ഹൃദയധമനികളിലെ കാല്‍സിയം നീക്കാന്‍ നൂതനസംവിധാനയമായ ഇന്‍ട്രാവാസ്‌കുലര്‍ ലിത്തോട്രിപ്‌സി എത്തി

Web Desk

കൊച്ചി

Posted on June 24, 2020, 8:55 pm

ഹൃദയധമനികളിലും കാലുകളിലും കാല്‍സിയം അടിഞ്ഞു കൂടുന്ന അപകരടമായ അവസ്ഥ ഇല്ലാതാക്കുന്നതിനുള്ള നൂതന ചികിത്സാ മാര്‍ഗമായ ഇന്‍ട്രാവാസ്‌കുലര്‍ ലിത്തോട്രിപ്‌സി കേരളത്തിലുമെത്തി. കൊച്ചിയിലെ വിപിഎസ് ലേക്ക്‌ഷോര്‍ ഹോസ്പിറ്റലിലാണ് ഈ നൂതന മാര്‍ഗത്തിലൂടെ കഴിഞ്ഞ ദിവസം ഒരു രോഗിയുടെ ഹൃദയധമനികളിലെ കാല്‍സിയം അടിഞ്ഞു കൂടിയത് നീക്കം ചെയ്തത്.

പെരുമ്പാവൂര്‍ സ്വദേശിയായ രോഗി ജൂണ്‍ ആദ്യമാണ് കഠിനമായ നെഞ്ചുവേദനയുമായി വിപിഎസ് ലേക്ക്‌ഷോര്‍ ആശുപത്രിയിലെത്തിയത്. ആഞ്ചിയോഗ്രാം പരിശോധനയില്‍ ഹൃദയത്തിന്റെ വലതുവശത്തെ രക്തക്കുഴലില്‍ 80%-ത്തോളമുള്ള തടസം കണ്ടുപിടിച്ചു. വിശദപരിശോധനയില്‍ ഗണ്യമായ രീതിയില്‍ കാല്‍സിയം അടിഞ്ഞു കൂടിയതാണ് ബ്ലോക്കിന് കാരണമെന്ന് മനസ്സിലായി. തുടര്‍ന്ന് ഇന്‍ട്രാവാസ്‌കുലര്‍ ലിത്തോട്രിപ്‌സി മാര്‍ഗത്തിലൂടെ കാല്‍സിയം മൃദുവാക്കി ആ ഭാഗത്ത് സ്റ്റെന്റ് ഘടിപ്പിച്ച ശേഷമാണ് രോഗിയുടെ ആഞ്ചിയോപ്ലാസ്റ്റി പൂര്‍ത്തീകരിച്ചത്.

ഹൃദ്രോഗചികിത്സയിലെ വലിയ കീറാമുട്ടിയാണ് ഹൃദയരക്തക്കുഴലുകളില്‍ കാല്‍സിയം അടിയുന്നതെന്ന് ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ ഡോ. സിബി ഐസക് പറഞ്ഞു. പ്രമേഹം, വൃക്കയുടെ പ്രവര്‍ത്തനക്കുറവ് തുടങ്ങിയ വിവിധ കാരണങ്ങളാലാണ് ഇത് സംഭവിക്കുനന്ത്. ബൈപ്പാസ് ശസ്ത്രക്രിയക്കു വിധേയമായ ധമനികളിലും കാല്‍സിയം കണ്ടുവരാറുണ്ട്. കാല്‍സിയത്തിന്റെ അംശം കൂടുതലാണെങ്കില്‍ ബലൂണ്‍ ചികിത്സ പൂര്‍ണമായും ഫലപ്രദമാവാറില്ലായിരുന്നു. ഇതിനു പ്രതിവിധിയായാണ് റോട്ടോബ്ലേഷന്‍ എന്ന ചികിത്സാരീതി വന്നത്. കാല്‍സിയത്തെ ഉരസിക്കളയുന്ന രീതിയാണിതെന്ന് ഡോ. സിബി പറഞ്ഞു. രക്തക്കുഴലുകളുടെ അകത്തേയ്ക്ക് തള്ളിനില്‍ക്കുന്ന താരതമ്യേന കട്ടി കുറഞ്ഞ കാല്‍സിയം പാളികള്‍ക്ക് ഇത് ഫലപ്രദമായിരുന്നു.

എന്നാല്‍ രക്തക്കുഴലുകളുടെ മൂന്നു പാളികളിലും ഉള്‍പ്പെട്ട കട്ടികൂടിയ കാല്‍സിയത്തെ നേരിടാന്‍ റോട്ടോബ്ലേഷന്‍ മതിയായിരുന്നില്ല. ‘മാത്രവുമല്ല ഈ രീതി വളരെ സങ്കീര്‍ണവും പാര്‍ശ്വഫലങ്ങള്‍ കൂടുതലുണ്ടാകുന്നതുമാണ്. ഈ പശ്ചാത്തലത്തിലാണ് ഈ വര്‍ഷം തുടക്കത്തോടെ ലഭ്യമായ ഇന്‍ട്രാവാസ്‌കുലര്‍ ലിത്തോട്രിപ്‌സ് അനുഗ്രഹമാവുന്നത്,’ ഡോ. സിബി ചൂണ്ടിക്കാണിച്ചു.

