രഹസ്യവിവാഹം ചെയ്തത് സ്റ്റാറ്റസിന് ചേരാത്ത പെണ്ണിനെ: കൊന്നാലേ ഒഴിവാക്കാനാകൂ എങ്കിൽ അങ്ങനെയെന്ന് ഐപിഎസുകാരന്റെ ഭീഷണി

Web Desk
Posted on October 30, 2019, 9:28 pm

ഹൈദരാബാദ്: ഐപിഎസ് കിട്ടിയതോടെ തന്നെ ഒഴിവാക്കി മറ്റൊരു വിവാഹത്തിനായി ഭർത്താവ് ശ്രമിക്കുന്നു എന്ന പരാതിയുമായി യുവതി. ഇതിനായി ഭർത്താവ് തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നു എന്നു കാട്ടി ഹൈദരാബാദ് സ്വദേശി ബ്രിദുല ഭാവന എന്ന 28കാരി പൊലീസിന് പരാതി നൽകി. മസൂറിയിലെ ലാൽ ബഹദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷനിൽ പരിശീലനത്തിലുള്ള ഭർത്താവ് ഭർത്താവ് വെങ്കട്ട മഹേശ്വര റെഡ്ഡി വിവാഹ മോചനം വേണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നു എന്നാണ് ബ്രിദുലയുടെ പരാതി. ഓസ്മാനിയ സർവകലാശാലയിൽ പഠിക്കുമ്പോഴാണ് ബ്രിദുല ഭാവനയെ വെങ്കട്ട മഹേശ്വര റെഡ്ഡി പരിചയപ്പെടുന്നത്. പിന്നീട് മഹേശ്വർ പ്രണയാഭ്യർഥന നടത്തി. ഒൻപതു വർഷം നീണ്ട പ്രണയത്തിന് ഒടുവിലായിരുന്നു വിവാഹം. 2018ൽ ആണ് ബ്രിദുലയും മഹേശ്വര റെഡ്ഡിയും വിവാഹിതരായത്. ബ്രിദുല ദളിത് വിഭാഗത്തിൽപ്പെട്ട വ്യക്തി ആയതിനാൽ മാതാപിതാക്കൾ സമ്മതിക്കില്ലെന്നും സിവിൽ സർവീസ് നേടിക്കഴിഞ്ഞ് അവരോടു പറയാം എന്നായിരുന്നു മഹേശ്വർ നിലപാട്. ഇതിനാൽ യുവതി താൻ വിവാഹിതയായ കാര്യം എല്ലാവരോടും മറച്ച് വെക്കുകയായിരുന്നു.

വിവാഹത്തിന് ശേഷം തന്റെ ഭർത്താവിനെ സാമ്പത്തികമായി ഒരുപാട് സഹായിച്ചിരുന്നു എന്നും യുവതി പരാതിയിൽ വ്യക്തമാക്കുന്നു. യുപിഎസി പരീക്ഷ വിജയിക്കുന്നതിന് മഹേശ്വറിനെ സാമ്പത്തിമായി സഹായിച്ചു. കുടുംബം പുലർത്താൻ സ്വന്തം ജോലിയിലും ഉയർച്ചയിലും വിട്ടുവീഴ്ച ചെയ്തു. യുപിഎസി വിജയിച്ചു കഴിഞ്ഞാൽ ശോഭനമായൊരു ഭാവിയുണ്ടാകുമല്ലോ എന്ന പ്രതീക്ഷയിലായിരുന്നു ഈ ത്യാഗം എന്നും യുവതി പറയുന്നു.

2019ൽ യുപിഎസി പരീക്ഷയിൽ 126-ാം റാങ്ക് നേടിയ മഹേശ്വർ ഐപിഎസ് സ്വന്തമാക്കി. എന്നാൽ മസൂറിയിൽ പോയതിന് ശേഷം മഹേശ്വർ തന്നെ അവഗണിക്കുകയാണ്. മറ്റൊരു വിവാഹം കഴിക്കാനായി വിവാഹമോചനം വേണമെന്നാണ് ആവശ്യം. വിവാഹക്കാര്യം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണപ്പെടുത്തിയതായും ബ്രിദുല ആരോപിക്കുന്നു. ഉയർന്ന വിഭാഗത്തിൽപ്പെട്ട ഒരു പെൺകുട്ടിയെ വിവാഹം കഴിക്കാനാണ് ഇപ്പോൾ മഹേശ്വർ ശ്രമിക്കുന്നത്. അതിനായി തന്നെ ഒഴിവാക്കുകയാണ്. വകവരുത്തുമോ എന്ന് ഭയമുണ്ട്, അതിനാൽ സംരക്ഷണം അനുവദിക്കണമെന്നും ബ്രിദുല പരാതിയിൽ പറയുന്നു. ട്വിറ്ററിലൂടെ തങ്ങളുടെ വിവാഹഫോട്ടോയും സർട്ടിഫിക്കറ്റുകളും ബ്രിദുല പങ്കുവച്ചിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ മഹേശ്വറിനെതിരെ കേസ് രജിസ്റ്റർ ചെയ്തു.