നിക്ഷേപം കുറയുന്നു; വ്യവസായം തളരുന്നു

പ്രത്യേക ലേഖകന്‍
ന്യൂഡല്‍ഹി: രാജ്യത്ത് വ്യവസായ മേഖലയിലെ നിക്ഷേപം ഗണ്യമായി കുറയുന്നു. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ മോഡി സര്‍ക്കാര്‍ വിറ്റഴിക്കുമ്പോഴും സ്വകാര്യ കമ്പനികള്‍ വ്യവസായ മേഖലയില്‍ നിക്ഷേപം നടത്തുന്നില്ല.
1992 ന് ശേഷം ഏറ്റവും കുറവ് നിക്ഷേപം ഉണ്ടായത് ഈ വര്‍ഷമാണ്. തുടര്‍ച്ചയായ 12 പാദത്തിനിടെ ഏറ്റവും കുറവ് നിക്ഷേപമാണ് നടപ്പു പാദത്തില്‍ ഉണ്ടായത്. ഇക്കുറി നിക്ഷേപത്തില്‍ ഒരുലക്ഷം കോടി രൂപയുടെ കുറവുണ്ടായെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. ഊര്‍ജ്ജം, അടിസ്ഥാന സൗകര്യ വികസനം, വന്‍കിട വ്യവസായം, പാര്‍പ്പിടം, ഉല്പാദനം, ഖനനം തുടങ്ങിയ മേഖലകളിലെ നിക്ഷേപത്തിലാണ് ഗണ്യമായ കുറവ് ഉണ്ടായത്.
കല്‍ക്കരി മേഖലയിലാണ് പ്രതിസന്ധി കൂടുതല്‍ രൂക്ഷം. പുതിയ നിക്ഷേപത്തിന് തയാറാകാത്തതിന്റെ ഫലമായി 2018 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ 172 ദശലക്ഷം ടണ്‍ കല്‍ക്കരി ഇറക്കുമതി ചെയ്തു.
11,000 കോടിയുടെ പദ്ധതികളില്‍ കമ്പനികള്‍ നിക്ഷേപം നടത്താത്തതാണ് ഇറക്കുമതി വര്‍ധിക്കാനുള്ള മുഖ്യകാരണം. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 35,000 കോടി രൂപയുടെ പദ്ധതികള്‍ ജഡാവസ്ഥയിലാണെന്ന് ‘ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്ത് കല്‍ക്കരിയുടെ ആവശ്യം തുടര്‍ച്ചയായി വര്‍ധിച്ചുവരുന്ന അവസ്ഥയിലാണ് ആഭ്യന്തര ഉല്പാദന തോത് ഗണ്യമായി കുറഞ്ഞത്. രാജ്യത്ത് ഒരു വര്‍ഷം 700 ദശലക്ഷം ടണ്‍ കല്‍ക്കരി മാത്രമാണ് ഉല്പാദിപ്പിക്കുന്നത്. ചൈനയില്‍ മുന്നൂറ് കോടി കൂടുതലാണ് വാര്ഷികോല്പാദനം. ഊര്ജ്ജോല്പാദന മേഖലയിലെ 35.4 ശതമാനം പദ്ധതികളാണ് പ്രവര്‍ത്തനം നിലച്ച അവസ്ഥയിലെത്തിയത്. ഉല്പാദന മേഖലയില്‍ 29.2 ശതമാനം പദ്ധതികളാണ് പാതിവഴിയിലായത്.
2018 ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ സ്വകാര്യ മേഖലയില്‍ പ്രഖ്യാപിച്ച പദ്ധതികളില്‍ 62 ശതമാനവും ഇനിയും ആരംഭിച്ചിട്ടില്ല. പൊതുമേഖലയില്‍ പ്രഖ്യാപിച്ച പദ്ധതികളില്‍ നിക്ഷേപം നടത്താന്‍ മോഡി സര്‍ക്കാര്‍ ഇനിയും തയാറായിട്ടില്ലെന്ന് ‘ലൈവ്മിന്റ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ പാദത്തില്‍ പൊതുമേഖലയിലെ നിക്ഷേപതോത് 37 ശതമാനം കുറഞ്ഞു. വാര്‍ഷികാടിസ്ഥാനത്തില്‍ നിക്ഷേപത്തില്‍ 41 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. കേവലം 50,604 കോടി രൂപ മാത്രമാണ് സര്‍ക്കാര്‍ നിക്ഷേപം. 2004 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിക്ഷേപമാണിത്.
