Wednesday
20 Feb 2019

ഐപിസിസി റിപ്പോര്‍ട്ടും ലോകത്തിന്‍റെ പാരിസ്ഥിതിക ഭാവിയും

By: Web Desk | Tuesday 9 October 2018 10:27 PM IST

ഭയാനകമായൊരു പാരിസ്ഥിതിക ഭാവിയെയാണ് ഐക്യരാഷ്ട്രസഭയുടെ ഇന്റര്‍ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ചി(ഐപിസിസി)ന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് ഓര്‍മപ്പെടുത്തുന്നത്. ലോകത്താകെ ആഗോള താപനത്തില്‍ വ്യതിയാനമുണ്ടാകുമെന്നും അത് അത്യന്തം ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതത്തിനും അതുവഴിയുള്ള വരള്‍ച്ചയ്ക്കും പ്രകൃതിക്ഷോഭത്തിനും ഇടയാക്കുമെന്നാണ് റിപ്പോര്‍ട്ടിന്റെ കാതല്‍. ആഗോള താപന നിരക്ക് 1.5 ഡിഗ്രി സെല്‍ഷ്യസ് പെട്ടെന്നുതന്നെ മറികടന്നേക്കാമെന്നാണ് മുന്നറിയിപ്പുള്ളത്. അങ്ങനെ വന്നാല്‍ ലോകത്താകെ ഉണ്ടാകാന്‍ പോകുന്ന പാരിസ്ഥിതികവും സാമൂഹ്യവുമായ പ്രത്യാഘാതങ്ങള്‍ റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നുണ്ട്.

കഴിഞ്ഞ കുറേ ദശകങ്ങളായി ലോകം ചര്‍ച്ച ചെയ്യുന്ന വിഷയമാണ് ആഗോള താപനം. അതുണ്ടാക്കിയതും ഉണ്ടാക്കുമെന്ന് ആശങ്കപ്പെടുന്നതുമായ പ്രതിസന്ധികള്‍ എല്ലാവരും ചര്‍ച്ചാ വിഷയമാക്കാറുമുണ്ട്. എന്നാല്‍ അത് പലതും ചര്‍ച്ചകളില്‍ അവസാനിക്കുകയായിരുന്നു പതിവ്. അതിനപ്പുറം ഗൗരവമായ ഇടപെടലുകളും നടപടികളുമുണ്ടാകണമെന്ന നിര്‍ദ്ദേശമാണ് റിപ്പോര്‍ട്ട് മുന്‍വയ്ക്കുന്നത്.

ഇന്ന് ഐക്യരാഷ്ട്ര സഭയുടെ ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച്(ഐപിസിസി) പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഇക്കാര്യത്തില്‍ അടിയന്തര ശ്രദ്ധ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പാരിസ് കരാര്‍ പ്രകാരമുള്ള താപനില 1.5 ഡിഗ്രി സെല്‍ഷ്യസിനും 2 ഡിഗ്രി സെല്‍ഷ്യസിനും ഇടയില്‍ നിര്‍ത്തുക എന്ന ലക്ഷ്യത്തില്‍ എത്തണമെന്നും ഈ റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.

130 രാജ്യങ്ങളുടെ പ്രതിനിധികളും 50 ലധികം ശാസ്ത്രജ്ഞരും ദക്ഷിണ കൊറിയയിലെ ഇഞ്ചിയോണില്‍ സമ്മേളിച്ച് ഒരാഴ്ച നീണ്ടു നിന്ന സംവാദത്തിനൊടുവിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. നേരത്തേ വ്യക്തിഗതമായി നിരവധി ശാസ്ത്രജ്ഞരും പരിസ്ഥിതി പ്രവര്‍ത്തകരും നല്‍കിയ മുന്നറിയിപ്പുകള്‍ ഐക്യരാഷ്ട്രസഭ പോലുള്ള ഉന്നതതല സമിതിയുടെ കീഴില്‍ വിശാലമായ വേദിയില്‍ രൂപപ്പെട്ടൊരു റിപ്പോര്‍ട്ടായി പുറത്തുവന്നിരിക്കുകയാണ് ഇപ്പോള്‍.

ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള വ്യക്തികളുടെയും സംഘടനകളുടേതുമായ അയ്യായിരത്തിലധികം റിപ്പോര്‍ട്ടുകളും സ്ഥിതി വിവരക്കണക്കുകളും പ്രാദേശിക പരിശോധനകളും എല്ലാം പരിശോധിച്ച് തയ്യാറാക്കിയതാണ് ഐപിസിസി റിപ്പോര്‍ട്ട്. അന്തരീക്ഷോഷ്മാവ് ഉയര്‍ന്നതിനാല്‍ ഇപ്പോള്‍ തന്നെ നിരവധി ചെറുജീവികള്‍ക്ക് വംശനാശം സംഭവിച്ചുകഴിഞ്ഞു. ചെറു സസ്യങ്ങളും ഇല്ലാതായി. വലിയ ജീവിവിഭാഗവും സസ്യജാലങ്ങളും നാശോന്മുഖമായിരിക്കുകയും ചെയ്തിരിക്കുന്നു. ഇതിനെല്ലാം പുറമേ ആഗോള താപനം ഉയരുമ്പോള്‍ കടല്‍ ക്ഷോഭത്തിനും ചുഴലിക്കാറ്റുകള്‍ക്കും അതുവഴിയുള്ള പ്രകൃതി ദുരന്തങ്ങള്‍ക്കും ലോകം സാക്ഷ്യം വഹിക്കും.

