സ്റ്റോക്ക്‌സ്, മനീഷ്, രാഹുല്‍ വിലയേറിയ താരങ്ങള്‍

Web Desk

ബംഗലൂരു

Posted on January 27, 2018, 11:06 pm

പണക്കിലുക്കമായി ഐപിഎല്‍ പതിനൊന്നാം എഡീഷനിലേക്കുള്ള താരലേലം. ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സാണ് ആദ്യദിനത്തിലെ വിലയേറിയ താരം. 12.5 കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സ് സ്റ്റോക്‌സിനെ സ്വന്തമാക്കി.

ആദ്യദിനം ആകെ 78 താരങ്ങളാണ് വിറ്റുപോയത്. ഇവരില്‍ 29 പേര്‍ വിദേശതാരങ്ങളാണ്. ആകെ 321 കോടി രൂപയാണ് ഇന്നലെ ടീമുകള്‍ കളിക്കാര്‍ക്കായി ചെലവഴിച്ചത്.
മനീഷ് പാണ്‌ഡേയും കെ എല്‍ രാഹുലുമാണ് വിലയില്‍ രണ്ടാംസ്ഥാനക്കാരായത്. രാഹുലിനെ കിങ്‌സ് ഇലവന്‍ പഞ്ചാബ് 11 കോടിക്ക് സ്വന്തമാക്കി. ഓസ്‌ട്രേലിയന്‍ പേസ് ബോളര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ 9.4 കോടി രൂപയ്ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും സ്വന്തമാക്കി. ഓസീസിന്റെ മറ്റൊരു താരം ഗ്ലെന്‍ മാക്‌സ്വെല്ലിനെ 9 കോടി രൂപയ്ക്ക് ഡല്‍ഹി ഡെയര്‍ ഡെവിള്‍സും ടീമിലെടുത്തു.

കരുണ്‍ നായരെ 5.6 കോടിക്ക് കിങ്‌സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കി. അതേ സമയം, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ശിഖര്‍ ധവാനെ 5.20 കോടി രൂപക്ക് നിലനിര്‍ത്തി. റൈറ്റ് ടൂ മാച്ച് കാര്‍ഡ് വഴിയാണ് ധവാനെ നിലനിര്‍ത്തിയത്. കിങ്‌സ് ഇലവന്‍ പഞ്ചാബ് ആര്‍ അശ്വിനെ 7.60 കോടിക്ക് സ്വന്തമാക്കി. കിറോണ്‍ പൊള്ളാര്‍ഡിനെ 5.40 കോടിക്ക് മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തി.

യുവരാജ് സിങിനെ പഞ്ചാബ് റോയല്‍സ് അടിസ്ഥാന വിലയായ രണ്ട് കോടിക്ക് സ്വന്തമാക്കി. 6.4 കോടിക്ക് ഡൈ്വന്‍ ബ്രാവോയെ ചെന്നൈ സ്വന്തമാക്കി. 2.8 കോടിക്ക് ഗൗതം ഗംഭീര്‍ ഡല്‍ഹി ടീമിലേക്ക് ചേക്കേറി. നാലു കോടിക്ക് രഹാനെ രാജസ്ഥാന്‍ റോയല്‍സിലെത്തി.
361 ഇന്ത്യക്കാരടക്കം 580 താരങ്ങളാണ് ലേലത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ 16 താരങ്ങള്‍ രണ്ടു കോടി അടിസ്ഥാന വിലയുള്ള മുന്‍നിര ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ലേലം ഇന്നും തുടരും. ആദ്യദിനത്തില്‍ വിറ്റുപോകാത്ത വമ്പന്‍താരങ്ങള്‍ ഇന്ന് വീണ്ടും ലേലത്തിനെത്തും. കൂടാതെ ടീമുകള്‍ ആവശ്യപ്പെടുന്ന താരങ്ങളെയും വീണ്ടും ലേലത്തിനെടുക്കും.