പദ്ധതി ചെലവുകള്‍ കോര്‍പറേറ്റ് കമ്പനികള്‍ കുറയ്ക്കുന്നതും വ്യവസായ മേഖലയെ ഗുരുതരമായ പ്രതിസന്ധിയിലാക്കുന്നു. അനുകൂലമായ നിക്ഷേപ സാഹചര്യം ഒരുക്കുന്നതില്‍ മോഡി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. സ്വകാര്യമേഖലയില്‍ വന്‍നിക്ഷേപം നടക്കുന്നുണ്ടെന്ന കേന്ദ്ര സര്‍ക്കാരിന്റെ അവകാശവാദം പൊള്ളയാണെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്ന കണക്കുകള്‍.
രാജ്യത്തെ ആയിരത്തോളം വരുന്ന ലിസ്റ്റഡ് കമ്പനികള്‍ നടത്തിയ നിക്ഷേപങ്ങളെക്കുറിച്ച് ‘ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്’ നടത്തിയ പഠനത്തിലാണ് ഇന്ത്യയിലെ വ്യവസായ വളര്‍ച്ച ആശങ്ക ഉണ്ടാക്കുന്ന വിധം തളരുന്നതായി കാണുന്നത്. പുതിയ നിക്ഷേപങ്ങള്‍ നടത്താന്‍ സ്വകാര്യ കമ്പനികള്‍ മടിച്ച് നില്ക്കുന്നു. 2016-17 സാമ്പത്തിക വര്‍ഷം ഇന്ത്യയിലുണ്ടായ പുതിയ നിക്ഷേപങ്ങള്‍ വെറും അഞ്ച് ശതമാനം മാത്രം. 9.4 ശതമാനം വളര്‍ച്ച നേടിയിരുന്നതില് നിന്നാണ് നിക്ഷേപങ്ങള്‍ കുത്തനെ ഇടിഞ്ഞിരിക്കുന്നത്. 1992ന് ശേഷമുള്ള ഏറ്റവും വലിയ കുറവ്.
കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ നിക്ഷേപം ഉണ്ടായ 2013-14 സാമ്പത്തിക വര്‍ഷം 5.7 ലക്ഷം കോടി രൂപ പുതിയ പദ്ധതികള്‍ക്കായി കോര്‍പറേറ്റുകള്‍ ചെലവഴിച്ചു. അതിന് ശേഷം രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങള്‍ മാറി. തൊട്ടടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ വളര്‍ച്ച കൂപ്പുകുത്തി. ഇപ്പോള്‍ അത് 2.07 ലക്ഷം കോടിയായി കുറഞ്ഞു. കഴിഞ്ഞ നാലര വര്‍ഷത്തിനിടെ മോഡി സര്‍ക്കാര്‍ സ്വീകരിച്ച കോര്‍പറേറ്റ് പ്രീണന നയങ്ങള്‍, വായ്പകള്‍ നല്കുന്നതില് ബാങ്കുകളുടെ ഭാഗത്തുനിന്നുള്ള വീഴ്ച്ച, വിദേശ നിക്ഷേപങ്ങളുടെ വന്‍തോതിലുള്ള പിന്‍വലിക്കല്‍, നിഷ്ക്രിയ ആസ്തിയുടെ ക്രമാതീതമായ വര്‍ധന തുടങ്ങിയ കാര്യങ്ങളാണ് രാജ്യത്തെ വ്യവസായ മേഖലയുടെ പിന്നാക്കം പോക്കിനുള്ള കാരണമെന്നും സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു.