March 23, 2023 Thursday

വി എസ് ശിവകുമാറിന്റെ വീട്ടിൽ നിന്നും പിടിച്ചെടുത്ത രേഖകൾ പരിശോധിക്കാൻ അന്വേഷണസംഘം

Janayugom Webdesk
തിരുവനന്തപുരം
March 3, 2020 9:47 pm

യുഡിഎഫ് മന്ത്രിസഭയിൽ ആരോഗ്യ‑ദേവസ്വം മന്ത്രിയായിരുന്ന വി എസ് ശിവകുമാർ എംഎൽഎയുടേയും കൂട്ടുപ്രതികളുടേയും വീടുകളിൽ നിന്നും റെയ്ഡിൽ പിടിച്ചെടുത്ത രേഖകൾ വിശദമായി പരിശോധിക്കാൻ അന്വേഷണസംഘം. അതിന്റെ ഭാഗമായി റെയ്ഡിന് ശേഷം കോടതിയിൽ ഹാജരാക്കിയ മുഴുവൻ രേഖകളും തിരികെ ലഭിക്കാൻ വിജിലൻസ് അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകി. തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഇക്കാര്യം ആവശ്യപ്പെട്ട് കേസന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥനാണ് അപേക്ഷ സമർപ്പിച്ചത്. കേസിൽ ശിവകുമാർ ഉൾപ്പെടെ നാല് പ്രതികളാണുള്ളത്.

പ്രതികളുടെ വീടുകളിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ നിന്നും ആകെ 168 രേഖകളാണ് കണ്ടെടുത്തത്. ഇവ പിറ്റേദിവസം തന്നെ കോടതിയിൽ സമർപ്പിച്ചിരുന്നു. എന്നാൽ ഈ രേഖകൾ വിശദമായി അന്വേഷണ സംഘം പരിശോധിച്ചില്ല. ഇതിനാലാണ് രേഖകൾ മുഴുവൻ ആവശ്യപ്പെട്ട് അപേക്ഷ നൽകിയതെന്നാണ് വിജിലൻസിന്റെ വിശദീകരണം.

കേസിലെ ഒന്നാം പ്രതി ശിവകുമാറിന്റെ വീട്ടിൽ നിന്നും 56 വസ്തുക്കൾ, രണ്ടാം പ്രതി എം രാജേന്ദ്രന്റെ വീട്ടിൽ നിന്നും 72, മൂന്നാം പ്രതിയും ശിവകുമാറിന്റെ ഡ്രൈവറുമായ ഷൈജുഹരന്റെ വീട്ടിൽ നിന്നും 15,സുഹൃത്തും അഭിഭാഷകനുമായ അഡ്വ. എൻ എസ് ഹരികുമാറിന്റെ വീട്ടിൽ നിന്നും 25 രേഖകളുമാണ് വിജിലൻസ് അന്വേഷണ സംഘം കണ്ടെത്തിരുന്നത്. ശിവകുമാറിന്റെയും സുഹൃത്ത് ഹരികുമാറിന്റെയും ബാങ്ക് ലോക്കറുകളും വിജിലൻസ് പരിശോധിച്ചിരുന്നു. ഇതുസംബന്ധിച്ച റിപ്പോർട്ടും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. 2011–16 കാലഘട്ടത്തിൽ യുഡിഎഫ് മന്ത്രിസഭയിൽ ആരോഗ്യ‑ദേവസ്വം മന്ത്രിയായിരുന്ന ശിവകുമാർ ബിനാമി ഇടപാടിലൂടെ അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് കേസ്.

Eng­lish sum­ma­ry: Inves­ti­ga­tion team seiz­ing doc­u­ments from VS Sivaku­mar’s house

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.