25 April 2024, Thursday

തലതിരിഞ്ഞ അനുപാതം

യൂഹാനോൻ മോർ മിലിത്തിയോസ് മെത്രാപ്പൊലീത്ത
ഉള്‍ക്കാഴ്ച
October 27, 2021 5:00 am

സ്കൂളിലെ ചെറുക്ലാസുകളിലൊന്നിൽ പഠിച്ചതാണ് രണ്ടുതരത്തിലുള്ള അനുപാതത്തെക്കുറിച്ച്: ഒന്ന് നേരായ അനുപാതവും (ഡയറക്ട്‌ലി പ്രൊപ്പോഷണൽ), രണ്ടാമത്തേത് തലതിരിഞ്ഞ അനുപാതവും (ഇൻവേർഷണലി പ്രൊപ്പോഷണൽ). ഒന്ന് കൂടിയാൽ സമാന്തരമായതും കൂടുകയും, എന്നാൽ ഒന്ന് കുറഞ്ഞാൽ മറ്റേത് കൂടുന്നതുമായ പ്രതിഭാസങ്ങൾ! ഒരു രാജ്യത്തെ മനുഷ്യജീവിത സാഹചര്യം, പ്രത്യേകിച്ചും ജനാധിപത്യ റിപ്പബ്ലിക്കുകളിൽ, വളർച്ചാനിരക്ക് സമൂലവും സമ്പൂർണവും ആയിരിക്കേണ്ടതാണ്. അതായത് വ്യാവസായിക‑കച്ചവട മേഖലകളിൽ മുതൽമുടക്കുന്നവരുടെ സാമ്പത്തിക വളർച്ചക്കാനുപാതികമാകണം തൊഴിൽ‑സേവന മേഖലകളിൽ ഉള്ളവരുടെ സാമ്പത്തിക വളർച്ച. ഇത്തരം ഒരു സാഹചര്യം സൃഷ്ടിക്കും എന്നും വിദേശത്ത് കുന്നുകൂടിയ ഭാരതീയരുടെ കളളപ്പണം തിരികെ കൊണ്ടുവന്ന് ഓരോ ഭാരതീയന്റേയും കൈകളിൽ പതിനഞ്ച് ലക്ഷം രൂപവീതം എത്തിക്കും എന്നും അവകാശപ്പെട്ട് ഭരണത്തിൽ കയറിയ സർക്കാർ ഏഴ് വർഷം പിന്നിടുമ്പോൾ കാര്യങ്ങൾ നേരെ വിപരീതമായാണ് സംഭവിക്കുന്നത്. ഇനിയും കോവിഡ് 19 ന്റെ സ്വാധീനം ആരോഗ്യ‑പൊതു ജീവിത മേഖലകളിൽ പ്രകടമാകുന്ന വരുംവർഷങ്ങളിൽ സ്ഥിതി കൂടുതൽ മോശമാവുകയും ചെയ്യും എന്നാണ് വിദഗ്ധ വിലയിരുത്തൽ.

ഇത് നമ്മുടെ നാടിന്റെ അവസ്ഥയെ നിഷ്പക്ഷമായി അവലോകനം ചെയ്യുന്ന ഏതൊരാൾക്കും തിരിച്ചറിയാൻ കഴിയുന്ന കാര്യമാണ് എങ്കിലും ഇപ്പോൾ പ്രത്യേകമായി പറയാൻ കാരണം, ആഗോള പട്ടിണി സൂചികയിൽ (ജിഎച്ച്ഐ) 116 രാജ്യങ്ങളിൽ ഇന്ത്യയെ 101-ാം സ്ഥാനത്തേക്ക് ഇകഴ്ത്തിയിരിക്കുന്നു എന്ന വാർത്തയാണ്. 2020 ൽ ഇന്ത്യയുടെ സ്ഥാനം 107 ൽ 94 ആയിരുന്നു. നമ്മുടെ അയൽ രാജ്യങ്ങളായ, അത്ര വികസിതമല്ല എന്ന് നാം പറയുന്ന, പാകിസ്ഥാൻ (39) മാലി, ശ്രീലങ്ക (65), നേപ്പാൾ, ബംഗ്ലാദേശ് (76) എന്നീ രാജ്യങ്ങൾ നമ്മെക്കാൾ ഇക്കാര്യത്തിൽ മെച്ചമാണ് എന്ന് ഈ സൂചിക പറയുന്നു. ഇത് തികച്ചും ലജ്ജാകരം തന്നെ. ഇന്ത്യയേക്കാൾ മോശമായ രാജ്യങ്ങളുടെ പട്ടികയാണ് ലജ്ജ വർധിപ്പിക്കുന്നത്. പാപ്പുവാ ന്യൂഗിനി, അഫ്ഗാനിസ്ഥാൻ, ആഫ്രിക്കയിലെ ദരിദ്ര രാഷ്ടങ്ങൾ, യെമൻ തുടങ്ങിയവയുണ്ട് അക്കൂട്ടത്തിൽ. ബ്രസീലും ചിലിയും ക്യൂബയും ചൈനയും ഒക്കെ മുകൾത്തട്ടിലാണ്. ഇന്ത്യയുടെ അവസ്ഥയെക്കുറിച്ചുള്ള ഈ സൂചിക ഇവിടത്തെ കുട്ടികൾക്ക് ലഭിക്കുന്ന പോഷകാഹാരത്തെയും അവരുടെ വളർച്ചയെയും ആധാരമാക്കിയുള്ളതാണ്.

 


ഇതുകൂടി വായിക്കൂ: പട്ടിണിപ്പാവങ്ങളുടെ ഇന്ത്യ


 

ഈ സൂചികക്കെതിരെ പ്രതികരിക്കാൻ കേന്ദ്രസർക്കാർ തിടുക്കത്തിൽ രംഗത്തുവന്നു. യാഥാർത്ഥ്യവുമായി ഇത് പൊരുത്തപ്പെടുന്നതല്ല എന്നും, ഇതിന്റെ വിലയിരുത്തൽ ശൈലിയിൽ പിഴവുണ്ട് എന്നും പറഞ്ഞാണ്, സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനുവേണ്ടിയുള്ള ഭാരതത്തിന്റെ മന്ത്രിതല വകുപ്പ്, സൂചികയെ നിരാകരിക്കുന്നത്. പഠനം നടത്തിയ ഐറിഷ് സംഘടനയായ ‘കൺസേൺ വേൾഡ് വൈഡും’ ജർമ്മനിയിലെ സന്നദ്ധ സംഘടനയായ ‘ലോക പട്ടിണി സഹായി’ (വേൾസ് ഹുൻഗർ ഹിൽഫെ)യും തങ്ങളുടെ കണ്ടെത്തൽ പ്രസിദ്ധീകരിക്കുന്നതിനു മുൻപ് സർക്കാരുമായി ആവശ്യമായ ചർച്ച നടത്തിയില്ല എന്നും ടെലഫോണിലൂടെയുള്ള ചോദ്യാവലിയിലൂടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവർ ഈ നിഗമനത്തിൽ എത്തിയത് എന്നുമാണ് ആരോപണം. ഒന്നാമത് ഈ സ്വതന്ത്ര സംഘടനകൾ അവരുടേതായ ശൈലിയിലാണ് അന്വേഷണം നടത്തി ഫലം പ്രസിദ്ധീകരിക്കുന്നത്. അക്കാര്യം സർക്കാരുകളുമായി ചർച്ച ചെയ്യാൻ ശ്രമിച്ചാൽ സ്വാഭാവികമായും സർക്കാരുകൾ അവരുടെ നിലപാട് ന്യായീകരിക്കാനേ ശ്രമിക്കു എന്നതിനാൽ അത് പ്രയോജനപ്പെടുന്ന കാര്യമാവില്ല. രണ്ടാമത് പറഞ്ഞത് തികച്ചും തെറ്റാണ്. ഈ വിലയിരുത്തൽ നാല് നിര്‍ണായക വിഷയങ്ങളുടെ അടിസ്ഥാനത്തിലാണ് നടത്തിയിട്ടുള്ളത്. ഭക്ഷണത്തിലെ പോഷകാഹാരക്കുറവ്, ശിശുമരണസംഖ്യ, അഞ്ചു വയസിന് താഴെയുള്ള കുട്ടികളുടെ ഉയരത്തിനനുസരിച്ചുള്ള തുക്കം (ചൈൽഡ് വേസ്റ്റിങ്), ഈ കുട്ടികളുടെ പ്രായത്തിനനുസരിച്ചുള്ള ഉയരം (ചൈൽഡ് സ്റ്റണ്ഡിങ്) എന്നിവയാണ് മാനദണ്ഡങ്ങൾ. ഇതിനാവശ്യമായ വിവരങ്ങൾ ശേഖരിക്കുന്നതാകട്ടെ ഭാരത സർക്കാരിന്റെ ഫുഡ് ആന്റ് അഗ്രിക്കൾച്ചർ ഓർഗനൈസേഷന്റെ സ്ഥിതിവിവര കണക്കുകളെ ആധാരമാക്കിയുമാണ്. മാത്രമല്ല ‘നാഷണൽ ഫാമിലി ഹെൽത്ത് സർവേ ‑5’ കുട്ടികളിലെ പോഷകാഹാരക്കുറവിനെക്കുറിച്ച് പോയ വർഷം തന്നെ സൂചന നൽകിയതാണ്. 2021 ജൂണിൽ ലോക സാമ്പത്തിക സമിതിയും ഇക്കാര്യത്തിൽ മുന്നറിയിപ്പ് നല്കിയിരുന്നു. കോവിഡ് കാലത്തെ ഭക്ഷണ വിതരണത്തിലെ കുറവും മറ്റൊരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

