്ന പ്രേക്ഷക പിന്തുണയ്ക്ക് അനുസരിച്ച് മാത്രമാണ് അടുത്ത ചിത്രം നിർമിക്കുന്നതിനെ കുറിച്ച് തീരുമാനിക്കുവെന്നും വേണു കുന്നപ്പള്ളി പറഞ്ഞു. മമ്മൂട്ടി പ്രധാന വേഷത്തിലെത്തുന്ന മാമങ്കത്തിൽ ഉണ്ണി മുകുന്ദൻ, പ്രാച്ചി തെഹ്ളാൻ, തുടങ്ങിയ ഒരുപിടി താരങ്ങൾ അഭിനയിച്ചിരിക്കുന്നു.