Site iconSite icon Janayugom Online

ഐപിഎല്‍; ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരെ പൂട്ടി കൊല്‍ക്കത്ത

ഐപിഎല്‍ സീസണിലെ ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ആറ് വിക്കറ്റ് ജയം. 132 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കൊല്‍ക്കത്ത 18.3 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 44 റണ്‍സ് നേടിയ അജിന്‍ക്യ രഹാനെയാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍. ഡ്വെയ്ന്‍ ബ്രാവോ ചെന്നൈക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തി. നേരത്തെ എം.എസ്.ധോണി 38 പന്തില്‍ പുറത്താവാതെ നേടിയ 50 റണ്‍സാണ് ചെന്നൈയെ പൊരുതാവുന്ന സ്‌കോറിലേക്ക് നയിച്ചത്. റോബിന്‍ ഉത്തപ്പയും (28) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ നിലവിലെ ചാംപ്യന്മാരെ രണ്ട് വിക്കറ്റ് നേടിയ ഉമേഷ് യാദവും സ്പിന്നര്‍മാരുമാണ് തളച്ചത്.

കൊല്‍ക്കത്തയ്ക്ക് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചിരിരുന്നത്. ഓപ്പണിംഗ് വിക്കറ്റില്‍ രഹാനെ- വെങ്കടേഷ് അയ്യര്‍ (16) സഖ്യം 43 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ വെങ്കടേഷിനെ പുറത്താക്കി ബ്രാവോ ചെന്നൈക്ക് ബ്രേക്ക് ത്രൂ നല്‍കി. പിന്നാലെ ക്രീസിലെത്തിയ നിതീഷ് റാണയും (21) മോശമല്ലാത്ത പ്രകടനം പുറത്തെടുത്തു. സ്‌കോര്‍ബോര്‍ഡില്‍ 76 ഉള്ളപ്പോഴാണ് റാണ മടങ്ങുന്നത്. ബ്രാവോയ്്ക്ക് തന്നെയായിരുന്നു വിക്കറ്റ്. വൈകാതെ രഹാനെ സാന്റ്‌നര്‍ക്ക് വിക്കറ്റ് നല്‍കി മടങ്ങി. ആറ് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. സാം ബില്ലിംഗ്‌സിന്റെ (22 പന്തില്‍ 25) ഇന്നിംഗ്‌സും കൊല്‍ക്കത്തയുടെ വിജയത്തില്‍ പ്രധാന പങ്കുവഹിച്ചു. ശ്രേയസ് അയ്യര്‍ (20), ഷെല്‍ഡണ്‍ ജാക്‌സണ്‍ (3) പുറത്താവാതെ നിന്നു.

നേരത്തെ മോശം തുടക്കമാണ് ചെന്നൈയ്ക്ക് ലഭിച്ചത്. ടൂര്‍ണമെന്റിലെ മൂന്നാം പന്തില്‍ തന്നെ ഗെയ്കവാദിനെ ചെന്നൈയ്ക്ക് നഷ്ടമായി. ഇന്ത്യന്‍ ടെസ്റ്റ് താരം ഉമേഷിന്റെ പന്തില്‍ നിതീഷ് റാണയ്ക്ക് ക്യാച്ച് നല്‍കുകയായിരുരുന്നു. തുടക്കം മുതല്‍ താളം കണ്ടെത്താന്‍ വിഷമിച്ച ന്യൂസിലന്‍ഡ് താരം ഡെവോണ്‍ കോണ്‍വെയും നിരാശപ്പെടുത്തി. ഓപ്പണറായി ക്രീസിലെത്തിയ താരം മൂന്ന് റണ്‍സ് മാത്രമാണെടുത്തത്. ഉമേഷിന്റെ തന്നെ പന്തില്‍ മിഡ് ഓഫില്‍ ക്യാപ്റ്റന്‍ ശ്രേയസിന് ക്യാച്ച് നല്‍കുകയായിരുന്നു ഇടങ്കയ്യന്‍ താരം.

Eng­lish sum­ma­ry; IPL; Kolkata beat defend­ing cham­pi­ons in first match

You may also like this video;

Exit mobile version