 


ഇതുകൂടി വായിക്കൂ: വിശപ്പ് സൂചിക 2020: പാഴായ ആറുവർഷങ്ങൾ


 

സ്ത്രീകൾക്ക് ഗർഭകാലത്ത് ലഭിക്കേണ്ട വൈദ്യസഹായത്തിന്റെ പരിമിതി കുട്ടികളിൽ ഗൗരവതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും എന്നതും പരിഗണിക്കണം എന്ന്, ഇരുപത് സാധുസംരക്ഷണ പ്രസ്ഥാനങ്ങൾ ചേർന്ന് ലണ്ടൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന, ‘ഓക്സ്ഫാം’ എന്ന സംഘടന പറയുന്നു. ‘നാഷണൽ ന്യൂട്രീഷൻ സർവ്വേ 2016–18’ ഉം ഇതിന് തെളിവാണ്. സ്തീകൾ വളരെ നേരത്തെ വിവാഹിതരും അമ്മമാരും ആകുന്നതും ഇതിലെ നിർണായക കാരണമാണ്. ഈ സ്ത്രീകളുടെ പൊതു ആരോഗ്യം തീർത്തും പരിതാപകരമാണ് എന്ന് ഇന്റർനാഷണൽ ഫുഡ് പോളിസി ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ റിസർച്ച് ഫെലോ ഡോ. പൂർണിമ മേനോന്‍ കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ പഠനത്തിൽ ഇന്ത്യയിലെ ഗ്രാമങ്ങളിൽ വസിക്കുന്ന നാലിൽ മൂന്ന് സ്ത്രീകൾക്കും ആവശ്യമായ സമീകൃതാഹാരം ലഭിക്കുന്നില്ല എന്ന് വെളിവാകുന്നു. 2000 നും 2019 നും ഇടക്ക് ജിഡിപി പെർകാപ്പിറ്റ അഞ്ചിരട്ടി വർധിച്ചു. എന്നാൽ അത് ഏതാനും പേരുടെ കൈകളിൽ മാത്രമായി ചുരുങ്ങി എന്നതാണ് ഡോ. പൂര്‍ണിമ മേനോന്റെ പഠനം. ആളോഹരി കണക്കാക്കിയാൽ 0.34 ശതമാനം മാത്രമാണ് ആരോഗ്യരംഗത്ത് ലഭിക്കുന്നുള്ളൂ. ‘അവസാനം ആരോഗ്യ പരിപാലനരംഗത്ത് നാം പ്രമുഖ സ്ഥാനം നേടുന്നു’ എന്നായിരുന്നു കേന്ദ്ര ധനമന്ത്രിയുടെ ബജറ്റ് പ്രസംഗത്തിലെ അവകാശവാദം. ആരോഗ്യത്തിന് ലോകത്ത് ഏറ്റവും കുറവ് ബജറ്റ് വിഹിതം ലഭിക്കുന്ന രാജ്യങ്ങളിൽ നാലാം സ്ഥാനത്താണ് ഇന്ത്യ. കൊട്ടിഘോഷിച്ച് ആത്മനിർഭർ സ്വച്ഛ് ഭാരത് യോജനക്ക് നീക്കിവച്ചത് പ്രതിവർഷം 10,700 കോടി മാത്രമാണ്. ഇതാകട്ടെ മുൻ വർഷത്തേക്കാൾ കുറവുമാണ്.

