June 30, 2022 Thursday

Latest News

June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022

നിർദ്ദേശങ്ങൾ വെക്കാൻ മാത്രം അന്വേഷണ കമ്മിഷനുകൾ

By Janayugom Webdesk
January 31, 2020

ആലപ്പുഴ: കേരളത്തിലാദ്യമായി ഒരു ബോട്ട് ദുരന്തത്തെക്കുറിച്ച് അന്വേഷിക്കുവാൻ ജുഡീഷ്യൽ കമ്മിഷനെ ചുമതലപ്പെടുത്തുന്നത് 2002 ൽ ആണ്. 29 പേരുടെ മരണത്തിന് ഇടയാക്കിയ കുമരകം ബോട്ട് ദുരന്തത്തെ തുടർന്നായിരുന്നു ഈ നടപടി. ജസ്റ്റിസ് കെ നാരായണ കുറുപ്പ് കമ്മിഷനായിരുന്നു അന്വേഷണ ചുമതല. അപകടത്തിൽപ്പെട്ടവരിൽ നിന്നും പ്രദേശവാസികളിൽ നിന്നും മൊഴിയെടുത്ത കമ്മിഷൻ നിരവധി നിർദ്ദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് 2003 ഏപ്രിൽ 30ന് സർക്കാരിന് സമർപ്പിച്ചു. ജലഗതാഗത വകുപ്പിന്റെ ഗുരുതരമായ അനാസ്ഥയാണ് അപകട കാരണമെന്നായിരുന്നു കമ്മിഷന്റെ നിഗമനം. അപകടത്തിന് ഇടയാക്കിയ ബോട്ട് സമയാസമയങ്ങളിൽ അറ്റകുറ്റപ്പണി നടത്തുന്നതിലും സുരക്ഷാ പരിശോധന നടത്തുന്നതിലും ഗുരുതരമായ വീഴ്ച വരുത്തി. എ‑53 എന്ന ഈ ബോട്ടിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റുമില്ലായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജലഗതാഗത വകുപ്പ് കാലപ്പഴക്കം ചെന്ന ബോട്ടുകൾ ഒഴിവാക്കി പുതിയവ സർവ്വീസിനിറക്കുവാൻ കമ്മിഷൻ നിർദ്ദേശിച്ചു. കൂടാതെ കായലിലെ മണൽതിട്ടകൾ നീക്കം ചെയ്യുകയും ബോട്ട് ചാലിന്റെ ആഴം കൂട്ടുകയും വേണം. മുഹമ്മ- കുമരകം ബോട്ട് ജെട്ടികൾ നവീകരിക്കണം. എല്ലാ ബോട്ടുകൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിനോടൊപ്പം ലൈഫ് ജാക്കറ്റുകളും നിർബന്ധമാക്കണം.

അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്കായി 91,61,000 രൂപ നൽകുവാനും കമ്മിഷൻ നിർദ്ദേശിച്ചു. മരിച്ചുപോയവരുടെ വിദ്യാഭ്യാസ യോഗ്യത, ജോലി എന്നിവ അനുസരിച്ചാണ് നഷ്ടപരിഹാര തുക നിശ്ചയിച്ചത്. എന്നാൽ കമ്മിഷൻ നിർദ്ദേശിച്ച തുക ലഭിക്കാത്തതിനെ തുടർന്ന് ഭൂരിഭാഗം പേരും കോടതിയെ സമീപിച്ചു. കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഇതിൽ പല കേസുകളും തീർപ്പായത്. കുമരകം ബോട്ട് ദുരന്തവുമായി ബന്ധപ്പെട്ട് താൻ മുന്നോട്ടു വെച്ച പല നിർദ്ദേശങ്ങളും ഇതുവരേയും നടപ്പാക്കിയിട്ടില്ലെന്ന് ജസ്റ്റിസ് നാരായണകുറുപ്പ് ജനയുഗത്തോട് പറഞ്ഞു. റെയിൽവേ മാതൃകയിൽ ബോട്ടുകൾക്കായി സേഫ്റ്റി കമ്മിഷണറെ വെച്ചാൽ അപകടങ്ങൾ ഒരു പരിധിവരെ കുറയ്ക്കാനാകും. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായിട്ടും റെയിൽവേയിൽ അപകടങ്ങൾ കുറയുന്നതിന്റെ പ്രധാന കാരണം ഉത്തരവാദിത്വമുള്ള ഇത്തരം ഉദ്യോഗസ്ഥരാണ്. ചെറിയ കാര്യങ്ങൾ പോലും ശ്രദ്ധയോടെ പരിഹരിക്കുന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. അപകടം ഉണ്ടായാൽ യാതൊന്നും ചെയ്യാൻ കഴിയാത്ത മേഖലയാണ് കായലുകൾ. അതിനാൽ അപകടങ്ങൾ ഒഴിവാക്കാൻ കർശനമായ നടപടികളാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. 2009 ൽ 45 പേരുടെ മരണത്തിന് ഇടയാക്കിയ തേക്കടി ബോട്ട് ദുരന്തം അന്വേഷിച്ചത് ഇ മൈതീൻ കുഞ്ഞ് കമ്മിഷനായിരുന്നു. ടൂറിസം വകുപ്പിലേയും കെടിഡിസിയിലെയും ഉന്നത ഉദ്യോഗസ്ഥരുടെ വീഴ്ചയാണ് അപകട കാരണമെന്നായിരുന്നു കമ്മിഷന്റെ കണ്ടെത്തൽ. ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ സംസ്ഥാനത്ത് മാരിടൈം ബോർഡ് രൂപീകരിക്കുന്നത് ഉൾപ്പെടെ നിരവധി നിർദ്ദേശങ്ങളും കമ്മിഷൻ ശുപാർശ ചെയ്തു. 2007 ൽ തട്ടേക്കാട് 18 പേരുടെ മരണത്തിന് ഇടയാക്കിയ അപകടം അന്വേഷിച്ചത് പരീതുപിള്ള കമ്മിഷനായിരുന്നു. ഈ കമ്മിഷനും അപകടത്തിന്റെ വിശദാംശങ്ങളും നിർദ്ദേശങ്ങളും അടങ്ങിയ സമഗ്രമായ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിരുന്നു. എന്നാൽ ഈ മൂന്ന് ജുഡീഷ്യൽ കമ്മിഷനുകളും സമർപ്പിച്ച റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ ഇനിയും നടപ്പാക്കിയിട്ടില്ല. ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ കമ്മിഷനുകളെ വെച്ച് കൈ കഴുകുകയാണ് അധികൃതർ. സർക്കാരിന്റെ ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് പ്രവർത്തിക്കുന്ന ഇത്തരം കമ്മിഷന്റെ റിപ്പോർട്ടുകൾ ഫലം കാണാത്തത് അപകടങ്ങൾ വീണ്ടും വർധിക്കുവാനും കാരണമാകുന്നു. കോടികൾ ചെലവഴിച്ചുള്ള അന്വേഷണ കമ്മിഷനുകൾ തന്നെ ദുരന്തമായി മാറുകയാണെന്ന് വിവിധ ബോട്ട് അപകടങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ ഹാജരായ അഡ്വ. വി മോഹൻ ദാസ് പറഞ്ഞു. അന്വേഷണ കമ്മിഷനുകൾക്ക് അർധ ജുഡീഷ്യൽ സ്വഭാവം ഉണ്ടായാൽ മാത്രമേ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാനാകൂ. വിസ്തരിക്കാനും നഷ്ടപരിഹാരം നിർണയിക്കുവാനും കുറ്റക്കാരെ ശിക്ഷിക്കാനുമുള്ള അധികാരം ഇത്തരം കമ്മിഷനുകൾക്ക് നൽകണമെന്നും അദ്ദേഹം ജനയുഗത്തോട് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.