Sunday
25 Aug 2019

ഐപിഎല്‍ ഫൈനലില്‍ ചെന്നൈ- മുംബൈ കിരീടധാരണം

By: Web Desk | Sunday 12 May 2019 8:39 AM IST


ചെന്നൈ നായകന്‍ എം എസ് ധോണിയും മുംബൈ നായകന്‍ രോഹിത് ശര്‍മ്മയും

ഹൈദരാബാദ്: പുതിയ ചാമ്പ്യന്‍മാരെ കാത്ത് ഐപിഎല്‍ കിരീടം. ഐപിഎല്ലിന്റെ 12ാം സീസണിലെ കലാശപ്പോരില്‍ നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് മുന്‍ വിജയികളായ മുംബൈ ഇന്ത്യന്‍സുമായി കൊമ്പുകോര്‍ക്കും.

ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ രാത്രി 7.30നാണ് കിരീടപ്പോരിനു തുടക്കമാവുന്നത്. കപ്പുയര്‍ത്തുന്നത് എംഎസ് ധോണിയോ അതോ രോഹിത് ശര്‍മയോ എന്നു മാത്രമാണ് അറിയാനുള്ളത്. ആരു ജയിച്ചാലും അത് പുതിയ റെക്കോര്‍ഡായിരിക്കും. കാരണം മൂന്നു കിരീടങ്ങള്‍ വീതം നേടി ഇരുടീമും ഏറ്റവുമധികം തവണ ചാമ്പ്യന്‍മാരായ ടീമെന്ന റെക്കോര്‍ഡ് പങ്കിടുകയാണ്. ഈ സീസണില്‍ ഒന്നാം ക്വാളിഫയര്‍ ഉള്‍പ്പെടെ മൂന്നു തവണ നേര്‍ക്കുനേര്‍ വന്നപ്പോഴും ചെന്നൈയെ മുംബൈ തകര്‍ത്തുവിട്ടിരുന്നു.

ഐപിഎല്ലില്‍ കഴിഞ്ഞ 12 സീസണുകളിലെ കണക്കുകള്‍ നോക്കിയാലും ധോണിപ്പടയ്‌ക്കെതിരേ മുംബൈയ്ക്കാണ് മുന്‍തൂക്കം. ഇരുടീമുകളും 29 മല്‍സരങ്ങളിലാണ് ഇതിനകം നേര്‍ക്കുനേര്‍ വന്നത്. ഇവയില്‍ 17ലും ജയം മുംബൈയ്ക്കായിരുന്നു. 12 മല്‍സരങ്ങളിലാണ് ചെന്നൈക്കു ജയിച്ചു കയറാനായത്.

ഫൈനലിന്റെ വേദിയായ ഹൈദരാബാദിലെ കണക്കുകള്‍ നോക്കിയാല്‍ 69 ഐപിഎല്‍ മല്‍സരങ്ങളാണ് ഇവിടെ ഇതുവരെ നടന്നത്. ആദ്യം ബൗള്‍ ചെയ്ത ടീമാണ് കൂടുതല്‍ മല്‍സരങ്ങളും ജയിച്ചത് (35). ആദ്യ ബാറ്റ് ചെയ്ത ടീം 32 മല്‍സരങ്ങളിലും വെന്നിക്കൊടി പാറിച്ചിട്ടുണ്ട്. 163 റണ്‍സാണ് ഈ പിച്ചില്‍ ആദ്യ ഇന്നിങ്‌സിലെ ശരാശരി സ്‌കോര്‍. രണ്ടാമിന്നിങ്‌സിലെ ശരാശരി സ്‌കോറാവട്ടെ 149 റണ്‍സുമാണ്.

രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹി കാപിറ്റല്‍സിനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ചാണ് ചെന്നൈ ഫൈനലിലെത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഡല്‍ഹിക്ക് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സ് നേടാനാണ് സാധിച്ചത്. മറുപടി ബാറ്റിങ്ങില്‍ ചെന്നൈ 19 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഷെയ്ന്‍ വാട്‌സണ്‍ (32 പന്തില്‍ 50), ഫാഫ് ഡുപ്ലെസിസ് (39 പന്തില്‍ 50) എന്നിവരാണ് വിജയം എളുപ്പമാക്കിയത്.

ഒന്നാം വിക്കറ്റില്‍ വാട്‌സണ്‍ ഫാഫ് സഖ്യം 81 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പിന്നാലെ എത്തിയവര്‍ അധികം ബുദ്ധിമുട്ടാതെ തന്നെ തന്നെ ചെന്നൈയെ വിജയത്തിലേക്ക് നയിച്ചു. സുരേഷ് റെയ്‌ന (11), ധോണി (9) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഡ്വെയ്ന്‍ ബ്രാവോ (0), അമ്പാട്ടി റായുഡു (20) എന്നിവര്‍ പുറത്താവാതെ നിന്നു. നാല് സിക്‌സും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു വാട്‌സന്റെ ഇന്നിങ്‌സ്. ഡുപ്ലെസിസ് ഒരു സിക്‌സും ഏഴ് ഫോറും പായിച്ചു. ഡല്‍ഹിക്ക് വേണ്ടി ട്രന്റ് ബോള്‍ട്ട്, ഇശാന്ത് ശര്‍മ, അക്ഷര്‍ പട്ടേല്‍, അമിത് മിശ്ര എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

നേരത്തെ ഋഷഭ് പന്ത് (38), കോളിന്‍ മണ്‍റോ (27) എന്നിവരുടെ ഇന്നിങ്‌സാണ് ഡല്‍ഹിക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. മറ്റാര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. രവീന്ദ്ര ജഡേജ, ഡ്വെയ്ന്‍ ബ്രാവോ, ഹര്‍ഭജന്‍ സിങ്, ദീപക് ചാഹര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. പൃഥ്വി ഷാ (5), ശിഖര്‍ ധവാന്‍ (18), കോളിന്‍ മണ്‍റോ (27), ശ്രേയസ് അയ്യര്‍ (13), അക്ഷര്‍ പട്ടേല്‍ (3), റുതര്‍ഫോര്‍ഡ് (10), കീമോ പോള്‍ (3), ട്രെന്റ് ബോള്‍ട്ട് (6) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍.
ഫൈനലില്‍ പിച്ചിന്റെ സ്വഭാവം പരിഗണിച്ച് ജയന്ത് യാദവിനു പകരം മിച്ചെല്‍ മക്ലെനഗന്‍ മുംബൈയുടെ പ്ലെയിങ് ഇലവനില്‍ എത്തിയേക്കും. മറുഭാഗത്ത് ഷര്‍ദ്ദുല്‍ താക്കൂറിനു പകരം മുരളി വിജയ്, ധ്രുവ് ഷോറെ എന്നിവരിലൊരാള്‍ കളിക്കാനാണ് സാധ്യത.

You May Also Like This: