September 28, 2022 Wednesday

Related news

September 22, 2022
September 20, 2022
September 17, 2022
July 5, 2022
June 19, 2022
June 12, 2022
June 9, 2022
June 3, 2022
April 22, 2022
April 4, 2022

പ്രവാസികളുടെ നിക്ഷേപത്തിൽ വൻ ഇടിവ് ; വിപണിയിൽ ആശങ്ക പടരുന്നു

സ്വന്തം ലേഖകൻ
കൊച്ചി
July 29, 2020 9:14 pm

രാജ്യത്തേക്ക് വിദേശത്തു നിന്ന് പ്രവാസികളയക്കുന്ന പണത്തിൽ നടപ്പ് സാമ്പത്തിക വർഷം 21 ശതമാനത്തോളം കുറവ് വരാമെന്ന് വിവിധ സാമ്പത്തിക ഏജൻസികൾ നടത്തിയ പഠന റിപ്പോർട്ട്.
ആഗോള തലത്തിൽ കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗണിലേക്ക് പ്രവേശിച്ചതും നേരത്തേയുണ്ടായിരുന്ന സാമ്പത്തിക മാന്ദ്യവുമൊക്കെ വിദേശ ഇന്ത്യക്കാരുടെ വരുമാനത്തിൽ വലിയ ഇടിവ് വരുത്തിയതാണ് കുറവിന് കാരണം. രാജ്യത്തെ ഏറ്റവും അധികം പ്രവാസി പണം എത്തുന്ന കേരളത്തിന്റെ സാമ്പത്തിക രംഗം ആശങ്കയിലാണ്.
വിദേശ പണം വരവിൽ ഉണ്ടാകുന്ന കുറവ് കേരളത്തിലെ വ്യാപാരികളെയും ധനകാര്യ സ്ഥാപനങ്ങളെയും ബാധിച്ചു തുടങ്ങിയിട്ടുണ്ട്. നിലവിൽ പ്രതിസന്ധി നേരിടുന്ന മണിട്രാൻസ്ഫർ സ്ഥാപനം ബ്രാഞ്ചുകൾ പൂട്ടാനുള്ള നീക്കത്തിന് ആക്കം കൂട്ടി. നിലവിൽ ടിക്കറ്റ് ബുക്കിംഗ്, മണിട്രാൻസ്ഫർ കുറവുള്ള ബ്രാഞ്ചുകൾ അടച്ചുപൂട്ടുമെന്ന മുന്നറിയിപ്പാണ് നൽകിയിട്ടുള്ളത്. സൂപ്പർ മാർക്കറ്റുകളിൽ പോലും നാലിലൊന്ന് കച്ചവടമാണ് നടക്കുന്നത്. ഓൺലൈൻ പഠനത്തിന്റെ പേരിൽ ഇലക്ട്രോണിക്ക് വിപണി പിടിച്ചുനിന്നെങ്കിലും വസ്ത്രവ്യാപാരം മാന്ദ്യത്തിലാണ്. വിദേശത്തു നിന്നുള്ള പണം വരവ് കുറയുന്നതോടെ പ്രവാസികളുടെ കുടുംബങ്ങൾ ചെലവ് ചുരുക്കൽ തുടങ്ങിയിട്ടുണ്ട്.

വിപണിയിൽ പലചരക്കുകടകളിലും മെഡിക്കൽ ഷോപ്പുകളിലും മാത്രമാണ് ഇപ്പോൾ ബിസിനസ് നടക്കുന്നത്. ഇ കൊമേഴ്സ് സൈറ്റുകളിൽ പോലും നിത്യജീവിതത്തിൽ ആവശ്യമായ സാധനങ്ങൾ മാത്രമാണ് വിൽക്കുന്നതെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. കമ്പനികളുടെ പ്രവർത്തനം നിലച്ചപ്പോൾ മലയാളികളടക്കമുള്ള സാധാരണ തൊഴിലാളികൾക്ക് തൊഴിൽ നഷ്ടമോ ശമ്പളമില്ലാത്ത അവധിയോ നേരിടേണ്ടി വന്നിരിക്കുന്നത് വിദേശത്തു നിന്നുള്ള പണംവരവിനെ വലിയ തോതിൽ ബാധിച്ചിട്ടുണ്ട്. മാത്രമല്ല, എണ്ണവിലയിൽ സമീപകാലത്തുണ്ടായ വിലത്തകർച്ചയും ഗൾഫ് രാജ്യങ്ങളിൽ സ്ഥിതി മോശമാക്കിയിട്ടുണ്ട്. യുബിഎസിന്റെ കണക്കനുസരിച്ച് എണ്ണവിലയിൽ ഉണ്ടാകുന്ന 10 ശതമാനം കുറവ് ഇന്ത്യയിലേക്കുള്ള പണം വരവിൽ ഏഴു ശതമാനത്തിന്റെ കുറവ് വരുത്തും.

ഗൾഫ് രാജ്യങ്ങളിൽ ഏറ്റവുമധികം പ്രതിസന്ധി ബാധിച്ചിരിക്കുന്നത് സാധാരണ തൊഴിലാളികളെയാണ്. മലയാളി പ്രവാസികളിൽ 90 ശതമാനത്തിലേറെ ഇത്തരം തൊഴിലാളികളാണ്. ലക്ഷക്കണക്കിന് വരുന്ന ഈ തൊഴിലാളികൾ ഓരോ മാസവും നേടുന്ന വരുമാനം വീടുകളിലേക്ക് അയക്കുന്നതാണ് കേരളത്തിന്റെ വിദേശ പണം വരവ് വർധിക്കാൻ കാരണം.
യുറോപ്യൻ രാജ്യങ്ങളിലും അമേരിക്കയിലും കുടിയേറി സ്ഥിരതാമസമുറപ്പിച്ചിരിക്കുന്ന മലയാളികൾ കൂടുതൽ പണം കേരളത്തിലേക്ക് അയക്കുന്നില്ല. അവിടങ്ങളിൽ കടുത്ത ആശങ്ക നിലനിൽക്കുണ്ട്. അമേരിക്കയിൽ ഇന്ത്യക്കാരടക്കമുള്ളവരുടെ നേർക്ക് ട്രംപ് പുലർത്തുന്ന വിരോധ മനോഭാവം വിനയാകുമെന്ന ചിന്തയും നിലനിൽക്കുന്നു. മെഡിക്കൽ ഇൻഷുറൻസ് അടക്കം ചികിത്സ രംഗത്തു വൻ പണച്ചിലവുണ്ടാകുമെന്ന ഭീതിയും പണമയക്കുന്നതിൽ നിന്ന് പ്രവാസികളെ വിലക്കുന്നുണ്ട്.

വിദേശത്തു നിന്ന് പ്രവാസികളിലൂടെ ഏറ്റവും കൂടുതൽ പണമെത്തുന്ന രാജ്യങ്ങളിൽ ഒന്നാമതാണ് ഇന്ത്യ. 7600 കോടി ഡോളറാണ് കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യയിലേക്കെത്തിയ പണം. രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ 2.7 ശതമാനം വരുമിത്. 150 കോടി ഡോളറിലേറെ എത്തുന്ന കേരളമാണ് വിദേശനാണ്യം സമ്പാദിക്കുന്ന ഇന്ത്യൻ സംസ്ഥാനങ്ങളിൽ മുന്നിൽ. കേരളത്തിനു പുറമേ കർണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്കാണ് ആകെ വരുന്നതിന്റെ 50 ശതമാനത്തോളം പണവും എത്തുന്നതെന്ന പ്രത്യേകതയുമുണ്ട്.

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.