 

ഇവിടെയാണ് നമ്മുടെ പ്രൈമറി ക്ലാസിലെ പാഠം പരീക്ഷിക്കപ്പെടുന്നത്. ഡയറക്ട് പ്രാപ്പോഷൻ അനുസരിച്ചാണെങ്കിൽ രാജ്യത്ത് ദാരിദ്ര്യം വർധിക്കുമ്പോൾ ഭാരതത്തിലെ എല്ലാവർക്കും അത് ബാധകമാകണം. എന്നാൽ സംഭവിച്ചത് അതല്ല. തലതിരിഞ്ഞ ആനുപാതികത്വമാണിവിടെ ഉണ്ടായത്. പാവപ്പെട്ട കുടുംബങ്ങൾക്കും അവരുടെ കുഞ്ഞുങ്ങൾക്കും ദാരിദ്ര്യം വർധിച്ചുവെങ്കിൽ ഇന്ത്യയിലെ സമ്പന്നർക്കും വർധിച്ചു, അതവരുടെ സമ്പത്താണെന്നു മാത്രം. രണ്ടുകൂട്ടർക്കും വർധിച്ചില്ലേ എന്ന് നമ്മുടെ കേന്ദ്രസഹമന്ത്രിയുടെ ഭാഷയിൽ വേണമെങ്കിൽ ചോദിക്കാം. പക്ഷെ അദ്ദേഹത്തെപ്പോലെ നമുക്ക് ഇരുട്ടുകൊണ്ട് ഓട്ടയടച്ചോ മാധ്യമങ്ങളുടെ മുൻപിൽ ഉടായിപ്പ് പറഞ്ഞാല്‍ രക്ഷപ്പെടാനൊക്കില്ലല്ലോ, ഇത് നമ്മുടെ ദൈനംദിന അനുഭവമാണല്ലോ! അതുകൊണ്ട് പറയേണ്ടിവരുന്നു, ഡയറക്ട് പ്രപ്പോഷനല്ല ഇൻവേഴ്സ് പ്രപ്പോഷനാണ് ഇവിടെ ഈ മഹാവ്യാധി കാലത്ത് സംഭവിച്ചത് എന്ന്. അതെ സാധാരണ ജനത്തിന്റെ ദാരിദ്ര്യം വർധിച്ചപ്പോൾ സമ്പന്നരുടെ സമ്പത്താണ് വർധിച്ചത്, അതും 35 ശതമാനം! ഇപ്പോൾതന്നെ 8.5 കോടി ജനം പട്ടിണിയിലാണെന്നാണ് കണക്കുകൾ. “അസമത്വ വൈറസ് എന്നാണ് ഓക്സ്ഫാം ഈ അവസ്ഥയെ വിശേഷിപ്പിക്കുന്നത്. ഇന്ത്യയിലെ 11 ധനവാന്മാരുടെമേൽ ഒരു ശതമാനം നികുതി വർധനവ് നടപ്പാക്കിയാൽ ജൻ ഔഷധി പദ്ധതിയിലൂടെ പാവപ്പെട്ടവർക്കുള്ള മരുന്ന് വിതരണത്തിന് ഇപ്പോഴുള്ളതിനെക്കാൾ 140 ഇരട്ടി തുക കണ്ടെത്താൻ കഴിയും എന്നും ഇന്ത്യയിലെ 954 ധനാഢ്യർക്ക് നാല് ശതമാനം നികുതി വർധിപ്പിച്ചാൽ രാജ്യത്തിന്റെ വാർഷിക ജിഡിപിയിൽ ഒരു ശതമാനം വർധനയുണ്ടാകും എന്നും ഓക്‌സ്‌ഫാം പറയുന്നു. 2019 ൽ മുകൾത്തട്ടിലുള്ള 10 ശതമാനം പേർ രാജ്യത്തിന്റെ 56 ശതമാനം കൈക്കലാക്കിയപ്പോൾ താഴെ കിടയിലുള്ള 10 ശതമാനം പേർക്ക് വെറും 3.5 ശതമാനമാണ് ലഭിച്ചത്. 2014 ൽ സാമ്പത്തികാസമത്വം 100 ൽ 35.7 ആയിരുന്നു എങ്കിൽ 2018 ൽ അത് 47.9 ശതമാനത്തിലേക്കുയർന്നു എന്നാണ് ഡോ. പൂർണിമ മേനോന്റെ പഠനത്തിൽ തെളിഞ്ഞത്.

