കുട്ടിക്കാലത്ത് നാണംകുണുങ്ങി എന്നൊരു ചീത്തപ്പേരുണ്ടായിരുന്നു എനിക്ക്, പക്ഷെ വൈകിയാണ് ഞാനെന്റെ ശരിയായ ‘രോഗം’ തിരിച്ചറിഞ്ഞത്

Web Desk
Posted on November 22, 2019, 7:27 pm

കുട്ടിക്കാലത്ത് നാണംകുണുങ്ങി എന്നൊരു ചീത്തപ്പേരുണ്ടായിരുന്നു എനിക്ക്, പക്ഷെ വൈകിയാണ് ഞാനെന്റെ ശരിയായ ‘രോഗം’ തിരിച്ചറിഞ്ഞത്. വൈശാഖൻ തമ്പി എന്ന യുവാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. അന്തർമുഖത്വം-ബഹിർമുഖത്വം എന്നീ രണ്ട് തരാം വ്യക്തിത്വങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന പോസ്റ്റ് ഇതിനോടകം നിരവധി പേരാണ് ഷെയർ ചെയ്തിരിക്കുന്നത്. പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം:

കുട്ടിക്കാലത്ത് നാണംകുണുങ്ങി എന്നൊരു ചീത്തപ്പേരുണ്ടായിരുന്നു എനിക്ക്. അധികമാരോടും സംസാരിക്കില്ല, അപരിചിതരോടോ അല്പമാത്രം പരിചയമുള്ളവരോടോ ഇടപെടില്ല, ബന്ധുക്കളോടും നാട്ടുകാരോടും കുശലം ചോദിക്കില്ല ഇങ്ങനെ കുറ്റാരോപണങ്ങൾ പലതും നേരിട്ടിരുന്നു. കുറച്ചുകൂടി വളർന്നപ്പോൾ ഇതേ കുറ്റങ്ങൾക്ക് നാണംകുണുങ്ങൽ എന്നതിന് പകരം ജാഡ എന്നൊരു പുതിയ പേര് കൂടി ചാർത്തിക്കിട്ടി.

കുറച്ചുകൂടി വളർന്നപ്പോൾ അത് നാണമോ ജാഡയോ അല്ലാന്ന് സംശയിക്കാൻ ചില കാരണങ്ങൾ കിട്ടി. ദൂരെ നിന്ന് മാത്രം പരിചയിച്ച നിരവധി അടുത്ത് പരിചയിച്ച ശേഷം “നീ ഒരു അഹങ്കാരിയാണെന്നാണ് ഞാൻ പണ്ട് കരുതിയിരുന്നത്, അടുത്ത് പരിചയപ്പെട്ടപ്പോൾ ആ ധാരണ മാറി” എന്ന് തുറന്നുപറഞ്ഞു. നാണം കാരണം സംസാരിക്കില്ല എന്ന പരാതി കേട്ടിരുന്ന എന്നെപ്പറ്റി കൂട്ടുകാർ “അപാര കത്തി” എന്ന കമന്റ് പറഞ്ഞു. അങ്ങനെ കുറേ വൈകിയാണ് ഞാനെന്റെ ശരിയായ ‘രോഗം’ തിരിച്ചറിഞ്ഞത്- ഞാനൊരു അന്തർമുഖ (intro­vert) വ്യക്തിത്വത്തിന് ഉടമയാണ്.

മനുഷ്യരുടെ വ്യക്തിത്വത്തിന് അന്തർമുഖത്വം-ബഹിർമുഖത്വം (intro­ver­sion-extro­ver­sion) എന്നിങ്ങനെ രണ്ട് ഭാവഭേദങ്ങൾ പറയാറുണ്ട്. ഇവ ഒരു വർണരാജിയുടെ രണ്ട് അറ്റങ്ങളാണ്. പൊതുവിൽ ഒരാളുടെ സ്ഥാനം അവയ്ക്കിടയിൽ എവിടെയെങ്കിലും ആയിരിക്കും. എന്നാൽ ചിലരെങ്കിലും ഈ അറ്റങ്ങളോട് അടുത്ത് കാണപ്പെടുന്നവരാണ്. അവരെയാണ് അന്തർമുഖരെന്നോ ബഹിർമുഖരെന്നോ വിളിക്കുന്നത്. അവരവർക്ക് വെളിയിൽ, പുറമേ നിന്ന് സന്തോഷം തിരയുന്നവരാണ് ബഹിർമുഖർ എന്ന് സാമാന്യമായി പറയാം. ഉത്സവങ്ങൾ, പാർട്ടികൾ എന്നിങ്ങനെ ആള് കൂടുന്ന സ്ഥലങ്ങൾ ഇത്തരക്കാർക്ക് ആസ്വദിക്കാനാകും. മറ്റുള്ളവരോട് കുശലം അന്വേഷിക്കാനും വിശേഷങ്ങൾ പറയാനും ഇവർക്കിഷ്ടമായിരിക്കും. ഇവർ പൊതുവിൽ ഉത്സാഹികളും സഹായികളും സംസാരപ്രിയരും ആയിരിക്കും എന്ന് മാത്രമല്ല ഒറ്റയ്ക്കായാൽ ഇവർക്ക് വളരെ പെട്ടെന്ന് ബോറടിയ്ക്കുകയും ചെയ്യും.

