പ്രതിലോമ ഭരണകാലത്തെ അന്വേഷണ ഏജൻസികൾ

അബ്ദുൾ ഗഫൂർ
Posted on June 13, 2020, 5:30 am

കോവിഡിന്റെ വാർത്താ പ്രളയത്തിനിടയിൽ വലിയ പ്രാധാന്യം കിട്ടാതെ പോയ കുറേ കുറ്റം ചുമത്തലുകളും ജയിലിൽ അടയ്ക്കലുകളും നടക്കുന്നുണ്ട്. എല്ലാ ഭരണ സംവിധാനങ്ങളും മഹാമാരിക്കെതിരായ കൂട്ടായ പോരാട്ടത്തെ നയിക്കുന്നതിനിടയിലും കേന്ദ്രസർക്കാരിന്റെ അന്വേഷണ ഏജൻസികളും ബിജെപി സർക്കാരുകൾക്ക് നേരിട്ട് നിയന്ത്രണമുള്ള പൊലീസ് സംവിധാനങ്ങളും രാഷ്ട്രീയ പ്രതികാരവാഞ്ചയോടെ ഇരകളെ തേടി നടക്കുന്നുമുണ്ട്. കേന്ദ്രസർക്കാരിന് കീഴിലുള്ള ദേശീയ അന്വേഷണ ഏജൻസി (എൻഐഎ), കേന്ദ്ര അഭ്യന്തര വകുപ്പിന് നേരിട്ടു കീഴിലുള്ള ഡൽഹി. ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, അസം തുടങ്ങിയ സംസ്ഥാനങ്ങളിലെ പൊലീസ് എന്നിവയെല്ലാം ആ പ്രവർത്തി ‘സ്തുത്യർഹമായി’ നിർവഹിക്കുകയാണ്.

സംസ്ഥാന സർക്കാർ തങ്ങൾ ഉദ്ദേശിക്കുന്നതുപോലെ ഇരകളെ പിടിച്ച് ജയിലിൽ അടക്കുന്നില്ലെന്ന് വരുമ്പോൾ എൻഐഎ പോലുള്ള ഏജൻസികളെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ അത് നേരിട്ട്ചെയ്യുന്നു. രാജ്യം അടച്ചിടപ്പെട്ടപ്പോഴും അതിൽ ഒരു കുറവുമുണ്ടായില്ല. എന്നുമാത്രമല്ല ലോക്ഡൗൺ ചട്ടങ്ങൾ പാലിക്കുന്നുവോ എന്നായിരുന്നില്ല ഡൽഹി പോലുള്ള സംസ്ഥാനങ്ങളിലെ പൊലീസ് നടത്തിയ മുഖ്യ ചുമതല. ഇവിടങ്ങളിലെല്ലാം അവർ ശത്രുക്കളെ പിടികൂടി ജയിലിൽ അടക്കുന്ന തിരക്കിലായിരുന്നു. ലോകത്താകെ കോവിഡ് രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ജയിലുകളിൽ നിന്ന് ആളുകളെ പുറത്തിറക്കുകയായിരുന്നു ചെയ്തുകൊണ്ടിരുന്നത്.

ലോകാരോഗ്യ സംഘടന ഉൾപ്പെടെ നൽകിയ നിർദ്ദേശമായിരുന്നു തടവുകാരെ വിട്ടയയ്ക്കുക എന്നത്. പക്ഷേ നമ്മുടെ രാജ്യത്ത് ബിജെപി സർക്കാരുകൾ പഴയതും പുതിയതുമായ കേസുകളിൽ കുറ്റാരോപിതരായവരെ പുതിയ പുതിയ കുറ്റങ്ങൾ ചുമത്തി ജയിലിൽ അടക്കുന്ന ജോലിയാണ് തകൃതിയായി നടത്തിയത്. ഒരു കേസിൽ കോടതി ജാമ്യം അനുവദിക്കുമ്പോൾ മറ്റൊരു കുറ്റം ചുമത്തി വീണ്ടും ജയിലിൽ തന്നെ തുടരാൻ അവസരമുണ്ടാക്കുക, നിയമവിരുദ്ധ പ്രവർത്തനം തടയൽ നിയമം (യുഎപിഎ), ദേശീയസുരക്ഷാ നിയമം (എൻഎസ്എ) തുടങ്ങിയവ ചുമത്തി വിചാരണ കൂടാതെ ജയിലിൽ പാർപ്പിക്കുക തുടങ്ങിയ മൃഗയാവിനോദം തുടരുകയും ചെയ്യുന്നു. വിചിത്രമായ കാരണങ്ങളോ കുറ്റങ്ങളോ ചുമത്തിയാണ് ഇത് ചെയ്തുകൊണ്ടിരിക്കുന്നത്.

