25 April 2024, Thursday

വമ്പന്മാര്‍ പുറത്ത്, എന്തിന് ഇങ്ങനെയൊരു തന്ത്രം? അറിയാം ഐപിഎല്‍ റീട്ടെന്‍ഷനെക്കുറിച്ച്

Janayugom Webdesk
ന്യൂഡെല്‍ഹി
December 1, 2021 3:36 pm

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ അടുത്ത സീസണ് മുന്നോടിയായി ഓരോ ടീമുകളും തങ്ങള്‍ നിലനിര്‍ത്തിയ താരങ്ങളുടെ പട്ടിക പുറത്ത് വിട്ടു. ഐപിഎല്ലിന്റെ 2022 സീസണില്‍ പുതിയ രണ്ട് ടീമുകള്‍ കൂടി വരുന്നതോടെയാണ് മെഗാലേലത്തിന് വഴിയൊരുങ്ങിയത്. ഒരു ടീമിന് നാല് താരങ്ങളെ നിലനിര്‍ത്താമെന്നിരിക്കെ കഴിഞ്ഞ സീസണില്‍ പ്രതീക്ഷിച്ച പ്രകടനം നടത്താതിരുന്ന പല താരങ്ങളെയും ഫ്രാഞ്ചൈസികള്‍ കൈവിട്ടു കഴിഞ്ഞു. കീശയിലെ കാശ് കാലിയാകാതിരിക്കാനുള്ള തന്ത്രവും ഇതിന് പിന്നിലുണ്ട്. ഒരു വിദേശതാരം മൂന്ന് ആഭ്യന്തര താരങ്ങള്‍ അല്ലെങ്കില്‍ രണ്ട് വിദേശതാരം രണ്ട് ആഭ്യന്തര താരങ്ങള്‍ എന്ന നിലയിലാണ് ടീമുകള്‍ക്ക് തങ്ങളുടെ വിശ്വസ്തരെ നിലനിര്‍ത്താനാകുക. ഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത, മുംബൈ എന്നീ ടീമുകള്‍ മാത്രമാണ് നാല് താരങ്ങളെയും നിലനിര്‍ത്തിയത്.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

വിരാട് കോലി നായകസ്ഥാനം ഒഴിയുകയും സ്റ്റാര്‍ പ്ലെയര്‍ എബി ഡിവില്ലിയേഴ്‌സ് വിരമിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ബാംഗ്ലൂര്‍ പുതിയ സീസണിനെ അഭിമുഖീകരിക്കാനൊരുങ്ങുന്നത്. അതുകൊണ്ട് തന്നെ പുതിയ താരങ്ങളെ ടീമിലേക്കെത്തിക്കേണ്ട ഉത്തരവാദിത്തം മാനേജ്‌മെന്റിന്റേത് മാത്രമാണ്. മൂന്ന് താരങ്ങളെയാണ് ടീം നിലനിര്‍ത്തിയതും. നേരത്തെ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കും പോലെ തന്നെയായിരുന്നു ആര്‍സിബിയുടെ നിലനിര്‍ത്തലും. കോലി, മാക്‌സവെല്‍ എന്നിവരെ ടീം കയ്യൊഴിയില്ലായെന്ന് ഉറപ്പായിരുന്നുവെങ്കിലും മുഹമ്മദ് സിറാജിന്റെ സാനിധ്യം അപ്രതീക്ഷിതമായിരുന്നു. വിരാട് കോലി 15 കോടി, ഗ്ലെന്‍ മാക്‌സ്‌വെല്‍ 11 കോടി, മുഹമ്മദ് സിറാജ് 7 കോടി എന്നിങ്ങനെയാണ് താരങ്ങളുടെ വില.

 

മുംബൈ ഇന്ത്യന്‍സ്

നാല് താരങ്ങളെയും നിലനിര്‍ത്തുമെന്ന് ഉറപ്പുള്ള ടീമുകളില്‍ ഒന്നായിരുന്നു മുംബൈ. അതില്‍ നാലാമന്‍ ഇഷാന്‍ കിഷനോ അല്ലെങ്കില്‍ സൂര്യകുമാര്‍ യാദവ് ആകുമോ എന്ന സംശയം മാത്രമായിരുന്നു ബാക്കി. ഒടുവില്‍ ആ നറുക്ക് വീണത് സൂര്യകുമാറിന് തന്നെയായിരുന്നു. നായകന്‍ രോഹിത് ശര്‍മ്മ (16 കോടി), ജസ്പ്രിത് ബുംമ്ര (12 കോടി), സൂര്യകുമാര്‍ യാദവ് (8 കോടി ), കിറോണ്‍ പൊള്ളാര്‍ട് (6 കോടി) എന്നിവരെയാണ് മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തിയത്.

പഞ്ചാബ് കിംഗ്‌സ്

താരങ്ങളുടെ നിലനിര്‍ത്തലിന് മുന്നേതന്നെ പഞ്ചാബിന്റെ നായകനും സ്റ്റാര്‍ ബാറ്ററുമായ കെ എല്‍ രാഹുലിനെ ചുറ്റിപ്പറ്റിയായിരുന്നു ആദ്യ വിവാദങ്ങള്‍ ഉടലെടുത്തത്. പഞ്ചാബില്‍ തുടരാന്‍ താല്‍പര്യമില്ലെന്നും പുതിയ ടീമായ ലഖ്നൗവിലേക്ക് ചേക്കാറാന്‍ രാഹുല്‍ തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. ഇതിനു പിന്നാലെ പഞ്ചാബ് പരാതിയും നല്‍കിയുരുന്നെങ്കിലും നിലനിര്‍ത്തിയ താരങ്ങളുടെ പട്ടിക പുറത്ത് വന്നപ്പോള്‍ നായകന് അതില്‍ ഉള്‍പ്പെട്ടിരുന്നില്ല. പകരം മായങ്ക് അഗര്‍വാള്‍ (12 കോടി) അര്‍ഷദീപ് സിഗ് (4 കോടി) എന്നിങ്ങനെയായിരുന്നു പഞ്ചാബിന്റെ നിലനിര്‍ത്തല്‍. ഇതില്‍ പേസര്‍ മുഹമ്മദ് ഷമിയെ ടീമില്‍ നിന്ന് ഉപേക്ഷിച്ചതിന്റെ ഞെട്ടലിലാണ് ആരാധകര്‍.