വൃക്കയിലുണ്ടാകുന്ന താരതമ്യേന വലിപ്പം കൂടിയ കല്ലുകള്‍ ലിത്തോട്രിപ്‌സി മാര്‍ഗത്തിലൂടെ പൊടിച്ച് ചെറുതാക്കുന്ന രീതി യൂറോളജിസ്റ്റുകള്‍ ഏറെക്കാലമായി അവലംബിച്ചു വരുന്നുണ്ട്. ഒരിനം ശബ്ദതരംഗങ്ങള്‍ ഉപയോഗിച്ചാണ് ഈ ചികിത്സ നടത്തുന്നത്. ഇതേ തത്വം അടിസ്ഥാനമാക്കിയാണ് വളരെ ചെറിയ തോതിലുള്ള പള്‍സറ്റൈല്‍ സോണിക് പ്രഷര്‍ തരംഗങ്ങള്‍ കടത്തിവിട്ട് ഹൃദയധമനികളിലെ കാല്‍സ്യത്തെ മൃദുവാക്കുന്ന പ്രക്രിയയായ ഇന്‍ട്രാവാസ്‌കുലര്‍ ലിത്തോട്രിപ്‌സി വികസിപ്പിച്ചെടുത്തിരിക്കുന്നതെന്നും ഡോ. സിബി പറഞ്ഞു.

സോണിക് പ്രഷര്‍ തരംഗങ്ങള്‍ നല്‍കാന്‍ സാധിക്കുന്ന ഒരു ചെറിയ ബലൂണ്‍ തടസമുള്ള സ്ഥലത്തു വെച്ച് നാല് അറ്റ്‌മോസ്ഫിയര്‍ മര്‍ദത്തില്‍ ബലൂണ്‍ വീര്‍പ്പിച്ച ശേഷം അതു ഘടിപ്പിച്ച യന്ത്രം പ്രവര്‍ത്തിപ്പിച്ചാണ് തരംഗങ്ങളുണ്ടാക്കുന്നത്. പത്തു തരംഗം ഉള്‍പ്പെട്ട ഇടവേളകളായി എട്ടുപ്രാവശ്യം ഒരു ബലൂണ്‍ ഉപയോഗിക്കാവുന്നതാണ്. ബലൂണിന്റെ വികാസം താരതമ്യം ചെയ്ത് കാല്‍സിയം മൃദുവായോ എന്ന മനസ്സിലാക്കാം. കാല്‍സിയം ഉടഞ്ഞു കഴിഞ്ഞാല്‍ യന്ത്രത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തി ബലൂണ്‍ ചെറുതാക്കി അത് നീക്കം ചെയ്ത ശേഷം തടസമുള്ള ഭാഗത്ത് സ്റ്റെന്റ് നിക്ഷേപിക്കുന്നതോടെ ഈ പ്രക്രിയ പൂര്‍ത്തിയാകുമെന്ന് ഡോ. സിബി ചൂണ്ടിക്കാണിച്ചു.

തടസമുള്ള ഭാഗത്തിനു ചുറ്റുമുള്ള രക്തക്കുഴലുകള്‍ കേടു വരുമെന്ന പാര്‍ശ്വഫലം ഈ അതിനൂതന രീതിയില്‍ സംഭവിക്കുന്നില്ലെന്നതാണ് പ്രധാന നേട്ടം.വിപിഎസ് ലേക്ക്‌ഷോറിലെ കാര്‍ഡിയോളജി വിഭാഗത്തിലെ ഡോ സിബി ഐസക്, ഡോ ആനന്ദ് കുമാര്‍, ഡോ ഭീം ശങ്കര്‍, ഡോ വെങ്കിടേശ്വരന്‍ എന്നിവര്‍ ചികിത്സയ്ക്ക് നേതൃത്വം നല്‍കി. ഇത്തരത്തില്‍പ്പെട്ട ഏറ്റവും അതിനൂതനമായ ചികിത്സാമാര്‍ഗങ്ങള്‍ ലഭ്യമാക്കാന്‍ വിപിഎസ് ലേക്ക്‌ഷോര്‍ ഹോസ്പിറ്റല്‍ എന്നും പ്രതിജ്ഞാബദ്ധമാണെന്ന് സിഇഒ എസ് കെ അബ്ദുള്ള പറഞ്ഞു.

ENGLISH SUMMARY: Intravas­cu­lar Lithotrip­sy, an inno­v­a­tive sys­tem to remove cal­ci­um in the coro­nary arter­ies
You may also like this video