September 22, 2023 Friday

Related news

September 22, 2023
September 21, 2023
September 17, 2023
September 16, 2023
September 13, 2023
September 12, 2023
September 10, 2023
September 2, 2023
August 28, 2023
August 27, 2023

ഐപിഎല്‍ ഫൈനല്‍; ചെന്നൈയ്ക്ക് 215 റണ്‍സ് വിജയലക്ഷ്യം

Janayugom Webdesk
അഹമ്മദാബാദ്
May 29, 2023 10:42 pm

ഐപിഎല്‍ ഫൈനലില്‍ കിരീടം നേടാന്‍ ചെന്നൈ സൂപ്പര്‍ കിങ്സിനു വമ്പന്‍ വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സെടുത്തു. 47 പന്തില്‍ 96 റണ്‍സെടുത്ത സായ് സുദര്‍ശനാണ് ഗുജറാത്തിന്റെ ടോപ് സ്കോറര്‍. വൃദ്ധിമാന്‍ സാഹ (39 പന്തില്‍ 54 റണ്‍സ്) മികച്ച പ്രകടനം കാഴ്ചവച്ചു. നേരത്തെ, ടോസ് നേടിയ ചെന്നൈ ക്യാപ്റ്റന്‍ എം എസ് ധോണി, ഗുജറാത്തിനെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. മാറ്റമില്ലാതെയാണ് ഇരു ടീമുകളും ഇറങ്ങിയത്. ഗുജറാത്ത് ടൈറ്റന്‍സിനുവേണ്ടി തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലും വൃദ്ധിമാന്‍ സാഹയും ചേര്‍ന്ന് നല്‍കിയത്. തുടക്കത്തില്‍ പതിയെ തുടങ്ങിയ ഇരുവരും പിന്നീട് ആക്രമിച്ച് കളിച്ചു. ഇരുവരെയും ക്യാച്ചെടുത്ത് പുറത്താക്കാനുള്ള അവസരം ദീപക് ചാഹര്‍ പാഴാക്കി. ഗില്ലും സാഹയും ഒരുപോലെ അടിച്ചുതകര്‍ത്തപ്പോള്‍ ചെന്നൈ ക്യാമ്പില്‍ ആശങ്ക പരന്നു. ആദ്യ വിക്കറ്റില്‍ 67 റണ്‍സാണ് ഗില്ലും സാഹയും ചേര്‍ന്ന് അടിച്ചെടുത്തത്. പവര്‍പ്ലേയ്ക്ക് ശേഷം ജഡേജയെ എത്തിച്ച്‌ ധോണി കൂട്ടുകെട്ട് പൊളിച്ചു. ധോണിയുടെ അതിവേഗ സ്റ്റമ്പിങ്ങില്‍ ഗില്‍ വീണു. 20 പന്തില്‍ 39 റണ്‍സായിരുന്നു ഗില്ലിന്റെ സമ്പാദ്യം. 

ഏഴ് ഫോറായിരുന്നു താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. മൂന്നാമനായി സായ് സുദര്‍ശനാണ് എത്തിയത്. ഗില്‍ മടങ്ങിയതോടെ ഗുജറാത്തിന്റെ സ്കോറിങ് വേഗതയും കുറഞ്ഞു. ബൗണ്ടറികളുടെ വരവ് കുറഞ്ഞതോടെ സാഹയും സായിയും സമ്മര്‍ദത്തിലുമായി. പവര്‍പ്ലേയില്‍ 62 റണ്‍സ് നേടിയ ഗുജറാത്ത് 10 ഓവര്‍ അവസാനിക്കുമ്പോള്‍ 86–1 എന്ന നിലയിലായിരുന്നു. പത്താം ഓവര്‍ പിന്നിട്ടതോടെ ഇരുവരും സ്കോറിങ്ങിന് വേഗത കൂട്ടാനുള്ള ശ്രമം ആരംഭിച്ചു. 36-ാം പന്തില്‍ സാഹ അര്‍ധ സെഞ്ചുറി പിന്നിടുകയും ചെയ്തു. 10 ഓവറിന് ശേഷമുള്ള നാല് ഓവറുകളില്‍ 45 റണ്‍സാണ് ഗുജറാത്ത് നേടിയത്.
ഇരുവരും 64 റണ്‍സ് കൂട്ടിചേര്‍ത്തു. സാഹ ഒരു സിക്‌സും അഞ്ച് ഫോറും നേടി. ചാഹറിന്റെ പന്തില്‍ ധോണിക്ക് ക്യാച്ച് നല്‍കിയാണ് സാഹ മടങ്ങുന്നത്. എങ്കിലും സായ്- ഹാര്‍ദിക് സഖ്യം ഗുജറാത്തിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചു. അടിച്ചുതകര്‍ത്ത സുദര്‍ശന്‍ വെറും 32 പന്തുകളില്‍ നിന്ന് അര്‍ധസെഞ്ചുറി നേടി. താരത്തിന്റെ സീസണിലെ മൂന്നാം അര്‍ധസെഞ്ചുറിയാണിത്. തുഷാര്‍ ദേശ്പാണ്ഡെ ചെയ്ത 17-ാം ഓവറില്‍ തുടര്‍ച്ചയായി ഒരു സിക്‌സും മൂന്ന് ഫോറുമടിച്ച് സുദര്‍ശന്‍ ടോപ് ഗിയറിലായി. പിന്നാലെ ഹാര്‍ദിക്കും ഫോമിലേക്ക് ഉയര്‍ന്നതോടെ മത്സരം ഗുജറാത്തിന്റെ കൈയ്യിലായി. 19 ഓവറില്‍ ടീം സ്‌കോര്‍ 200 കടന്നു. അവസാന ഓവറില്‍ പതിരണയെ തുടര്‍ച്ചയായി രണ്ട് സിക്‌സടിച്ച് സായ് സുദര്‍ശന്‍ വ്യക്തിഗത സ്‌കോര്‍ 96‑ല്‍ എത്തിച്ചെങ്കിലും മൂന്നാം പന്തില്‍ താരം വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്തായി. ഹാര്‍ദിക് (12 പന്തില്‍ 21) പുറത്താവാതെ നിന്നു. റാഷിദ് ഖാനാണ് (0) പുറത്തായ മറ്റൊരു താരം.
ചെന്നൈക്ക് വേണ്ടി മതീഷ പതിരണ രണ്ട് വിക്കറ്റെടുത്തു. 

Eng­lish Summary;IPL Final; 215 runs tar­get for Chennai
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.