ഇതിന്റെ മറുവശമാണ് അന്തർമുഖർ. വായന, എഴുത്ത്, കംപ്യൂട്ടർ ഗെയിം, എന്നിങ്ങനെ ഒറ്റയ്ക്ക് ചെയ്യാവുന്ന പ്രവൃത്തികളിൽ സന്തോഷം കണ്ടെത്തുന്നവർ. പൊതുവിൽ ഒരുതരം reserved പ്രകൃതമായിരിക്കും ഇവർക്ക്. അടുത്ത സുഹൃത്തുക്കളോടൊപ്പം സമയം ചെലവിടുന്നത് ഇഷ്ടമാണെങ്കിലും, അന്തർമുഖർക്ക് വലിയ ആൾക്കൂട്ടങ്ങളിൽ തീരെ താത്പര്യമുണ്ടാവില്ല. ഒരുപാട് ആളുകളുമായി ഇടപെടുന്നത് ഇവരെ പെട്ടെന്ന് മടുപ്പിയ്ക്കും. ഒരു സമയം മിക്കവാറും ഒരു പ്രവൃത്തിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാകും ഇവർ ശ്രമിക്കുക. സാഹചര്യങ്ങളെ മാറിനിന്ന് നിരീക്ഷിക്കുകയും അവലോകനം ചെയ്യുകയും ചെയ്ത ശേഷമേ ഇവർ അതിൽ ഇടപെടൂ. പൊതുവിൽ ആളുകൾ ഇതിനെ നാണം കുണുങ്ങലായി (shy­ness) തെറ്റിദ്ധരിയ്ക്കാറുണ്ടെങ്കിലും അന്തർമുഖത്വവും നാണവും രണ്ടാണ്. നാണം സാമൂഹ്യ ഇടപെടലുകളോടുള്ള ഒരുതരം പേടിയും, അന്തർമുഖത്വം വ്യക്തിത്വത്തിന്റെ ഒരു തെരെഞ്ഞെടുപ്പുമാണ്. ഈ തെറ്റിദ്ധാരണ കാരണമാകണം, ഞാനൊരു അന്തർമുഖനാണെന്ന് പറഞ്ഞാൽ പലരും സമ്മതിച്ച് തരാറില്ല.

ഒറ്റയ്ക്കിരിയ്ക്കുമ്പോൾ ഒരിയ്ക്കലും ബോറടിയ്ക്കാത്ത ഒരാളാണ് ഞാൻ. ആളുകളോട് അടുപ്പമുണ്ടാക്കാൻ എനിക്കൊരുപാട് സമയം വേണം, അഥവാ നോക്കീം കണ്ടുമേ ഞാൻ സുഹൃത്തുക്കളെ ഉണ്ടാക്കാറുള്ളൂ. അടുത്തുകഴിഞ്ഞാൽ പിന്നെ അവരോട് വളരെ ഫ്രീയായി ഇടപെടാൻ കഴിയും. പക്ഷേ അപരിചിതരോട് സംസാരിക്കാനും വലിയ ആൾക്കൂട്ടങ്ങളിൽ സമയം ചെലവിടാനും എനിയ്ക്ക് ഭയങ്കര ബുദ്ധിമുട്ടാണ്. ഞാൻ പങ്കെടുക്കാറുള്ള പൊതുപരിപാടികളിൽ പലപ്പോഴും നിരവധി ആളുകളോട് ഇടപെടേണ്ട സാഹചര്യങ്ങൾ ഉണ്ട്. സ്വകാര്യ ദൂരത്തിൽ (per­son­al dis­tance) ആളുകളോട് ഇടപെടുമ്പോൾ ഞാൻ പെട്ടെന്ന് മാനസികമായി ക്ഷീണിയ്ക്കും. നമ്മളെ ദൂരെ നിന്ന് മാത്രം കണ്ട് പരിചയിച്ചിട്ടുള്ള ആളുകളോട് ഈ ക്ഷീണം പ്രകടിപ്പിക്കുന്നത് അനുചിതമാണ് താനും. അവിടെ ഞാൻ ഞാനല്ലാത്തൊരാളായി അഭിനയിക്കാൻ ശ്രമിച്ച് പരാജയപ്പെടാറുണ്ട്. മിക്കപ്പോഴും ഇത് കാരണം ഞാൻ ആൾക്കൂട്ടങ്ങളിൽ നിന്ന് പെട്ടെന്ന് പിൻവലിയാറുണ്ട്. ഇതൊരു നല്ല കാര്യമാണോ മോശം കാര്യമാണോ എന്നൊരു വിധിപ്രസ്താവത്തിൽ കഴമ്പില്ലാന്ന് തോന്നുന്നു. എന്തായാലും ഇതേ കാരണം കൊണ്ട് ‘അഹങ്കാരി’, ‘ജാഡത്തെണ്ടി’ തുടങ്ങിയ ചീത്തപ്പേരുകളുമായി നടക്കുന്ന കുറേ പേരെ എനിക്കറിയാം. രക്തം രക്തത്തെ തിരിച്ചറിയും എന്നൊക്കെ പറയുന്നതുപോലെ അതിൽ മിക്ക ജാഡത്തെണ്ടികളും എന്റെ സുഹൃത്തുക്കളുമാണ്.