കാലം നമിക്കുന്ന അച്യുതമേനോന്‍

ചന്ദ്രശേഖരൻ തമ്പാനൂർ
Posted on August 09, 2020, 2:30 am

രിത്രത്തിൽ നിന്നു പുറത്താക്കപ്പെടുന്നവരുടെ വേദന സമൂഹമോ, ഭരണകൂടമോ മനസ്സിലാക്കാത്ത ഒരു കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. അതുകൊണ്ടാണ് തോക്കുകൾക്കും കവചിത വാഹനങ്ങൾക്കും പൂക്കളുടെ ഭാഷ മനസ്സിലാകാതെ പോവുന്നത്. സംശുദ്ധിയും സത്യസന്ധതയും ആത്മാർത്ഥതയുമുള്ള ഭരണാധികാരികളാണ് എന്നും ജനാധിപത്യത്തിന്റെ ശക്തിയും തേജസ്സും. ഇതിനൊരു തുടർച്ച ഉണ്ടാകാതെ വരുമ്പോൾ നാട്ടിൽ ജനജീവിതവും വികസനവും ദുസഹമാകും. മഹാനദികളുടെയും മഹാന്മാരുടെയും ഉറവിടം തേടുക ദുഷ്കരമായ കാര്യമാണെന്ന് അറിയാത്ത സാഹിത്യകാരനല്ല വിശ്വമംഗലം സുന്ദരേശൻ. അദ്ദേഹത്തിന്റെ ദീർഘകാലത്തെ കഠിനാദ്ധ്വാനത്തിന്റെയും മനനത്തിന്റെയും ഫലമാണ് ‘സി അച്യുതമേനോൻ: ജീവിതചിത്രങ്ങളിലൂടെ’ എന്ന ബൃഹത് ജീവചരിത്രഗ്രന്ഥം. ഇന്ത്യയാകെ അറിയപ്പെടുന്ന നിസ്വാർത്ഥനായൊരു നേതാവിന്റെ കറപുരളാത്ത ജീവിതത്തിന്റെ നേർചിത്രങ്ങളാണ് ഇതിലുള്ളത്. കേരളരാഷ്ട്രീയത്തിന്റെ ചൂരും ചൂഴികളുമുള്ള ചരിത്രവഴികളിലൂടെ, തീക്കനലുകൾക്കു മേലെ എന്നപോലെ നടന്നുനീങ്ങിയ സി അച്യുതമേനോനെന്ന മഹനീയ വ്യക്തിത്വത്തിന്റെ അടയാളപ്പെടുത്തലുകൾ ഈ കൃതി സുധീരം 46 അദ്ധ്യായങ്ങളിലൂടെ അവതരിപ്പിക്കുന്നു.

മികച്ച പാർലമെന്റേറിയൻ, ഭരണാധികാരി, സാഹിത്യസാംസ്കാരികനായകൻ എന്നീ നിലകളിൽ നിസ്തുലവിജയങ്ങൾ ഉറപ്പാക്കിയ ഈ ജനകീയന്റെ ബാല്യം അത്രയൊന്നും സന്തുഷ്ടമായിരുന്നില്ല. സ്കൂളിലേയ്ക്ക് അത്യാവശ്യം വേണ്ട പാഠപുസ്തകങ്ങൾ പോലും ലഭിക്കാതെയും, അമ്മയുടെ ഒന്നരമുണ്ട് വെട്ടിത്തയ്ച്ചു ധരിച്ചും പിന്നിട്ട ആ വിദ്യാഭ്യാസകാലത്തെ അതീവ സൂക്ഷ്മതയോടെ ഈ കൃതിയിൽ വായിക്കാം. ബാല്യത്തിലെ കുറുമ്പുകളും പാതിവെന്തചോറും ഉപ്പും മുളകും തിരുമി കഴിച്ച് സ്കൂളിൽ പോകുന്നതും ഹൃദ്യമായൊരു കഥയുടെ വായനാസുഖം ലഭ്യമാക്കുന്നു. എങ്കിലും സ്കൂൾ ഫൈനൽപരീക്ഷയിൽ കൊച്ചി രാജ്യത്ത് ഒന്നാം സ്ഥാനവും ശാസ്ത്രവിഷയത്തിൽ സ്വർണ മെഡലും അച്യുതമേനോൻ എന്ന വിദ്യാർത്ഥി നേടി. ആ ഒന്നരപ്പവന്റെ പതക്കം, ഒരുതരി പൊന്നിനായി മോഹിച്ചിരുന്ന പെങ്ങൾക്ക് ഉരുക്കി ആഭരണമാക്കുവാൻ കഥാനായകൻ നൽകുന്നത്, എം. ടിയുടെ ‘അസുരവിത്തി‘ലെ നായകൻ ഗോവിന്ദൻ കുട്ടിയും സഹോദരിയും തമ്മിലുള്ള കണ്ണീർമണക്കുന്ന രംഗത്തെ ഓർമ്മിപ്പിക്കുന്നു.

