July 3, 2022 Sunday

Latest News

July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022

പൊറുതിമുട്ടിക്കുന്ന വിലക്കയറ്റം നിയന്ത്രിക്കണം

Janayugom Webdesk
May 21, 2022

രാജ്യം ദുർവഹമായ വിലക്കയറ്റത്തിന്റെ പിടിയിൽ അമർന്നിരിക്കുകയാണ്. ജനങ്ങൾ ഉപയോഗിക്കുന്ന എല്ലാ അവശ്യവസ്തുക്കളുടെയും വില അനിയന്ത്രിതമായി കുതിച്ചുയരുന്നു. അതിന്റെ കെടുതിയിൽ ഞെരിഞ്ഞമരുന്നത് ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും മഹാഭൂരിപക്ഷം വരുന്ന പാവപ്പെട്ടവരാണ്. മേയ്‌മാസത്തെ ചില്ലറ വില വര്‍ധനവ് 7.8 ശതമാനമായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അത് കഴിഞ്ഞ എട്ടുവർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണ്. ഭക്ഷ്യവസ്തുക്കളുടെ ചില്ലറവില ഏഴുമാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ, 8.38 ശതമാനത്തിൽ എത്തിനിൽക്കുന്നു. മൊത്തവില സൂചിക 2021–2022 പരമ്പരയിലെ ഏറ്റവും ഉയർന്ന 15.08 ശതമാനത്തിൽ എത്തിയിരിക്കുന്നു. ഈ കണക്കുകൾ സാധാരണക്കാരെ, പ്രത്യേകിച്ചും പാവപ്പെട്ടവരെ സംബന്ധിച്ചിടത്തോളം അർത്ഥശൂന്യമാണ്. അത് അവരുടെ ദൈനംദിന ജീവിതത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതമാണ് വിലയിരുത്തപ്പെടേണ്ടത്. അവർക്ക് വാങ്ങേണ്ടിവരുന്ന ഭക്ഷ്യധാന്യങ്ങൾ, ആട്ട, പച്ചക്കറികൾ, ഭക്ഷ്യഎണ്ണ, പാചകവാതകം എന്നിവയുടെയെല്ലാം വിലയിൽ ഗണ്യമായ വർധനവാണ് ഉണ്ടാക്കിയിട്ടുള്ളത്. അതിന്റെ അർത്ഥം ഇടത്തരക്കാരും പാവപ്പെട്ടവരും ഭക്ഷ്യവസ്തുക്കളിൽ കുറവുവരുത്താനും കുഞ്ഞുങ്ങൾക്കുപോലും പോഷകാഹാരം നിഷേധിക്കപ്പെടാനും കാരണമായെന്നാണ്.


ഇതും കൂടി വായിക്കാം; ജനജീവിതം ദുഃസഹമാക്കുന്ന വിലക്കയറ്റം


വിലക്കയറ്റം കോടാനുകോടി കുടുംബങ്ങളുടെ ജീവിതം താറുമാറാക്കിയിരിക്കുന്നു. അസംഘടിത മേഖലകളിൽ അത് തൊഴിലിനെയും വരുമാനത്തെയും പ്രതികൂലമായി ബാധിച്ചു. സർവകാല റെക്കോഡ് തകർത്തു വില കുതിച്ചുയരുമ്പോഴും സാധാരണക്കാരും പട്ടിണിപ്പാവങ്ങളും ദുരിതക്കയത്തിൽ മുങ്ങിത്താഴുമ്പോഴും മോഡിഭരണകൂടം അവലംബിക്കുന്ന ക്രൂരമായ നിസംഗതയാണ് അതുസംബന്ധിച്ച് ധനമന്ത്രി നിർമ്മലാ സീതാരാമന്റെ പേരിൽ പുറത്തുവന്ന പ്രതികരണം. വിലക്കയറ്റം സാധാരണക്കാരെ പ്രതികൂലമായി ബാധിച്ചിട്ടില്ലെന്നും, അത് സമ്പന്നരെയാണ് ബാധിക്കുന്നതെന്നുമായിരുന്നു അവരുടെ വാക്കുകള്‍. അതിനെതിരെ രൂക്ഷവിമർശനം ഉയർന്നപ്പോൾ പ്രസ് ആന്റ് ഇൻഫർമേഷൻ ബ്യൂറോ അത്തരത്തിൽ ധനമന്ത്രി പ്രതികരിച്ചിട്ടില്ലെന്ന തിരുത്തുമായി രംഗപ്രവേശം ചെയ്യുകയായിരുന്നു. വിലക്കയറ്റത്തിന് കാരണമായി കേന്ദ്ര ധനമന്ത്രിയും മന്ത്രാലയവും പറയുന്ന കാരണം റഷ്യ‑ഉക്രെയ്ൻ സംഘർഷമാണ്. അത് ഭാഗികമായി മാത്രമേ അംഗീകരിക്കാനാവു. റഷ്യ‑ഉക്രെയ്ൻ സംഘർഷത്തിനു മുൻപുതന്നെ വിലക്കയറ്റത്തിന്റെയും നാണ്യപ്പെരുപ്പത്തിന്റെയും പ്രവണത പ്രകടമായിരുന്നു. അതിന്റെ മുഖ്യകാരണം പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവയിലുണ്ടായ വിലക്കയറ്റമാണ്. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണ വിലയിൽ ഉണ്ടായ മാറ്റം ആഭ്യന്തര വിപണിയിൽ പ്രതിഫലിക്കുക സ്വാഭാവികമാണ്.


