ഇനി മുതൽ ഈ ജനപ്രിയ സ്മാർട്ട് ഫോണുകൾ ഉപയോഗിക്കണമെങ്കിൽ മാസവരി നല്‍കേണ്ടി വരും?

Web Desk
Posted on November 07, 2019, 5:58 pm

നമ്മൾ ഉപയോഗിക്കുന്ന സ്മാർട്ട് ഫോണുകൾക്ക് മാസവരി നൽകേണ്ടി വരുന്ന അവസ്ഥ ഒന്ന് ആലോചിച്ച് നോക്കൂ. അതായത് വില കൊടുത്തു വാങ്ങുന്ന് കെഎസ്ഇബി മീറ്ററിന് മാസ വാടക കൊടുക്കുന്ന പൊലെ രൊക്കം കാശു നൽകി വാങ്ങുന്ന ഫോണിന് മാസ വാടക നൽകേണ്ടി വരുന്ന അവസ്ഥ. അതെ, ജനപ്രിയ സ്മാർട്ട് ഫോണായ ഐഫോണ്‍ ഉപയോഗിക്കാന്‍ ഇനി മുതൽ ഓരോ മാസവും പണം നല്‍കേണ്ടി വരുമെന്ന സൂചന നൽകി കമ്പനി മേധാവി കുക്ക്. എന്നു വെച്ചാൽ ഐഫോണുകളുടെ നിര്‍മാതാവായ ആപ്പിള്‍ കമ്പനിയ്ക്ക് സബ്‌സ്‌ക്രിപ്ഷന്‍ സേവനങ്ങൾ നിരവധിയാണ്. എന്നാൽ ഐഫോണ്‍ അടക്കമുള്ള കമ്പനിയുടെ ഉപകരണങ്ങള്‍, അല്ലെങ്കില്‍ ചില ഉപകരണങ്ങൾ സേവന വ്യവസ്ഥയില്‍ ഉപയോക്താക്കള്‍ക്കു നല്‍കുക എന്ന ഹാർഡ്‌വെയർ സേവനം അവർക്കിത് വരെ ഇല്ല. അത്തരം സേവനത്തിന് സാധ്യതയുണ്ടെന്നാണ് ഇപ്പോൾ ലഭിച്ചിരിക്കുന്ന സൂചന. ഐഫോണുകൾ ഉപയോഗിക്കുന്നതിന് മാസവരി ഏർപ്പെടുത്തുന്ന കാര്യമാണ് കമ്പനി പരിഗണിക്കുന്നതെന്നാണ് പറയുന്നത്.

സബ്‌സ്‌ക്രിപഷന്‍ രീതിയില്‍ ഐഫോണ്‍ വില്‍ക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് കുക്ക് അത്തരമൊരു നീക്കമില്ലെന്നു പറയുകയല്ല മറിച്ച് അതു വന്നേക്കാം എന്നാണ് മറുപടി നൽകിയത്. വര്‍ഷാവര്‍ഷം പുതിയ മോഡലുകള്‍ (ഹാര്‍ഡ്‌വെയര്‍ അപ്‌ഗ്രേഷൻ) വാങ്ങുന്നവര്‍ക്ക് അത്തരമൊരു സാധ്യതയുണ്ട് എന്നാണ് പറയുന്നത്. അതിപ്പോള്‍ തന്നെയുണ്ട്. എന്നാല്‍ അത് ഭാവിയില്‍ വളരാം. അത്തരമൊരു സാഹചര്യത്തില്‍ ആപ്പിളിനു ചെയ്യാവുന്ന കാര്യം ഐഫോണ്‍, ആപ്പിള്‍ മ്യൂസിക്, ആപ്പിള്‍ ടിവി, ഐക്ലൗഡ് തുടങ്ങിയവ ഒരു ബൻഡിലാക്കി മാസവരിക്കു നല്‍കുക എന്നതാണ്. ഇത്തരം ഒരു സേവനം ‘ആപ്പിള്‍ പ്രൈം’ എന്ന പേരില്‍ കമ്പനി മുൻപേ തുടങ്ങാനിരുന്നതാണെന്നും പറയപ്പെടുന്നുണ്ട്. ഇതിലൂടെ കമ്പനിയ്ക്ക് മാസം നല്ലൊരു വരുമാനം ലഭിച്ചുകൊണ്ടിരിക്കും. പഴയതു പോലെയായിരിക്കില്ല പുതിയ ബിസിനസ് മാതൃക.

