June 1, 2023 Thursday

Related news

May 31, 2023
May 30, 2023
May 30, 2023
May 25, 2023
May 22, 2023
May 20, 2023
May 14, 2023
May 10, 2023
May 4, 2023
May 4, 2023

സ്കൂൾ അസംബ്ലികളിൽ ഭരണഘടനയുടെ ആമുഖ വായന നടപ്പാക്കും‍: മുഖ്യമന്ത്രി

Janayugom Webdesk
January 6, 2020 8:30 pm

ഫറോക്ക് (കോഴിക്കോട്): രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കപ്പെടേണ്ടതാണെന്ന പൊതുബോധം വളർത്തിയെടുക്കുന്നതിനായി സ്കൂൾ- കോളേജ് അസംബ്ലികളിൽ ഭരണഘടനയുടെ ആമുഖം വായിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ഭരണഘടനയും അതുയർത്തിപ്പിടിക്കുന്ന മൂല്യങ്ങളും ഭീഷണി നേരിടുന്ന വർത്തമാനകാല ഇന്ത്യയിൽ ഭരണഘടനാ പഠനം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന കലാലയ വിദ്യാർഥി സംഘടനാ നേതാക്കളുടെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്തിന്റെ ഭാവി വികസനത്തെക്കുറിച്ചുള്ള പുതുതലമുറയുടെ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും നേരിട്ടറിയാൻ യൂണിവേഴ്സിറ്റി- കോളേജ് വിദ്യാർഥി യൂണിയൻ നേതാക്കളോട് നേരിട്ട് സംവദിക്കുന്നതിനായി കോഴിക്കോട് ഫാറൂഖ് കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചീഫ് മിനിസ്റ്റേഴ്സ് സ്റ്റുഡന്റ് ലീഡേഴ്സ് കോൺക്ലേവിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

കോളേജ് വിദ്യാർഥി യൂണിയനുകളിൽ 50 ശതമാനം വനിതാ സംവരണം പ്രാവർത്തികമാക്കാൻ കഴിയുമോ എന്ന കാര്യം ഗൗരവമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കലാലയങ്ങളിൽ വിദ്യാർഥിനികളുടെ അംഗസംഖ്യ വലിയ തോതിൽ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ വിദ്യാർഥി നേതാക്കളുടെ ഈ ആവശ്യത്തിന് പ്രസക്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കും. ക്യാമ്പസ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട് നിയമ നിർമ്മാണത്തിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കലാലയങ്ങളിൽ ഇന്റേണൽ മാർക്കിന്റെ പേരിൽ ആരെയും തോൽപ്പിക്കാതിരിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. ഭാവിയിൽ ഇന്റേണൽ മാർക്ക് തന്നെ ഒഴിവാക്കാൻ ഉദ്ദേശമുണ്ട്. വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം പാർട്ട്ടൈം ജോലി ചെയ്യുന്നതിന് അവസരം ഉണ്ടാക്കാൻ സർക്കാർ ആഗ്രഹിക്കുന്നതായും മുഖ്യമന്ത്രി വെളിപ്പെടുത്തി. പെൺകുട്ടികൾക്ക് ഉൾപ്പെടെ നിയന്ത്രണം ഇല്ലാത്ത വിധം യൂണിവേഴ്സിറ്റി ലൈബ്രറികൾ 24 മണിക്കൂറും പ്രവർത്തിക്കുന്നതിന് നടപടി സ്വീകരിക്കാമെന്ന് അദ്ദേഹം വിദ്യാർഥികൾക്ക് ഉറപ്പു നൽകി. യൂണിവേഴ്സിറ്റി പരീക്ഷകൾ യഥാസമയം നടത്തുന്നതിന് നടപടി ആയിട്ടുണ്ട്. കാമ്പസുകൾ ലഹരി മുക്തമാക്കുന്നതിന് കൂട്ടായ പരിശ്രമം വേണമെന്നും ഇതിന് വിദ്യാർഥി യൂണിയനുകളുടെയും പി. ടി. എകളുടെയും ശക്തമായ പിന്തുണ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

