Monday
25 Mar 2019

ദുരൂഹ സാഹചര്യത്തില്‍ കാണാതായ ദമ്പതിമാര്‍ക്ക് വേണ്ടി വീണ്ടും തിരച്ചില്‍

By: Web Desk | Tuesday 11 September 2018 5:24 PM IST


കോട്ടയം: ഒരു വര്‍ഷം മുമ്പ് ദുരൂഹ സാഹചര്യത്തില്‍ കാണാതായ ദമ്പതിമാര്‍ക്കായി ക്രൈം ബ്രാഞ്ച് സംഘം വീണ്ടും തിരച്ചില്‍ ആരംഭിച്ചു. താഴത്തങ്ങാടിയില്‍ നിന്നും കാണാതായ ഹാഷിം, ഹബീബ ദമ്പതികള്‍ക്ക് വേണ്ടിയാണ് തിരച്ചില്‍ പുനഃരാരംഭിച്ചത്. പ്രദേശത്ത് സീഡാക്കിന്റെ പ്രത്യേക സ്‌കാനര്‍ ഉപയോഗിച്ചാണ് അന്വേഷണസംഘം തിരച്ചില്‍ നടത്തുന്നത്. രണ്ട് ദിവസത്തേക്ക് തിരച്ചില്‍ തുടരും.

2017 ഏപ്രില്‍ ആറിനാണ് താഴത്തങ്ങാടി അറുപറ ഒറ്റക്കണ്ടത്തില്‍ ഹാഷിം(42) ഭാര്യ ഹബീബ(37) എന്നിവരെ ദുരൂഹ സാഹചര്യത്തില്‍ കാണാതായത്. ഹര്‍ത്താല്‍ ദിനത്തില്‍ കുട്ടികള്‍ക്ക് ഭക്ഷണം വാങ്ങാനെന്ന പേരില്‍ വീട്ടില്‍ നിന്ന് പുറത്തു പോയ ഇരുവരേയും കാണാതാകുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി.

വെസ്റ്റ് പൊലീസ് അന്വേഷിച്ച ശേഷമാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്.
കഴിഞ്ഞ ഫെബ്രുവരിയില്‍ ഹാഷിമിനേയും ഭാര്യ ഹബീബയേയും അജ്മിയര്‍ ദര്‍ഗയില്‍ കണ്ടെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്ന് ഒരാഴ്ചയോളം ക്രൈം ബ്രാഞ്ച് സംഘം ഇവിടെ തിരച്ചില്‍ നടത്തിയിരുന്നു. ഇതിനിടെ കേസ് സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് പിതാവ് അബ്ദുള്‍ ഖാദര്‍ ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് പൊലീസ് സംഘം വീണ്ടും കുമരകം ചീപ്പുങ്കലിലും വേമ്പനാട്ട് കായലിലും റോഡ്‌സൈഡ് വരുന്ന തോടുകളിലുമാണ് അന്വേഷണം നടത്തുന്നത്.

തിരുവനന്തപുരത്തു നിന്നും എത്തിച്ച സിഡാക്കിന്‍റെ വെള്ളത്തിനടിയില്‍ പോലും പരിശോധിക്കാന്‍ സാധിക്കുന്ന സ്‌കാനറാണ് തിരച്ചിലിനായി ഉപയോഗിക്കുന്നത്. നേരത്തെ ഇത് ഉപയോഗിച്ച് ലോക്കല്‍ പൊലീസും തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍, ഇതുവരെയും കൃത്യമായ സൂചനകളൊന്നും അന്വേഷണസംഘത്തിനു ലഭിച്ചിട്ടില്ല.
താഴത്തങ്ങാടിയിലും കുമരകത്തും അറുപറയിലും അടക്കമുള്ള സ്ഥലങ്ങളില്‍
രണ്ടു ദിവസം സമാന രീതിയില്‍ തിരച്ചില്‍ തുടരാനാണ് അന്വേഷണ സംഘം ആലോചിക്കുന്നത്. പ്രളയവും വെള്ളപ്പൊക്കവും മഴയ്ക്കും ശേഷം ഇത്തരത്തില്‍ തിരച്ചില്‍ നടത്തുന്നത് പ്രഹസനമാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

Related News