കേരള ക്രിക്കറ്റ് അസ്സോസ്സിയേഷനിലെ അഴിമതി അന്വേഷിക്കണം: ക്ലീൻ  ക്രിക്കറ്റ് മൂവ്‌മെന്റ്

Web Desk
Posted on October 17, 2019, 5:28 pm

കൊച്ചി : കേരള ക്രിക്കറ്റ് അസോസിയേഷനില്‍ നടന്ന കോടികളുടെ ക്രമക്കേടുകളും അഴിമതികളും സംബന്ധിച്ച പരാതികളിലെ അന്വേഷണം നീട്ടിക്കൊണ്ടുപോകാന്‍ ഭാരവാഹികള്‍ ശ്രമിക്കുകയാണെന്ന് ക്ലീൻ  ക്രിക്കറ്റ് മൂവ്‌മെന്റ് പ്രവര്‍ത്തകര്‍ ആരോപിച്ചു. ക്രിക്കറ്റ് ഓംബുഡ്‌സ്മാന്റെ കാലാവധി അവസാനിപ്പിച്ചതും ഓഫീസ് പൂട്ടിയതും അഴിമതികള്‍ മറച്ചുവയ്ക്കാനാണ്. ഇതിനതിരെ നിയമനടപടികള്‍ സ്വീകരിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുമെന്ന് മൂവ്‌മെന്റ് പ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.  കെസിഎയിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് ഓംബുഡ്‌സ്മാനായിരുന്ന ജസ്റ്റിസ് രാംകുമാറിന് നിരവധി പരാതികള്‍ നല്‍കിയിരുന്നു. പരാതിയില്‍ അന്വേഷണം അവസാനഘട്ടത്തില്‍ നില്‍ക്കുമ്പോഴാണ് ജസ്റ്റിസ് രാംകുമാറിനെ നീക്കം ചെയ്യാന്‍ പൊതുയോഗം തീരുമാനിച്ചത്. ഈ മാസം 11 ന് ചേര്‍ന്ന പൊതുയോഗത്തിലാണ് ആരോപണ വിധേയര്‍ ഉള്‍പ്പെടെ ഓംബുഡ്‌സ്മാനെ നീക്കാന്‍ തീരുമാനിച്ചത്. യോഗത്തിന്റെ പിറ്റേന്ന് കലൂര്‍ സ്‌റ്റേഡിയത്തിലെ ഓംബുഡ്‌സ്മാന്റെ ഓഫീസ് പ്രവര്‍ത്തനം നടക്കാത്ത രീതിയിലാക്കി. അറ്റകുറ്റപ്പണിയെന്ന പേരിലാണ് പൂട്ടാന്‍ ശ്രമിച്ചത്. പുതിയ ഓംബുഡ്‌സ്മാന്റെ മുന്നിലും പരാതികള്‍ തുടരും.

അഴിമതികളും ക്രമക്കേടുകളും കണ്ടെത്തി പരാതി നല്‍കുന്നവരെ പിന്തിരിപ്പിക്കാന്‍ സംഘടിതനീക്കം നടക്കുന്നുണ്ട്. മുന്‍ പ്രസിഡന്റ് ടിസി മാത്യുവിനെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയെങ്കിലും അഴിമതി ഇല്ലാതായിട്ടില്ല. ക്രമക്കേട് നടത്തിയ വന്‍തുക ഈടാക്കാന്‍ ക്രമിനില്‍ നടപടികള്‍ സ്വീകരിക്കണമെന്ന ഉത്തരവ് നടപ്പാക്കാന്‍ നടപടി സ്വീകരിച്ചിട്ടില്ല. ജയേഷ് ജോര്‍ജ് വിവിധ പദവികള്‍ വഹിച്ച 2013 മുതല്‍ 2018 വര രണ്ടര കോടിയോളം രൂപയോളം തിരിമറി നടത്തിയതിന്റെ രേഖകള്‍ തങ്ങളുടെ പക്കലുണ്ടെന്ന് മൂവ്‌മെന്റ് പ്രവര്‍ത്തകര്‍ പറഞ്ഞു. കെ.സി.എയുടെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നതിനെന്ന പേരില്‍ കരാറുകളും രേഖകളുമില്ലാതെ സ്വകാര്യ സ്ഥാപനത്തിന് ലക്ഷങ്ങള്‍ കൈമാറി. ഇത് ഒരു ഭാരവാഹിയുടെ ബിനാമി സ്ഥാപനമാണെന്നാണ് സൂചന.

