14 June 2025, Saturday
KSFE Galaxy Chits Banner 2

അലി ഖാൻ മഹ്‌മൂദാബാദിന്റെ അറസ്റ്റ് കേന്ദ്രത്തിന്റെ അസഹിഷ്ണുത

അരുണ്‍ ശ്രീവാസ്തവ
May 22, 2025 4:30 am

രിയാനയിലെ അശോക സർവകലാശാല പൊളിറ്റിക്കൽ സയൻസ് വിഭാഗം അസോസിയേറ്റ് പ്രൊഫസറും മേധാവിയുമായ അലി ഖാൻ മഹ്‌മൂദാബാദിനെ അറസ്റ്റ് ചെയ്യുകയും മധ്യപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവ് ഉണ്ടായിട്ടും എഫ്ഐആർ പോലും രജിസ്റ്റർ ചെയ്യാതെ ബിജെപി മന്ത്രിയെ വെറുതെ വിടുകയും ചെയ്ത ഭരണകൂട നിലപാടില്‍ തീർച്ചയായും അതിശയിക്കാനില്ല. സുപ്രീം കോടതിയുടെ കര്‍ശന നിർദേശങ്ങളുണ്ടാകുമ്പോഴല്ലാതെ ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരുകൾ നിയമങ്ങൾ പാലിക്കാറില്ല. ഈ രണ്ട് കേസുകളിലും ഒടുവിൽ സുപ്രീം കോടതി ഇടപെട്ടു. അലി ഖാന്റെ അറസ്റ്റ് വിഷയം ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബെഞ്ച് പരിഗണിക്കുകയും ഇടക്കാല ജാമ്യം അനുവദിക്കുകയും ചെയ്തു. കേണൽ സോഫിയ ഖുറേഷിക്ക് നേരെയുള്ള അധിക്ഷേപത്തിൽ ബിജെപി മന്ത്രി വിജയ് ഷായെ കോടതി താക്കീത് ചെയ്യുകയും വിഷയം അന്വേഷിക്കാൻ മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരുടെ സമിതി രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. 

ഈ രണ്ട് സംഭവങ്ങളും ഹിന്ദുത്വ തീവ്രവാദികളുടെ മനോവീര്യം ഉയർത്തുക മാത്രമല്ല, രാജ്യത്തിന്റെ സ്വത്വ സാംസ്കാരിക ധാർമ്മികതയെ മാറ്റിയെടുക്കുന്നതിൽ കാവി ആവാസവ്യവസ്ഥയുടെ ഘടനാപരമായ നേട്ടത്തിന്റെ വ്യക്തമായ ചിത്രവും നൽകുന്നു. ഒന്ന് ചിന്തിച്ചു നോക്കൂ, സുപ്രീം കോടതി ഇല്ലായിരുന്നെങ്കിൽ, കേണൽ സോഫിയ ഖുറേഷിക്കെതിരെ വർഗീയ പരാമർശങ്ങൾ നടത്തിയ ബിജെപി മന്ത്രിക്ക് ശിക്ഷ ലഭിക്കുമായിരുന്നോ! മധ്യപ്രദേശ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് സ്വമേധയാ നടപടി സ്വീകരിച്ചതിൽ നിന്നുതന്നെ അധിക്ഷേപത്തിന്റെ രാഷ്ട്രീയവും സാംസ്കാരികവുമായ പ്രാധാന്യം മനസിലാക്കാം. മന്ത്രിക്കെതിരെ എഫ്ഐആർ ഫയൽ ചെയ്യാൻ ഹൈക്കോടതി നിർദേശം നൽകി. എന്നാൽ ബിജെപി സർക്കാർ അത് അവഗണിച്ചു.
കേന്ദ്രത്തിലെ മോഡി സർക്കാർ മധ്യപ്രദേശ് സർക്കാരിനോട് ഹൈക്കോടതി നിർദേശം പാലിക്കാൻ ആവശ്യപ്പെടാത്തത്, ജുഡീഷ്യറി അവഗണിക്കപ്പെടുകയാണെന്നതിന്റെ വ്യക്തമായ സൂചനയാണ്. ജുഡീഷ്യറിയുടെ അന്തസും ബഹുമാനവും നിലനിർത്താനുള്ള മുറവിളി വെറും വനരോദനം മാത്രമാകുന്നു. മേയ് 12നാണ് സംസ്ഥാനത്തെ ആദിവാസി കാര്യ മന്ത്രി കുൻവർ വിജയ് ഷാ, പഹൽഗാം തീവ്രവാദികളുമായി ബന്ധപ്പെടുത്തി കേണൽ ഖുറേഷിയെ “ഭീകരരുടെ സഹോദരിയെ“ന്ന് അധിക്ഷേപിച്ചത്. സോഫിയ ഇസ്ലാം മതവിശ്വാസിയാതിനാലാണ് ഭീകരരെ തകര്‍ക്കാന്‍ അവരുടെ സഹാേദരിയെത്തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോഡി അയച്ചുവെന്ന് പരാമർശിച്ചത്. അദ്ദേഹത്തിന്റെ പരാമർശം മനഃപൂർവവും ഖുറേഷിയുടെ അന്തസും ആത്മാഭിമാനവും തകർക്കാൻ ഉദ്ദേശിച്ചുള്ളതുമായിരുന്നു. 

