ബേബി ആലുവ

 കൊച്ചി

February 16, 2020, 10:03 pm

ഐഎൻടിയുസി കേരള ഘടകം പിളർപ്പിലേക്ക്

Janayugom Online

കേരള ഐഎൻടിയുസി കേരള ഘടകത്തിൽ ശക്തി പ്രാപിച്ച വിഭാഗീയത പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നു. 22‑നു വിമത വിഭാഗം നിശ്ചയിച്ചിരിക്കുന്ന സെക്രട്ടറിയേറ്റ് മാർച്ചോടെ പിളർപ്പ് പൂർണ്ണമാകും. ഔദ്യോഗിക നേതൃത്വത്തിനെതിരായ യുദ്ധപ്രഖ്യാപനമായി മാറ്റാൻ തീരുമാനിച്ചിരിക്കുന്ന മാർച്ച് ഉദ്ഘാടനം ചെയ്യുന്നത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ്. ഐഎൻടിയുസി ദേശീയ സെക്രട്ടറിയും ഐ വിഭാഗക്കാരനുമായ അഡ്വ. കെ പി ഹരിദാസിന്റെ മുൻ കയ്യോടെ എറണാകുളത്ത് സമാന്തര ജില്ലാക്കമ്മിറ്റി നിലവിൽ വന്നതോടെയാണ്, സംഘടനയുടെ കേരള ഘടകത്തിൽ നാളുകളായി പുകഞ്ഞു നിന്ന കലഹത്തിന് പരസ്യ രൂപം കൈവന്നത്.

ജില്ലയിലെ നിലവിലെ ഔദ്യോഗിക നേതൃത്വവും ഐ വിഭാഗത്തിനാണ്. തുടർന്ന്, ഐഎൻടിയുസിയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള യൂണിയനുകളുടെ യോഗങ്ങൾ വിളിച്ചു കൂട്ടി വിമത വിഭാഗം പ്രവർത്തനങ്ങൾ ഊർജിതമാക്കുകയും മുൻ പ്രസിഡണ്ടും ഐ ഗ്രൂപ്പുകാരനുമായ അഡ്വ. കെ സുരേഷ് ബാബു ചെയർമാനായി സംസ്ഥാന തലത്തിൽ കോഓർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. കോൺഗ്രസിൽ നടക്കുന്നതു പോലെ ഐഎൻടിയുസിയിൽ നോമിനേഷൻ പറ്റില്ലെന്നും, തന്നെ എതിർക്കുന്നവർ തെരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ചാണ് ശക്തി കാണിക്കേണ്ടതെന്നും പ്രസിഡണ്ട് ആർ ചന്ദ്രശേഖരൻ വാർത്താ സമ്മേളനം വിളിച്ച് തുറന്നടിച്ചതോടെ ഇരുഭാഗത്തും അങ്കപ്പുറപ്പാടായി. അതോടെ, ഐ ഗ്രൂപ്പുകാരായ സുരേഷ് ബാബുവിനും ഹരിദാസിനും പിന്തുണയുമായി മുൻ മന്ത്രി കെ ബാബുവും മുൻ എംപി കെ പി ധനപാലനും കെ കെ ജിന്നാസും എത്തി. ഇവരടക്കം 21 പേർ ഒപ്പിട്ട പരാതി ആർ ചന്ദ്രശേഖരനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ദേശീയ നേതൃത്വത്തിനു നൽകുകയും ചെയ്തു.

ഐ ഗ്രൂപ്പുകാരനായിട്ടും ആർ ചന്ദ്രശേഖരന് ആ വിഭാഗത്തിന്റെ പരസ്യ പിന്തുണയില്ല. ഐ ക്കാർ മുന്നിൽ നിന്നു നയിക്കുന്ന വിമത വിഭാഗത്തിന് എ വിഭാഗത്തിന്റെ പരസ്യ പിന്തുണയുമുണ്ട്. 22 — നു നിശ്ചയിച്ചിരിക്കുന്ന സെക്രട്ടറിയേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യാൻ ഉമ്മൻ ചാണ്ടി സമ്മതിച്ചതു തന്നെ ഇതിനു തെളിവ്. ചന്ദ്രശേഖരനെ താഴെയിറക്കുന്നതോടൊപ്പം ഐഎൻടിയുസിയെ കൈവശംവച്ചിരിക്കുന്ന ഐ വിഭാഗത്തിനുള്ളിലെ ഭിന്നിപ്പും എ ഗ്രൂപ്പ് ഉന്നമിടുന്നുണ്ട്. ഉമ്മൻ ചാണ്ടി സർക്കാരിനെതിരെ ബിഎംഎസുമായി കൂട്ടുചേർന്നു പോലും ചന്ദ്രശേഖരൻ സമരം നടത്തിയതും സർക്കാരിനു തലവേദനയുണ്ടാക്കും വിധം നിരന്തരം പരസ്യപ്രസ്താവനകൾ പുറപ്പെടുവിച്ചിരുന്നതുമൊക്കെ എ ഗ്രൂപ്പിനെ ചൊടിപ്പിച്ച കാര്യങ്ങളാണ്.

കോൺഗ്രസ് മുഖപത്രത്തിലെ ശമ്പളക്കുടിശ്ശിക ആവശ്യപ്പെട്ട് സമരത്തിനു നോട്ടീസ് നൽകിയതുൾപ്പെടെ ചന്ദ്രശേഖരൻ സ്വീകരിക്കുന്ന പല കാര്യങ്ങളിലും കെപിസിസി നേതൃത്വത്തിനും അതൃപ്തിയുണ്ട്. ഏതെങ്കിലും വിധത്തിലുള്ള അനുരഞ്ജന ശ്രമങ്ങൾക്ക് സാദ്ധ്യതയില്ലാത്ത വിധം ഇരു വിഭാഗവും അകന്നു കഴിഞ്ഞു. 22‑ലെ സെക്രട്ടറിയേറ്റ് മാർച്ച് ശക്തിപ്രകടനമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാന്ന് വിമത വിഭാഗം. നിലവിൽ ജില്ലാ തലത്തിലടക്കം പല ഘടകങ്ങളിലും സമാന്തര കമ്മിറ്റികളുണ്ട്. സംസ്ഥാന ഘടകത്തിനു തന്നെ ഫലത്തിൽ രണ്ടു കമ്മിറ്റികളുണ്ട്.