Monday
22 Apr 2019

ദുശ്ശളയ്ക്ക് ഒരു ആമുഖം

By: Web Desk | Sunday 9 September 2018 9:20 AM IST


dussalayk oru amukham

അഡ്വ. വി നാരായണന്‍

ദുശ്ശള എന്നാണ് നോവലിന്റെ പേരെങ്കിലും, യഥാര്‍ത്ഥത്തില്‍ മഹാഭാരതകഥാസാകല്യത്തെ ചെറിയൊരു ചിമിഴില്‍ ഒതുക്കിവച്ചിരിക്കുന്ന കൃതിയാണിത്. വ്യാസഭാരതത്തില്‍ പരിനിഷ്ഠിതമായ പരിചയമുളള ഗ്രന്ഥകാരന്‍ ബി എസ് രാജേന്ദ്രന്‍ ദുശ്ശള എന്ന കഥാപാത്രത്തെ മുന്‍ നിറുത്തി തന്റെ ബോധമണ്ഡലത്തിലൂടെ കടന്നുപോകുന്ന ചിന്താധാരകളെ സമര്‍ത്ഥമായി ആവിഷ്‌കരിക്കുകയാണിതില്‍. ബോധധാരാസമ്പ്രദായത്തില്‍ എഴുതപ്പെട്ടിരിക്കുന്ന ഈ കൃതിയെ ഗ്രന്ഥകാരന്‍ നോവല്‍ എന്നാണ് വിളിക്കുന്നതെങ്കിലും യഥാര്‍ത്ഥത്തില്‍ ഇത് ഒരു ഗദ്യകാവ്യമാണ്. അതുകൊണ്ടുതന്നെ സുഘടിതമായ ഒരു കഥാഘടന ഇതില്‍ പ്രതീക്ഷിക്കരുത്. ദുശ്ശളയുടെയും അര്‍ജ്ജുനന്റെയും മറ്റും ഇരുളടഞ്ഞ മനസ്സിന്റെ ഗഹ്വരങ്ങളില്‍ നിന്ന് ഉയിരിടുന്നതും അനൈച്ഛികവും ഔപബോധികവുമായ ചിന്തകളുടെ ആവിഷ്‌കാരമാണ് ഈ കൃതിയില്‍ ഉടനീളം കാണുന്നത.് വൈവിധ്യമാണ് രസാനഭൂതികളുളവാകുന്ന രചനാരീതി എങ്കില്‍ അത് ഇതില്‍ ആദ്യന്തം തുടരുന്നു. ഉദാഹരണത്തിന് സിന്ധുവില്‍ നിലാവിന്റെ നേര്‍ത്ത പാല്‍പ്പാടവീണു നുരകുത്തുന്നത് നോക്കിയിരുക്കുന്ന അര്‍ജ്ജുനന്‍, നിദ്രയെ ശത്രുവായി ക്കാണുന്ന പടയാളികള്‍ തുടങ്ങിയവരുടെ ചിത്രീകരണങ്ങള്‍ ആകര്‍ഷകങ്ങളാണ്. സൗന്ദര്യാനുഭൂതിയാണ് ഒരു കൃതിയുടെ ഗുണമേന്മക്ക് അടിസ്ഥാനമെങ്കില്‍ ഈ കൃതി അനുപദം ഓരോ അണുവിലും അനുഭൂതിദായകമാണ്. ഒറ്റ വാക്യത്തില്‍പ്പറഞ്ഞാല്‍ ഒരു ഖണ്ഡകാവ്യം പോലെ ഒറ്റ ഇരിപ്പിനു സുഗമമായി വായിച്ചുതീര്‍ക്കാവുന്ന ഒരു കൃതി.
പുസ്തകത്തിന്റെ ബാഹ്യഘടന മേല്‍ പറഞ്ഞ രീതിയിലുള്ളതാണെങ്കിലും അതിന്റെ ഉള്ളടക്കം സംഘര്‍ഷനിര്‍ഭരമാണ്. പ്രധാനമായും ദുശ്ശളയുടെയും അര്‍ജ്ജുനന്റെയും മേല്‍ക്കുമേല്‍ പൊന്തി വരുന്ന ചിന്തകളാണ് ആഖ്യാനവിഷയം. മഹാഭാരതകഥയുടെ കാലക്രമനൈരന്തര്യത്തിനു ഭംഗം വന്നു പോയിട്ടുണ്ടെങ്കില്‍ അതു സ്വാഭാവികമാണ്.
പാണ്ഡവരുടെ അജ്ഞാതവാസകാലവും, പാഞ്ചാലീ സ്വയം വരവും മറ്റും പ്രതിപാദിക്കുന്നതിനിടയിലാണ് ജീവിതത്തിലുടനീളം അനുഭവിക്കേണ്ടിവന്നിട്ടുള്ളതും ഇനി സംഭവിക്കാന്‍ പോകുന്നതുമായ കാര്യങ്ങളെക്കുറിച്ചാലോചിച്ചു നീറുന്ന അര്‍ജ്ജനനെ ചിത്രീകരിക്കുന്നത്.
ദുശ്ശളയുടെ ശൈശവം തൊട്ടുള്ള ഓര്‍മ്മകളില്‍ തുടങ്ങി തന്റെ പുത്രന്‍ സുരഥന്‍ രാജാവായിരിക്കുന്ന രാജ്യത്തേക്ക് അശ്വമേധത്തിനെത്തിയിരിക്കുന്ന അര്‍ജ്ജുനനെക്കുറിച്ച് ഓര്‍ത്ത് ഭയാര്‍ത്തയാകുന്ന അവളുടെ ചിന്തകളും, ഒടുവില്‍ ആത്മബലമില്ലാത്ത സ്വപുത്രന്‍ സുരഥന്റെ ഹൃദയം പൊട്ടിയുള്ള മരണവും ജനിച്ചിട്ടു അധികകാലമാക്കാത്ത സുരഥന്റെ കുഞ്ഞുമായി അര്‍ജ്ജുനസമക്ഷം വരുന്ന ദുശ്ശളയുടെ ചിത്രവും ഹൃദയസ്പൃക്കായ ഭാഷയില്‍ ചിത്രീകരിച്ചിരിക്കുന്നു.
മഹാഭാരതകഥകളെ അധികരിച്ചു എഴുതപ്പെട്ടിട്ടുള്ള കൃതികളില്‍ കഥകളുടെ സംക്ഷേപണ വൈദഗ്ധ്യം കൊണ്ടും ആഖ്യാനസാമര്‍ത്ഥ്യം കൊണ്ടും ഒട്ടും പിന്നില്‍ അല്ലാത്ത കൃതിയാണ് ബി എസ് രാജേന്ദ്രന്റെ ദുശ്ശള.

പരിധി പബ്ലിക്കേഷന്‍സ്
വില 80 രൂപ