പാരിസ്ഥിതിക വിഷയങ്ങൾ, ജലസംരക്ഷണം, മാലിന്യ നിർമ്മാർജനം, നൂതന കൃഷി രീതികൾ, ദുരന്ത നിവാരണം തുടങ്ങിയ വിഷയങ്ങൾക്ക് പാഠ്യപദ്ധതികളിൽ സ്കൂൾ തലം മുതൽ മതിയായ പ്രാധാന്യം നൽകണമെന്ന വിദ്യാർഥികളുടെ ആവശ്യങ്ങളെ മുഖ്യമന്ത്രി തുറന്ന മനസ്സോടെ അംഗീകരിച്ചു. മാലിന്യ മുക്തമായ പരിസരം സൃഷ്ടിക്കുന്നതിന് വീടുകളിൽ തന്നെ മാലിന്യങ്ങൾ വേർതിരിച്ച് സൂക്ഷിക്കുന്നതിനും സംസ്കരിക്കുന്നതിനുള്ള പാഠങ്ങൾ പഠിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൃഷി ലാഭകരമല്ലെന്ന ധാരണ തിരുത്തുന്നതിന് ആധുനിക രീതിയിലുള്ള കാർഷിക രീതികൾ പ്രോത്സാഹിപ്പിക്കപ്പെടണം. ജലസ്രോതസ്സുകൾ വൃത്തിയായി സംരക്ഷിക്കുകയും മഴവെള്ളം ശേഖരിക്കുന്നതിനായി മഴക്കുഴികളും സംഭരണികളും സ്ഥാപിക്കുകയും കിണറുകളിലേക്ക് വെള്ളം ആഴ്ന്നിറങ്ങാൻ സംവിധാനങ്ങൾ ഒരുക്കുകയും ചെയ്യണം.

സംസ്ഥാന സർക്കാർ ആവിഷ്ക്കരിച്ച് നടപ്പാക്കുന്ന ജനകീയ ദുരന്ത നിവാരണ സേനയിൽ വിദ്യാർഥികൾക്ക് മതിയായ അവസരം നൽകും. ഓരോ 100 പേർക്കും ഒരാൾ എന്ന രീതിയിൽ വിദഗ്ധ പരിശീലനം നൽകുന്ന വളണ്ടിയർ ടീമിൽ 18 വയസ്സ് പൂർത്തിയായവർക്ക് പങ്കെടുക്കാം. എൻ. സി. സി, എൻ. എസ്. എസ്, വിദ്യാർഥികൾ, യുവജനങ്ങൾ, വിമുക്ത ഭടന്മാർ തുടങ്ങിയവരെ പദ്ധതിയിൽ ഉൾപ്പെടുത്തും.

സംസ്ഥാനത്തിന്റെ വികസന നയം രൂപീകരിക്കുന്നതിനായി ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് കോഴിക്കോട് ഫാറൂഖ് കോളെജ് ഓഡിറ്റോറിയത്തിൽ രണ്ടാം സ്റ്റുഡന്റ് ലീഡേഴ്സ് കോൺക്ലേവ് സംഘടിപ്പിച്ചത്. ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി കെ. ടി ജലീലിന്റെ അധ്യക്ഷതയിൽ നടന്ന കോൺക്ലേവിൽ കണ്ണൂർ, കോഴിക്കോട്, കാർഷിക, വെറ്റിനറി, മലയാളം, സംസ്കൃതം, കേരള കലാമണ്ഡലം സർവ്വകലാശാലകളിലെ യൂണിയൻ പ്രതിനിധികളും അവയുടെ കീഴിൽ വരുന്ന സ്വാശ്രയ കോളേജുകൾ ഉൾപ്പെടെയുളള എല്ലാ അഫിലിയേറ്റഡ് കോളേജുകളിലേയും യൂണിയൻ ചെയർമാൻ, ജനറൽ സെക്രട്ടറിമാർ ഉൾപ്പെടെ ആയിരത്തോളം പേരാണ് പങ്കെടുത്തത്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ, ഗുണമേന്മക്കുള്ള നിർദ്ദേശങ്ങൾ, നവകേരള നിർമ്മിതിക്കുള്ള വിദ്യാർഥി സമൂഹത്തിന്റെ കാഴ്ചപ്പാടും പങ്കാളിത്തവും എന്നീ വിഷയങ്ങളിൽ രണ്ടര മണിക്കൂർ സമയം മുഖ്യമന്ത്രി വിദ്യാർഥി പ്രതിനിധികളുമായി ആശയ വിനിമയം നടത്തി.

ചടങ്ങിൽ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ വി. വിഘ്നേശ്വരി സ്വാഗതവും അഡീഷണൽ ഡയറക്ടർ ഡോ. കെ. ടി സുമ നന്ദിയും പറഞ്ഞു. കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ, കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ, ഫാറൂഖ് കോളേജ് പ്രിൻസിപ്പൽ ഡോ. കെ. എം നസീർ, ഫാറൂഖ് കോളേജ് ഭാരവാഹികളായ പി. കെ മുഹമ്മദ്, സി. പി കുഞ്ഞിമുഹമ്മദ്, കെ. വി കുഞ്ഞഹമ്മദ് കോയ തുടങ്ങിയവർ പങ്കെടുത്തു.

Eng­lish sum­ma­ry:Intro­duc­to­ry read­ing of the Con­sti­tu­tion to be imple­ment­ed in school assem­blies: CM

‘you may also like this video’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.