ശക്തമായ നടപടികള്‍ ഓരോ രാഷ്ട്രവും കൈക്കൊള്ളുന്നില്ലെങ്കില്‍ പത്തുവര്‍ഷത്തിനുള്ളില്‍ വലിയൊരു പ്രകൃതി ദുരന്തത്തിന് നാം സാക്ഷിയാകേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നത്. ആ മുന്നറിയിപ്പിനെ ലോകത്തെ വന്‍ രാഷ്ട്രങ്ങള്‍ എങ്ങനെ സമീപിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ഈ റിപ്പോര്‍ട്ടിന്റെയും ലോകത്തിന്റെ തന്നെയും ഭാവി നിലകൊള്ളുന്നത്. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച 2016 ലെ പാരിസ് ഉച്ചകോടിയുടെ പരിസമാപ്തിയെന്തായിരുന്നുവെന്ന് ഇത്തരുണത്തില്‍ ഓര്‍ക്കുന്നത് നല്ലതാണ്. സമഗ്രമായൊരു റിപ്പോര്‍ട്ട് അവിടെ സമര്‍പ്പിക്കപ്പെട്ടുവെങ്കിലും കരാറില്‍ ഉള്‍പ്പെടാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തയ്യാറായില്ല. ആഗോള താപനം വര്‍ധിപ്പിക്കുന്ന കാര്‍ബണ്‍ വാതക വിസര്‍ജനത്തില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് അമേരിക്ക.

അത്തരം രാജ്യങ്ങള്‍ മാത്രമല്ല അതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടിവരുന്നത്. എല്ലാ രാജ്യങ്ങളുമാണ്. സാന്ദ്രത കുറഞ്ഞ ഇടങ്ങളിലേയ്ക്ക് കാര്‍ബണ്‍ വാതകം എളുപ്പത്തില്‍ കടന്നുചെല്ലുന്നുവെന്നതിനാല്‍ അമേരിക്കയും ചൈനയും പോലുള്ള പോലുള്ള രാജ്യങ്ങള്‍ പുറംതള്ളുന്ന കാര്‍ബണ്‍ വാതകം സമീപരാജ്യങ്ങളിലും ദുരിതം വിതയ്ക്കുന്നു. ആഗോളതാപനത്തിന്റെ വലിയ തിരിച്ചടികള്‍ ഇപ്പോള്‍ തന്നെ അഭിമുഖീകരിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഈ വര്‍ഷത്തെ കാലവര്‍ഷം കഴിഞ്ഞപ്പോള്‍ സാധാരണ നിലയിലുള്ള മഴ ലഭ്യതയുടെ കുറവ് കാരണം ഇന്ത്യയില്‍ 218 ജില്ലകള്‍ കടുത്ത വരള്‍ച്ചയെ നേരിടാന്‍ പോകുന്നുവെന്ന റിപ്പോര്‍ട്ട് ഒരാഴ്ച മുമ്പാണ് പുറത്തുവന്നത്. സാധാരണ ലഭിക്കാറുണ്ടായിരുന്നതിന്റെ 60 ശതമാനം കുറവ് മഴയാണ് ഇത്തവണ കാലവര്‍ഷത്തില്‍ ഉണ്ടായതെന്നാണ് കണക്കാക്കിയിരിക്കുന്നത്.

തുലാവര്‍ഷം ആവശ്യത്തിന് ലഭിച്ചാല്‍ പോലും ഈ കുറവ് പരിഹരിക്കാനാകുമോയെന്ന് സംശയമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. അതുകൊണ്ടുതന്നെ ജനസംഖ്യയില്‍ രണ്ടാമതുള്ള രാജ്യമെന്ന നിലയില്‍ ഐപിസിസി റിപ്പോര്‍ട്ട് ഇന്ത്യയ്ക്കു മുന്നില്‍ വലിയ ഉത്തരവാദിത്തമാണ് ഏല്‍പ്പിക്കുന്നത്. അമേരിക്ക എതിര്‍ക്കുന്നുവോ ചൈന അംഗീകരിക്കുന്നുവോ എന്നതുപോലെ തന്നെ പ്രധാനമാണ് ആഗോളതാപനം ഉയരുന്നത് തടയുന്നതിനുള്ള ഇന്ത്യയുടെ ഉത്തരവാദിത്ത നിര്‍വഹണവും. ഇപ്പോഴത്തെ ഭരണാധികാരികളുടെ നിലപാട് എത്രത്തോളം ഇക്കാര്യത്തില്‍ ആത്മാര്‍ഥമാണെന്നത് സംശയാസ്പദം തന്നെയാണ്. പലപ്പോഴും അമേരിക്കയോടുള്ള പക്ഷപാതിത്വത്തിനിടയില്‍ ജീവല്‍പ്രധാനമായ ഇത്തരം വിഷയങ്ങളെ കേന്ദ്ര സര്‍ക്കാര്‍ ഗൗരവത്തോടെ സമീപിക്കുന്നില്ലെന്നത് യാഥാര്‍ഥ്യമാണ്.