ഇതും കൂടി വായിക്കാം; വിലക്കയറ്റം സൃഷ്ടിച്ച് കേന്ദ്രസർക്കാർ


എന്നാൽ അവയുടെ ആഭ്യന്തര വിപണിവില ലോകത്തിലെ ഏറ്റവും ഉയർന്നതായിരിക്കാൻ കാരണം കേന്ദ്രസർക്കാർ അവയ്ക്കുമേൽ ചുമത്തുന്ന സെസും സർചാർജുമാണ്. പെട്രോളിന് കേന്ദ്രസർക്കാർ ഈടാക്കുന്ന എക്സൈസ് തീരുവയുടെ 96 ശതമാനവും ഡീസലിന്റെ 94 ശതമാനവും ഇത്തരത്തിലുള്ള സെസും സർചാർജുമാണ്. ഗാർഹിക പാചകവാതക സിലിണ്ടറിന്റെ വിലയിൽ ഒരു വർഷത്തിലുണ്ടായ വർധനവ് 76 ശതമാനമാണ്. ഇതിന്റെമേൽ കർശന നിയന്ത്രണത്തിന് തയാറാവാതെ വിലക്കയറ്റം പിടിച്ചുനിര്‍ത്തുക അസാധ്യമാണ്. വിലക്കയറ്റം മൂലം സാധാരണക്കാരും പാവപ്പെട്ടവരുമായ നിശ്ചിത വരുമാനക്കാര്‍ ലഭിക്കുന്ന വേതനത്തിന്റെ ഏതാണ്ട് പൂർണമായും ഭക്ഷണാവശ്യം നിറവേറ്റാൻ മാത്രം വിനിയോഗിക്കേണ്ടിവരുന്നു. അത് അവരുടെ തുച്ഛമായ സമ്പാദ്യംപോലും കവർന്നെടുക്കുന്നു. മാത്രമല്ല അവരെ അത് കടക്കെണിയിലേക്ക് തള്ളിവിടുകയും ചെയ്യുന്നു. ഈ സ്ഥിതിവിശേഷം രാജ്യത്തെ സ്ഫോടനാത്മകമായ അന്തരീക്ഷത്തിലേക്കായിരിക്കും നയിക്കുക. ശ്രീലങ്കയടക്കം അയൽരാജ്യങ്ങളിലെ അസ്വാസ്ഥ്യങ്ങൾ കണ്ടില്ലെന്നു നടിക്കുന്നത് വിവേകപൂർണമാവില്ല. ഇന്ധനങ്ങളുടെ മേൽ ചുമത്തുന്ന അന്യായമായ സെസുകളും സർചാർജുകളും ഗണ്യമായി കുറയ്ക്കാനും സംസ്ഥാനങ്ങളിലെ പൊതുവിതരണ സംവിധാനങ്ങളെ ശക്തിപ്പെടുത്താനും, കേന്ദ്രം അടിയന്തര നടപടികൾക്ക് സന്നദ്ധമായാലേ വിലക്കയറ്റം തടയാനും ജനങ്ങളുടെ ജീവിത ദുരിതത്തിന് ഒരു പരിധിവരെയെങ്കിലും ആശ്വാസം പകരാനും കഴിയു. അതിനുവേണ്ടി സർക്കാരിന്റെമേൽ സമ്മർദ്ദം ചെലുത്താൻ മേയ് അവസാനവാരത്തിൽ ഇടതു പാർട്ടികൾ ആഹ്വാനം ചെയ്തിട്ടുള്ള പ്രക്ഷോഭം വൻ വിജയമാക്കാൻ എല്ലാ ജനവിഭാഗങ്ങളുടെയും പിന്തുണ ഉണ്ടാവണം.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.