പൊന്നുംവിലയ്ക്ക് സഞ്ജു

ബംഗളൂരു: ഐപിഎല്‍ പതിനൊന്നാം സീസണിലേക്കുള്ള താരലേലത്തില്‍ വിക്കറ്റ്കീപ്പര്‍ കം ബാറ്റ്‌സ്മാന്‍ സഞ്ജു വി സാംസണ് പൊന്നും വില. എട്ടു കോടി രൂപയ്ക്കാണ് മലയാളി താരമായ സഞ്ജുവിനെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്. അടിസ്ഥാന വിലയായി ഒരു കോടിയായിരുന്നു ലേലത്തിന്റെ തുടക്കത്തില്‍ സഞ്ജുവിന് നിശ്ചയിച്ചിരുന്നത്. രണ്ടാം വരവില്‍ ഏറ്റവും കൂടുതല്‍ പണം വാരി എറിഞ്ഞാണ് രാജസ്ഥാന്‍ താരലേലത്തില്‍ പങ്കെടുക്കുന്നത്.

അതേസമയം രാജസ്ഥാന്‍ റോയല്‍സില്‍ തിരിച്ച് എത്തിയതില്‍ സന്തോഷമുണ്ടെന്ന് സഞ്ജു പ്രതികരിച്ചത്. ടീം അവസാനം വരെ ലേലം വിളിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ കരുണ്‍ നായരെ 5.6 കോടി രൂപ നല്‍കി കിങ്‌സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സഞ്ജുവിനും താരലേലത്തില്‍ മോഹവില ലഭിച്ചിരിക്കുന്നത്.

രാജസ്ഥാന്‍ റോയല്‍സിലൂടെയാണ് സഞ്ജു ഐപിഎല്ലില്‍ അരങ്ങേറിയത്. സഞ്ജുവിന്റെ അടിസ്ഥാനവില ഒരു കോടിയായിരുന്നു. രാഹുല്‍ ദ്രാവിഡിന് കീഴില്‍ മികച്ച കളിക്കാരനായി വളര്‍ന്ന സഞ്ജുവിനെ നാലു കോടി നല്‍കി കഴിഞ്ഞ സീസണില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് സ്വന്തമാക്കിയിരുന്നു.

മറ്റൊരു മലയാളിതാരമായ ബേസില്‍ തമ്പിയെ സണ്‍റൈസേഴ്‌സ് ടീമിലെത്തിച്ചപ്പോള്‍ വിഷ്ണു വിനോദ് വിറ്റുപോയില്ല.

വിറ്റുപോകാതെ പ്രമുഖര്‍

ബംഗളുരു: സൂപ്പര്‍താരങ്ങളെയും വാങ്ങാന്‍ മടിച്ച ടീമുകള്‍ ആരാധകരെ ഞെട്ടിച്ചു. താരലേലത്തിന്റെ ആദ്യ റൗണ്ടില്‍ ഒരു ടീമും വെസ്റ്റ് ഇന്‍ഡീസിന്റെ സൂപ്പര്‍ താരമായ ക്രിസ് ഗെയിലിനെ വാങ്ങാന്‍ ആരുമെത്തിയില്ല. രണ്ടുകോടിയായിരുന്നു ബംഗളൂരു താരമായിരുന്ന ഗെയിലിന്റെ അടിസ്ഥാനവില.

കഴിഞ്ഞ സീസണുകളില്‍ മുംബൈ ഇന്ത്യന്‍സിന്റെ ബൗളിങ് കരുത്തായിരുന്ന ലസിത് മലിംഗയെ സ്വന്തമാക്കാനും ക്ലബ്ബുകള്‍ തയ്യാറായില്ല. മോശം ഫോമും പരുക്കുകളുമാണ് അദ്ദേഹത്തിന് തിരിച്ചടിയായത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലായിരുന്ന ഇഷാന്ത് ശര്‍മ്മയെയും ക്ലബ്ബുകള്‍ ആദ്യഘട്ടത്തില്‍ പരിഗണിച്ചിട്ടില്ല. നമാന്‍ ഓജ, പാര്‍ഥിവ് പട്ടേല്‍, മുരളി വിജയ് എന്നീ ഇന്ത്യന്‍ താരങ്ങളെയും ആരും വാങ്ങിയില്ല.

ന്യൂസിലന്‍ഡിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലിനെയും ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ജയിംസ് ഫോക്‌നറെയും ടീമുകള്‍ കൈവിട്ടു. സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാരില്‍ ഒരാളെന്ന് വിലയിരുത്തപ്പെടുന്ന ഇംഗ്ലണ്ട് താരം ജോ റൂട്ടിനായും ടീമുകള്‍ മടിച്ചുനിന്നു.