ഭരണാധികാരികൾ മിക്കവാറും നീതിന്യായ വ്യവസ്ഥയെ തങ്ങളുടെ നേട്ടത്തിനായി ഉപയോഗിക്കാനാണ് ശ്രമിക്കുന്നത്. മുമ്പും അതിന്റെ ഉദാഹരണങ്ങളുണ്ട്. എന്നാൽ ഒന്നോ രണ്ടോ കേസുകളിൽ അവ ഒതുങ്ങുന്നു. നിലവിലെ ഭരണത്തിൻ കീഴിൽ, ജുഡീഷ്യറിയെ എക്സിക്യൂട്ടീവിന് വിധേയമാക്കാൻ ബോധപൂർവവും ഏകീകൃതവുമായ ശ്രമം നടന്നുകൊണ്ടേയിരിക്കുന്നു. രാജ്യത്തിന്റെ പരമാധികാരത്തെയും അഖണ്ഡതയെയും അപകടത്തിലാക്കുകയും വ്യത്യസ്ത ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തുകയും ചെയ്തുവെന്ന കുറ്റം ചുമത്തിയാണ് അലി ഖാൻ മഹ്‌മൂദാബാദിനെ അറസ്റ്റ് ചെയ്തത്. യുവമോർച്ച നേതാവിന്റെ പരാതിയിലാണ് പൊലീസ് നടപടി. മേയ് എട്ടിന് ഖാൻ സമൂഹമാധ്യമത്തില്‍ ഇങ്ങനെ പോസ്റ്റ് ചെയ്തു: “കേണൽ സോഫിയ ഖുറേഷിയെ പ്രശംസിക്കുന്ന നിരവധി വലതുപക്ഷ നിരൂപകരെ കാണുന്നതിൽ വളരെ സന്തോഷമുണ്ട്, പക്ഷേ ആൾക്കൂട്ട കൊലപാതകങ്ങൾ, ഏകപക്ഷീയമായ ബുൾഡോസിങ്, ബിജെപിയുടെ വിദ്വേഷ പ്രചരണത്തിന് ഇരയായ മറ്റുള്ളവര്‍ തുടങ്ങിയവരെ ഇന്ത്യൻ പൗരന്മാരായി കണ്ട് സംരക്ഷിക്കണം. രണ്ട് വനിതാ സൈനികർ അവരുടെ കണ്ടെത്തലുകൾ അവതരിപ്പിക്കുന്ന ദൃശ്യങ്ങൾ വളരെ പ്രധാനമാണ്. പക്ഷേ ആ ദൃശ്യങ്ങൾ യാഥാർത്ഥ്യത്തിലേക്ക് വിവർത്തനം ചെയ്യാത്തപക്ഷം അത് വെറും കാപട്യം മാത്രമാണ്.” ഇതില്‍ അറസ്റ്റിന് ന്യായമായ ഒരു കാരണവുമില്ല. 