2018 ലാണ് മഹാരാഷ്ട്രയിൽ ഭീമ കൊറേഗാവ് കേസിന് ആസ്പദമായ സംഭവം ഉണ്ടാകുന്നത്. അന്ന് ബിജെപിയായിരുന്നു സംസ്ഥാനം ഭരിച്ചിരുന്നത്. പ്രസ്തുതകേസിൽ പ്രതിചേർക്കപ്പെട്ട ഒമ്പതു പേരെ ആവർഷം ജനുവരിയിലും ഓഗസ്റ്റിലുമായി അറസ്റ്റ് ചെയ്യുകയും യുഎപിഎ ഉൾപ്പെടെ ചുമത്തി ജയിലിൽ അടക്കുകയും ചെയ്തു. തടവുകാർക്കുള്ള അടിസ്ഥാന മനുഷ്യാവകാശങ്ങൾ പോലും അനുവദിക്കാതെയാണ് ഇവരെ ജയിലിൽ പാർപ്പിച്ചിരിക്കുന്നത്. ഇടക്കിടെ ജയിൽ മാറ്റവും ഇവരുടെ കാര്യത്തിൽ നടക്കുന്നുണ്ട്. ഇവരിൽ ഒരാളായ സുധ ഭരദ്വാജിനെ മക്കളോട് ഫോണിൽ സംസാരിക്കാൻ പോലും അനുവദിക്കുന്നില്ലെന്ന പരാതി മകൾ ആഷി കഴിഞ്ഞ ദിവസമാണ് ഉന്നയിച്ചത്.

അനുമതി കിട്ടിയതിനെ തുടർന്ന് ഫെബ്രുവരിയിൽ ഡൽഹിയിൽ നിന്ന് പൂനെ ജയിലിലെത്തിയപ്പോൾ കേവലം അഞ്ചുമിനിട്ട് പോലും കൂടിക്കാഴ്ച അനുവദിക്കാതിരുന്നതിനെ കുറിച്ചും ആ മകൾ പരാതി പറഞ്ഞിട്ടുണ്ട്. പ്രധാനമന്ത്രിയെ വധിക്കാനുള്ള ഗൂഢാലോചനയെന്ന കുറ്റം പോലും ഈ കേസിൽ പ്രതിചേർക്കപ്പെട്ടവർക്കുമേൽ ചുമത്തിയിട്ടുണ്ട്. വിചാരണ പോലുമില്ലാതെ ഇവർ ഇപ്പോൾ ജയിലിൽ കഴിയുന്നു. ഈ കേസിൽ പ്രതിചേർക്കപ്പെട്ട മനുഷ്യാവകാശ പ്രവർത്തകരും ബുദ്ധിജീവികളുമായ ആനന്ദ ടെൽതുംബ്ഡെ, ഗൗതം നവ്‌ലാഖെ എന്നിവരെ ലോക്ഡൗണിന്റെയും കോവിഡിന്റെയും നടുവിൽ ഏപ്രിൽ മാസത്തിലാണ് അറസ്റ്റ് ചെയ്ത് ജയിലിലിട്ടത്.