ഐഫോണുകളുടെ വില്‍പന വേണ്ടത്ര തകൃതിയായി നടക്കുന്നില്ല എന്നതും ആപ്പിളിനെ ഈ വഴിയില്‍ സഞ്ചരിക്കാന്‍ പ്രേരിപ്പിച്ചേക്കാം. ആപ്പിള്‍ കമ്പനിയില്‍ നിക്ഷേപം നടത്തിയിരിക്കുന്നവര്‍ക്കും ഇത്തരം ഒരു നീക്കമായിരിക്കും കൂടുതല്‍ സ്വീകാര്യമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതിന്റെ പ്രാഥമിക നടപടിക്രമങ്ങളിലേക്ക് കമ്പനി കടന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പുതിയ മോഡല്‍ ഫോണ്‍ ഇറങ്ങുമ്പോള്‍ താന്‍ ഉപയോഗിക്കുന്ന ഹാന്‍ഡ്‌സെറ്റ് തിരിച്ചു നല്‍കി കൂടുതല്‍ പൈസ നല്‍കാതെ പുതിയതു വാങ്ങി ഉപയോഗിക്കാമെന്നത് അമേരിക്ക പോലെയുള്ള രാജ്യങ്ങളില്‍ പല ഉപയോക്താക്കൾക്കും സ്വാഗതാര്‍ഹമാകും. എന്നാല്‍, മാസം പണം നല്‍കുക എന്ന രീതിയോട് അത്ര ഇഷ്ടം കാണിക്കാത്ത ഇന്ത്യ പോലെയുള്ള രാജ്യങ്ങളിലെ ഉപയോക്താക്കള്‍ക്ക് ഈ നീക്കം സ്വാഗതാർഹം ആയിരിക്കില്ല.

വിവിധ രാജ്യങ്ങള്‍ക്കായി വേറിട്ട വില്‍പനാ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചാല്‍ പരിഹരിക്കാവുന്ന കാര്യം മാത്രമേ ഇതിലുള്ളൂ. ഇനി തങ്ങള്‍ ഇങ്ങനെയാണെന്നു കമ്പനി തീരുമാനിച്ചാല്‍ ഐഫോണ്‍ വേണ്ടവര്‍ മാസവരി നല്‍കേണ്ടിവരുന്ന ഒരു ഭാവിയും വന്നേക്കാം. സേവനമായി മാത്രമാണ് വില്‍ക്കാന്‍ തീരുമാനമെങ്കില്‍ ഇന്ത്യയില്‍ ഐഫോണ്‍ കാശുകാരുടെ കീശമാത്രം അലങ്കരിക്കുന്ന ഉപകരണമായേക്കാം. അടുത്തിടെ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ പാദത്തില്‍ ബിസിനസില്‍ നിന്ന് ആപ്പിളിന് റെക്കോഡ് വരുമാനമാണ് വന്നിരിക്കുന്നത്. കമ്പനിക്ക് 6400 കോടി ഡോളര്‍. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 2 ശതമാനം വര്‍ധനയാണ് കമ്പനി കൈവരിച്ചരിക്കുന്നത്.

ഇന്ത്യ അടക്കമുള്ള മാര്‍ക്കറ്റുകളിലും മികച്ച പ്രകടനമാണ് കമ്പനി നടത്തിയിരിക്കുന്നതെന്നു പറയുന്നു. ഐഫോണ്‍ 11 ന്, ഐഫോണ്‍ XRനേക്കാള്‍ വില കുറച്ചിടാനായത് കമ്പനിയുടെ തന്ത്രപരമായ വിജയമാണ്. ഐഫോണ്‍ 11ന് ‘രാജ്യത്തിനു യോജിച്ച’ തരത്തിലുള്ള വിലയിട്ടത് തങ്ങള്‍ക്കു ഗുണകരമായി എന്നാണ് ഇന്ത്യൻ വിപണിയെക്കുറിച്ച് കുക്ക് പറഞ്ഞത്. അതേസമയം, തങ്ങളുടെ മാക്ബുക്കുകള്‍ വിറ്റ് ഇന്ത്യയില്‍ നിന്ന് റെക്കോഡ് വരുമാനം ഉണ്ടാക്കയിരിക്കുകയുമാണ് ആപ്പിള്‍. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഗംഭീര സ്വീകരണമാണ് ഇന്ത്യക്കാർ മാക്ബുക്കുകള്‍ക്ക് നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആപ്പിളിന്റെ വയര്‍ലെസ് ഇയര്‍ബഡുകളായ എയര്‍പോഡുകള്‍ക്കും ഇന്ത്യയില്‍ സ്വീകാര്യത വര്‍ധിച്ചിരിക്കുന്നതായും കമ്പനി പറഞ്ഞു. ഇന്ത്യയില്‍ സെക്കന്‍ഡ്ഹാന്‍ഡ് വിപണിയിൽ ഏറ്റവും പ്രിയം ഐഫോണിനാണെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. ഐഫോണുകള്‍ക്ക് 19 ശതമാനം ആവശ്യക്കാരാണുള്ളത്. സാംസങ് ഫോണുകള്‍ക്ക് 16 ശതമാനം ആവശ്യക്കാരും, ഷഓമിക്ക് 13 ശതമാനം ആവശ്യക്കാരുമാണ് ഉള്ളതെന്നു പറയുന്നു. കമ്പനിയുടെ പുതിയ രീതി എത്രത്തോളം സ്വീകാര്യമായിരിക്കും എന്ന് കണ്ടു തന്നെ അറിയണം.