ഹരിയാന വനിതാ കമ്മിഷന്റെ ഇക്കാര്യത്തിലെ നിരീക്ഷണം അമ്പരപ്പിക്കുന്നതാണ്. “സായുധ സേനയിലെ സ്ത്രീകളെ അവഹേളിക്കുന്നതും വർഗീയ ഭിന്നത പ്രോത്സാഹിപ്പിക്കുന്നതുമാണ്” ഖാന്റെ നിരീക്ഷണം എന്നുപറഞ്ഞ് അവർ നോട്ടീസ് അയച്ചു. ബിജെപി പ്രവര്‍ത്തകയായ ചെയർപേഴ്സന്റെ ഭാവനയെ അഭിനന്ദിക്കണം. മേയ് 14ന് ഖാൻ ഒരു വിശദീകരണക്കുറിപ്പിറക്കി. “തന്റെ പ്രസ്താവനകൾ പൂർണമായും തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നുവെന്നും കമ്മിഷന് ഈ വിഷയത്തിൽ യാതൊരു അധികാരവുമില്ലെന്നും” അദ്ദേഹം പറഞ്ഞു; “വൈവിധ്യത്തിൽ ഏകത്വമുള്ള ഇന്ത്യ എന്ന നമ്മുടെ റിപ്പബ്ലിക്കിന്റെ സ്ഥാപകരുടെ സ്വപ്നം ഇപ്പോഴും സജീവമാണെന്ന് എടുത്തുകാണിക്കാൻ സായുധ സേന കേണൽ സോഫിയ ഖുറേഷിയെയും വിങ് കമാൻഡർ വ്യോമിക സിങ്ങിനെയും വാര്‍ത്താസമ്മേളനത്തിനായി തെരഞ്ഞെടുത്തതിൽ ഞാൻ നന്ദിയുള്ളവനാണ്” എന്നും ഖാന്‍ ചൂണ്ടിക്കാട്ടി.
കാവി തീവ്രവാദികൾ സ്വയം നിയമമാവുകയാണ്. അക്കാദമിക് വിദഗ്ധരോടും പൗരന്മാരോടുമുള്ള അവരുടെ അവഹേളനം ഇത് വ്യക്തമാക്കുന്നു. ഖാന്റെ അറസ്റ്റിനുശേഷം അമിത് ഭാദുരി, ആനന്ദ് പട്‌വർധൻ, ഹർഷ് മന്ദർ, ജയതി ഘോഷ്, നിവേദിത മേനോൻ, റോമില ഥാപ്പർ എന്നിവരുൾപ്പെടെ ഏകദേശം 1,100 പേർ ഹരിയാന വനിതാ കമ്മിഷനോട് ഖാനെ “പീഡിപ്പിക്കുന്നത് നിർത്താൻ” ആവശ്യപ്പെട്ടുകൊണ്ട് നിവേദനം നൽകി. പക്ഷേ ഫലമൊന്നും ഉണ്ടായില്ല. അത് അവരുടെ ചെവിയിൽ വീണില്ല. 

മന്ത്രിയുടെ പരിഹാസങ്ങൾ സ്വമേധയാ ശ്രദ്ധയിൽപ്പെട്ട ഡിവിഷൻ ബെഞ്ച്, ഈ സംഭവവികാസങ്ങൾ നിരീക്ഷിക്കുകയും യഥാർത്ഥ നടപടിയുമായി ഇതിനെ ബന്ധിപ്പിക്കുകയും വേണം. “ഇതിൽ സ്ത്രീവിരുദ്ധത എന്താണ്? മതപരമായ വിദ്വേഷമോ സംഘർഷമോ പ്രചരിപ്പിക്കുന്നതെങ്ങനെ? ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവയെ ഇത് എങ്ങനെ അപകടപ്പെടുത്തുന്നു?” എന്ന് കോടതി സർക്കാരിനോട് ചോദിക്കണം.
ഹൈക്കോടതി നടപടി പാലിക്കാതിരിക്കാനും ഷായ്ക്കെതിരെ ദുർബലമായ എഫ്‌ഐആർ ഫയൽ ചെയ്യാനുമുള്ള സംസ്ഥാനനീക്കം ജുഡീഷ്യറിയെ എതിർക്കാനുള്ള തന്ത്രം മാത്രമാണ്. ഇതിലൂടെ ആർഎസ്എസും ബിജെപിയും ഉദ്ദേശിക്കുന്നത് ജുഡീഷ്യറി തങ്ങളുടെ വംശീയ പ്രവർത്തനങ്ങളിൽ ഇടപെടരുതെന്ന സന്ദേശം നൽകാനാണ്. ഈ നയത്തിലൂടെ രാജ്യത്തെ ജനങ്ങൾക്ക് വിയോജിക്കാനും എതിർക്കാനും ജനാധിപത്യ ചർച്ച നടത്താനും പോലും ധൈര്യം നഷ്ടപ്പെടുമെന്ന് അവർക്കുറപ്പുണ്ട്. കാവിവല്‍ക്കരിക്കപ്പെട്ട പാരിസ്ഥിതിതികവ്യവസ്ഥയും മോഡിയും വിയോജിപ്പുകളെ കുറ്റകരമാക്കാനും തെറ്റായ പ്രവൃത്തികളോടുള്ള അക്കാദമിക്, ബൗദ്ധിക വാദങ്ങളെയും എതിർപ്പുകളെയും അടിച്ചമർത്താനും ആഗ്രഹിക്കുന്നുവെന്നും ഈ നടപടി വ്യക്തമാക്കുന്നു.
ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷൻ (ജെഎൻയുടിഎ), ഡെമോക്രാറ്റിക് ടീച്ചേഴ്സ് ഫ്രണ്ട് (ഡിടിഎഫ്), ഡെമോക്രാറ്റിക് ടീച്ചേഴ്സ് ഇനിഷ്യേറ്റീവ് (ഡിടിഐ) എന്നിവയുൾപ്പെടെ നിരവധി സംഘടനകളും വിദ്യാർത്ഥി സംഘടനകളും ഈ നീക്കത്തിനെതിരെ ശബ്ദമുയർത്തുകയും കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നത് പ്രോത്സാഹജനകമാണ്. കേണൽ ഖുറേഷിയെക്കുറിച്ചുള്ള മന്ത്രിയുടെ പരാമർശത്തെ സുപ്രീം കോടതിയും ഹൈക്കോടതിയും വിമർശിച്ചിട്ടും നടപടിയെടുക്കാത്ത പൊലീസ്, പ്രൊഫസർ ഖാന്റെ പേരില്‍ അനാവശ്യമായി കുറ്റം ചാര്‍ത്തുകയായിരുന്നു എന്നതിൽ അക്കാദമിക് വിദഗ്ധരും ബുദ്ധിജീവികളും നിരാശരുമാണ്.

