September 28, 2022 Wednesday

ഒറ്റക്കുത്തില്‍ കൊ ന്നാലും ഇനി ഐപിസി 302

റെജി കുര്യൻ
ന്യൂഡല്‍ഹി
September 10, 2020 1:10 pm

ഒറ്റ കുത്തിന് ഇര മരിച്ചാല്‍ പ്രതിക്കെതിരെ ഐപിസി 302 പ്രകാരം കൊലപാതക കുറ്റം ചുമത്താമെന്ന് സുപ്രീം കോടതി. ജസ്റ്റിസ് അശോക് ഭൂഷന്‍, ആര്‍ സുഭാഷ് റെഡ്ഡി, എം ആര്‍ ഷാ എന്നിവരുള്‍പ്പെട്ട ബഞ്ചാണ് ഈ ഉത്തരവു പുറപ്പെടുവിച്ചത്.
തിരുനല്‍വേലി വിചാരണ കോടതി വിധിക്കെതിരെ സ്റ്റാലിന്‍ എന്നയാളാണ് തമിഴ്‌നാട് ഹൈ ക്കോടതി മധുര ബഞ്ചിനെ സമീപിച്ചത്. പെട്ടന്നുള്ള പ്രകോപനത്താല്‍ ചെയ്ത പ്രവര്‍ത്തിയില്‍ ഇര കൊല്ലപ്പെട്ടത് മനപൂര്‍വ്വം അല്ലാത്ത നരഹത്യ എന്ന ഐപിസി 304 വകുപ്പു പ്രകാരം കേസെടുക്കണമെന്ന ആവശ്യമാണ് ഹര്‍ജിക്കാരന്‍ മുന്നോട്ടു വച്ചത്. ഹൈക്കോടതി മധുര ബഞ്ചും ഹര്‍ജി നിഷേധിച്ചതിനെ തുടര്‍ന്നാണ് ഹര്‍ജി സുപ്രീം കോടതിയില്‍ എത്തിയത്.

ഐപിസി 302 വകുപ്പു പ്രകാരം പ്രതിക്ക് വധശിക്ഷവരെ ലഭിക്കാം. അതേസമയം ഐ പി സി 304 പ്രകാരം കുറ്റക്കാരനാണെന്നു കണ്ടെത്തിയാല്‍ കേസിന്റെ മെറിറ്റ് പ്രകാരം പ്രതിക്ക് തടവും പിഴയിലും ശിക്ഷ ഒതുങ്ങും. കേസില്‍ പ്രതി രണ്ടു വിധികളാണ് എതിര്‍ വാദത്തിനായി ചൂണ്ടിക്കാട്ടിയത്. 2000ത്തിലെ കുഞ്ഞായിപ്പു കേസിലെ കേരള ഹൈക്കോടതി വിധിയും മുസുംഷ ഹസനാഷ മുസല്‍മാന്‍ കേസിലെ മഹാരാഷ്ട്ര ഹൈ ക്കോടതി വിധിയും. രണ്ടു വിധികളിലും ഒറ്റ കുത്തില്‍ ഇര മരിച്ചാല്‍ ഐപിസി 302 പ്രകാരം കുറ്റം ചുമത്തേണ്ടതില്ലെന്നായിരുന്നു കോടതി ഉത്തരവ്. എന്നാല്‍ ഹര്‍ജിക്കാരന്റെ ഈ വാദമുഖം തള്ളാന്‍ മദ്ധ്യപ്രദേശ്, ഗുജറാത്ത്, ആന്ധ്ര പ്രദേശ്, രാജസ്ഥാന്‍ ഹൈക്കോടതി വിധികള്‍ സുപ്രീം കോടതി ഉയര്‍ത്തികാട്ടി. ഹൈക്കോടതികളുടെ ഈ വിധിയില്‍ വ്യക്തമാക്കുന്ന കാര്യങ്ങള്‍ സുപ്രീം കോടതി അക്കമിട്ടു നിരത്തി.

ഹൈക്കോടതി വിധികളില്‍ ഒറ്റ കുത്ത് ഐപിസി 302 പ്രകാരം കേസ് ചാര്‍ജ്ജ് ചെയ്യുന്നതില്‍ അപാകതകളുണ്ടെന്ന് കൃത്യവും വ്യക്തവുമായ പരാമര്‍ശങ്ങള്‍ നടത്തുന്നില്ല. വസ്തുതകളും സാഹചര്യങ്ങളുമാണ് ഇത്തരം കേസുകളില്‍ പരിഗണിക്കപ്പെടുന്നത്. ഇരയ്ക്കുണ്ടായ പരിക്കിന്റെ രീതി, ശരീരത്തിന്റെ ഏതു ഭാഗത്താണ് പരിക്കേറ്റത്, പരിക്കേല്‍പ്പിക്കാന്‍ ഏതു തരം ആയുധം ഉപയോഗിച്ചു, ഇരയെ കൊലചെയ്യണമെന്ന ഉദ്ദ്യേശത്തോടെയാണോ പ്രതി കൃത്യം ചെയ്തത്, പ്രേരണ തുടങ്ങിയ കാര്യങ്ങളെല്ലാം പരിശോധിക്കേണ്ടതുണ്ട്. അതുകൊണ്ടു തന്നെ എല്ലാ കേസുകള്‍ക്കും ബാധകമാകുന്ന രീതിയില്‍ സാര്‍വ്വത്രികമായ ഒരു വിധി കേസില്‍ പറ്റില്ലെന്നായിരുന്നു സുപ്രീം കോടതി നിലപാടെടുത്തത്.

എന്നാല്‍ ഒറ്റ കുത്തില്‍ ഇര കൊല്ലപ്പെട്ട സ്റ്റാലിന്റെ ഹര്‍ജിയിലെ സാഹചര്യങ്ങള്‍ വിലയിരുത്തിയ സുപ്രീം കോടതി ഹര്‍ജിക്കാരന്റെ ആവശ്യം അംഗീകരിക്കുകയാണുണ്ടായത്. ഐപിസി 304 പ്രകാരം കേസ് മതിയെന്നായിരുന്നു സുപ്രീം കോടതി ഉത്തരവ്.
പ്രതിയായ ഹര്‍ജിക്കാരന് എട്ട് വര്‍ഷം തടവും പതിനായിരം രൂപ പിഴയുമാണ് സുപ്രീം കോടതി വിധിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ ഒരു വര്‍ഷംകൂടി തടവ് അനുഭവിക്കണം.

ENGLISH SUMMARY:IPC 302, even if killed alone
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.