പുറത്തായിരുന്ന ഇരുവരെയും അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കുക എന്ന പ്രാഥമിക ലക്ഷ്യം നിർവഹിക്കാനുള്ള വാശിയിലായിരുന്നു ഇതിനിടയിലും എൻഐഎ. കോടതികളിൽ ആകാവുന്ന എല്ലാ വാദങ്ങളും നടത്തുകയും കുറ്റങ്ങൾ ചുമത്തുകയും ചെയ്ത ശേഷം കീഴടങ്ങിക്കൊള്ളണമെന്ന വിധി സമ്പാദിച്ച് ഏപ്രിൽ മാസം രാജ്യമാകെ കോവിഡിനെതിരെ പൊരുതുകയും വിറങ്ങലിച്ചു നിൽക്കുകയും ചെയ്യുമ്പോൾ ഇരുവരെയും തടവിലക്കുകയായിരുന്നു ചെയ്തത്. ഇതേസമയം ഡൽഹിയിലെ പൊലീസ് ഫെബ്രുവരിയിൽ നടന്ന വടക്കുകിഴക്കൻ ഡൽഹിയിലെ വർഗ്ഗീയ കലാപത്തിന്റെ പേരിൽ, പൗരത്വ ഭേദഗതി നിയമം (സിഎഎ), പൗരത്വ പട്ടിക (എൻആർസി), കശ്മീരിലെ ജനാധിപത്യ അവകാശങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് നടന്ന പ്രക്ഷോഭങ്ങളിൽ പങ്കെടുത്തവരെ കുറ്റം ചുമത്തി ജയിലിൽ അടക്കുന്ന തിരക്കിലായിരുന്നു.

ഡൽഹി വർഗ്ഗീയ കലാപത്തിന്റെ യഥാർത്ഥ കാരണക്കാർ പുറത്ത് സ്വൈരവിഹാരം ചെയ്യുമ്പോഴാണ് സിഎഎ, എൻആർസി എന്നിവയ്ക്കെതിരായ സമരത്തിൽ പങ്കെടുക്കുകയും ചില കേന്ദ്രങ്ങളിൽ നേതൃത്വം നൽകുകയും ചെയ്തവർക്കെതിരെ കലാപത്തിന്റെ കുറ്റം ചുമത്തുകയും ചിലരെ ജയിലിൽ അടയ്ക്കുകയും ചെയ്തത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡിസംബർ 13 ന് ന്യൂഫ്രന്റ്സ് കോളനിയിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തുവെന്നാരോപിച്ച് ഡൽഹി പൊലീസ് നരനായാട്ട് നടത്തിയതിനെതുടർന്നായിരുന്നു ജാമിയ മിലിയയിൽ 15 മുതൽ പ്രതിഷേധം കനത്തത്. ഈ പ്രതിഷേധത്തിന് നേതൃത്വം നൽകിയവരിൽ ഒരാളായ വിദ്യാർത്ഥിനി സഫൂറ സർഗാറിനെ വർഗ്ഗീയ കലാപക്കേസിൽ പ്രതിചേർത്ത് അറസ്റ്റ് ചെയ്തതതും ജയിലിൽ അടച്ചതും ഇതിനിടയിലായിരുന്നു. ഏപ്രിൽ 10 ന് അറസ്റ്റ് ചെയ്യപ്പെട്ട ഗർഭിണിയായ സഫൂറയ്ക്ക് 13 ന് ജാമ്യം ലഭിച്ചുവെങ്കിലും മറ്റൊരു കേസ് കൂടിചുമത്തി അറസ്റ്റ് ചെയ്തു. മൂന്ന് തവണയായി സഫൂറയുടെ ജാമ്യാപേക്ഷ നിരാകരിക്കപ്പെട്ടു. ഓരോ തവണയും ജാമ്യം ലഭിക്കാതിരിക്കുന്നതിനായി പുതിയ ആരോപണങ്ങൾ ഉന്നയിക്കുകയാണ് പൊലീസ് ചെയ്യുന്നത്.

