ഐഎൻഎക്സ് മീഡിയ കേസ്: ചിദംബരം പ്രതിപ്പട്ടികയിൽ; സിബിഐ പുതിയ കുറ്റപത്രം സമർപ്പിച്ചു

Web Desk
Posted on October 18, 2019, 10:30 pm

ന്യൂഡൽഹി: ഐഎൻഎക്സ് മീഡിയ കേസിൽ മുൻ കേന്ദ്ര മന്ത്രി പി ചിദംബരത്തെ പ്രതിപ്പട്ടികയിലുൾപ്പെടുത്തി സിബിഐ പുതിയ കുറ്റപത്രം സമർപ്പിച്ചു. ഡൽഹിയിലെ റോസ് അവന്യു കോടതിയിൽ സമർപ്പിച്ച കുറ്റപത്രം തിങ്കളാഴ്ച കോടതി പരിഗണിക്കും.
ചിദംബരത്തിന് പുറമെ മകൻ കാർത്തി ചിദംബരം, പീറ്റർ മുഖർജി, ഇന്ദ്രാണി മുഖർജി എന്നിവരുൾപ്പടെ 14 പ്രതികളാണ് കുറ്റപത്രത്തിലുള്ളത്. 2017 മെയ് 17 നാണ് കേസിൽ സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത്. ചിദംബരം ധനമന്ത്രിയായിരിക്കെ 2017ൽ 305 കോടി രൂപയുടെ വിദേശ ഫണ്ട് സ്വീകരിക്കുന്നതിന് ഐഎൻഎക്സ് മീഡിയ ഗ്രൂപ്പിന് വിദേശ നിക്ഷേപ പ്രോത്സാഹന ബോർഡ് ചട്ടം ലംഘിച്ച് അനുമതി നൽകി എന്നായിരുന്നു ആരോപണം.

ഓഗസ്റ്റ് 21 ന് കേസിൽ സിബിഐ അറസ്റ്റ് ചെയ്ത ചിദംബരത്തിന് ഇതുവരെ ജാമ്യം ലഭിച്ചിരുന്നില്ല. ബുധനാഴ്ച ഇതേ കേസിൽ തന്നെ കള്ളപ്പണം വെളുപ്പിച്ചു എന്ന കേസിൽ എൻഫോഴ്സ്മെന്റും ചിദംബരത്തിനെ അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ എല്ലാ ആരോപണങ്ങളും ചിദംബരം നിഷേധിച്ചിരുന്നു. ബിജെപി രാഷ്ട്രീയ പകപോക്കലിനായി ചിദംബരത്തെ വേട്ടയാടുകയാണെന്നാണ് കോൺഗ്രസ് ആരോപണം.

എഫ്ഐആറിലോ മുൻപത്തെ കുറ്റപത്രത്തിലോ പേരില്ലാത്ത തന്നെ കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് ചിദംബരം നിരന്തരം വാദിച്ചിരുന്നു. മുൻ കുറ്റപത്രത്തിൽ കാർത്തി ചിദംബരത്തിന്റെ പേരുണ്ടായിരുന്നു.