ഐപിഎല്‍ പതിനെട്ടാം സീസണില്‍ പ്ലേഓഫ് ലൈനപ്പായി. ഗുജറാത്ത് ടൈറ്റന്‍സ്, റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു, പഞ്ചാബ് കിങ്സ്, മുംബൈ ഇന്ത്യന്‍സ് ടീമുകളാണ് പ്ലേഓഫിലെത്തിയത്. ഇനി പോരാട്ടം ഒന്നാം സ്ഥാനത്തിന്റേതായി മാറി. ഐപിഎല്‍ പോയിന്റ് പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുന്ന ടീമുകള്‍ തമ്മിലാണ് ആദ്യ ക്വാളിഫയര്‍ പോരാട്ടം നടക്കുക. വിജയികള്‍ നേരിട്ട് ഫൈനലിലേക്ക് യോഗ്യത നേടും. തോല്‍ക്കുന്ന ടീമിന് ഫൈനലിലെത്താന്‍ ഒരു അവസരം കൂടി ലഭിക്കും. ആദ്യ ക്വാളിഫയറില്‍ തോല്‍ക്കുന്ന ടീം, പോയിന്റ് പട്ടികയിലെ മൂന്നും നാലും സ്ഥാനക്കാര്‍ തമ്മിലുള്ള എലിമിനേറ്റര്‍ മത്സരത്തിലെ വിജയികളെ രണ്ടാം ക്വാളിഫയറില്‍ നേരിടും. ആ മത്സരത്തില്‍ ജയിച്ചാല്‍, നേരത്തെ പോയിന്റ് പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തിയ രണ്ടാം ടീമിനും ഫൈനലിലെത്താം.
ഗ്രൂപ്പ് ഘട്ടത്തില്‍ 14 മത്സരങ്ങള്‍ വീതമാണ് ഓരോ ഐപിഎല്‍ ടീമിനുമുള്ളത്. 12 മത്സരങ്ങളില്‍ 18 പോയിന്റുമായി ഗുജറാത്ത് ടൈറ്റന്‍സാണ് ഒന്നാമത്. ഇത്രതന്നെ മത്സരങ്ങളില്‍ 17 പോയിന്റ് വീതമുള്ള റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവും പഞ്ചാബ് കിങ്സും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. 13 കളികളില്‍ 16 പോയിന്റുമായി മുംബൈ ഇന്ത്യന്‍സാണ് പട്ടികയില്‍ നാലാമത്. ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ട് മത്സരങ്ങള്‍ അവശേഷിക്കുന്ന ഗുജറാത്ത് ടൈറ്റന്‍സിന് അവയിലൊന്നെങ്കിലും ജയിച്ചാലേ ടോപ് 2‑വില്‍ ഫിനിഷ് ചെയ്യാനുള്ള സാധ്യത നിലനില്‍ക്കൂ. ഇതിനൊപ്പം ആര്‍സിബിയോ പഞ്ചാബ് കിങ്സോ ഒരു മത്സരം വീതം തോല്‍ക്കുകയും ടൈറ്റന്‍സിന് ആവശ്യമായി വരും. പോയിന്റ് പട്ടികയില്‍ നിലവില്‍ രണ്ടാമതുള്ള ആര്‍സിബിക്കും രണ്ട് മത്സരങ്ങളാണ് അവശേഷിക്കുന്നത്. രണ്ട് മത്സരങ്ങളും ജയിച്ചാല്‍ ആര്‍സിബിയും ടോപ് ടുവില്‍ ഫിനിഷ് ചെയ്യും. അതേസമയം ആര്‍സിബി ഒരു മത്സരം മാത്രമാണ് ജയിക്കുന്നതെങ്കില്‍ പഞ്ചാബ് ഒരു കളിയില്‍ തോറ്റാലേ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ബംഗളൂരുവിന് ഫിനിഷ് ചെയ്യാന്‍ സാധിക്കൂ.
നിലവില്‍ പോയിന്റ് പട്ടികയില്‍ മൂന്നാമതുള്ള പഞ്ചാബ് കിങ്സിനും രണ്ട് മത്സരങ്ങള്‍ ബാക്കിയുണ്ട്. പഞ്ചാബ് ഇവ രണ്ടും ജയിക്കുകയും ആര്‍സിബി ഒരു മത്സരം തോല്‍ക്കുകയും ചെയ്താല്‍ പഞ്ചാബ് ടീമും ടോപ് 2‑വില്‍ ഫിനിഷ് ചെയ്യും. അതേസമയം പഞ്ചാബ് ഒരു മത്സരത്തില്‍ മാത്രമാണ് ജയിക്കുന്നതെങ്കില്‍ ആര്‍സിബിയുടെ മത്സരഫലം ആശ്രയിച്ചിരിക്കും പഞ്ചാബിന്റെ വിധി. ഒരു മത്സരം മാത്രം ശേഷിക്കുന്ന മുംബൈ ഇന്ത്യന്‍സിനാവട്ടെ, അതില്‍ ജയിച്ചാലും വിദൂര സാധ്യത മാത്രമേ ടോപ് 2‑വില്‍ ഫിനിഷ് ചെയ്യാന്‍ നിലവിലുള്ളൂ. ഡല്‍ഹിക്കെതിരായ നിര്‍ണായക മത്സരത്തില്‍ 59 റൺസിനായിരുന്നു പ്ലേ ഓഫ് ഉറപ്പിച്ച് മുംബൈയുടെ ജയം. സൂര്യകുമാര്‍ യാദവിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങും ജസ്പ്രീത് ബുംറയുടെയും മിച്ചല്‍ സാന്റ്‌നറുടെയും ബൗളിങ്ങുമാണ് വിജയത്തിന് പിന്നില്‍. മുംബൈ ഉയര്‍ത്തിയ 181 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡൽഹി ക്യാപ്പിറ്റൽസ് 18.2 ഓവറിൽ 121 റൺസുമായി പുറത്താവുകയായിരുന്നു.
39 റൺസ് നേടിയ സമീര്‍ റിസ്വിയാണ് ഡൽഹിയുടെ ടോപ് സ്കോറര്‍. ഡൽഹി ക്യാപിറ്റൽസ് പ്ലേ ഓഫിൽ നിന്ന് പുറത്തായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.