വിദേശ രാജ്യങ്ങളിലെ ഭരണാധികാരികളോട് ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാനുള്ള പ്രതിനിധി സംഘത്തിൽ കോൺഗ്രസ് നേതാവ് ശശി തരൂരിന്റെ പേര് ഉൾപ്പെടുത്താനുള്ള സർക്കാർ നീക്കവും തികഞ്ഞ ഗൂഢാലോചനയാണ്. മറ്റെല്ലാ കോൺഗ്രസ് നോമിനികളുടെയും പേരുകൾ ഒഴിവാക്കിയ കേന്ദ്രം, കോൺഗ്രസ് ശുപാർശ ചെയ്യാത്ത തരൂരിന്റെ പേര് ഉൾപ്പെടുത്തുകയായിരുന്നു. വിദേശ രാജ്യങ്ങൾക്ക് കശ്മീരിന്റെ അടിസ്ഥാന യാഥാർത്ഥ്യങ്ങളെക്കുറിച്ച് അറിയില്ലെന്ന് രാജ്യത്തെ ജനങ്ങളെ അറിയിക്കാനാണോ കേന്ദ്രം ആഗ്രഹിക്കുന്നത്? ലോകത്തിന് മുഴുവൻ യാഥാർത്ഥ്യമറിയാമെന്നിരിക്കെ, ആരെയാണ് സർക്കാർ വിഡ്ഢികളാക്കാൻ ഉദ്ദേശിക്കുന്നത്?
സർവകക്ഷി യോഗവും പാർലമെന്റിന്റെ പ്രത്യേക സമ്മേളനവും വിളിച്ചുകൂട്ടി പ്രധാനമന്ത്രിക്കുതന്നെ ഇതേലക്ഷ്യം കൈവരിക്കാമായിരുന്നു. ലോക നേതാക്കൾക്ക് രാജ്യത്തിന്റെയും ജനങ്ങളുടെയും മാനസികാവസ്ഥ അറിയാനും കഴിയുമായിരുന്നു. പ്രതിനിധികൾക്കായി ഒരു പരിശീലന സെഷൻ നടത്താൻ കേന്ദ്രം പദ്ധതിയിട്ടിട്ടുണ്ടെന്ന് വ്യക്തമാണ്. സർക്കാർ സമീപനത്തെക്കുറിച്ച് അവരെ അറിയിക്കുമെന്നും വ്യക്തമാണ്. അത് ഒരിക്കലും ഉൾക്കൊള്ളല്‍ നയമല്ല. നേരെമറിച്ച്, ഒരു പാർലമെന്ററി യോഗത്തിലൂടെ എല്ലാ വഴികളും ചര്‍ച്ചചെയ്യുകയും ഇന്ത്യയുടെ ലക്ഷ്യത്തെ സഹായിക്കുന്നതിന് വിശാലമായ ആശയം ഉണ്ടാക്കുകയും ചെയ്യാമായിരുന്നു. 

(ഐപിഎ)

Kerala State - Students Savings Scheme

TOP NEWS

June 13, 2025
June 13, 2025
June 13, 2025
June 13, 2025
June 13, 2025
June 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.