സ്വകാര്യകാര്‍ വയനാട്ടില്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ അറ്റകുറ്റപ്പണിക്ക് ചെലവായ 1,88,950 രൂപ കെ.സി.എയുടെ ഔദ്യോഗികവാഹനം അപകടത്തിലായെന്ന് രേഖയുണ്ടാക്കി നല്‍കി. ഇന്‍ഷ്വന്‍സ് കമ്പനിയില്‍ നിന്ന് ഇതുസംബന്ധിച്ച രേഖകള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. അണ്ടര്‍ 17 ലോകകപ്പ് ഫുട്ബാള്‍ നടത്താന്‍ 2017 ല്‍ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം കൈമാറിയ കാലത്തും സ്‌റ്റേഡിയം പരിപാലനമെന്ന പേരില്‍ പണം ചെലവഴിച്ചതായി കാണിച്ച് ക്രമക്കേട് നടത്തി. കരാര്‍ സ്ഥാപനങ്ങള്‍ക്ക് വന്‍തുക വായ്പകളായി അനുവദിച്ചു. സമ്മാനങ്ങള്‍ വാങ്ങാനെന്ന പേരില്‍ തുക എഴുതിയെടുത്ത് വില കൂടിയ മൊബൈല്‍ ഫോണുകള്‍ വാങ്ങി. പിച്ച് നിര്‍മ്മാണത്തിന് കളിമണ്ണും അനുബന്ധ വസ്തുക്കളും വാങ്ങിയതിലും ക്രമക്കേട് നടന്നു. പരാതികള്‍ നല്‍കിയെങ്കിലും കമ്മറ്റിയില്‍ വയ്ക്കുകയോ നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. ഇല്ലാത്ത ഇടക്കൊച്ചി സ്‌റ്റേഡിയത്തിന്റെ പേരിലും വൗച്ചറുകളും രസീതികളുമില്ലാതെ പണം ചെലവഴിച്ചു. 2011 മുതല്‍ 2017 വരെയുള്ള കണക്കുകള്‍ പൊതുയോഗം പാസാക്കിയിട്ടില്ല.

സുപ്രീം കോടതി ഉത്തരവു പ്രകാരം നിയോഗിച്ച ജസ്റ്റിസ് ലോധ കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റി രൂപീകരിക്കാനോ ഭരണഘടനാ പ്രകാരം യോഗ്യതയുള്ള സെലക്ടര്‍മാരെ നിയമിക്കാനോ സിഇഒ തുടങ്ങിയ ഉദ്യോഗസ്ഥരെ നിയമിക്കാനോ തയ്യാറായിട്ടില്ല. ഭാരവാഹികള്‍ക്ക് വിശ്വസ്തരായവരെ നിയമിക്കുകയാണ് ചെയ്യുന്നത്. ആരോപണങ്ങളില്‍ സമഗ്രമായ അന്വേഷണം നടത്താനും കണക്കുകള്‍ സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് ഓഡിറ്റ് ചെയ്യിപ്പിക്കാനും ഭാരവാഹികള്‍ തയ്യാറാകണമെന്ന് അവര്‍ ആവശ്യപ്പെട്ടു. കെ.സി.എ അംഗവും തൃശൂര്‍ ജില്ലാ അസോസിയേഷന്‍ സെക്രട്ടറിയുമായിരുന്ന അസ്വ. പ്രമോദ്, മുന്‍ രഞ്ജി താരങ്ങളായ ഇട്ടി ചെറിയാന്‍, സന്തോഷ് കരുണാകരന്‍, കെ.സി.എ മുന്‍ പ്രസിഡന്റ് റോങ്കളിന്‍ ജോണ്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.