 

ഇന്ത്യയിലെ സമ്പന്നരിൽ പ്രമുഖനും കേന്ദ്രഭരണ കക്ഷിയുടെ സുഹൃത്തുമായ മുകേഷ് അംബാനി ഒരു മണിക്കുറിൽ ഉണ്ടാക്കുന്ന ധനത്തിന് തുല്യമായി ഒരു തൊഴിലാളി ഉണ്ടാക്കണമെങ്കിൽ അയാൾ പതിനായിരം വർഷം പണിയെടുക്കേണ്ടിവരും എന്നും ഇവർ കണക്കുകളുടെ അടിസ്ഥാനത്തിൽ ചൂണ്ടിക്കാട്ടുന്നു. അംബാനിയുടെ വരവ് സ്വന്തം നിക്ഷേപത്തിൽ നിന്നല്ലേ എന്ന് ചോദിച്ചാൽ, അല്ല, ബാങ്കുകളിൽ നിന്നുള്ള കടമാണ് പലപ്പോഴും മുതൽമുടക്ക് എന്നതാണ് സത്യം, അതും ഈ സാധാരണക്കാരായ തൊഴിലാളികളുടെ അധ്വാനത്തെ ഉപയോഗിച്ച്. മുതൽമുടക്ക് തിരിച്ചുകിട്ടാതെ വന്നാൽ തിരിച്ചടവില്ലാത്ത ആസ്തി എന്ന നിലയിൽ അത് എഴുതിത്തള്ളാൻ ബാങ്കുകൾ തയാറാകും അല്ലെങ്കിൽ അയാൾക്ക് മറ്റുപലരേയും പോലെ വിദേശരാജ്യങ്ങളിൽ അഭയം തേടിയശേഷം അനന്തമായ വ്യവഹാരങ്ങളിലൂടെ രക്ഷപ്പെടാം. ഇവിടുള്ളത് ബാങ്കുകൾ കണ്ടുകെട്ടിയാലും രാജ്യം വിട്ടപ്പോൾ കൊണ്ടുപോയതും വിദേശത്ത മുതൽ മുടക്കും ഉപയോഗിച്ച് മറ്റുപലരെയുംപോലെ സുഖമായി ജീവിക്കാം. ഇവിടന്ന് രക്ഷപ്പെടാൻ വേണ്ടപ്പെട്ടവർ സഹായിക്കുകയും ചെയ്യും.

കേന്ദ്ര സർക്കാരിന്റെ സ്തുതിപാഠകരിൽ നിന്നും ഉണ്ടായി എതിർപ്പ്. ഇന്ത്യയുടെ നാഷണൽ സാമ്പിൾ സർവേ ഓഫീസിന്റെ (എൻഎസ്എസ്) കണക്കുകളാണ് ജിഎച്ച്ഐയുടെതിനേക്കാൾ സ്വീകാര്യം എന്ന് എൻഐറ്റിഐ ആയോഗിന്റെ (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ട്രാൻസ്ഫോമിങ് ഇന്ത്യ) മുൻ ചെയർമാൻ അരവിന്ദ് പനഗാരിയ അവകാശപ്പെടുന്നു. ചാരുകസേര വിദഗ്ധരാണ് ജിഎച്ച്ഐയുടേതുപോലുള്ള പഠനങ്ങൾ നടത്തുന്നത് എന്നാണ് ഇദ്ദേഹത്തിന്റെ നിലപാട്. പക്ഷെ ഈ ആരോപണം എൻഎസ്എസ്‌ഒയെക്കുറിച്ചും വേണമെങ്കിൽ പറയാവുന്നതാണ്. എന്നാൽ സത്യത്തിൽ ഇതിലും ഗൗരവതരമായ സാഹചര്യത്തിലേക്കാണ് രാജ്യം നീങ്ങുന്നത് എന്ന് 2019 ലെ എൻഎസ്എസ്ഒ സർവേ ഫലം തന്നെ സൂചിപ്പിച്ചിരുന്നു. രഹസ്യമാക്കി വച്ചിരുന്ന ഈ രേഖ പുറത്തുവന്നപ്പോൾ പൗരന്മാരുടെ ഉപഭോഗം നിരന്തരമായി കുറയുന്നു എന്ന് അത് വെളിപ്പെടുത്തി. ഡബ്ല്യുഎച്ച്ഒയും ലോക ബാങ്കും ഇതേ ദിശയിൽ തന്നെയാണ് സൂചന നൽകിയത്. പക്ഷെ ഇന്ധനവില കൂട്ടുന്ന, പി എം കെയർ ഫണ്ടിൽ ധനം ശേഖരിക്കുന്ന തിരക്കിൽ ഇതൊന്നും ശ്രദ്ധിക്കാൻ കേന്ദ്ര സർക്കാരിനായില്ല. ഇന്ത്യയുടെ കാര്യത്തിൽ ഉപയോഗിച്ച അതേ മാനദണ്ഡം തന്നെയാണ് മറ്റ് രാജ്യങ്ങളുടെ കാര്യത്തിലും ഉപയോഗിച്ചത് എന്നത് പ്രതിരോധത്തിന്റെ മുന ഒടിക്കാവുന്നതാണ്.