സണ്‍റൈസേഴ്‌സ് ഹൈദരബാദ്


കഴിഞ്ഞ സീസണില്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച ടീമായിരുന്നു ഹൈദരബാദ്. അതിനാല്‍ നായകന്‍ കെയിന്‍ വില്യംസണൊഴികെ ആരെയും നിലനിര്‍ത്താന്‍ സാധ്യതയില്ലായെന്ന തന്നെയായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വില്യംസന് (14 കോടി) പുറമെ അബ്ദുല്‍ സമദ് (4കോടി), ഉമറാന്‍ മാലിക്ക് (4 കോടി) എന്നിങ്ങനെയാണ് ഹൈദരബാദിന്റെ നിലനിര്‍ത്തല്‍.

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്

നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ തന്നെയാണ് ഒരു സമ്മര്‍ദ്ദവുമില്ലാതെ തങ്ങളുടെ നാല് വിശ്വസ്തരെ തെരഞ്ഞെടുത്തത്. അതില്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയെ (16 കോടി) ഉയര്‍ന്ന നിരക്കില്‍ തന്നെ അവര്‍ നിലനിര്‍ത്തി. തങ്ങളുടെ കൂള്‍ ക്യാപ്റ്റര്‍ എം എസ് ധോണി (12 കോടി)യാണ് രണ്ടാമത്തെ താരം. മൂന്നാമതായി ഋതുരാജ് ഗെയ്ക്വാദ് ടീമിലെത്തുമെന്ന് ഉറപ്പായിരുന്നു. 6 കോടി രൂപക്കാണ് ചെന്നൈ ഋതുവുനെ നിലനിര്‍ത്തിയത്. മറ്റൊരാള്‍ ഓപ്പണര്‍ ഫാഫ് ഡ്യുപ്ലെസിസ് ആയിരിക്കാംമെന്ന് പ്രതീക്ഷിച്ചെങ്കിലും 8 കോടി രൂപയ്ക്ക് മൊയീന്‍ അലിയാണ് ആ സ്ഥാനം കരസ്ഥമാക്കിയത്.

ഡല്‍ഹി ക്യാപിറ്റല്‍സ്

കുറച്ച് ദിവസങ്ങള്‍ക്ക് മുന്നേ പുറത്ത് വന്ന റിപ്പോര്‍ട്ടുകളെ അനുസ്മരിക്കും വിധേനയായിരുന്നു ഡല്‍ഹിയുയെ പ്രവര്‍ത്തനവും. ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ റിഷഭ് പന്ത് (16 കോടി), അക്ഷര്‍ പട്ടേല്‍ (9 കോടി), പൃഥി ഷാ (7.50 കോടി), ആന്റിച്ച് നോക്കിയ (6.50 കോടി) എന്നിങ്ങനെയാണ് അവരുടെ നില നിര്‍ത്തല്‍.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

കഴിഞ്ഞ സീസണിന്റെ ആദ്യ പകുതിയില്‍ മോശം പ്രകടനം കാഴ്ചവെച്ച് ആരാധകരെ നിരാശപ്പെടുത്തുകയും രണ്ടാം പകുതിയില്‍ മികച്ച പ്രകടനം പുറത്തെടുത്ത് ഫൈനല്‍ വരെയെത്തി രോമാഞ്ചം കൊള്ളിക്കുകയും ചെയ്ത കൊല്‍ക്കത്ത നാല് താരങ്ങളെയാണ് നിലനിര്‍ത്തിയത്. ഇതില്‍ നായകന്‍ ഇയോണ്‍ മര്‍ഗന്‍, വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക് എന്നിവരെ ഒഴിവാക്കിയെന്നത് ശ്രദ്ധേയമാണ്. ആന്ദ്രേ റസ്സല്‍ (12 കോടി), വരുണ്‍ ചക്രവര്‍ത്തി (8 കോടി), വെങ്ക്ിടേഷ് അയ്യര്‍ (8 കോടി), സുനില്‍ നരേന്‍ (6 കോടി) എന്നിങ്ങനെയാണ് നിലനിര്‍ത്തലുകള്‍.

രാജസ്ഥാന്‍ റോയല്‍സ്

മലയാളി താരവും രാജസ്ഥാന്റെ നായകനുമായ സഞ്ജു സാംസണെ ചുറ്റിപ്പറ്റി നടന്ന അഭ്യൂഹങ്ങള്‍ക്കുള്ള ഉത്തരമായിരുന്നു ടീം മാനേജ്മെന്‍റ് പുറത്തുവിട്ട ലിസ്റ്റ്. സഞ്ജുവിനെ 14 കോടിക്ക് നിലനിര്‍ത്തിയ രാജസ്ഥാന്‍ താരത്തിനായി മറ്റാരും സ്വപ്‌നം കാണേണ്ടയെന്ന താക്കീതും നല്‍കുകയായിരുന്നു. 10 കോടിക്ക് ജോസ് ബട്‌ലറെയും 4 കോടിക്ക് യെശ്വസി ജയ്‌സ്വാളിനെയുമാണ് രാജസ്ഥാന്‍ നിലനിര്‍ത്തിയ മറ്റ് താരങ്ങള്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.