ഇതിന് സമാനമായി സിഎഎയ്ക്കെതിരായ സമരത്തിലും ഡൽഹി കലാപത്തിലും ഒരു പോലെ പങ്കാരോപിച്ച് ജെഎൻയു വിദ്യാർത്ഥിനി പിഞ്ജ്ര തോഡ്, ദേവാംഗന കലിത എന്നിവരെ ജയിലിൽ അടക്കുകയും പിന്നീട് പുറത്തുവരാതിരിക്കുന്നതിനായി യുഎപിഎ ചുമത്തുകയുമായിരുന്നു. സിഎഎ വിരുദ്ധ സമരത്തിൽ പങ്കെടുത്തതിന് അറസ്റ്റ് ചെയ്ത അസമിലെ കർഷക നേതാവ് അഖിൽ ഗോഗോയിയുടെയും രണ്ട് അനുയായികളുടെയും സ്ഥിതിയും വ്യത്യസ്തമല്ല. ലോക്ഡൗണും കോവിഡുമൊന്നും അവർക്കെതിരായ പ്രതികാര നടപടികളെ തടഞ്ഞില്ല. അസമിലെ പ്രക്ഷോഭത്തിന്റെ പേരിൽ ജയിലിലാക്കിയ ഗോഗോയിക്ക് മാർച്ച് 12 ന് ജാമ്യം അനുവദിച്ചുവെങ്കിലും മറ്റൊരു കേസിൽ പെടുത്തിവീണ്ടും ജയിലിൽ അടച്ചു. മാർച്ച് 28 ന് ലോക്ഡൗണിന്റെയും കോവിഡിന്റെയും പ്രതിസന്ധിയുടെ വേളയിൽ ജാമ്യം ലഭിച്ച അദ്ദേഹത്തെ ഏപ്രിൽ ഒന്നിന് മറ്റൊരു പൊലീസ് സ്റ്റേഷനിലെ കേസിന്റെ പേരിൽ വീണ്ടും തുറുങ്കിലടച്ചു.

രാഷ്ട്രീയ നിലപാടുകളും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന ആരോപണങ്ങളും അദ്ദേഹത്തോടുള്ള വിയോജിപ്പിനുള്ള കാരണമാകാമെങ്കിലും അധികാരികളുടെ പ്രതികാരബുദ്ധിയോടെയുള്ള ഈ നിലപാടുകൾ ജനാധിപത്യത്തിൽ വിശ്വസിക്കുകയും നിയമസംവിധാനത്തിൽ വിശ്വാസമർപ്പിക്കുകയും ചെയ്യുന്നവർക്ക് അംഗീകരിക്കാനാവില്ല. അൽപംകൂടി കടന്നാണ് അദ്ദേഹത്തിന്റെ അനുയായികൾക്കെതിരെ അസം പൊലീസ് നടപടിയെടുത്തത്. അവർക്കുമേൽ യുഎപിഎ ചുമത്തുന്നതിന് കാരണമായികണ്ടെത്തിയത് അവരുടെ സമൂഹമാധ്യമങ്ങളിലെ ഇടപെടലുകളും അതിലുപയോഗിക്കുന്ന സംബോധനാ രീതികളും പ്രത്യഭിവാദ്യങ്ങളുമാണ്. ഒപ്പം മഹാനായ ലെനിന്റെ ചിത്രങ്ങൾ ഉപയോഗിച്ചതും കുറ്റമായി ആരോപിച്ചാണ് ഇരുവരെയും ജയിലിൽ അടച്ചിരിക്കുന്നത്. ഇത്തരത്തിൽ പ്രാകൃതവും പുരോഗമന സമൂഹത്തിന് യോജിക്കാത്തതുമായ നിലപാടുകളാണ് കോവിഡിന്റെ കാലത്തും പല പൊലീസ് സംവിധാനങ്ങളും സ്വീകരിച്ചത്.

ജവഹർലാൽ നെഹ്റു സർവകലാശാല വിദ്യാർത്ഥിയായിരുന്ന ഉമർ ഖാലിദ്, വിദ്വേഷത്തിനെതിരായ കൂട്ടായ്മ എന്ന സംഘടനയുടെ നേതാവായ ഖാലിദ് സെയ്ഫി എന്നിവർക്കെതിരെ അതുവരെ കേൾക്കാതിരുന്നൊരു ഗൂഢാലോചന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. വടക്കു കിഴക്കൻ ഡൽഹിയിലെ വർഗ്ഗീയ കലാപവുമായി ബന്ധപ്പെട്ട് സമർപ്പിക്കപ്പെട്ടിരിക്കുന്ന പ്രഥമവിവര റിപ്പോർട്ടിൽ ട്രംപിന്റെ സന്ദർശനം പൊളിക്കുന്നതിനായി ആസൂത്രണം ചെയ്യപ്പെട്ടതാണ് വർഗ്ഗീയ കലാപം എന്നാണ് ആരോപിച്ചിരിക്കുന്നത്. ഷഹീൻബാഗിലും ജാഫ്രാബാദിലും മറ്റും നടന്നുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമാധാനപരമായ സമരം പൊലീസ് അവസാനിപ്പിക്കുന്നില്ലെങ്കിൽ അത് ഒഴിപ്പിക്കാൻ തങ്ങൾക്കറിയാമെന്ന ബിജെപി നേതാവ് കപിൽ മിശ്രയുടെ പ്രസംഗത്തെ അവഗണിച്ച പൊലീസ് മറ്റൊരു നുണക്കഥയാണ് കലാപകാരണമായി മെനഞ്ഞിരിക്കുന്നത്.

