ആലപ്പുഴയില്‍ യുഡിഎഫിനുണ്ടായ പരാജയം അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു

Web Desk
Posted on June 12, 2019, 6:26 pm

കാസര്‍കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ യുഡിഎഫിനുണ്ടായ പരാജയം അന്വേഷിക്കാന്‍ കെ വി തോമസ് അധ്യക്ഷനായി മൂന്നംഗ സമിതിയെ നിയോഗിച്ചതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. പി സി വിഷ്ണുനാഥ്, കെ പി കുഞ്ഞിക്കണ്ണന്‍ എന്നിവരാണ് അംഗങ്ങള്‍. രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. അതിന് ശേഷം തിരുത്തല്‍ നടപടി സ്വീകരിക്കും.

മുതിര്‍ന്ന നേതാവ് എ കെ ആന്റണിയെയും കെ സി വേണു ഗോപാലിനെയും സാമൂഹ്യ മാധ്യമങ്ങളില്‍ കൂടി അപമാനിക്കാന്‍ ശ്രമിച്ചവരെ കുറിച്ചു അന്വേഷിക്കാന്‍ കെപിസിസി ഐടി സെല്‍ ചുമതലയുള്ള ശശി തരൂരിനെ ചുമതലപ്പെടുത്തിയതായും അറിയിച്ചു.

പാര്‍ട്ടി അച്ചടക്കം ലംഘിച്ച് ശിഖണ്ഡികളെ മുന്‍ നിര്‍ത്തിയാണ് സെബര്‍ ആക്രമണം നടത്തുന്നത്. ആന്റണിക്ക് ഇത് മനഃപ്രയാസമുണ്ടാക്കിയിട്ടുണ്ട്. നേതാക്കളെ സാമൂഹ്യ മാധ്യമങ്ങളിലുടെ അധിക്ഷേപിക്കുന്നതില്‍ നിന്ന് പ്രവര്‍ത്തകര്‍ പിന്‍മാറണം. തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ കെപിസിസി സോഷ്യല്‍ മീഡിയയുടെ പ്രവര്‍ത്തനം തൃപ്തികരമായിരുന്നില്ല എന്നും മുല്ലപ്പള്ളി പറഞ്ഞു.