Web Desk

കൊച്ചി

January 21, 2020, 6:50 am

കോൺഗ്രസിലെ എ ഐ വിഭാഗങ്ങളിലെ പുതിയ ധ്രുവീകരണം ഐഎൻടിയുസിയിലും പ്രതിഫലിക്കുന്നു

Janayugom Online

കോൺഗ്രസിലെ എ ഐ വിഭാഗങ്ങളിലെ പുതിയ ധ്രുവീകരണം ഐഎൻടിയുസിയിലും പ്രതിഫലിക്കുന്നു.കെ കരുണാകരന്റെ പേരിൽ നിർമിച്ച ഓഫീസ് ഉൽഘാടനം രാഹുൽഗാന്ധി നിർവഹിക്കുന്നതിനെ വിഭാഗം തടയാൻ ശ്രമിക്കുന്നുവെന്ന് ഒരു വിഭാഗം ആരോപിക്കുമ്പോൾ പഴയ ഭാരവാഹികളും ഐ ഗ്രൂപ്പ് നേതാക്കളും ചേർന്ന് സംഘടിപ്പിക്കുന്ന സെക്രട്ടറിയേറ്റ് വളയൽ സമരത്തിൽ ഉമ്മൻചാണ്ടി പങ്കെടുക്കുമെന്ന്പഴയ പ്രസിഡണ്ട് സുരേഷ്ബാബു പറയുന്നു.എന്നാൽ

കോൺഗ്രസ് നേതാക്കൾക്ക് ഇഷ്ടക്കാരെ നോമിനേറ്റ് ചെയ്യാനുള്ള സംഘടനയല്ല ഐഎൻടിയുസിയെന്ന് സംസ്ഥാനപ്രസിഡണ്ട് ആർ ചന്ദ്രശേഖരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഐഎൻടിയുസിയെ തകർക്കാൻ ചിലർ കോൺഗ്രസിലെ ഗ്രൂപ്പ് വഴക്കിനെയും ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഐഎൻടിയുസി കോ–-ഓർഡിനേഷൻ കമ്മിറ്റിയുടെ പേരിൽ നടക്കുന്ന സെക്രട്ടേറിയറ്റ് മാർച്ചിൽ ഉമ്മൻചാണ്ടി പങ്കെടുക്കില്ലെന്നാണ് പ്രതീക്ഷ. ഐഎൻടിയുസിയിലെ നിരാശ ബാധിതർ നടത്തുന്ന സമരം എങ്ങനെ പിണറായി സർക്കാരിനെതിരാകും. സംഘടനാ തെരഞ്ഞെടുപ്പിൽ വിവാദമുയർത്തുന്നവർ ഇതുവരെ ഔദ്യോഗികമായി പരാതി നൽകിയിട്ടില്ല. 12 വർഷം സംസ്ഥാന ഭാരവാഹിയായിരുന്നവരും ആക്ഷേപങ്ങളുന്നയിക്കുകയാണ്. കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയോടെ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ജില്ലാ, സംസ്ഥാന തല തെരഞ്ഞെടുപ്പ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഐഎൻടിയുസിയിലും വിഭാഗീയത ഉണ്ടെന്ന് വരുത്താനുള്ള ഗൂഢനീക്കമാണ് നടക്കുന്നത്. തൊഴിലാളി പ്രവർത്തകർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവസാരമാണ് ഇതുവഴി നഷ്ടപ്പെടുത്തുന്നത്. രേഖകൾ കൃത്യമായി സൂക്ഷിക്കുന്ന സംഘടനയാണ് ഐഎൻടിയുസി. താൻ പ്രസിഡന്റായ ശേഷം നടക്കുന്ന മൂന്നാമത് സംഘടനാ തെരഞ്ഞെടുപ്പാണ് നടക്കുന്നത്. 493 ഘടക യൂണിയനുകൾക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാം. 800 യൂണിയനുകളുണ്ടെന്ന ഒരു വിഭാഗത്തിന്റെ വാദം വിചിത്രമാണ്. എൽഡിഎഫ് സർക്കാരിനെതിരെ ഐഎൻടിയുസി സമരം നടത്തുന്നില്ലെന്ന ആരോപണം തെറ്റാണ്. കഴിഞ്ഞ മൂന്നര വർഷത്തിനിടെ ഏഴ് സമരങ്ങളാണ് നടത്തിയത്. ജനുവരി 17ന് പ്രഖ്യാപിച്ച സമരം യുഡിഎഫ് കൺവീനറും കെപിസിസി പ്രസിഡണ്ടും പറഞ്ഞിട്ടാണ് മാറ്റി വച്ചത്. സർക്കാരിനെതിരെ സമരം നടത്തിയില്ല എന്ന് ഇപ്പോൾ ആരോപിക്കുന്നവർ കഴിഞ്ഞ സമരങ്ങളിൽ പങ്കെടുത്തവരാണ്.

കോൺഗ്രസിലെ പ്രശ്നങ്ങൾ കൂടുതൽ സങ്കീർമാക്കാനും ഐഎൻടിയുസിയെ ഇല്ലാതാക്കാനുമാണ് ചിലർ ശ്രമിക്കുന്നത്. പദവിയിൽ കടിച്ചുതൂങ്ങാനില്ല. വിഭാഗീയത വളർത്തി സംഘടനയെയും പാർട്ടിയെയും പ്രതിസന്ധിയിലാക്കുന്നവർക്കെതിരെ സംഘടനാപരമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ജില്ലാ പ്രസിഡൻറ് കെ കെ ഇബ്രാഹിംകുട്ടി, സംസ്ഥാന ഭാരവാഹികളായ വി പി ജോർജ്, എം എം അലിയാർ, പി ടി പോൾ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.