ജോഷ് ഹെയ്‌സല്‍വുഡ്, മിച്ചല്‍ ജോണ്‍സണ്‍, സാം ബില്ലിംഗ്‌സ്, ജോണി ബെയര്‍‌സ്റ്റോ എന്നിവര്‍ക്കും ആദ്യ ദിനത്തിലെ ലേലത്തില്‍ നിരാശയായിരുന്നു ഫലം.

റോയലായി ജോഫ്രയും ഷോര്‍ട്ടും

ബംഗളുരു: ബിഗ്ബാഷ് ലീഗിലെ കൗമാര സൂപ്പര്‍താരങ്ങള്‍ ജോഫ്ര ആര്‍ച്ചറും ഡാര്‍സി ഷോര്‍ട്ടും രാജസ്ഥാന്‍ റോയല്‍സിന്റെ നീലജഴ്‌സിയില്‍ കളത്തിലിറങ്ങും.
ഇവരില്‍ അടിസ്ഥാന വിലയുടെ 36 ഇരട്ടി തുകയാണ് ജോഫ്ര നേടിയെടുത്തത്. 40 ലക്ഷമായിരുന്നു അടിസ്ഥാന വില. അഞ്ച് ടീമുകളാണ് ജോഫ്രയ്ക്ക് പിന്നാലെ ലേലത്തിനായി എത്തിയപ്പോള്‍ 7.20 കോടി രൂപയ്ക്കാണ് രാജസ്ഥാന്‍ കൗമാര സൂപ്പര്‍താരത്തെ ടീമിലെത്തിച്ചത്.
മികച്ചവേഗത്തില്‍ പന്തെറിയുന്ന ഈ ഇംഗ്ലണ്ട് പേസര്‍ കൂറ്റനടിക്കും മിടുക്കനാണ്. ബിഗ്ബാഷില്‍ ഹോബാര്‍ട്ട് ഹരികെയ്ന്‍സിലെ സഹതാരം ഡാര്‍സി ഷോര്‍ട്ടും രാജസ്ഥാന്‍ റോയല്‍സിനായി കളിക്കും. ഷോര്‍ട്ടിന്റെ അടിസ്ഥാന വില 20 ലക്ഷമായിരുന്നു. രാജസ്ഥാന്‍ 4 കോടിക്ക് താരത്തെ സ്വന്തമാക്കി.

കീശ ചോരാതെ രാജസ്ഥാന്‍

ബംഗളുരു: 23.5 കോടി ശേഷിക്കുന്ന രാജസ്ഥാന്‍ റോയല്‍സിനാണ് ഇനിയും പണം ചെലവഴിക്കാന്‍ സാധിക്കുക. 21.90 കോടി ശേഷിക്കുന്ന കിങ്‌സ് ഇലവന്‍ ആദ്യദിനം പത്ത് കളിക്കാരെ സ്വന്തമാക്കി. ഏറ്റവും കുറവ് തുക ശേഷിക്കുന്നത് കൊല്‍ക്കത്തയ്ക്കാണ്. 7.60 കോടിയാണ് അവര്‍ക്ക് ഇനി ശേഷിക്കുന്നത്. 12 താരങ്ങളെ ഇതിനകം ടീമിലെത്തിച്ചു. 7.95 കോടി മാത്രം ശേഷിക്കുന്ന സണ്‍ റൈസേഴ്‌സിന് 16 പേരെ സ്വന്തമാക്കാനായി. 15.85 കോടി ശേഷിക്കെ ആര്‍സിബിക്ക് 14 പേരെ ടീമിലെത്തിക്കാന്‍ സാധിച്ചു. മുംബൈ ഇന്ത്യന്‍സിന് 15.80 കോടി ചെലവഴിക്കാന്‍ സാധിക്കും. 9 പേരെ വീതം ടീമിലെത്തിച്ച മുംബൈയും രാജസ്ഥാനുമാണ് ടീം നിറയ്ക്കുന്നതില്‍ പിന്നില്‍. ഡല്‍ഹിക്ക് 12.30 കോടിയും ചെന്നൈയ്ക്ക് 17 കോടിയും ശേഷിക്കുന്നു. ചെന്നൈ 11 പേരെയും ഡല്‍ഹി 15 പേരെയും ഇതുവരെ ടീമിലെത്തിച്ചു.