September 26, 2022 Monday

Related news

September 22, 2022
September 21, 2022
September 8, 2022
September 3, 2022
September 3, 2022
August 26, 2022
August 25, 2022
August 20, 2022
August 20, 2022
August 19, 2022

അന്വേഷണ ഏജൻസികൾ സംഘപരിവാർ രാഷ്ട്രീയത്തിന്റെ ഉപകരണങ്ങൾ

Janayugom Webdesk
September 13, 2020 6:10 am

ഷിബു ടി ജോസഫ്

രാഷ്ട്രീയ എതിരാളികളെ തറപറ്റിക്കാന്‍ കേന്ദ്ര ഏജന്‍സികളെയെല്ലാം ആയുധമാക്കുന്ന ബിജെപിയുടെ കുതന്ത്രങ്ങള്‍ക്കിരയായ കോണ്‍ഗ്രസ് തന്നെ ബിജെപി ഒരുക്കിയ കെണിയറിയാതെ സംസ്ഥാന സര്‍ക്കാരിനെതിരെ പടയൊരുക്കം നടത്തുന്നു. മന്ത്രി കെ ടി ജലീലിനെ വിളിച്ചുവരുത്തി എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ വിശദാംശങ്ങള്‍ ആരാഞ്ഞത് വലിയ സംഭവമാക്കി മന്ത്രിയുടെ രാജി ആവശ്യപ്പെടുന്ന സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം പാര്‍ട്ടിയുടെ മുന്‍നിര ദേശീയ നേതാക്കളെ നിരന്തരം വേട്ടയാടിയ എന്‍ഫോഴ്‌സ്‌മെന്റ് നടപടികളെയാണ് വിശ്വാസത്തിലെടുത്ത് മന്ത്രിയുടെ രാജി ആവശ്യപ്പെടുന്നത്. രാജ്യത്തെ എല്ലാ ഭരണനിര്‍വഹണ ഏജന്‍സികളെയും ഇതിനകം തങ്ങളുടെ അജണ്ടകള്‍ക്കും ഇംഗിതങ്ങള്‍ക്കും ഇരയാക്കിക്കൊണ്ടിരിക്കുകയും ആയുധമാക്കുകയും ചെയ്യുകയാണ് കേന്ദ്രസര്‍ക്കാര്‍ എന്ന് നിരന്തരം നിലവിളിക്കുന്നത് കോണ്‍ഗ്രസ് നേതൃത്വം തന്നെയാണ്.

കേന്ദ്രസര്‍ക്കാരിന് നേതൃത്വം കൊടുക്കുന്ന ബിജെപിയും പിന്നണിയില്‍ ചരടുവലിക്കുന്ന ആര്‍എസ്എസും തങ്ങളുടെ എതിരാളികളെ അമര്‍ത്താന്‍ ഭരണകൂട ഏജന്‍സികളെ തന്നെ നാണംകെട്ട നിലയില്‍ ഉപയോഗിക്കുന്ന വിവരം രാജ്യത്തെ ഇടതുപക്ഷ പാര്‍ട്ടികള്‍ പലവട്ടം തുറന്നുപറയുകയും പ്രതിഷേധിക്കുകയും ചെയ്തിട്ടുണ്ട്. ഈ സന്ദര്‍ഭത്തിലാണ് ബിജെപിയും ആര്‍എസ്എസും കേന്ദ്രസര്‍ക്കാരിന്റെ തിണ്ണമിടുക്കില്‍ രാഷ്ട്രീയ പ്രതിയോഗികളെ വേട്ടയാടുമ്പോള്‍ അവര്‍ക്ക് ജയ് വിളിക്കാനും പിന്തുണ നല്‍കാനും കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും യുഡിഎഫ് കണ്‍വീനറും മറ്റും മത്സരിക്കുന്നത്. കോണ്‍ഗ്രസിന്റെ ശക്തനായ നേതാവും യുപിഎ മന്ത്രിസഭകളില്‍ ആഭ്യന്തരവും ധനകാര്യവും അടക്കമുള്ള വകുപ്പുകള്‍ കയ്യാളുകയും ചെയ്ത പി ചിദംബരത്തെ കേന്ദ്രസര്‍ക്കാര്‍ തീഹാര്‍ ജയിലിലടച്ചത് എന്‍ഫോഴ്‌സ്‌മെന്റിനെ ഉപയോഗിച്ചായിരുന്നു.

കര്‍ണാടകത്തിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെ ഒതുക്കാനും ബിജെപി ഉപയോഗിച്ചത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെയായിരുന്നു. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും യുപിഎ സര്‍ക്കാരുകളില്‍ വിദേശകാര്യമടക്കം കൈകാര്യം ചെയ്ത കമല്‍നാഥിനെ ഒതുക്കാന്‍ അദ്ദേഹത്തിന്റെ അനന്തരവനെ അറസ്റ്റ് ചെയ്ത് ജയിലിലിടുകയായിരുന്നു. കേന്ദ്രഭരണത്തിന് നേതൃത്വം കൊടുക്കുന്ന ബിജെപി കോണ്‍ഗ്രസിന്റെ ചെറുതും വലുതുമായ നേതാക്കളെ രാജ്യമൊട്ടാകെ വേട്ടയാടിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തിലാണ് കേരളത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടികളെ പ്രകീര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.

കോണ്‍ഗ്രസ് മാത്രമല്ല ബിജെപിയുടെ കണ്ണിലെ കരടായ തൃണമൂല്‍ കോണ്‍ഗ്രസും എന്‍സിപിയും ആം ആദ്മി പാര്‍ട്ടിയുമെല്ലാം കേന്ദ്രസര്‍ക്കാരിന്റെ ഇത്തരം വേട്ടയാടലുകൾക്ക് നിരന്തരം ഇരയായിക്കൊണ്ടിരിക്കുകയാണ്. ദിനംപ്രതിയെന്നോണം രാജ്യത്തുടനീളം സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പരിശോധനകള്‍ നടത്തി ആയിരക്കണക്കിന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തവയില്‍ ഇതിനോടകം പത്തില്‍ താഴെ കേസുകളില്‍ മാത്രമാണ് ശിക്ഷവാങ്ങിക്കൊടുക്കാനായതെന്നതാണ് ശ്രദ്ധേയമായ വസ്തുത.

ഇതിനര്‍ത്ഥം രാഷ്ട്രീയ എതിരാളികളെ തകര്‍ക്കാന്‍ വേണ്ടി ഇത്തരം ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ഉപയോഗിക്കുകയാണെന്നത് തന്നെയാണ്. ജനാധിപത്യ സംവിധാനങ്ങളെ ദുരുപയോഗം ചെയ്തും തങ്ങളുടെ വരുതിയിലാക്കിയും രാഷ്ട്രീയ എതിരാളികളെ അടിച്ചമര്‍ത്താനും നശിപ്പിക്കാനും തുനിഞ്ഞിറങ്ങിയ ബിജെപിയുടെയും ആര്‍എസ്എസിന്റെയും അജണ്ടകള്‍ക്ക് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം കണ്ണടച്ച് പിന്തുണ നല്കുന്നത് സ്വന്തം വാരിക്കുഴി തോണ്ടുന്നതിന് തുല്യമാണ്. (അവസാനിക്കുന്നില്ല)

Eng­lish sum­ma­ry;  Inves­tiga­tive agen­cies are tools of Sangh Pari­var politics

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.