ആ കലാപത്തിൽമരിച്ച 59 പേരിൽ മഹാഭൂരിപക്ഷവും ഒരു പ്രത്യേക ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെടുന്നവരായിട്ടും അവർക്കെതിരെ തന്നെ കുറ്റം ആരോപിക്കുന്നതാണ് ഏഴിൽ നാല് പ്രഥമ വിവര റിപ്പോർട്ടുകളും. ഈ റിപ്പോർട്ടുകളെല്ലാം സമഗ്രമായ തെളിവുകളുടെ അടിസ്ഥാനത്തിലുള്ളതല്ലെന്നും ഗൂഢാലോചന ആരോപിക്കുന്നവ മാത്രമാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇതുവരെ അറസ്റ്റ് ചെയ്തവരിലും ജയിലിൽ കഴിയുന്നവരിലും മഹാഭൂരിപക്ഷവും മുസ്‌ലിം വിഭാഗത്തിൽപ്പെടുന്നവരാണെന്ന വസ്തുതയുമുണ്ട്. 20 കിലോമീറ്റർ അകലെയുള്ള പ്രദേശങ്ങളിൽ നടന്ന പൗരത്വ ഭേദഗതി ബില്ലിനെതിരായ സമരമാണ് കലാപമുണ്ടായതിന് കാരണമായി പ്രധാനമായും പൊലീസ് കണ്ടെത്തിയിരിക്കുന്നത്.

കലാപത്തിന് ആഹ്വാനം ചെയ്യുന്ന പ്രസ്താവന പൊലീസ് സാന്നിധ്യത്തിൽ നടത്തിയ ബിജെപി നേതാവ് കപിൽ മിശ്ര, മറ്റു നേതാക്കളായ കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ, പർവേസ് വർമ്മ എന്നിവർക്ക് ഒരു പോറലുമേൽക്കാത്ത വിധമാണ് പ്രഥമവിവര റിപ്പോർട്ട് ഡൽഹി പൊലീസ് തയ്യാറാക്കിയിരിക്കുന്നത്. ഇതും കോവിഡിനിടയിൽ തന്നെയായിരുന്നു. രണ്ടു മാസത്തിനിടെ ഇരുപതോളം മനുഷ്യാവകാശ പ്രവർത്തകർ, വിദ്യാർത്ഥികൾ, സാമൂഹ്യ നേതാക്കൾ എന്നിവരെയാണ് കോവിഡ് പരിഗണിക്കാതെ ജയിലിലാക്കിയത്. രാജ്യവും ലോകവും മഹാമാരിയിൽ വിറങ്ങലിച്ചു നിൽക്കുകയും പ്രതിസന്ധി മൂർഛിച്ചുകൊണ്ടിരിക്കുകയും ചെയ്യുമ്പോഴാണ് ഏതൊരു പ്രതിലോമ ഭരണ കൂടത്തിന്റെ അന്വേഷണ ഏജൻസികളും മർദ്ദനോപാധികളും ചെയ്യുന്നതുപോലെ രാജ്യത്തും ഈ പിന്തിരിപ്പൻ നടപടികൾ കൈക്കൊള്ളുന്നത്. അതേസമയം പ്രമാദവും കുപ്രസിദ്ധവുമായ സംഭവങ്ങളിലും കേസുകളിലും ഉൾപ്പെട്ടവർ ബിജെപിയുമായി അടുത്ത ബന്ധമുള്ളവരാണെന്നതിനാൽ ഒരുപോറൽ പോലുമേൽക്കാതെ സ്വൈരവിഹാരം നടത്തുകയുംചെയ്യുന്നു.
(അവസാനിക്കുന്നില്ല.)

ENGLISH SUMMARY:Investigative agen­cies dur­ing the reac­tionary regime
You may also like this video