 


ഇതുകൂടി വായിക്കൂ: ലോകത്ത് കോടീശ്വരൻമാരും പട്ടിണിപ്പാവങ്ങളും പെരുകുന്നു


ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞൻ തോമസ് പികെറ്റി ‘ക്യാപ്പിറ്റൽ ഇൻ ദ 21 സ്റ്റ് സെഞ്ചറി’ എന്ന ഗ്രന്ഥത്തിൽ, മുതൽമുടക്കിന്റെ പ്രതിഫലം രാജ്യത്തെ സാമ്പത്തിക വളർച്ചാ തോതിനെക്കാൾ ഉയർന്നതായാൽ ഉല്പാദന മേഖലയിൽ മുതൽമുടക്കുന്നവർക്ക് സമ്പത്ത് കുമിഞ്ഞുകൂടും എന്ന് പറയുന്നു. ഇന്ത്യയുടെ വളർച്ചാനിരക്ക് കോവിഡ് 19 കാലത്ത് മൈനസ് പത്ത് ശതമാനമായപ്പോൾ ശതകോടീശ്വരരുടെ സ്വത്ത് 35 ശതമാനം വർധിച്ചു എന്ന് പറഞ്ഞാൽ ഇദ്ദേഹം പറഞ്ഞത് നമ്മുടെ കാര്യത്തിൽ നിജമാണ് എന്ന് സമ്മതിക്കേണ്ടി വരും.

ഇന്ത്യയെ സൂപ്പർ പവറാക്കും എന്ന് നമ്മുടെ പ്രധാനമന്ത്രി കഴിഞ്ഞദിവസം പറയുകയുണ്ടായി. അത് ദാരിദ്ര്യ നിർമ്മാർജ്ജനത്തിലൂടെയല്ല, യുദ്ധോപകരണ നിർമ്മാണത്തിലൂടെയാണ്. ഇന്ത്യ എന്നാൽ ഇന്ദിര എന്ന പഴയ മുദ്രാവാക്യം തിരുത്തി, ഇന്ത്യ എന്നാൽ അഡാനിയും അംബാനിയും എന്ന് തിരുത്തി പ്രഖ്യാപിക്കുന്ന തലതിരിഞ്ഞ അനുപാതകാലം വന്നിരിക്കുന്നു. ഇന്ദിര ജനത്താല്‍ തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയായിരുന്നു, ജനത്തിന് അവരെ പറഞ്ഞുവിടാൻ കഴിയുമായിരുന്നു എങ്കിൽ, അ‍ഡാനി അംബാനിമാർ പ്രധാനമന്ത്രിയെയും, സർക്കാരിനെയും തെരഞ്ഞെടുക്കുന്നവരും സംരക്ഷിക്കുന്നവരുമാണ്. അവരെ പിരിച്ചയക്കാൻ ജനത്തിനാകണമെങ്കിൽ അവരെ സംരക്ഷിക്കുന്ന സർക്കാരിനെ പുറത്താക്കണം. അതിലേക്ക് ഈ രാജ്യത്തെ ജനം ഉയരേണ്ടതുണ്ട്!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.