ലോ കോളേജിൽ പഠിക്കുന്ന കാലത്താണ് അച്യുതമേനോന്‍ ഗാന്ധിജിയുടെ ആദർശങ്ങളിൽ ആകൃഷ്ടനാകുന്നത്. അത് രാഷ്ട്രീയാഭിപ്രായങ്ങളുടെയും ചിന്തകളുടെയും പ്രഭവസ്ഥാനമായിരുന്നു. തുടർന്ന് തൃശൂരിലെ വൈദ്യുതിവിതരണ പ്രശ്നത്തിൽ ഇടപെട്ടതും സഹോദരൻ അയ്യപ്പന്റെ നിലപാടിനോട് വിയോജിച്ചുകൊണ്ട് ‘കേരളൻ’ പത്രത്തിലെഴുതിയതും അച്യുതമേനോന്റെ രാഷ്ട്രീയജീവിതത്തിലെ സജീവ സംഭവങ്ങളല്ലെങ്കിൽ പോലും ജീവചരിത്രകാരൻ വിട്ടുകളയുന്നില്ല. ഇരിങ്ങാലക്കുടയിൽ പ്രജാമണ്ഡലം രൂപീകരണത്തോടെ പാർട്ടിതീരുമാനമനുസരിച്ച് അച്യുതമേനോൻ ഒളിവിൽപോയി. ഇതിനകം വക്കീൽപണി സ്വീകരിച്ചെങ്കിലും സ്വന്തം സത്യസന്ധതയ്ക്കും അന്തർമുഖതയ്ക്കും യോജിച്ചതല്ലെന്നു കണ്ടു ഉപേക്ഷിച്ചു.

ദേശീയരംഗത്തെ കർഷകകലാപങ്ങളിലൂടെ കടന്നുപോകുന്ന ജീവചരിത്രകൃതി, അന്നത്തെ രാഷ്ട്രീയ അന്തർധാരകളെ സഗൗരവം വിലയിരുന്നുന്നു. ബംഗാൾ, ബീഹാർ, ഒറീസ എന്നിവിടങ്ങളിൽ ചിതറിക്കിടന്ന സാന്താൾ വർഗക്കാർ, ആ കാലഘട്ടത്തിലുണ്ടായിരുന്ന ജമീന്താർമാരുടെ ക്രൂരതയ്ക്ക് നേരെ ആഞ്ഞടിച്ചതിന്റെ ചിത്രങ്ങളും, പ്രസിദ്ധമായ നീലംപണിമുടക്കും മലബാറിൽ അരങ്ങേറിയ മാപ്പിളകാലാപങ്ങളുടെ രാഷ്ട്രീയാന്തരീക്ഷത്തെയും ചിത്രീകരിക്കുക വഴി, ഈ ജീവിതചരിത്രഗ്രന്ഥം കൂടുതൽ ആഴങ്ങളിലേയ്ക്കു കടക്കുന്നു.

ചരിത്രരേഖകൾ ദുർലഭമെങ്കിലും പഴയ തിരു-കൊച്ചി നിയമസഭാവിശേഷങ്ങളും കേരള സംസ്ഥാനരൂപീകരണവും അസൽ രേഖകളുടെ പിൻതുണയോടെ ശേഖരിച്ച് ഗ്രന്ഥകാരന്‍ അവതരിപ്പിച്ചിരിക്കുന്നു. അന്നു നടത്തിയ ബജറ്റ് പ്രസംഗങ്ങളും പ്രതികരണങ്ങളും ഗ്രന്ഥത്തിൽ ഉൾപ്പെടുത്താൻ കാണിച്ച സൂക്ഷ്മത എടുത്തുപറയേണ്ട കാര്യമാണ്. ഘടകകക്ഷികളോടുള്ള മാന്യവും സുതാര്യവുമായ പെരുമാറ്റം പൊതുവിൽ മതിപ്പുളവാക്കുന്നതായിരുന്നു. കുടികിടപ്പുകാർ ഭൂവുടമകളായതും തലചായ്ക്കുവാൻ പാങ്ങില്ലാത്ത പാവങ്ങൾക്ക് ലക്ഷംവീട് പദ്ധതി നടപ്പാക്കിയതും ഇന്ത്യയിലെ ഏറ്റവും ശക്തമായ പരിഷ്കാരങ്ങളായിചരിത്രത്തിൽ ഇടം നേടി. അച്യുതമേനോന്റെ രാഷ്ട്രീയ ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത കാലഘട്ടമായിരുന്ന അടിയന്തിരാവസ്ഥ. ഇതിനായി സാമാന്യം ദീർഘമായ ഒരദ്ധ്യായം തന്നെ ഗ്രന്ഥകാരൻ നീക്കി വെച്ചിരിക്കുന്നു. ഈ കാലഘട്ടത്തിലെ സകല രാഷ്ട്രീയ നീക്കത്തെയും ഈ കൃതി പരിശോധിക്കുന്നുണ്ട്.

അധികാരത്തോട് വിടപറഞ്ഞ് വിശ്രമജീവിതം നയിച്ച അച്യുതമേനോന്റെ സാംസ്കാരികമണ്ഡലത്തിലെ എല്ലാ ചലനങ്ങളും ഇതിൽ കാണാം. തികച്ചും സാധാരണക്കാരനായ ഒരു ശ്രോതാവായി, കൈയിലൊരു കാലൻ കുടയുമായി സാംസ്കാരികവേദികളിലെ നിറസാന്നിദ്ധ്യമായിരുന്നു അച്യുതമേനോൻ. ആരവങ്ങളോ, ആർഭാടങ്ങളോ ഇല്ലാത്ത ആ ജീവിതതട്ടകം പിറന്ന മണ്ണായ തൃശൂർക്കു മാറുമ്പോൾ, തലസ്ഥാനത്തെ സാംസ്കാരിക പ്രവർത്തകർക്ക് അതൊരു നഷ്ടമായിരുന്നു. പിന്നെ സ്വന്തം മണ്ണിൽ താമസിക്കാൻ ഒരു വീടില്ലാത്തതിന്റെ വിഷമതകൾ, അതിന്റെ നിർമിതിയിൽ വന്നുചേർന്ന സാമ്പത്തിക പരാധീനതകൾ… എല്ലാം വായിക്കുമ്പോൾ, നമുക്കിടയിൽ ഇത്രയും ചുരുങ്ങിയ നിലയിൽ ജീവിച്ചിരുന്ന മുഖ്യമന്ത്രി ഉണ്ടായിരുന്നല്ലോ എന്ന് അത്ഭുതം തോന്നും.

അച്യുതമേനോൻ ഭരണത്തിന്റെ വിജയപതാകയായി ചൂണ്ടിക്കാണിക്കാവുന്നത് അദ്ദേഹം രൂപം നല്കിയ മഹത്സ്ഥാപനങ്ങളുടെ നീണ്ടപട്ടികയാണ്. പോരാളികൾ ചരിത്രത്തിൽ തോറ്റുപോകുന്നതിന്റെ പ്രഥമ കാരണങ്ങളിലൊന്ന്, അവ തമസ്കരിക്കുമ്പോഴാണ്. അത്തരമൊരു ചരിത്രപുരുഷനെ ഈ കൃതി അതീവ കൃത്യതയോടും വ്യക്തതയോടും അവതരിപ്പിച്ച് വായനക്കാരന്റെ മനസ്സിൽ പ്രതിഷ്ഠിക്കുന്നു.

സി അച്യുതമേനോൻ: ജീവിതചിത്രങ്ങൾ

പ്രൊഫ. വിശ്വമംഗലം സുന്ദരേശൻ

പ്രസാധനം: സി അച്യുതമേനോൻ ഫൗണ്ടേഷൻ, തിരുവനന്തപുരം

വിതരണം. പ്രഭാത് ബുക് ഹൗസ്

വില 550 രൂപ